(ജീവചരിത്രം)
വി.എസ്.രാജേഷ്
കേരള മീഡിയ അക്കാദമി 2022
വിഖ്യാത ഫോട്ടോഗ്രാഫറും ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെ വ്യക്തി-സര്‍ഗജീവിതം അനാവരണം ചെയ്യുന്ന കൃതിയാണ് പത്രപ്രവര്‍ത്തകനായ വി.എസ്.രാജേഷിന്റെ ശിവനയനം. പഴയ തിരുവിതാംകൂറില്‍ നിന്ന് ആധുനിക കേരളത്തിലേക്കുള്ള നമ്മുടെ ഗതിമാറ്റത്തിന് നേര്‍സാക്ഷിയായ ശിവന്റെ അനുഭവവിവരണം, ആ കാലഘട്ടത്തിന്റെ ചരിത്രം തന്നെയാണ്. നമ്മുടെ കലാ-സാംസ്‌കാരിക-സാഹിത്യ മേഖലകളുടെ വളര്‍ച്ച, പ്രത്യേകിച്ച് സിനിമയുടെ വികാസപരിണാമങ്ങള്‍, സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ശിവന്‍ വിവരിക്കുന്നത് നമുക്ക് പുതിയൊരറിവു പകരും. ചൈതന്യം ചോരാതെ ആ വാക്കുകള്‍ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ വി.എസ്. രാജേഷ് ഹൃദയത്തില്‍ ആവാഹിച്ച് ഈ ജീവചരിത്രഗ്രന്ഥത്തിലൂടെ നമുക്ക് പകര്‍ന്നു തരുന്നു. ശിവനെക്കുറിച്ചുള്ള എം.ടിയുടെയും സന്തോഷ് ശിവന്റെയും കുറിപ്പുകള്‍ ഈ ഗ്രന്ഥത്തിന് മാറ്റുകൂട്ടുന്നു; ഒപ്പം ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ മുഹൂര്‍ത്തങ്ങളുടെ അപൂര്‍വ ചിത്രങ്ങളാലും സമ്പന്നമാണ് ഈ ഗ്രന്ഥം. അതുകൊണ്ടുതന്നെ ശിവനയനം സാധാരണ വായനക്കാര്‍ക്കു മാത്രമല്ല, ചരിത്രാന്വേഷികള്‍ക്കും അമൂല്യമാകുന്നു. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബുവിന്റെ പ്രസാധകക്കുറിപ്പും ശ്രദ്ധേയമാണ്.
എന്റെ സുഹൃത്ത്
എം.ടി. വാസുദേവന്‍ നായര്‍
വളരെക്കാലം മുതല്‍ക്കേ എനിക്കടുത്തറിയുന്ന ഒരു സുഹൃത്താണ് ശിവന്‍. ശരിക്കുപറഞ്ഞാല്‍ രാമുകാര്യാട്ട് ചെമ്മീന്‍ എടുക്കുന്ന കാലം മുതല്‍ക്കേ ശിവനെ എനിക്ക് പരിചയമുണ്ട്.
ചെമ്മീന്റെ സ്റ്റില്‍ ക്യാമറ ശിവനായിരുന്നു. ഒരു തൊഴില്‍ എന്നതിനപ്പുറം ആ കലയോടുള്ള പ്രത്യേക ആദരവിന്റെ ഭാഗമായി ശിവന്‍ അതില്‍വന്നു ചേരുകയായിരുന്നു. ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞപ്പോള്‍ ആ സിനിമയുടെ എല്ലാകാര്യങ്ങളിലും താത്പര്യം എടുക്കുന്ന ആളായി ശിവന്‍ മാറി. രാമുവിന്റെയും നിര്‍മ്മാതാവ് ബാബുവിന്റെയും മാര്‍ക്കസ് ബാര്‍ട്ട്‌ലിയുടെയുമൊക്കെ പ്രിയങ്കരനായി. അന്ന് സിനിമയില്‍ സ്റ്റില്‍ ക്യാമറ ഉപയോഗിച്ചുള്ള സ്റ്റില്‍ ഒക്കെ വളരെക്കുറച്ചുമാത്രമേ സിനിമയ്ക്ക് പ്രയോജനപ്പെടുത്തിയിരുന്നുള്ളു. പക്ഷേ, ചെമ്മീനുവേണ്ടി ശിവന്‍ എടുത്ത സ്റ്റില്‍ചിത്രങ്ങള്‍ എല്ലാം വളരെ പ്രസിദ്ധങ്ങളായിത്തീര്‍ന്നു. ചെമ്മീന്‍ എന്ന സിനിമയെക്കുറിച്ചോര്‍ക്കുമ്പോള്‍ പ്രേക്ഷകന്റെ മനസ്സില്‍ തെളിയുന്നത് ശിവന്‍ എടുത്ത സ്റ്റില്‍ ചിത്രങ്ങളാണ്. ചെമ്മീന്റെ എല്ലാ ഘട്ടത്തിലും വളരെയധികം സജീവമായി ശിവന്‍ പ്രവര്‍ത്തിക്കുന്നത് ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്. തൃശൂരിനടുത്തുള്ള ലൊക്കേഷനിലൊക്കെ ഞാന്‍ ഇടയ്ക്കിടെ പോയിരുന്നു. ഞാനും രാമുവുമൊക്കെ അടുത്ത സുഹൃത്തുക്കളായിരുന്നു. അന്ന് ശിവന്‍ കാണിക്കുന്ന പ്രത്യേക താത്പര്യം എന്നെ വളരെയധികം ആകര്‍ഷിച്ചിരുന്നു. അന്നുമുതല്‍ക്കേ പല ഘട്ടങ്ങളില്‍ ഞങ്ങള്‍ അടുത്തു പെരുമാറി.
ശിവനെപ്പോലെ ശിവന്റെ മക്കളും സിനിമാറ്റോഗ്രാഫിയില്‍ വലിയ താത്പര്യമുള്ളവരായി വളര്‍ന്നു. അവരുമായിട്ടെല്ലാം എനിക്ക് അടുപ്പമുണ്ടായി.
ആ കുടുംബവുമായിട്ടുതന്നെ വര്‍ഷങ്ങളുടെ ബന്ധമുണ്ട്. ക്യാമറ എന്നുപറഞ്ഞാല്‍ അത് വെറും കൗതുകവസ്തുവല്ലെന്നും അതുകൊണ്ട് പല അത്ഭുതങ്ങളും ചെയ്യാന്‍ പറ്റുമെന്നും ശിവനിലൂടെ ഞാന്‍ മനസ്സിലാക്കി. സിനി ക്യാമറയുടെ കാര്യമല്ല ഞാന്‍ പറയുന്നത്. ഒരു സാധാരണ ക്യാമറ ഉപയോഗിച്ചുകൊണ്ട് പല അത്ഭുതങ്ങളും ചെയ്യാന്‍ പറ്റുമെന്ന് ആദ്യം തെളിയിച്ചത് ശിവനാണ്. ചെമ്മീനു വേണ്ടി ശിവനെടുത്ത ചിത്രങ്ങള്‍ വലിയ സൈസില്‍ ചെമ്മീന്‍ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ക്കു മുന്നില്‍ വയ്ക്കണമെന്ന് ഞാനാണ് മാര്‍ക്കസ് ബാര്‍ട്ട്‌ലിയോടും രാമുവിനോടും പറഞ്ഞത്. പ്രേക്ഷകരെ ആ ചിത്രങ്ങള്‍ വളരെ ആകര്‍ഷിക്കുകയുണ്ടായി.
ഫോട്ടോഗ്രാഫി ജീവിതത്തിന്റെ ഒരു ഭാഗംതന്നെയാണ് ശിവന്. മക്കളെയൊക്കെയും ആ വഴിയിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചതും പ്രോത്സാഹിപ്പിച്ചതും ഒക്കെ തന്റേതായ ഈ അഭിനിവേശംകൊണ്ടായിരിക്കാം. കുറേയധികം സി നിമയെടുക്കുന്നതിനേക്കാള്‍ ഫോട്ടോഗ്രാഫിയില്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്നതിലായിരുന്നു ശിവന്റെ താത്പര്യം. സ്റ്റില്‍ ക്യാമറ കേവലം ഒരു വസ്തു എന്നതിനപ്പുറം സജീവമായ വസ്തുവാണെന്നും ചിത്രഭാഗമാണെന്നും തെളിയിക്കുകയാ യിരുന്നു ശിവന്റെ ലക്ഷ്യം. അതില്‍ ശിവന്‍ വിജയിക്കുകതന്നെ ചെയ്തു.
ഞങ്ങള്‍ പലപ്പോഴും കണ്ടിരുന്നു. മലയാള സിനിമയ്ക്ക് മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത ആളുകളുടെ ഒരു പട്ടിക എടുക്കുമ്പോള്‍ ശിവന്റെ പേര് അതിലുണ്ടാവും. സ്റ്റില്‍ ക്യാമറ കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഒരാളാണ് ശിവന്‍.
ഇനിയും ചിലതൊക്കെ അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. സന്തോഷും സംഗീതുമൊക്കെ ഈ രംഗത്ത് പലതും ചെയ്തുകൊണ്ടിരിക്കുന്നുവെന്നത് മറ്റൊരുകാര്യം.
(ശിവനെക്കുറിച്ച് എം.ടി.വാസുദേവരുടെ കുറിപ്പ്)
എന്റെ അച്ഛന്‍
സന്തോഷ് ശിവന്‍
അച്ഛന്‍ ഒരര്‍ത്ഥത്തില്‍ ഒരു പാഠപുസ്തകമായിരുന്നു. പ്രകൃതിയുടെയും ജീവിതത്തിന്റെയും സംസ്‌ക്കാരത്തിന്റെയും ഛായാഗ്രഹണത്തിന്റെയും പാഠങ്ങള്‍ ഞാന്‍ അവിടെനിന്നാണ് മനസ്സിലാക്കിയത്. ഒന്നും നിര്‍ബന്ധിച്ചിരുന്നില്ല. എന്നാല്‍ താത്പര്യമുള്ള വിഷയങ്ങളില്‍ അഭിരുചി വളര്‍ത്താന്‍ നമ്മളറിയാതെ സൗകര്യങ്ങളൊരുക്കി. അച്ഛനായിരുന്നു എന്റെ മെന്റര്‍. മറ്റാരുടേയും ശിക്ഷണം ഞാന്‍ തേടിയില്ല. വീട് ഒരിക്കലും ഒരു ക്‌ളാസ് റൂമായിരുന്നില്ല. അച്ചടക്കത്തിന്റെ ചൂരല്‍വടിയുമായി ഒരിക്കലും അച്ഛനോ അമ്മയോ പിറകേ വന്നില്ല. പക്ഷേ കാര്യങ്ങളെല്ലാം അറിയാനും മനസ്സിലാക്കാനുമുള്ള വാതിലുകള്‍ എന്നും തുറന്നുതന്നു.
ബാല്യത്തില്‍ റോളക്സ് ക്യാമറയ്ക്കകത്തുകൂടി നോക്കിയപ്പോള്‍ എല്ലാം ഒരുമാതിരി ചെമ്പിച്ചിരിക്കുന്നതുപോലെ തോന്നി. ഡേ ഇഫക്ടിനുവേണ്ടിയുള്ള ഫില്‍റ്റര്‍ ഇട്ടതിനാലാണതെന്ന് അച്ഛന്‍ പറഞ്ഞു. അച്ഛന്‍ നന്നായി ചിത്രം വരച്ചിരുന്നു. അമ്മൂമ്മയില്‍നിന്ന് കിട്ടിയ പാടവമാണ്. അമ്മൂമ്മ ചിത്രരചനയെക്കുറിച്ച് പറഞ്ഞു. ഒറിജിനല്‍ സ്‌കെച്ച് സൂക്ഷിച്ചുവയ്ക്കണം. അപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഫോട്ടോയാണെങ്കില്‍ ഒറിജിനല്‍ അല്ല നെഗറ്റീവ് ആണെന്ന്. എന്തു ചോദിച്ചാലും അച്ഛന്‍ അതിനു മറുപടി പറയും. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കൂടുതല്‍ താത്പര്യം കാട്ടും.
വീട്ടില്‍ ഫ്രെയിം ചെയ്തുവച്ചിട്ടുള്ള ഫോട്ടോകളിലെ പൊടി തുടയ്ക്കാന്‍ ഇടയ്ക്കിടെ പറയും. പൊടി തീര്‍ന്നാലും വീണ്ടും തുടയ്ക്കാന്‍ പറയും. എന്തെങ്കിലും പ്രത്യേകിച്ച് കണ്ടോയെന്ന് ചോദിക്കും. പടത്തിന്റെ പ്രത്യേകതകള്‍ മനസ്സി ലാക്കാനുള്ള ഒരു വഴിയായിരുന്നു അതെന്ന് മനസ്സിലായി. ശരിക്കും കുട്ടിക്കാലത്തു തന്നെ ഫോട്ടോഗ്രാഫിയില്‍ കൗതുകം വളരുകയായിരുന്നു.
ഷൂട്ടിംഗിനു പോകുമ്പോള്‍ ഞാനും കൂടെ പോകും. ഒരിക്കലും അതിന് തടസ്സം പറഞ്ഞിട്ടില്ല. വയനാട് പോയത് ഇപ്പോഴും ഓര്‍ക്കുന്നു. കാട്ടിലൂടെ പോകുമ്പോള്‍ ഈ റോഡ് ഒക്കെ ആരാണ് നിര്‍മ്മിച്ചതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ സായിപ്പന്‍മാരെന്നായിരുന്നു മറുപടി. എല്ലാം വിശദമായി പറഞ്ഞുതരും. ഓരോ യാത്രയും ഓരോ കാഴ്ചകളാണ് സമ്മാനിച്ചത്. വയനാട്ടില്‍ അന്നു കണ്ട കാഴ്ചകള്‍ മനസ്സില്‍ കിടന്നു, പിന്നീട് ‘ബിഫോര്‍ ദ റെയിന്‍സ്’ എടുക്കാന്‍ അത് സഹായകമായി. നമ്മുടെ സംസ്‌കാരം, നമ്മുടെ രാജ്യം, നമ്മുടെ കേരളം, നമ്മുടെ സെന്‍സിബിലിറ്റി (സംവേദനക്ഷമത) ഇതിലൊക്കെ അച്ഛന്‍ ഊറ്റം കൊണ്ടിരുന്നു. കേരള കള്‍ച്ചര്‍ അഭിമാനമായി എടുത്തു.
നമ്മുടെ ആര്‍ട്ട് ഫോം, നമ്മുടെ സംസ്‌കാരം ഇതൊക്കെ നല്ല രീതിയില്‍ മനസ്സിലാക്കിയത് അച്ഛനൊപ്പം പ്രവര്‍ത്തിച്ചപ്പോഴാണ്. കേരള ടൂറിസത്തെക്കുറിച്ച് ഷൂട്ട് ചെയ്തപ്പോഴും ഈ സെന്‍സിബിലിറ്റിയാണ് എന്നെ നയിച്ചത്. അച്ഛന്റെ ശക്തിയായിരുന്നു അത്. എ.എസ്.സി. എന്നൊക്കെ പറയുമ്പോഴും നമ്മുടെ സെന്‍സിബിലിറ്റിയാണ് പ്രധാനം. അല്ലാതെ സായിപ്പിനെ അനുകരിക്കാന്‍ നോക്കിയാല്‍ പോയി. നമ്മളെ അവര്‍ അംഗീകരിച്ചതും അതിനാലാണ്.
അച്ഛനോടൊപ്പം നാട്ടിലൊക്കെ പോകുമ്പോള്‍ കര്‍ഷകരുമായിട്ടൊക്കെ സംസാരിക്കും. അവര്‍ കണക്കു പറയും. ഒന്നും ഒന്നും രണ്ടെല്ലെന്നും, ആയിരം വിത്തിട്ടാല്‍ എത്ര മേനി കൊയ്യാമെന്നുമൊക്കെ. അതൊക്കെ എനിക്കു വളരെ സഹായകമായിട്ടുണ്ട്. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍. വൈകുന്നേരമാകുമ്പോഴും രാത്രിയാകുമ്പോഴും ഉണ്ടാകുന്ന പരിണാമങ്ങള്‍. മഴപെയ്ത് കഴിയുമ്പോള്‍ വരുന്ന സൂര്യന്‍. ഇതൊക്കെ ഒറ്റനോട്ടത്തില്‍ കണ്ടെന്നു വരില്ല. പക്ഷേ, ആ ഒരു കാഴ്ചപ്പാട് നേരത്തെ രൂപപ്പെടുത്തിയിരുന്നതിനാല്‍, ആ നിരീക്ഷണങ്ങള്‍ ഗുണം ചെയ്തു.
യാത്ര വലിയൊരു ത്രില്‍ ആയി മാറിയിരുന്നു. വയനാടായാലും അരുണാചല്‍ പ്രദേശായാലും പുതിയ കാഴ്ചകള്‍ കൗതുകം പകര്‍ന്നു. എല്ലാം ആദ്യം കാണുന്നതുപോലെ. പ്രകൃതിയുടെ സൗന്ദര്യം തൊട്ടറിയാവുന്ന അനുഭവങ്ങള്‍. എല്ലാ ദിവസവും രാവിലെ പ്രകൃതിയിലേക്കിറങ്ങും. പ്രകൃതിയുടെ ഭാവങ്ങള്‍ ഒരര്‍ത്ഥത്തില്‍ നവരസം പോലെയാണ്. പ്രകൃതിയിലെ ലൈറ്റ് ഒരു നടനെപ്പോലെ ഭാവമാറ്റങ്ങള്‍ വരുത്തുന്നു. പ്രഭാതത്തില്‍ കാണുന്നതാകില്ല പോക്കുവെയിലിലും സന്ധ്യയിലും കാണുന്നത്. ഈ ഭാവമാറ്റങ്ങളെ തിരിച്ചറിയാന്‍ കഴിഞ്ഞു. പ്രകൃതിയിലെ മാറ്റങ്ങള്‍, ഒരു സ്ഥലത്ത് നോക്കുമ്പോള്‍ കഴിഞ്ഞവര്‍ഷം ഇങ്ങനെയായിരുന്നില്ലല്ലോ എന്നു തോന്നും. ഗ്ലോബല്‍ വാമിംഗ് ആദ്യം തിരിച്ചറിയുന്നത് കര്‍ഷകരാണ്. കുട്ടനാട്ടിലെ പ്രകൃതി, വയനാട്ടിലെ കാട്, ആമസോണ്‍ കാടുകളുടെ തീവ്രത- എല്ലാം വ്യത്യസ്തമാകുന്നു.
എന്തു ചെയ്താലും അതു നല്ലരീതിയില്‍ ചെയ്യണമെന്നു മാത്രം എപ്പോഴും ഉപദേശിച്ചു. ഞങ്ങള്‍ മക്കള്‍ക്കെല്ലാം നല്ല വിദ്യാഭ്യാസം ലഭിക്കാന്‍ മുന്‍കൈയെടുത്തു. എന്നാല്‍ മറ്റു പലരും മക്കളെ നിര്‍ബന്ധിക്കുന്നതുപോലെ ഡോക്ടറാകണം, എന്‍ജിനീയറാകണം എന്നൊരിക്കലും പറഞ്ഞില്ല. അവരവരുടെ അഭിരുചിക്കനുസരിച്ച് മുന്നോട്ടുപോകാനേ പറഞ്ഞിട്ടുള്ളൂ. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ മുറിയില്‍ അടച്ചുപൂട്ടിയിട്ട് പഠിത്തം പഠിത്തം എന്നു പറയുന്ന അച്ഛനും അമ്മയും ആയിരുന്നില്ല. എല്ലാ കുട്ടികളും ഒരര്‍ത്ഥത്തില്‍ ജീനിയസുകളാണ്. അവര്‍ക്ക് ഇഷ്ടമുള്ള മേഖലയില്‍ പ്രോത്സാഹിപ്പിച്ചു വളര്‍ത്തണമെന്നുമാത്രം. സര്‍ക്കാര്‍ ജോലി എന്ന സുരക്ഷിതത്വം നോക്കി സമ്മര്‍ദ്ദം ചെലുത്താനും അച്ഛന്‍ തയ്യാറായില്ല. നമുക്ക് പാഷനുള്ള പ്രൊഫഷന്‍ കിട്ടുകയെന്നത് ഒരു ഭാഗ്യമാണ്. അപൂര്‍വമായേ അവ ഒരുമിച്ചു വരികയുള്ളൂ.
ഞാന്‍ ഇവാനിയോസില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം വിമന്‍സ് കോളേജില്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ സ്റ്റുഡിയോ ക്യാമറയുമായി പോയി. അവര്‍ക്കൊക്കെ അതിശയമായിരുന്നു. നഗരത്തിലേതന്നെ കോളേജില്‍ പഠിക്കുന്ന പയ്യന്‍ ക്യാമറയുമെടുത്തു വന്നിരിക്കുന്നുവെന്ന ഭാവമായിരുന്നു പലര്‍ക്കും.
ഞാന്‍ വളരെ ആകര്‍ഷകമായി അതു ചെയ്യാന്‍ ശ്രമിച്ചു. മുണ്ടൊക്കെ പശ്ചാത്തലത്തില്‍ നിരത്തിയിട്ട് ലൈറ്റ് ക്രമീകരിച്ചു. ഫോട്ടോ കണ്ടപ്പോള്‍ അച്ഛന്‍ അഭിനന്ദിച്ചത് ഓര്‍ക്കുന്നു.
അമ്മ മരിച്ചപ്പോള്‍ അച്ഛന്റെ മുറിയില്‍ അമ്മയുടെ ചിത്രങ്ങള്‍ വച്ചു. എല്ലാം ഞാനെടുത്ത ചിത്രങ്ങളായിരുന്നു.
നല്ല ടാലന്റുള്ളവരെ നിസ്സീമമായി പ്രോത്സാഹിപ്പിക്കുന്നത് അച്ഛന്റെ ശീലമായിരുന്നു. ഞങ്ങള്‍ മക്കളെ മാത്രമല്ല, സ്റ്റുഡിയോയില്‍ വരുന്ന ശിഷ്യന്‍മാരോടും അതേ സമീപനമായിരുന്നു. അവരെയൊക്കെ അച്ഛന് വലിയ കാര്യമായിരുന്നു. അതുപോലെ ചിത്രകാരന്മാരെയും പ്രോത്സാഹിപ്പിച്ചിരുന്നു. അവര്‍ക്കു ചിത്രം വരയ്ക്കാനുള്ള സാമഗ്രികളെല്ലാം വാങ്ങി നല്‍കും. വരച്ച ചിത്രം പ്രദര്‍ശിപ്പിക്കാനും അവസരം ഒരുക്കിക്കൊടുത്തിരുന്നു. ചിത്രകാരന്മാര്‍ കളര്‍ ഉപയോഗിക്കുന്നത് കാണാന്‍ അത് അവസരം തന്നു.
അച്ഛനില്‍ വലിയ മാറ്റം ഉണ്ടായത് അമ്മയുടെ മരണത്തോടെയായിരുന്നു. വല്ലാത്ത ഒരു മാനസികാവസ്ഥയിലായി. അപ്പോഴേക്കും പേരക്കുട്ടികള്‍ അച്ഛനുമായി വലിയ തോതില്‍ അടുപ്പത്തിലായി. അമ്മയുടെ വേര്‍പാട് സൃഷ്ടിച്ച ശൂന്യതയ്ക്കു പരിഹാരമായില്ലെങ്കിലും അതൊരു ആശ്വാസമായി മാറി.
ഞാന്‍ ഗുരിന്ദര്‍ ചദ്ദയുടെ പ്രൈഡ് ആന്‍ഡ് പ്രെജൂഡിസ് എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചപ്പോള്‍ ലണ്ടനിലേക്ക് എന്റെയൊപ്പം അച്ഛനെയും കൂട്ടിയിരുന്നു. അവിടത്തെ ലക്ഷ്വറി സംവിധാനങ്ങള്‍ ഒരുക്കി യിരുന്നത് ലോക നിലവാരത്തിലായിരുന്നു. അച്ഛന് ഒരു ചെയിഞ്ചാകട്ടെയെന്ന് കരുതി. കംഫര്‍ട്ട് ലെവല്‍ പറഞ്ഞറിയിക്കാനാവില്ല.
കോളേജിലൊക്കെ പഠിക്കുമ്പോള്‍ അമേരിക്കന്‍ സിനിമാറ്റോഗ്രഫര്‍ എന്ന അമേരിക്കന്‍ സൊസൈറ്റി ഒഫ് സിനിമാറ്റൊഗ്രാഫേഴ്‌സിന്റെ (എ.എസ്.സി) മുഖപ്രസിദ്ധീകരണം വീട്ടില്‍ അച്ഛന്‍ കൊണ്ടുവരും, മേശപ്പുറത്തിടും. എടുത്തു നോക്കാന്‍ വേണ്ടിയാണത്. ഫോട്ടോഗ്രഫിയെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മികച്ച പ്രസിദ്ധീകരണമാണത്. അന്ന് സന്തോഷ് ശിവന്‍ എ.എസ്.സി. എന്ന് പേരെഴുതി സൈന്‍ ചെയ്യുമ്പോള്‍ അച്ഛന്‍ പറയു, ഇതൊരു തമാശയല്ല. ശരിക്കു പ്രയത്‌നിക്കണം. പിന്നീട് എ.എസ്.സിയുടെ 92 വര്‍ഷത്തെ ചരിത്രത്തില്‍ അംഗത്വം നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയപ്പോള്‍ വലിയ അഭിമാനം തോന്നി. അച്ഛന്‍ നല്‍കിയ പ്രേരണയോര്‍ത്തു.
ഒരു പ്രത്യേക വ്യക്തിത്വമാണ് അച്ഛന്റേത്. യാത്ര പോകുമ്പോള്‍പോലും കുടുംബത്തെ ഒപ്പം കൂട്ടാന്‍ ശ്രമിച്ചു. വീട്ടിനു പുറത്തേക്ക് എപ്പോഴും പോയി കാര്യങ്ങള്‍ ചെയ്യുന്ന സ്വഭാവമല്ല. ചെയ്യുമ്പോള്‍ കുടുംബത്തിലെ എല്ലാവരുംകൂടി ചേര്‍ന്നു ചെയ്യാന്‍ ശ്രമിച്ചു. സ്വന്തമായി അദ്ധ്വാനിച്ചു നേടിയ പണംകൊണ്ട് മാത്രം കാര്യങ്ങള്‍ ചെയ്തു. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സ്വന്തമായി പണമുണ്ടാക്കണമെന്ന് പറഞ്ഞു. ആഗ്രഹിക്കുന്നതും ഇഷ്ടമുള്ളതുമായ കാര്യങ്ങള്‍ എല്ലാം അച്ഛന്‍ ചെയ്തു. സ്വന്തമായി ക്യാമറ വാങ്ങി. സാങ്കേതിക സംവിധാനങ്ങളൊക്കെ സ്വരുക്കൂട്ടി. ഒന്നും വാടകയെടുത്ത് ചെയ്യുമായിരുന്നില്ല. വാടകയ്ക്കു കൊടുക്കുകയും ചെയ്തില്ല.
സ്വാധീനമുള്ള തന്റെ സുഹൃത്തുക്കളുടെ സഹായം സ്വന്തം കാര്യത്തിന് ഉപയോഗിക്കരുതെന്ന് അച്ഛന് വലിയ നിര്‍ബന്ധമായിരുന്നു. രാഷ്ട്രീയ-സാഹിത്യ-സിനിമാ മേഖലകളില്‍ അച്ഛന് പറഞ്ഞറിയിക്കാനാകാത്ത സൗഹൃദബന്ധ മുണ്ടായിരുന്നു. അതുപയോഗിച്ച് വലിയ നേട്ടങ്ങള്‍ വേണമെങ്കില്‍ സ്വന്തമാക്കാമായിരുന്നു. പക്ഷേ, ഒരിക്കലും ആ വഴിക്കു പോയില്ല. നേരത്തെ പറഞ്ഞതുപോലെ സ്വപ്നങ്ങള്‍ക്കു പിറകേ സ്വയം സഞ്ചരിച്ചു.
ഫോട്ടോഗ്രഫി കേരളത്തില്‍ അത്ര വലിയ രീതിയില്‍ വളരാത്ത കാലത്താണ് അച്ഛന്‍ ഇതൊക്കെ ചെയ്തത്. ആ വലിയ ലോകത്ത് പിച്ചവച്ച് വളരാന്‍ കഴിഞ്ഞതാണ് എന്റെ ഭാഗ്യം.
എല്ലാത്തിലും അച്ഛന്റെ പ്രോത്സാഹനം വലിയ തോതില്‍ ഗുണം ചെയ്തു. ഇന്ന് എല്ലാവര്‍ക്കും ക്യാമറയുണ്ട്. എല്ലാ സംവിധാനങ്ങളുമുണ്ട്. ഇതൊന്നുമില്ലാതിരുന്ന കാലത്താണ് അച്ഛന്‍ ഇതൊക്കെ കെട്ടിപ്പടുത്തത്. ഈ പ്രായത്തിലും ഫോട്ടോഗ്രാഫിയിലും സിനിമയിലുമൊക്കെയുള്ള പാഷന്‍ അച്ഛന്‍ കൈവിട്ടിട്ടില്ല. ഗ്രേറ്റ് എന്നല്ലേ പറയാനാകൂ.
(ശിവന്റെ മകനാണ്, രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച ലോകപ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍. വി.എസ്.രാജേഷിന്റെ ശിവനയനം എന്ന പുസ്തകത്തിന് എഴുതിയ മുഖക്കുറിപ്പ്)