(സന്ദേശകാവ്യം)
ലക്ഷ്മീദാസന്‍
കേരളത്തില്‍ നിന്നു കണ്ടുകിട്ടിയിട്ടുള്ള പ്രധാന സംസ്‌കൃത സന്ദേശകാവ്യങ്ങളില്‍ ഒന്നാണ് ശുകസന്ദേശം. കവിതന്നെയാണ് നായകന്‍ എന്ന് മഹാകവി ഉള്ളൂര്‍ വിലയിരുത്തുന്നു. ഈ കൃതിയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെ വര്‍ണിക്കുന്നു. ഈ കൃതിയുടെ പൂര്‍വഭാഗത്തില്‍നിന്നു നമുക്കു ചരിത്രസംബന്ധമായി നിരവധി അമൂല്യങ്ങളായ അറിവുകള്‍ ലഭിക്കുന്നു. രചനാവൈഭവംകൊണ്ടും അര്‍ത്ഥസൗന്ദര്യംകൊണ്ടും ശബ്ദാര്‍ത്ഥാലങ്കാരം കൊണ്ടും ശുകസന്ദേശം സര്‍വാതിശായിയാണ് എന്നു പി.എസ്.അനന്തനാരായണശാസ്ത്രി പ്രസ്താവിച്ചിട്ടുണ്ട്. ചിലര്‍ ക്രി.പി. 112ലാണ് ഇതിന്റെ നിര്‍മ്മാണം എന്നും മറ്റു ചിലര്‍ കൊല്ലം 666ല്‍ ആണെന്നും വാദിക്കുന്നു. ഈ രണ്ടു പക്ഷവും ശരിയല്ല എന്നും ക്രി.പി. പത്താം ശതകത്തിലോ പതിനൊന്നാം ശതകത്തിലോ ഉള്ളതായിരിക്കും ശുകസന്ദേശം എന്നാണ് ഉള്ളൂരിന്റെ അഭിപ്രായം.
ശുകസന്ദേശത്തിന്റെ വ്യാഖ്യാനങ്ങളില്‍ മുഖ്യം കോഴിക്കോട്ടു പടിഞ്ഞാറേക്കോവിലകത്തു മാനവേദരാജാവിന്റെ വിലാസിനിയാണ്. ശുകസന്ദേശത്തിനു വരവര്‍ണിനിയെന്ന വ്യാഖ്യാനം രചിച്ചത് ധര്‍മ്മഗുപ്തന്‍. വാസുദേവശിഷ്യനായ ഗൗരീദാസന്റെ ചിന്താതിലകമാണ് മൂന്നാമത്തെ വ്യാഖ്യാനം. വടക്കുംകൂര്‍ ഭാഷാശുകസന്ദേശത്തിനും വ്യാഖ്യാനം രചിച്ചിട്ടുണ്ട്.