ശൂദ്രര്‍ ആരായിരുന്നു? അസ്പൃശ്യര്‍
(ഡോ.അംബേദ്കറുടെ തെരഞ്ഞെടുത്ത കൃതികള്‍)
പരിഭാഷ: ഇഗ്നേഷ്യസ് കാക്കനാടന്‍
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1991
മുഖവുര
ബി.ആര്‍.അംബേദ്കര്‍
മുദ്രവെക്കറിച്ച് പ്രതിപാദിക്കുന്ന സാഹിത്യസൃഷ്ടികള്‍ തുലോം വിരളമായ ഇന്നത്തെ സാചര്യത്തില്‍ അവരെ അധികരിച്ച് ഒരു ഗ്രന്ഥം രചിക്കുന്നത് ആവശ്യത്തിലധികമാണെന്ന് കരുതാനാവില്ല. അതുപോലെ തന്നെ, ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം നിസ്സാരമായ പ്രശ്‌നമാണെന്ന് പറയാനും സാധ്യമല്ല. ഇന്‍ഡോ ആര്യന്മാരടെ സാമൂഹ്യസംഘാടനം പാതുര്‍വര്‍ണ്യം എന്ന സിദ്ധാന്തത്തില്‍ അധിഷ്ഠിതമായിരുന്നുവെന്നും, ചാതുര്‍വര്‍ണ്യമെന്നാല്‍, സമൂഹത്തിന്റെ നാലായിട്ടുള്ള വിഭജനം, അതായത്, ബ്രാഹ്മണര്‍ (പുരോഹിതര്‍), ക്ഷത്രിയര്‍ (യോദ്ധാക്കള്‍) വൈശ്യര്‍ (വ്യാപാരികള്‍), ശൂദ്രര്‍ (പരിചാരകര്‍) എന്നിങ്ങനെ നാലു വര്‍ഗങ്ങളായുള്ള വിഭജനം എന്നര്‍ഥമുള്ള സാമാന്യപ്രസ്താവം, ശൂദ്രരുടെ പ്രശ്‌നത്തിന്റെ യഥാര്‍ഥസ്വഭാവത്തെയോ അതിന്റെ പരിമാണത്തയോ സംബന്ധിച്ച ഒരു ധാരണയും ഉളവാക്കുന്നില്ല. ചാതുര്‍വര്‍ണ്യം, സമൂഹത്തിന്റെ നാലു വര്‍ഗങ്ങളായുള്ള വിഭജനം മാത്രമെന്നതില്‍ കവിഞ്ഞ് ഒന്നും ഉദ്ദേശിച്ചിരുന്നില്ലെങ്കില്‍, വളരെ നിര്‍ദോഷമായ സിദ്ധാന്തമായിരുന്നേനെ. നിര്‍ഭാഗ്യവശാല്‍, ചാതുര്‍വര്‍ണ്യ സിദ്ധാന്തത്തില്‍ ഇതിലേറെക്കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സമൂഹത്തെ നാലു വര്‍ഗങ്ങളായി വിഭജിക്കുന്നതിനുപുറമേ, ഈ സിദ്ധാന്തം വീണ്ടും മുന്നോട്ടുനീങ്ങുകയും നാലു വര്‍ണങ്ങള്‍ക്കിടയിലുള്ള സംയോജിത ജീവിതത്തിന്റെ നിബന്ധനകള്‍ നിര്‍ണയിക്കുന്നതിന് ശ്രേണീകൃതമായ അസമത്വത്തെ അടിസ്ഥാന തത്വമാക്കുകയും ചെയ്യുന്നു.
കൂടാതെ, ശ്രേണീകൃതാസമത്വം വെറും സാങ്കല്പികമല്ലതാനും. അത് നിയമാനുസൃതവും ശിക്ഷ ഉള്‍ക്കൊള്ളുന്നതുമാണ്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍, ശൂദ്രനെ ശ്രേണിയുടെ ചുവട്ടില്‍ പ്രതിഷ്ഠിച്ചിരിക്കുന്നുവെന്ന് മാത്രമല്ല, പിന്നെയോ, നിയമപ്രകാരം അവന’ നിശ്ചയിച്ചിട്ടുള്ള സ്ഥാനത്തുനിന്ന് അവന്‍ ഉയര്‍ന്നുവരുന്നത് തടയുന്നതിനുവേണ്ടി എണ്ണമറ്റ അപകര്‍ഷങ്ങള്‍ക്കും അവശതകള്‍ക്കും അവനെ വിധേയനാക്കുകയുംകൂടി ചെയ്യുന്നു. നിശ്ചയമായും, അസ്പൃശ്യരായ അഞ്ചാംവര്‍ണം ആവിര്‍ഭവിക്കുന്നതിനുമുമ്പ്, ഹിന്ദുക്കളുടെ ദൃഷ്ടിയില്‍ ശൂദ്രര്‍, താഴ്ന്നവരുടെ ഗണത്തില്‍ ഏററവും താഴ്ന്നവരായിരുന്നു. ഇത്, ശൂദ്രരുടെ പ്രശ്‌നം എന്ന് പറയാവുന്നതെന്താണോ. അതിന്റെ സ്വഭാവത്തെ എടുത്തുകാട്ടുന്നു. ഈ പ്രശ്‌നത്തിന്റെ പരിമാണത്തെക്കുറിച്ച് ജനങ്ങള്‍ക്ക് ധാരണയില്ലെങ്കില്‍, അതിനു കാരണം, ശൂദ്രരുടെ ജനസംഖ്യയെന്താണെന്നറിയാന്‍ അവര്‍ മിനക്കെട്ടിട്ടില്ല എന്നതത്രേ. നിര്‍ഭാഗ്യവശാല്‍, കാനേഷുമാരി അവരുടെ ജനസംഖ്യ പ്രത്യേകം എടുത്തുകാട്ടുന്നില്ല. എങ്കിലും, അസ്പൃശ്യരെ ഒഴിവാക്കിയാല്‍ ശൂദ്രര്‍ ഹിന്ദുക്കളുടെ ജനസംഖ്യയില്‍ 70-80 ശതമാനത്തോളം വരുമെന്നതില്‍ സംശയമില്ല. ഇത്ര വലിയ ജനതതിയെപ്പറ്റി പ്രതിപാദിക്കുന്ന പ്രബന്ധം നിസ്സാരപ്രശ്‌നമാണ് കൈകാര്യം ചെയ്യുന്നതെന്ന് കരുതാന്‍ വയ്യ.
ഇന്‍ഡോ-ആര്യന്‍ സമൂഹത്തിലെ ശൂദ്രരെക്കുറിച്ചാണ് ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നത്. ഈ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് വര്‍ത്തമാനകാല പ്രാധാന്യമില്ല എന്നൊരഭിപ്രായം നിലവിലുണ്ട്. മിസ്റ്റര്‍ ഷെറിങ്ങിനെപ്പോലെയുള്ള ഒരു സമുന്നത വ്യക്തിയാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. ഹിന്ദുഗോത്രങ്ങളും ജാതികളും (Hindu Tribes and Castes) എന്ന ഗ്രന്ഥത്തില്‍ (വാല്യം 1, മുഖവും- പുറം 21) ഷെറിങ് (Sherring) ഇപ്രകാരം പറയുന്നു:
ശൂദ്രര്‍ ആര്യന്മാരായിരുന്നുവോ, ഇന്ത്യയിലെ ആദിമ നിവാസികളായിരുന്നുവോ, രണ്ടുകൂട്ടര്‍ തമ്മില്‍ച്ചേര്‍ന്നുണ്ടായ ഗോത്രങ്ങളായിരുന്നുവോ, എന്നതിന് പ്രായോഗിക പ്രാധാന്യമില്ല. പുരാതനകാലത്തു തന്നെ അവര്‍ ഒരു പ്രത്യേക വര്‍ഗമായിരുന്നു; അവര്‍ക്ക് നാലാമത്തെ, അഥവാ അവസാനത്തെ പദവി ലഭിച്ചു; അതും മൂന്നു മേല്‍ജാതികളില്‍ നിന്നും ഗണ്യമായ ദൂരത്ത്. ആരംഭത്തില്‍ അവര്‍ ആര്യന്മാരല്ലായിരുന്നുവെന്ന് സമ്മതിച്ചാല്‍ക്കൂടിയും മൂന്ന് ആര്യന്‍ജാതികളുമായി വ്യാപകമായ തോതില്‍ നടത്തിയ മിശ്രവിവാഹങ്ങളുടെ ഫലമായി അവര്‍ വളരെയേറെ ആര്യവല്‍കൃതരായിത്തീര്‍ന്നിട്ടുണ്ട്; നേരത്തെ ചൂണ്ടിക്കാട്ടിയതുപോലെ, ചില ഉദാഹരണങ്ങളില്‍, അവര്‍ക്ക് നഷ്ടത്തേക്കാളേറെ ലാഭമാണ് ഉണ്ടായിട്ടുള്ളത്; ഇന്ന് ശൂദ്രരെന്ന പേരില്‍ അറിയപ്പെടുന്ന ചില ഗോത്രങ്ങള്‍, യഥാര്‍ഥത്തില്‍, മറെറന്തിലും അധികമായി ബ്രാഹ്മണരും ക്ഷത്രിയരുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇംഗ്ലണ്ടിലെ ഗോത്രങ്ങള്‍ ആംഗ്ലോ-സാക്‌സണ്‍ വംശത്തില്‍ സ്വാംശീകരിക്കപ്പെട്ടിട ത്തോളം തന്നെ. അവര്‍, ഇതരവംശങ്ങളില്‍ സ്വാംശീകരിക്കപ്പെട്ടിരിക്കുന്നു; അവരുടെ സ്വന്തമായ പ്രത്യേക വ്യക്തിത്വം എന്നെങ്കിലും അവര്‍ക്ക് അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍ പരിപൂര്‍ണമായും അപ്രത്യക്ഷമായിരിക്കുന്നു.
ഈ അഭിപ്രായം രണ്ട് പ്രമാദങ്ങളില്‍ അധിഷ്ഠിതമാണ്. ഒന്നാമത്, ഇന്നത്തെ നിന്നുള്ള ജാതികളുടെ സമൂഹമാണ്; വംശീയമായി അവര്‍ ഇന്‍ഡോ-ആര്യന്‍ സമൂഹത്തിലെ മൗലിക ശൂദ്രരില്‍ നിന്ന് വ്യത്യസ്തരാണ്. രണ്ടാമത്, ശൂദ്രരുടെ കാര്യത്തില്‍, നമ്മുടെ താത്പര്യ കേന്ദ്രമായിരിക്കുന്നത്, ഒരു ജനതയെന്ന നിലയിലുള്ള ശൂദരല്ല, പിന്നെയോ, ശൂദ്രര്‍ വിധേയ നാക്കപ്പെടുന്നത് എന്തെല്ലാം വേദനകള്‍ക്കും ശിക്ഷകള്‍ക്കുമാണോ, അവയെ ഉള്‍ക്കൊള്ളുന്ന നിയമവ്യവസ്ഥയാകുന്നു. വേദനകളുടെയും ശിക്ഷകളുടെയും വ്യവസ്ഥ ആദ്യമായി ആസൂത്രണം ചെയ്തത് ബ്രാഹ്മണരായിരുന്നുവെന്നതില്‍ സംശയമില്ല: ഇന്‍ഡോ-ആര്യന്‍ സമൂഹത്തിലെ ശൂദ്രരെ- പ്രത്യേകവും വേര്‍പെട്ടതും തിരിച്ചറിയാവുന്നതുമായ ഒരു സമുദായമെന്ന നിലയില്‍ അവര്‍ ഇല്ലാതായിക്കഴിഞ്ഞിരിക്കുന്ന- കൈകാര്യം ചെയ്യുകയായിരുന്നു അവരുടെ ഉദ്ദേശ്യം. വിചിത്രമെന്ന് തോന്നാമെങ്കിലും. അവരെ കൈകാര്യം ചെയ്യുന്നതിനുവേണ്ടി രൂപംനല്‍കിയ നിയമസംഹിത ഇപ്പോഴും പ്രാബല്യത്തിലിരിക്കുന്നു; മൗലിക ശൂദ്രരുമായി പുലബന്ധം പോലുമില്ലാത്തവരും താഴ്ന്നവര്‍ഗത്തില്‍പ്പെട്ടവരുമായ സമസ്തഹിന്ദുക്കളുടെയും കാര്യത്തില്‍ അതിപ്പോഴും പ്രയോഗിക്കപ്പെടുന്നു. ഇതെങ്ങനെ സംഭവിച്ചുവെന്നത് എല്ലാവര്‍ക്കും ജിജ്ഞാസ ഉളവാക്കുന്ന സംഗതിയാണ്. ഇതിനുള്ള എന്റെ വിശദീകരണം ഇപ്രകാരമാണ്: ബ്രാഹ്മണനിയമങ്ങളുടെ കാര്‍ക്കശ്യത്തിന്റെ ഫലമായി ഇന്‍ഡോ-ആര്യന്‍ സമൂഹം വളരെയേറെ അധപതിക്കുകയും, പൊതുജീവിതത്തില്‍ അവര്‍, യഥാര്‍ഥത്തില്‍, വളരെ താഴ്ന്നനിലയില്‍ എത്തിച്ചേരുകയും ചെയ്തു. ഇതില്‍നിന്ന് രണ്ടു ഭവിഷ്യത്തുകള്‍ ഉളവായി. ഒന്നാമത്തെ ഭവിഷ്യത്ത്, ശൂദ്രന്‍ എന്ന വാക്കിന്റെ ധ്വനിക്ക് മാറ്റം വന്നുവെന്നതായിരുന്നു. ശൂദ്രന്‍ എന്ന വാക്കിന് ഒരു പ്രത്യേക സമുദായത്തിന്റെ പേരെന്ന നിലയില്‍ ആദ്യമുണ്ടായിരുന്ന അര്‍ഥം നഷ്ടപ്പെട്ടു; അത്, പരിഷ്‌കാരമില്ലാത്തവരും സംസ്‌കാരമില്ലാത്തവരും ആത്മാഭിമാനമില്ലാത്തവരും സ്ഥാനമാനങ്ങളില്ലാത്തവരുമായ താഴ്ന്നവര്‍ഗത്തില്‍പ്പെട്ട ജനതയുടെ സാമാന്യ നാമമായിത്തീര്‍ന്നു.
ശൂദ്രന്‍ എന്ന വാക്കിന്റെ അര്‍ഥം വിപുലമായപ്പോള്‍, അതോടൊപ്പം, നിയമസംഹിതയുടെ പ്രയോഗപരിധിയും വിപുലമായി എന്നതായിരുന്നു രണ്ടാമത്തെ ഭവിഷ്യത്ത്. ഇങ്ങനെയാണ് ഇന്നത്തെ തഥാകഥിതരായ ശൂദ്രര്‍ ആ വാക്കിന്റെ മൗലികാര്‍ഥത്തില്‍ അവര്‍ ശൂദ്രര്‍ അല്ലെന്നിരിക്കിലും പ്രസ്തുത നിയമസംഹിതയ്ക്ക് വിധേയരായിത്തീര്‍ന്നത്. അതെങ്ങനെയായാലും ശരി, ആദ്യ കുറ്റവാളികളെയുദ്ദേശിച്ച് രൂപംനല്‍കിയ നിയമസംഹിത നിരപരാധികളുടെ കാര്യത്തില്‍ നടപ്പിലാക്കിയിരിക്കുന്നുവെന്ന വസ്തുത നിലനില്‍ക്കുന്നു. വര്‍ഗക്കാരായ ജനതയില്‍നിന്ന് വ്യത്യസ്തരായിരുന്നുവെന്ന് മനസ്സിലാക്കാനുള്ള ചരിത്രബോധം ഹിന്ദുനിയമ വിധാതാക്കള്‍ക്ക് ഉണ്ടായിരുന്നുവെങ്കില്‍ ഈ ദുരന്തം നിരപരാധികളുടെ കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു. പക്ഷേ, നിര്‍ഭാഗ്യകരമാണെങ്കിലും, മൗലികശൂദ്രരുടെ കാര്യത്തില്‍, എത്രമാത്രം കാര്‍ക്കശ്യത്തോടുകൂടിയാണോ ആ നിയമസംഹിത നടപ്പിലാക്കിയിരുന്നത്, അതേ കാര്‍ക്കശ്യത്തോടുകൂടി ഇന്നത്തെ ശൂദ്രരുടെ കാര്യത്തിലും അത് നടപ്പിലാക്കിവരുന്നുവെന്നതാണ് വസ്തുത. അതുകൊണ്ട്, ഇത്തരമൊരു നിയമസംഹിത എങ്ങനെ നിലവില്‍ വന്നുവെന്നത്. ഇന്നത്തെ ശൂദ്രരെ സംബന്ധിച്ചിടത്തോളം, പൗരാണിക താല്പര്യം മാത്രമുള്ള സംഗതിയാണെന്ന് കരുതാന്‍ നിര്‍വാഹമില്ല.
ശൂദ്രരുടെ ഉത്ഭവത്തെ സംബന്ധിച്ച പഠനം സ്വാഗതാര്‍ഹമാണെന്ന് സമ്മതിച്ചാല്‍ത്തന്നെയും. എനിക്ക് ആ പ്രമേയം കൈകാര്യം ചെയ്യാനുള്ള യോഗ്യതയെ ചിലരൊക്കെ ചോദ്യം ചെയ്‌തേക്കും. ഇന്ത്യന്‍ രാഷ്ട്രീയത്തെപ്പറ്റി സംസാരിക്കാന്‍ എനിക്ക് അവകാശമുണ്ടെന്നിരിക്കിലും, ഇന്ത്യയിലെ മതവും മതപരമായ ചരിത്രവും എന്റെ പ്രവര്‍ത്തനമേഖലയല്ലെന്നും ഞാനതില്‍ പ്രവേശിക്കരുതെന്നും എനിക്ക് താക്കീത് നല്‍കിയിട്ടുണ്ട്. എനിക്ക് ഈ താക്കീത് നല്‍കേണ്ടത് അത്യാരമദ്യമാണെന്ന് എന്റെ വിമര്‍ശകര്‍ വിചാരിച്ചതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ചിന്തകനെന്ന നിലയിലോ ഗ്രന്ഥകാരന്‍ എന്ന നിലയിലോ ഞാനെന്തെങ്കിലും അതിരുകടന്ന അവകാശവാദം ഉന്നയിച്ചതിന് പ്രത്യൗഷധമാണെങ്കില്‍, ഇതിന്റെയാവശ്യമില്ല. എന്തുകൊണ്ടെന്നാല്‍, ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍പോലും എനിക്ക് യോഗ്യതയില്ലെന്ന് സമ്മതിക്കാന്‍ ഞാനൊരുക്കമാണ്. സംസ് കൃതഭാഷയില്‍ എനിക്ക് പ്രാവീണ്യമില്ലെന്നതാണ് താക്കീതിനു കാരണമെങ്കില്‍, ആ പോരായ്മ ഞാന്‍ സമ്മതിക്കുന്നു. പക്ഷേ, ഞാന്‍ ഈ മേഖലയില്‍ പ്രവേശിക്കുന്നതിന് അത് അയോഗ്യത കല്പിക്കേണ്ട കാരണമാന്നും ഞാന്‍ കാണുന്നില്ല. ഇംഗ്ലീഷില്‍ ലഭ്യമാവാത്ത സാഹിത്യസൃഷ്ടികള്‍ സംസ്‌കൃതഭാഷയില്‍ തുലോം വിരളമാണ്. അതുകൊണ്ട്, സംസ്‌കൃതപാണ്ഡിത്യത്തിന്റെ അഭാവം ഞാന്‍ ഇതുപോലെയൊരു പ്രമേയം കൈകാര്യം ചെയ്യുന്നതിന് പ്രതിബന്ധമാകേണ്ട കാര്യമില്ല. കാരണം, ഇംഗ്ലീഷ് വിവര്‍ത്തനങ്ങളിലൂടെയാണെങ്കിലും, പതിനഞ്ചു വര്‍ഷക്കാലമായി, പ്രസക്ത സാഹിത്യകൃതികളെക്കുറിച്ച് നടത്തിവരുന്ന പാഠം, എന്നെപ്പോലെ പരിമിതമായ ബുദ്ധിശക്തി മാത്രമുള്ള ഒരു വ്യക്തിക്കുപോലും, കൃത്യനിര്‍വഹണത്തിന് പര്യാപ്തമായ സഭ്യത പ്രദാനം ചെയ്യാന്‍ മതിയാകുമെന്ന് പറയാന്‍ ഞാന്‍ ധൈര്യപ്പെടുന്നു. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാനുള്ള എന്റെ യോഗ്യതയുടെ കൃത്യമായ അളവിന് ഉത്തമസാക്ഷ്യം ഈ ഗ്രന്ഥമായിരിക്കും. എന്റെ ഈ ഉദ്യമം, മാലാഖമാര്‍ കാല്‍കുത്താന്‍ ഭപ്പെടുന്ന സ്ഥലത്തേക്ക് വിഡ്ഢി പാഞ്ഞുകയറുന്നുവെന്ന പഴഞ്ചൊല്ലിന്റെ ഉദാഹരണം മാത്രമായിക്കലാശിച്ചുവെന്നുവരാം. പക്ഷേ, വിഡ്ഡിക്കുപോലും ഒരു കടമ നിര്‍വഹിക്കാനുണ്ടെന്ന-അതായത്, മാലാഖ ഉറങ്ങുകയോ, സത്യം പ്രഖ്യാപിക്കാന്‍ തയ്യാറാകാതിരിക്കുകയോ ചെയ്താല്‍ തന്നാലാവത് ചെയ്യേണ്ട കടമയുണ്ടെന്ന വിശ്വാസത്തില്‍ ഞാന്‍ ആശ്രയമര്‍പ്പിക്കുന്നു. നിരോധിതമേഖലയില്‍ പ്രവേശിക്കുന്നതിന് എന്റെ നീതീകരണം ഇതാണ്.
ഈ ഗ്രന്ഥത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധാര്‍ഹമായിട്ടുള്ളതെന്താണ്! നിസ്സംശയമായും, എന്റെ ഗവേഷണങ്ങളുടെ ഫലമായി ഞാന്‍ എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനങ്ങള്‍ തന്നെ. ഈ ഗ്രന്ഥത്തില്‍ രണ്ടു പ്രശ്‌നങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്: (1) ശൂദ്രര്‍ ആരായിരുന്നു? (2) ഇന്‍ഡോ-ആര്യന്‍ സമൂഹത്തില്‍ അവര്‍ നാലാം വര്‍ണമായിത്തീരാന്‍ ഇടയായതെങ്ങനെ! ഈ പ്രശ്‌നങ്ങള്‍ക്കുള്ള എന്റെ ഉത്തരങ്ങള്‍ ഇപ്രകാരം സംഗ്രഹിക്കാം:
(1) ശൂദ്രര്‍ സൂര്യവംശത്തില്‍പ്പെട്ട ആര്യന്‍ സമുദായങ്ങളില്‍ ഒന്നായിരുന്നു.
(2) ആര്യന്‍സമൂഹം മൂന്നു വര്‍ണങ്ങള്‍ മാത്രം-അതായത്, ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ എന്നീ വര്‍ണങ്ങള്‍ മാത്രം- അംഗീകരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.
(3) ശൂദ്രര്‍ ഒരു പ്രത്യേക വര്‍ണം ആയിരുന്നില്ല. ഇന്‍ഡോ-ആര്യന്‍ സമൂഹത്തില്‍ ക്ഷത്രിയവര്‍ണത്തിന്റെ ഭാഗമെന്ന സ്ഥാനമാണ് അവര്‍ക്കുണ്ടായിരുന്നത്.
(4) ശൂദ്രരായ രാജാക്കന്മാരും ബ്രാഹ്മണരും തമ്മില്‍ നിരന്തരമായ തീരാപ്പകയുണ്ടായിരുന്നു; തല്‍ഫലമായി, ബ്രാഹ്മണര്‍ പീഡനങ്ങള്‍ക്കും അപമാനങ്ങള്‍ക്കും വിധേയരാക്കപ്പെട്ടു.
(5) ശൂദ്രരുടെ മര്‍ദനങ്ങളും പീഡനങ്ങളും, ബ്രാഹ്മണര്‍ക്ക് അവരോട് വിദ്വേഷം ജനിപ്പിച്ചു: തല്‍ഫലമായി, ശൂദ്രരുടെ ഉപനയനം നടത്താന്‍ ബ്രാഹ്മണര്‍ വിസമ്മതിച്ചു.
(6) ക്ഷത്രിയരായിരുന്ന ശൂദ്രര്‍ അവര്‍ക്ക് ഉപനയനം നിഷേധിക്കപ്പെട്ടതിന്റെ ഫലമായി സാമൂഹ്യമായി അധഃപതിച്ചു; അവര്‍ വൈശ്യരുടെ സ്ഥാനത്തിന് താഴെവരെ ചെന്നുവീഴുകയും അങ്ങനെ നാലാം വര്‍ണമായിത്തീരുകയും ചെയ്തു.
ഈ നിഗമനങ്ങളെ സംബന്ധിച്ച്, പണ്ഡിതന്മാരുടെ തീരുമാനത്തിനുവേണ്ടി, തീര്‍ച്ചയായും, ഞാന്‍ കാത്തിരിക്കേണ്ടതുണ്ട്. ഈ നിഗമനങ്ങള്‍ മൗലികങ്ങളാണെന്നുതന്നെയല്ല. പിന്നെയോ, ഇന്നു നിലവിലുള്ള ധാരണകള്‍ക്ക് കടകവിരുദ്ധങ്ങളും കൂടിയാണെന്നത് അസന്ദിഗ്ധമായും വ്യക്തമാണല്ലോ. ഈ നിഗമനങ്ങള്‍ സ്വീകരിക്കണോ ഇല്ലയോ എന്നത് ഈ വിഷയത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തിയുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കും. തീര്‍ച്ചയായും, എങ്കിലും, അയാളുടെ തീരുമാനം ഞാന്‍ കണക്കിലെടുക്കുകയില്ല; കാരണം, അയാള്‍ ഒരു പ്രതിയോഗിയായിരിക്കുമല്ലോ; അയാളില്‍നിന്ന് എതിര്‍പ്പല്ലാതെ മറെറാന്നും പ്രതീക്ഷിക്കാനാവില്ല. പക്ഷേ, ഒരു വ്യക്തി സത്യസന്ധനായ വിമര്‍ശകനാണെങ്കില്‍, അയാള്‍ എത്ര കരുതലുള്ളവനാണെങ്കിലും ശരി, എത്ര യാഥാസ്ഥിതികനാണെങ്കിലും ശരി, അയാള്‍ക്കു തന്നെ മനസ്സും വസ്തുതകള്‍ അംഗീകരിക്കാനുള്ള സന്നദ്ധതയുമുണ്ടെങ്കില്‍ അയാളെ എന്റെ അഭിപ്രായത്തിലേക്ക് കൊണ്ടുവരാമെന്ന ആശ ഞാന്‍ കൈവെടിയുന്നില്ല. ഈ പ്രതീക്ഷ സാക്ഷാല്‍ക്കരിക്കപ്പെടാതെ പോയേക്കാം. എങ്കിലും, ഒരു കാര്യം എനിക്കുറപ്പുണ്ട്. എന്റെ പുസ്തകം പുതിയ ഉള്‍ക്കാഴ്ചകള്‍കൊണ്ടും നൂതനഭാവനകള്‍കൊണ്ടും സമ്പന്നമാണെന്ന് എന്റെ വിമര്‍ശകര്‍ സമ്മതിക്കേണ്ടിവരും.
വിദ്വാന്മാരല്ലാത്ത സാമാന്യഹിന്ദുക്കളുടെ പ്രതികരണം എന്തായിരിക്കുമെന്ന് വിഭാവനം ചെയ്യുന്നത് രസകരമായിരിക്കും. ഇന്നത്തെ ഹിന്ദുക്കളെ അഞ്ച് വര്‍ഗങ്ങളായി സുനിശ്ചിതമായി തരംതിരിക്കാവുന്നതാണ്. യാഥാസ്ഥിതികരെന്ന് അറിയപ്പെടുന്ന ഹിന്ദുക്കളുടെ ഒരു വര്‍ഗമുണ്ട്; ഹൈന്ദവ സാമൂഹ്യവ്യവസ്ഥയില്‍ എന്തെങ്കിലും തകരാറുണ്ടെന്ന് അവര്‍ സമ്മതിക്കുകയില്ല; നവീകരണത്തെപ്പറ്റി സംസാരിക്കുന്നതുതന്നെ അവരെ സംബന്ധിച്ചിടത്തോളം ഈശ്വരനിന്ദയാണ്. ആര്യസമാജക്കാര്‍ എന്നറിയപ്പെടുന്ന ഹിന്ദുക്കളുടെ വര്‍ഗമുണ്ട്; അവര്‍ വേദങ്ങളില്‍ വിശ്വസിക്കുന്നവരാണ്; വേദങ്ങളില്‍ മാത്രമേ അവര്‍ക്ക് വിശ്വാസമുള്ളതാനും; വേദങ്ങളില്‍ ഇല്ലാത്തതെല്ലാം അവഗണിക്കുന്നുവെന്നതാണ് യാഥാസ്ഥിതികരില്‍നിന്ന് അവര്‍ക്കുള്ള വ്യത്യാസം വേദങ്ങളിലേക്ക് മടങ്ങുകയെന്നതാണ് അവരുടെ സിദ്ധാന്തം. ഹൈന്ദവ സാമൂഹ്യവ്യവസ്ഥ മുഴുവനും വഴിപിഴച്ചതാണെന്ന് സമ്മതിക്കുന്ന ഹിന്ദുക്കളുടെ വര്‍ഗമുണ്ട്; പക്ഷേ, അതിനെ ആക്രമിക്കേണ്ട കാര്യമില്ലെന്നാണവര്‍ കരുതുന്നത്; ആ വ്യവസ്ഥയെ അംഗീകരിച്ചിട്ടില്ലാത്തതുകൊണ്ട്. അത് മരിച്ചിട്ടി ല്ലെങ്കില്‍ത്തന്നെ മൃതപ്രായമാണെന്ന് അവര്‍ വാദിക്കുന്നു. രാഷ്ട്രീയ മനോഭാവക്കാരായ ഹിന്ദുക്കളുടെ വര്‍ഗമുണ്ട്; അവര്‍ക്ക് ഇത്തരം പ്രശ്‌നങ്ങളില്‍ അനാസ്ഥയാണ്. അവരെ സംബന്ധിച്ചിടത്തോളം, സാമൂഹ്യപരിഷ്‌കരണത്തേക്കാള്‍ പ്രധാനം സ്വരാജ് ആകുന്നു. അഞ്ചാമത്തെ വര്‍ഗം യുക്തിവാദികളായ ഹിന്ദുക്കളാണ്; സാമൂഹ്യപരിഷ്‌കാരങ്ങള്‍ക്ക് മൗലിക പ്രാധാന്യമുണ്ടെന്നും സ്വരാജിനേക്കാളും പ്രധാനം അതാണെന്നും അവര്‍ കരുതുന്നു.
മൂന്നാമത്തെ വിഭാഗത്തില്‍പ്പെട്ട, ഈ പുസ്തകം അത്യാവശ്യമല്ലെന്ന് കരുതാനിടയുള്ള, ഹിന്ദുക്കളോട് എന്നിക്ക് യോജിക്കാന്‍ വയ്യ. ഹൈന്ദവസമൂഹത്തില്‍ സര്‍വസാധാരണമായ ജാതിവ്യവസ്ഥയെ ബ്രിട്ടീഷിന്ത്യയിലെ നിയമങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് അവര്‍ പറയുന്നത് ഒരു വിധത്തില്‍ ശരിയാണ്. സിവില്‍ പ്രൊസീഡിയര്‍ കോഡിന്റെ പതിനൊന്നാം സെക്ഷന്‍ കണക്കിലെടുക്കുമ്പോള്‍, ഒരു ഹിന്ദുവിന് ഒരു പ്രത്യേക വര്‍ണത്തില്‍പ്പെട്ടവനാണെന്നുള്ള സാക്ഷ്യപത്രം സിവില്‍ക്കോടതിയില്‍ നിന്ന് സമ്പാദിക്കാന്‍ സാധ്യമല്ലെന്നത് നേരുതന്നെ. ബ്രിട്ടീഷിന്ത്യയിലെ കോടതികള്‍ ഒരു വ്യക്തി ഏതെങ്കിലും പ്രത്യേക വര്‍ണത്തില്‍പ്പെട്ടവനാണോ എന്ന പ്രശ്‌നം പരിഗണിക്കേണ്ടിവരുന്നെങ്കില്‍. അങ്ങനെ വരുന്നത്, വിവാഹം, പൈതൃകാവകാശം, ദത്തെടുക്കല്‍ എന്നിവയെ സംബന്ധിച്ച കേസുകളില്‍ മാത്രമാണ്; അത്തരം കേസുകളില്‍, കക്ഷി ഉള്‍പ്പെടുന്നത് ഏതു വര്‍ണത്തിലാണെന്നതിന് അനുസൃതമായി, നിയമങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കും. ബ്രിട്ടീഷിന്ത്യ യിലെ നിയമസംഹിത ഹിന്ദുക്കളുടെ നാലുവര്‍ണങ്ങളെ അംഗീകരിക്കുന്നില്ലെന്ന് സമ്മതിക്കുമ്പോള്‍ത്തന്നെ, ഇതിന്റെ അര്‍ഥമെന്താണെന്ന് തെറ്റിദ്ധരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായിപ്പറഞ്ഞാല്‍, (1) വര്‍ണവ്യവസ്ഥ പാലിക്കുന്നത് കുററമാണെന്ന് അര്‍ഥമാക്കുന്നില്ല: (2) സിവില്‍ അവകാശങ്ങള്‍ നേടുന്നതിന് വര്‍ണവ്യവസ്ഥയുടെ നിയമങ്ങള്‍ പാലിക്കേണ്ടത് ആവശ്യമായിട്ടുള്ള കേസുകളില്‍ വര്‍ണവ്യവസ്ഥയ്ക്ക് പ്രാബല്യം നല്‍കുന്നില്ലെന്ന് അതര്‍ഥമാക്കുന്നില്ല: (3) വര്‍ണവ്യവസ്ഥ അപ്രത്യക്ഷമായെന്ന് അതര്‍ഥമാക്കുന്നില്ല: (4) വര്‍ണവ്യവസ്ഥയുടെ പിന്നില്‍ പൊതുവിലുണ്ടായിരുന്ന നിയമപരമായ അംഗീകാരം പിന്‍വലിച്ചിരിക്കുന്നുവെന്നു മാത്രമേ അതര്‍ഥമാക്കുന്നുള്ളൂ. സാമൂഹ്യസ്ഥാപനങ്ങളെ താങ്ങിനിര്‍ത്തുന്ന ഒരു അംഗീകാരമല്ല നിയമം. മററ് അംഗീകാരങ്ങളും സാമൂഹ്യസ്ഥാപനങ്ങളെ താങ്ങിനിര്‍ത്തുന്നുണ്ട്. ഇമ്മട്ടില്‍ ഏറ്റവും പ്രാധാന്യപരമായ അംഗീകാരത്തിനും സാമൂഹ്യമായ അംഗീകാരത്തിനുമാണ്. വര്‍ണവ്യവസ്ഥയ്ക്ക് മതപരമായ അംഗീകാരമുണ്ട്. മതപരമായ അംഗീകാരമുള്ളതുകൊണ്ട്, വര്‍ണവ്യവസ്ഥയ്ക്ക് ഹിന്ദുസമുദായത്തിന്റെ പൂര്‍ണമായ സാമൂഹ്യാംഗീകാരവുമുണ്ട്. നിയമപരമായ നിരോധനം ഇല്ലാത്ത സാഹചര്യത്തില്‍ വര്‍ണവ്യവസ്ഥയെ അതിന്റെ സമ്പൂര്‍ണമായ പുതിതാവസ്ഥയില്‍ നിലനിറുത്താന്‍ ഈ സാമൂഹ്യാംഗീകാരം ധാരാളം മതിയാകും. ഹൈന്ദവസമൂഹത്തില്‍ ശൂദ്രരുടെയും അസ്പൃശ്യരുടെയും പദവി ഒരു മാറ്റവുമില്ലാതെ അതേപടി നിലനില്‍ക്കുന്നുവെന്ന വസ്തുതതന്നെ, വര്‍ണവ്യവസ്ഥ, അത് നടപ്പിലാക്കാന്‍ നിയമമില്ലാതിരുന്നിട്ടും സജീവമായിരിക്കുന്നുവെന്ന് എടുത്തുകാട്ടുന്ന ഏറ്റവും മികച്ച സാക്ഷ്യമാണ്. അതുകൊണ്ട്, ഇത്തരത്തിലുള്ള ഒരു പഠനം അത്യാവശ്യമല്ലെന്ന് പറയാന്‍ സാധ്യമല്ല.
രാഷ്ട്രീയ മനോഭാവക്കാരനായ ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം അയാളെ ഗൗരവബുദ്ധിയോടുകൂടി കണക്കിലെടുക്കേണ്ട ആവശ്യമില്ല. ദീര്‍ഘകാല പരിഗണനകളെക്കാള്‍ കൂടുതലായി അയാളുടെ സമീപനരീതിയെ ഭരിക്കുന്നത് ഹ്രസ്വകാല വീക്ഷണമാണ്. തന്റെ ജനസ്വാധീനം നഷ്ടപ്പെടുത്താനിടയുള്ള ഏതു കാര്യവും എത്ര അടിയന്തരമാണെങ്കിലും ശരി, അതിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ എതിര്‍പ്പിന്റേതായ സമീപനരീതി പിന്തുടരാനും അക്കാര്യം നീട്ടിവയ്ക്കാനും അയാള്‍ സന്നദ്ധനാണ്. അതുകൊണ്ട്, രാഷ്ട്രീയ മനോഭാവക്കാരനായ ഹിന്ദു, ഈ പുസ്തകം ശല്യമായെന്ന് കരുതുന്നുവെങ്കില്‍, അത് തികച്ചും സ്വാഭാവികമാണ്.
ഈ ഗ്രന്ഥം ആര്യസമാജക്കാരെ അങ്ങേയററം ശുണ്ഠിപിടിപ്പിക്കുമെന്ന് തീര്‍ച്ചയാണ്. ഏറ്റവും പ്രധാനപ്പെട്ട രണ്ടുകാര്യങ്ങളില്‍, എന്റെ നിഗമനങ്ങള്‍, അവരുടെ ആശയസംഹിതയ്ക്ക് കടകവിരുദ്ധമാണ്. ഇന്‍ഡോ-ആര്യന്‍ സമൂഹത്തിലെ നാലു വര്‍ണങ്ങള്‍ ആദിമുതല്‍ക്കേ നിലനിന്നുവരുന്നതായി ആര്യസമാജക്കാര്‍ വിശ്വസിക്കുന്നു. എന്നാല്‍, ഇന്‍ഡോ-ആര്യന്‍ സമൂഹത്തില്‍ മൂന്നുവര്‍ണങ്ങള്‍ മാത്രമുണ്ടായിരുന്ന കാലമുണ്ടായിരുന്നുവെന്ന് ഈ ഗ്രന്ഥം തെളിയിക്കുന്നു. വേദങ്ങള്‍ ശാശ്വതങ്ങളും പരമപവിത്രങ്ങളുമാണെന്ന് ആര്യസമാജക്കാര്‍ വിശ്വസിക്കുന്നു. എന്നാല്‍, വേദങ്ങ ളുടെ ചില ഭാഗങ്ങളെങ്കിലും വിശേഷിച്ചും, പുരുഷസൂക്തം ഇത് ആര്യസമാജക്കാരുടെ പ്രധാന താങ്ങാണ് -സ്വന്തം ഉദ്ദേശ്യസാധ്യത്തിനുവേണ്ടി ബ്രാഹ്മണര്‍ കെട്ടിച്ചമച്ചതാണെന്ന് ഈ പുസ്തകം തെളിയിക്കുന്നു. ഈ നിഗമനങ്ങള്‍ രണ്ടും ആര്യസമാജക്കാരുടെ സിദ്ധാന്തങ്ങളില്‍ ചെന്നുവീഴുന്ന അണുബോംബുകളായിരിക്കുമെന്നതില്‍ സംശയമില്ല.
ആര്യസമാജക്കാരുമായുള്ള ഈ സംഘട്ടനത്തില്‍ എനിക്ക് ഖേദമില്ല. വേദങ്ങള്‍ ശാശ്വതങ്ങളും ആദിയും അന്തവുമില്ലാത്തവയും അപ്രമാദിത്വമുള്ളവയുമാണെന്നും, ഹിന്ദുക്കളുടെ സാമൂഹ്യ സ്ഥാപനങ്ങളുടെ അടിസ്ഥാനം വേദങ്ങളായതുകൊണ്ട്, ആ സ്ഥാപനങ്ങളും ശാശ്വതങ്ങളും ആദിയും അന്തവും ഇല്ലാത്തവയും അപ്രമാദിത്വമുള്ളവയുമാണെന്നും, തന്നിമിത്തം അവയില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും പ്രസംഗിച്ച് ഹിന്ദുസമുദായത്തെ നിശ്ചലമാക്കിത്തീര്‍ത്തതിലൂടെ വലിയ തിന്മയാണവര്‍ ചെയ്തിട്ടുള്ളത്. ഇത്തരം ഒരു വിശ്വാസത്താല്‍ അന്തര്‍വ്യാപനം ചെയ്യപ്പെടുകയെന്നതാണ് ഒരു സമുദായത്തിന് സംഭവിക്കാവുന്ന ഏററവും ദോഷകരമായ സംഗതി. ആര്യസമാജക്കാരുടെ ഈ ആശയസംഹിത പരിപൂര്‍ണമായി നശിപ്പിക്കപ്പെട്ടില്ലെങ്കില്‍, നശിപ്പിക്കപ്പെടുന്നതുവരെ ഹിന്ദുസമുദായം അതിനെത്തന്നെ പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത അംഗീകരിക്കുകയില്ലെന്ന് എനിക്ക് ഉത്തമബോധ്യമുണ്ട്.
യാഥാസ്ഥിതികരായ ഹിന്ദുക്കള്‍ ഈ പുസ്തകത്തെക്കുറിച്ച് എന്തുപറയുമെന്ന് എനിക്ക് നല്ലപോലെ സങ്കല്പിക്കാന്‍ കഴിയും; ഇക്കാലമത്രയും, ഞാന്‍ അവരുമായി പോരാടുകയായിരുന്നുവല്ലോ. ശാന്തനും അക്രമവാസനയില്ലാത്തവനുമായി തോന്നിക്കുന്ന ഹിന്ദുവിന് അയാളുടെ വിശുദ്ധഗ്രന്ഥങ്ങളെ ആരെങ്കിലും ആക്രമിക്കുമ്പോള്‍ അക്രമാസക്തനാകാന്‍ കഴിയുന്നതെങ്ങനെയെന്ന ഒറ്റാക്കാര്യം മാത്രമേ എനിക്ക് മനസ്സിലാകാതുള്ളൂ. മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തമട്ടില്‍ കഴിഞ്ഞ കൊല്ലം ഞാന്‍ ഇക്കാര്യം ഗ്രഹിക്കാനിടയായി; ഹിന്ദുക്കളുടെ വിശുദ്ധഗ്രന്ഥങ്ങളെക്കുറിച്ച് ഞാന്‍ മദ്രാസില്‍ ഒരു പ്രഭാഷണം നടത്തിയതിനെത്തുടര്‍ന്ന്, ശരിക്കും സമനിലതെററിയ ഹിന്ദുക്കളില്‍നിന്ന് എന്നെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തുകളുടെ പ്രവാഹമുണ്ടായപ്പോഴായിരുന്നു അത്. പറയാനോ അച്ചടിക്കാനോ കൊള്ളാത്ത അഗ്ലീല ശകാരങ്ങള്‍കൊണ്ടും എന്റെ ജീവനെതിരായ ഭീകര ഭീഷണികള്‍കൊണ്ടും അവ നിറഞ്ഞിരുന്നു. കഴിഞ്ഞതവണ അവരെന്നെ ആദ്യമായി ചെയ്യുന്നവനെന്നു കണക്കാക്കി ഭീഷണികള്‍ മാത്രം ഉയര്‍ത്തി വിട്ടയച്ചു. ഇത്തവണ അവരെന്തു ചെയ്യുമെന്ന് എനിക്കറിയില്ല. എന്തുകൊണ്ടെന്നാല്‍, ഈ പുസ്തകം വായിക്കുമ്പോള്‍ അവര്‍ കോപത്തിന് കൂടുതല്‍ കാരണം കണ്ടെത്തുമെന്നു തീര്‍ച്ചയാണ്; വിശുദ്ധഗ്രന്ഥങ്ങള്‍ എന്ന പേരില്‍ വിഹരിക്കുന്നവയില്‍ ലക്ഷ്യത്തില്‍ രാഷ്ട്രീയസ്വഭാവവും പക്ഷപാതിത്വവും ഉദ്ദേശ്യത്തില്‍ കാപട്യവുമുള്ള കെട്ടുകഥകള്‍ അടങ്ങിയിരിക്കുന്നുവെന്നു തെളിയിക്കാന്‍ അധ്യായങ്ങളും വാക്യങ്ങളും ഉദ്ധരിച്ചിരിക്കുന്നത്, അവരുടെ ദൃഷ്ടിയില്‍ കുറ്റകൃത്യത്തിന്റെ കൂടുതല്‍ പ്രകോപനകരമായ രൂപത്തിലുള്ള ആവര്‍ത്തനമായിരിക്കും ഇത്. അവരുടെ ദോഷാരോപണങ്ങളോ അവരുടെ ഭീഷണികളോ ഒരുതരത്തിലും ഗൗനിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍, മതത്തെ സംരക്ഷിക്കുകയാണെന്ന് പരസ്യപ്രഖ്യാപനം നടത്തിക്കൊണ്ട് മതത്തെ കച്ചവടച്ചരക്കാക്കിയ നീചന്മാരുടെ കുപ്പിണിയാണവരെന്ന് എനിക്ക് ശരിക്കറിയാം. ലോകത്തിലുള്ള ഏതുമട്ടം ജീവികളെക്കാളും കൂടുതല്‍ സ്വാര്‍ഥമതികളാണവര്‍; അവര്‍ സ്വന്തം വര്‍ഗത്തിന്റെ സ്ഥാപിതതാല്പര്യങ്ങളെ താങ്ങിനിറുത്തുന്നതിനുവേണ്ടി അവരുടെ ബുദ്ധിശക്തിയെ വ്യഭിചരിച്ചുകൊണ്ടിരിക്കുന്നു. ഹിന്ദുക്കളുടെ തഥാകഥിത ങ്ങളായ വിശുദ്ധഗ്രന്ഥങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യപ്പെടുന്ന വ്യക്തിക്കെതിരായി യാഥാസ്ഥിതികത്വത്തിന്റെ ഭ്രാന്തന്‍നായ്ക്കളെ കെട്ടഴിച്ചു വിടുമ്പോള്‍, ഉന്നതസ്ഥാനികളായ വിദ്യാസമ്പന്നരെന്ന് അവകാശപ്പെടുന്ന പ്രത്യേക താല്പര്യമില്ലാത്തവരെന്നും സ്വതന്ത്രമായ തുറന്ന മനസ്സുള്ളവരെന്നും പ്രതീക്ഷിക്കാവുന്ന, പ്രമുഖ ഹിന്ദുക്കള്‍ പക്ഷ പാതികളായി മാറുന്നതും അട്ടഹാസത്തില്‍ പങ്കുചേരുന്നതും വളരെയേറെ അത്ഭുതജനകമായ കാര്യമാണ്. ഹൈക്കോടതികളിലെ ഹിന്ദുജഡ്ജിമാരും ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഹിന്ദു പ്രധാനമന്ത്രിമാരും പോലും അവരുടെ കൂട്ടത്തില്‍ ചേരാന്‍ മടിക്കുന്നില്ല. അവര്‍ അതിനപ്പുറവും പോകുന്നു. അവര്‍ ആ വ്യക്തിക്കെതിരായ ഓരിയിടലിന് നേതൃത്വം നല്‍കുന്നുവെന്നുമാത്രല്ല, പിന്നെയോ, വേട്ടയാടലില്‍ ചേരുകപോലും ചെയ്യുന്നു. ജീവിതത്തില്‍ തങ്ങള്‍ക്കുള്ള ഉന്നതസ്ഥാനങ്ങള്‍ യാഥാസ്ഥിതികത്വത്തിന്റെ ഏതു ശത്രുവിനെയും ഭയപ്പെടുത്തി കീഴടക്കാന്‍ വേണ്ടത്ര അളവില്‍ ഭീതി തങ്ങളുടെ വാക്കുകളില്‍ പകര്‍ന്നുകൊള്ളുമെന്ന് വിശ്വസിച്ചുകൊണ്ട് അവരിതു ചെയ്യുന്നുവെന്നതാണ് ക്ഷോഭജനകമായ സംഗതി. സുഹൃദ്ഭാവമുള്ള ഈ മാന്യന്മാരോട് ഞാന്‍ പറയാനാഗ്രഹിക്കുന്നത്, അവരുടെ ശാപവാക്കുകള്‍ കൊണ്ടൊന്നും എന്നെ തടഞ്ഞുനിറുത്താന്‍ അവര്‍ക്കു കഴിയുകയില്ല എന്നത്രെ. ഈദൃശമായ സ്ഥിതിവിശേഷത്തെ നേരിട്ടപ്പോള്‍ ഡോക്ടര്‍ ജോണ്‍സണ്‍ (Dr. Johnson) പറഞ്ഞ അര്‍ഥപൂര്‍ണവും മനസ്സില്‍ പതിക്കുന്നതുമായ കാര്യങ്ങള്‍ അവര്‍ക്ക് അറിയാമെന്ന് തോന്നുന്നില്ല; അദ്ദേഹം പറഞ്ഞു: തെമ്മാടിയുടെ ഭീഷണികള്‍ വഞ്ചകനെ പിടികൂടുന്നതില്‍നിന്ന് എന്നെ തടയാന്‍ പോകുന്നില്ല. ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്നവരായ എന്റെ ഈ വിമര്‍ശകരോട് അപമര്യാദ കാട്ടാന്‍ ഞാനാഗ്രഹിക്കുന്നില്ല; വഞ്ചകന്‍ രക്ഷപ്പെടണമെന്ന് താത്പര്യമുള്ള തെമ്മാടിയുടെ പങ്കാണവര്‍ വഹിക്കുന്നതെന്നു പറയാന്‍ അത്രയും പോലും എനിക്കാഗ്രഹമില്ല. എങ്കിലും രണ്ടു കാര്യങ്ങള്‍ എനിക്കവരോട് പറയാനുണ്ട്: ഒന്നാമത്, ഹിന്ദുക്കളുടെ വിശുദ്ധഗ്രന്ഥങ്ങളില്‍ അടങ്ങിയിട്ടുള്ള സിദ്ധാന്തങ്ങളാണ് അവരുടെ രാജ്യത്തിന്റെയും അവരുടെ സമൂഹത്തിന്റെയും ക്ഷയത്തിനും അധഃപതനത്തിനും കാരണമെന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമാറ്, ആ വിശുദ്ധഗ്രന്ഥങ്ങള്‍ തൊലിയുരിച്ചു കാട്ടിക്കൊണ്ട് ചരിത്രപരമായ സത്യാന്വേഷണ പരിശ്രമങ്ങളില്‍ ഡോക്ടര്‍ ജോണ്‍സന്റെ നിശ്ചയദാര്‍ഢ്യത്തെ പിന്തുടരാന്‍ ഞാനുദ്ദേശിക്കുന്നു. രണ്ടാമത്, ഈ തലമുറയില്‍പ്പെട്ട ഹിന്ദുക്കള്‍ എനിക്കു പറയാനുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ തന്നെ അടുത്തതലമുറ അതു ശ്രദ്ധിക്കുമെന്ന് എനിക്കുറപ്പുണ്ട്. വിജയം വരിക്കാമെന്ന ആശ ഞാന്‍ കൈവെടിയുന്നില്ല. കവിയായിരുന്ന ഭവഭൂതിയുടെ വാക്കുകളില്‍ ഞാന്‍ ആശ്വാസം കണ്ടെത്തുന്നു; അദ്ദേഹം പറയുകയുണ്ടായി: ‘കാലം അനന്തമാണ്, ഭൂമി വിശാലവുമാണ്; ഞാന്‍ പറഞ്ഞിട്ടുള്ളതിനെ വിലമതിക്കുന്ന മനുഷ്യന്‍ എന്നെങ്കിലും ഒരു ദിവസം ജനിക്കും.” എന്താണെങ്കിലും ശരി, ഈ പുസ്തകം യാഥാസ്ഥിതികത്വത്തോടുള്ള വെല്ലുവിളിയാണ്.
ഈ ഗ്രന്ഥത്തെ സ്വാഗതം ചെയ്യാന്‍ സാധ്യതയുള്ള ഹിന്ദുക്കളുടെ ഏകവിശ്വാസം പരിഷ്‌കരണം അത്യന്താപേക്ഷിതമാണെന്നും അടിയന്തര സ്വഭാവമുള്ളതാണെന്നും വിശ്വസിക്കുന്നവനാണ്. ഇതു പരിഹരിക്കാന്‍ തീര്‍ച്ചയായും ദീര്‍ഘകാലമെടുക്കുന്നു. വരാന്‍പോകുന്ന അനേകതലമുറകളുടെ യത്‌നങ്ങള്‍ അതിനാവശ്യമാണെന്നുമുള്ള വസ്തുത, പ്രശ്‌നത്തെ സംബന്ധിച്ച പഠനം നീട്ടിവയ്ക്കുന്നതിന് ന്യായീകരണമല്ലെന്നാണ് അവരുടെ അഭിപ്രായം. ഏതായാലും തീക്ഷ്ണബുദ്ധിയായ ഹിന്ദുരാജ്യതന്ത്രജ്ഞന്‍ പോലും, അദ്ദേഹം സത്യസന്ധനാണെങ്കില്‍, ഒരു കാര്യം സമ്മതിക്കും. അതായത്, ഹൈന്ദവ സാമൂഹ്യസംഘടനയില്‍ നൈസര്‍ഗികമായി അടങ്ങിയിട്ടുള്ളവയും രാഷ്ട്രീയ മനോഭാവക്കാരായ ഹിന്ദുക്കള്‍ അവഗണിക്കാനോ നീട്ടിക്കോണ്ടുപോകാനോ ആഗ്രഹിക്കുന്നവയുമായ പ്രശ്‌നങ്ങള്‍. വര്‍ഗീയതയുടെ മാദകരൂപത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍-ഓരോ വളവിലും തിരിവിലും അതേ രാജ്യതന്ത്രജ്ഞനെത്തന്നെ പീഡിപ്പിക്കാനായി അനിവാര്യമായും തിരിച്ചുവരും. ഈ പ്രശ്നങ്ങള്‍ താല്‍ക്കാലിക വൈഷമ്യങ്ങളല്ല, അവ നമ്മുടെ സ്ഥിരം വൈഷമ്യങ്ങളാണ്; എന്നുപറഞ്ഞാല്‍, ഓരോ നിമിഷവും നമ്മെ അഭിമുഖീകരിക്കുന്ന വൈഷമ്യങ്ങളാണ്. മേല്‍പ്പറഞ്ഞ തരത്തിലുള്ള ഹിന്ദുക്കളുടെ ഒരു വര്‍ഗമുണ്ടെന്നറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ചെറിയ വര്‍ഗമാണെങ്കിലും അവരാണെന്റെ മുഖ്യാവലംബം. അവരെ അഭിസംബോധന ചെയ്തുകൊണ്ടാണ് എന്റെ വാദം ഉന്നയിച്ചിരിക്കുന്നത്.
ഏത് വിശുദ്ധസാഹിത്യത്തിനും അര്‍ഹമായ ബഹുമാനം ഹിന്ദുക്കളുടെ വിശുദ്ധസാഹിത്യത്തിന് ഞാന്‍ നല്‍കിയിട്ടില്ലെന്ന് പറഞ്ഞേക്കാം. ഈ ആരോപണം സത്യമാണെന്നുണ്ടെങ്കില്‍, എന്നെ നീതീകരിക്കാനായി രണ്ടു സാഹചര്യങ്ങള്‍ എനിക്ക് ബോധിപ്പിക്കാനുണ്ട്. ഒന്നാമത്, സമസ്ത സാഹിത്യത്തെയും ഗ്രാമ്യമെന്ന നിലയില്‍- സര്‍വജനീനമെന്ന മൗലികാര്‍ഥത്തിലാണ്-ഗ്രാമ്യമെന്ന വാക്ക് ഞാനുപയോഗിക്കുന്നത്. അതായത്, ശുദ്ധാശുദ്ധ വിവേചനവും കൂടാതെയും കണ്ടെത്തുകയെന്ന ഏകലക്ഷ്യത്തോടുകൂടിയും അംഗീകൃത സാക്ഷ്യനിയമങ്ങളനുസരിച്ച് പരിശോധനയ്ക്കും പരീക്ഷണത്തിനും വിധേയമാക്കേണ്ടതെന്ന നിലയില്‍, കൈകാര്യംചെയ്യുന്ന ചരിത്രകാരന്‍ ഉത്തമപാരമ്പര്യമാണ് എന്റെ ഗവേഷണത്തില്‍ എനിക്ക് വഴികാട്ടിയിട്ടുള്ളതെന്ന് ഞാന്‍ അവകാശവാദം ഉന്നയിക്കുന്നു. ഈ പാരമ്പര്യം പിന്തുടരുമ്പോള്‍, ഹിന്ദുക്കളുടെ വിശുദ്ധസാഹിത്യത്തോട് എനിക്ക് ബഹുമാനാദരങ്ങള്‍ കുറഞ്ഞുപോയിട്ടുണ്ടെങ്കില്‍ ഗവേഷണവിദ്യാര്‍ഥിയെന്ന നിലയിലുള്ള എന്റെ കര്‍ത്തവ്യം എന്നെ കുററവിമുക്തനാക്കാന്‍ ഉപകരിക്കേണ്ടതാണ്. രണ്ടാമത്, വിശുദ്ധസാഹിത്യത്തോടുള്ള ബഹുമാനാദരങ്ങള്‍ ആരുടെയും കല്പനയനുസരിച്ച് ഉണ്ടാ ക്കാന്‍ സാധ്യമല്ല. അവ സാമൂഹ്യഘടകങ്ങളുടെ ഫലങ്ങളാണ്; പ്രസ്തുത ഘടകങ്ങള്‍ ഒരിടത്ത് ഇത്തരം വികാരങ്ങള്‍ സ്വാഭാവികമാക്കുകയും, മറെറാരിടത്ത് അവ തികച്ചും അസ്വാഭാവികമാക്കുകയും ചെയ്യും. ഹിന്ദുക്കളുടെ വിശുദ്ധസാഹിത്യത്തോട് ബ്രാഹ്മണപണ്ഡിതന് ബഹുമാനാദരങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്; പക്ഷേ, അബ്രാഹ്മണ പണ്ഡിതന് അതുണ്ടാവുക തികച്ചും അസ്വാഭാവികമത്രെ.
ഈ വ്യത്യാസത്തിനുള്ള വിശദീകരണം തീര്‍ത്തും ലളിതമാണ്. ബ്രാഹ്മണ പണ്ഡിതന്‍ ഈ വിശുദ്ധ സാഹിത്യത്തെ കുററം പറയാതുള്ള ബഹുമാനത്തോടുകൂടി ഉപചരിക്കുമെന്നും, കേവലം അഭ്യസ്തവിദ്യനില്‍ നിന്ന് വ്യതിരിക്തമായി, ബുദ്ധിജീവിയുടെ നിസ്സംഗതയോടുകൂടി, അതിനെ ആക്രമിക്കുന്നതില്‍ നിന്ന് പിന്തിരിയുമെന്നും, സ്വാഭാവികമായും പ്രതീക്ഷിക്കേണ്ടതാണല്ലോ. എന്താണീ വിശുദ്ധസാഹിത്യം? മിക്കവാറും പൂര്‍ണമായും ബ്രാഹ്മണരുടെ സൃഷ്ടിയായ സാഹിത്യമാണത്. രണ്ടാമത്, അതിന്റെ സമ്പൂര്‍ണലക്ഷ്യം അബ്രാഹ്മണര്‍ക്കെതിരായി ബ്രാഹ്മണരുടെ ശ്രേഷ്ഠതയും പ്രത്യേകാവകാശങ്ങളും താങ്ങിനിറുത്തുകയെന്നതാണ്. ഇത്തരം സാഹിത്യത്തെ ബ്രാഹ്മണര്‍ എന്തിന് ഉയര്‍ത്തിപ്പിടിക്കാതിരിക്കണം? പക്ഷേ, ബ്രാഹ്മണന്‍ അതിനെ ഉയര്‍ത്തിപ്പിടിക്കാന്‍ ഇടയാക്കുന്ന അതേ കാരണം തന്നെയാണ് അബ്രാഹ്മണന്‍ അതിനെ വെറുക്കാന്‍ ഇടയാക്കുന്നത്. വിശുദ്ധസാഹിത്യമെന്നു പറയപ്പെടുന്നതെന്താണോ അതില്‍, ജുഗുപ്‌സാവഹമായ സാമൂഹ്യദര്‍ശനം അടങ്ങിയിരിക്കുന്നുവെന്നും, തങ്ങളുടെ സാമൂഹ്യാധഃപതനത്തിനു കാരണം അതാണെന്നും അറിയാവുന്ന അബ്രാഹ്മണന്‍ അതിനോട് പ്രതികരിക്കുന്നത്, ബ്രാഹ്മണന്‍ പ്രതികരിക്കുന്നതിന് കടകവിരുദ്ധമായ ഞാന്‍ അബ്രാഹ്മണനാണെന്ന, അബ്രാഹ്മണന്‍ മാത്രമല്ല മറിച്ച്, അസ്പൃശ്യത കൂടിയാണെന്ന വസ്തുത ഓര്‍മിച്ചാല്‍, ഹിന്ദുക്കളുടെ വിശുദ്ധസാഹിത്യത്തോട് എനിക്ക് ബഹുമാനാദരങ്ങള്‍ കുറഞ്ഞുപോയതില്‍ ആരും അത്ഭുതപ്പെടുകയില്ല. വിശുദ്ധ സാഹിത്യത്തോട് എനിക്കുള്ള അനിഷ്ടം സ്വാഭാവികമായും അബ്രാഹ്മണനുള്ളതിനെക്കാള്‍ കുറവായിരിക്കുകയില്ലല്ലോ. പ്രൊഫസര്‍ തോണ്‍ഡൈക്ക് (Proi- Thoradyke) പറയുന്നതുപോലെ, ചിന്തിക്കുന്നുവെന്നത് ജീവശാസ്ത്രപരമായ വസ്തുതയും, എന്തു ചിന്തിക്കുന്നുവെന്നത് സാമൂഹ്യശാസ്ത്രപരമായ വസ്തുതയും ആകുന്നു.’
ഈ വിശുദ്ധസാഹിത്യത്തോടുള്ള -ഹിന്ദുക്കളുടെ സാമൂഹ്യചരിത്രത്തിന്റെ പ്രശ്‌നങ്ങളെ സംബന്ധിച്ച പഠനത്തിനാവശ്യമായ വിവരങ്ങളുടെ മുഖ്യസ്രോതസ്സ് ഈ സാഹിത്യമാണല്ലോ-ബ്രാഹ്മണപണ്ഡിതന്റെയും അബ്രാഹ്മണപണ്ഡിതന്റെയും മനോഭാവത്തിലെ വ്യത്യാസം. അതായത്, കാരണം പറയാതുള്ള പ്രശംസയും ബ്രാഹ്മണപണ്ഡിത മനോഭാവവും വിട്ടുവീഴ്ചയില്ലാത്ത കുറ്റാരോപണമെന്ന അബ്രാഹ്മണ പണ്ഡിത മനോഭാവവും ചരിത്രപരമായ ഗവേഷണത്തിന് ഏറ്റവും ഹാനികരമാണെന്ന് എനിക്കറിയാം.
ചരിത്രപരമായ ഗവേഷണത്തിന് ബ്രാഹ്മണപണ്ഡിതര്‍ ചെയ്തിട്ടുള്ള ദ്രോഹം വ്യക്തമാണ്. ഈ സാഹിത്യത്തിന്റെ പവിത്രത നിലനിര്‍ത്തുന്നതില്‍ ബ്രാഹ്മണപണ്ഡിതന് ദ്വിമുഖ താത്പര്യമുണ്ട്. ഒന്നാമതായി, ഈ സാഹിത്യം അയാളുടെ പൂര്‍വികരുടെ സൃഷ്ടിയായതുകൊണ്ട്. അയാളുടെ പുത്രസഹജമായ കടമ സത്യത്തെ വിലകൊടുത്തുപോലും ഇതിനെ സംരക്ഷിക്കുന്നതിലേക്ക് അയാളെ നയിക്കുന്നു. രണ്ടാമതായി, ഈ സാഹിത്യം ബ്രാഹ്മണരുടെ പ്രത്യേകാവകാശങ്ങളെ പിന്താങ്ങുന്നതുകൊണ്ട് ഇതിന്റെ പ്രാമാണികതയെ തുരങ്കംവയ്ക്കുന്ന യാതൊന്നും ചെയ്യാതിരിക്കാന്‍ അയാള്‍ ശ്രദ്ധ ചെലുത്തുന്നു. തനിക്ക് ലാഭമുണ്ടാക്കിത്തരുമെന്ന് അറിയാവുന്ന വ്യവസ്ഥയും, ആ വ്യവസ്ഥയുടെ സ്ഥാപകനെന്ന നിലയില്‍ തന്റെ പൂര്‍വികരുടെ അന്തസ്സും ഉയര്‍ത്തിപ്പിടിക്കുകയെന്ന ആവശ്യം ബ്രാഹ്മണപണ്ഡിതന്റെ മനസ്സില്‍ സദാ നിലനില്‍ക്കുന്ന മൂകവും നിര്‍മലവുമായ പൂര്‍വപക്ഷമായി പ്രവര്‍ത്തിക്കുകയും, സത്യം കണ്ടെത്തുകയോ പ്രസംഗിക്കുകയോ ചെയ്യുന്നതില്‍നിന്ന് അയാളെ തടയുകയും ചെയ്യുന്നു. അതുകൊണ്ടാണ് ബ്രാഹ്മണപണ്ഡിതരുടെ ചരിത്രഗവേഷണരംഗത്ത് -കാലനിര്‍ണയം നടത്തുകയോ വംശാവലികള്‍ കണ്ടുപിടിക്കുകയോ ചെയ്യുകയെന്ന കാര്യമല്ലെങ്കില്‍-മൗലികമായ വളരെക്കുറച്ചു സംഭാവനകള്‍ മാത്രം കാണപ്പെടുന്നത്. അബ്രാഹ്മണ പണ്ഡിതന് ഈ പരിമിതികളൊന്നുമില്ല; അതുകൊണ്ട്, കഠിനമായ സത്യാന്വേഷണ പരിശ്രമങ്ങളില്‍ വ്യാപൃതനാകാന്‍ അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. രണ്ടുവിഭാഗം പണ്ഡിതന്മാര്‍ തമ്മില്‍ ഇത്തരമൊരു വ്യത്യാസം നിലവിലുണ്ടെന്നത് കേവലം അഭ്യൂഹത്തിന്റെ പ്രശ്‌നമല്ല. ഈ ഗ്രന്ഥം തന്നെ ഇക്കാര്യത്തിന് ഉദാഹരണമാണ്. ശൂദ്രര്‍ക്കെതിരായ ഗൂഢാലോചനയുടെ യഥാര്‍ഥസ്വഭാവം ഇതില്‍ തുറന്നുകാട്ടിയി ട്ടുണ്ട്; അതു തുറന്നുകാട്ടാന്‍ ബ്രാഹ്മണപണ്ഡിതരാരും ധൈര്യപ്പെടുകയില്ലായിരുന്നു.
അബ്രാഹ്മണപണ്ഡിതന്‍ ബ്രാഹ്മണപണ്ഡിതനുള്ള തടസ്സങ്ങളില്‍ നിന്ന് വിമുക്തനാണെങ്കിലും അയാള്‍ ഇതിന് നേര്‍വിപരീതമായ ദിശയില്‍ അങ്ങേയറ്റംവരെ പോകാനും ഈ സാഹിത്യം മുഴുവനും ഗൗരവമായ പഠനത്തിന് യോഗ്യമല്ലാത്തതും ചാണകക്കുഴിയിലേക്ക് വലിച്ചെറിയേണ്ടതുമായ ഐതിഹ്യങ്ങളുടെയും കെട്ടുകഥകളുടെയും സമാഹാരമാണെന്ന് കരുതാനും സാധ്യതയുണ്ട്. ഇത് ചരിത്രകാരന്റെ സ്പിരിററല്ല. വളരെ ശരിയായി പറഞ്ഞിട്ടുള്ളതുപോലെ, ചരിത്രകാരന്‍ കൃത്യതയും ആത്മാര്‍ഥതയും നിഷ്പക്ഷതയുമുള്ളവനായിരിക്കാന്‍ ബാധ്യസ്ഥനാണ്; അവന്‍ വികാരവിമുക്തനായിരിക്കണം: താത്പര്യമോ ഭീതിയോ അമര്‍ഷമാ മമതയോ അവന് മുന്‍വിധി ഉളവാക്കരുത്: ചരിത്രത്തിന്റെ മാതാവായ സത്യത്തോട് അവന്‍ വിശ്വസ്തത പുലര്‍ത്തണം; അവന്‍ മഹദ് പ്രവൃത്തികളുടെ സംരക്ഷകനും വിസ്തൃതിയുടെ വൈരിയും ഭൂതകാലത്തിന്റെ സാക്ഷിയും ഭാവിയുടെ സംവിധായകനുമായിരിക്കണം. ചുരുക്കത്തില്‍, അവന് തുറന്നമനസ്സും അത് ശൂന്യമനസ്സായിരിക്കാനിടയില്ലെങ്കിലും സര്‍വസാക്ഷ്യങ്ങളം അവ കൃത്രിമമാണെങ്കില്‍കൂടിയും പരിശോധിക്കാനുള്ള സന്നദ്ധതയും ഉണ്ടായിരിക്കണം. ചരിത്രകാരന്റെ ഈ സ്പിരിററിനോട് സത്യസന്ധത പുലര്‍ത്താന്‍ അബ്രാഹ്മണപണ്ഡിതന് വിഷമമാണെന്നു വരാം. പ്രാചീനസാഹിത്യത്തിന്റെ സത്യസ്ഥിതിയോ കാപട്യമോ പരിശോധിക്കുമ്പോള്‍ അയാള്‍ അതിലേക്ക് അബ്രാഹ്മണരാഷ്ട്രീയം കൊണ്ടുവരാനിടയുണ്ട്; അത് ന്യായീകരിക്കാന്‍ വയ്യ. എന്റെ ഗവേഷണത്തില്‍, ഇത്തരം മുന്‍ഡീഡില്‍ നിന്ന് ഞാനെന്നെ മുക്തനാക്കി നിറുത്തിയിട്ടുണ്ടെന്ന് എനിക്ക് നിശ്ചയമുണ്ട്. ശുദ്ധമായ ചരിത്രത്തിന്റെതൊഴികെ, മതപരിഗണനയും എന്റെ മനസ്സില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നില്ല. ശൂദ്രരുടെ രാഷ്ട്രീയപ്രസ്ഥാനമായ ഒരു അബ്രാഹ്മണ പ്രസ്ഥാനം ഈ രാജ്യത്തുണ്ടെന്നത് സര്‍വവിദിതമാണല്ലോ. എനിക്ക് അതുമായി ബന്ധമുണ്ടെന്നതും സര്‍വവിദിതമാണ്. പക്ഷേ, ഞാന്‍ ഈ പുസ്തകത്തെ അബ്രാഹ്മണ രാഷ്ട്രീയത്തിന്റെതാക്കിയിട്ടില്ലെന്ന് വായനക്കാര്‍ക്ക് കാണാന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ട്.
ഈ വിഷയത്തിന്റെ അവതരണത്തില്‍ വന്നുകൂടിയിട്ടുള്ള ന്യൂനതകളെക്കുറിച്ച് ഞാന്‍ ബോധവാനാണ്. അതിദീര്‍ഘങ്ങളായ ഒട്ടേറെ ഉദ്ധരണികള്‍കൊണ്ട് ഈ പുസ്തകം നിറഞ്ഞിരിക്കുന്നു. ഈ പുസ്തകം ഒരു കലാസൃഷ്ടിയല്ല; ഇതിലൂടെയുള്ള ദീര്‍ഘയാത്ര അനുവാചകര്‍ക്ക് മുഷിപ്പനായിത്തീരാന്‍ സാധ്യതയുണ്ട്. പക്ഷേ, ഇത് എന്റെ കുററമേയല്ല. എനിക്ക് യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കില്‍ ഞാന്‍ പരിപൂര്‍ണ മനസ്സോടുകൂടി കാര്യമായ കത്രികപ്രയോഗം നടത്തുമായിരുന്നു. പക്ഷേ, തങ്ങള്‍ ഇന്നത്തെ സ്ഥിതിയില്‍ എത്തിപ്പെട്ടതെങ്ങനെയെന്ന് അറിയാന്‍ പാടില്ലാത്ത അജ്ഞരും കാര്യവിവരമില്ലാത്തവരുമായ ശൂദ്രര്‍ക്കു വേണ്ടിയാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത് എന്ന കലാപരമായി പ്രമേയം കൈകാര്യം ചെയ്തിരിക്കുന്നുവെന്ന നോട്ടം അവര്‍ക്കില്ല. വിവരങ്ങള്‍ സമ്പൂര്‍ണമായി ലഭിക്കണം. എത്ര കൂടുതലുണ്ടാ അത്രയും നന്ന് -എന്നുമാത്രമേ അവര്‍ ആഗ്രഹിക്കുന്നുള്ളൂ. അവരില്‍ ആരെയൊക്കെ ഞാന്‍ എന്റെ കയ്യെഴുത്തുപ്രതി കാണിച്ചുവോ, അവരുടെയെല്ലാം നിര്‍ബന്ധം ഉദ്ധരണികള്‍ അതേപടി നിലനിര്‍ത്തണമെന്നായിരുന്നു. ഇത്തരം വിവരങ്ങള്‍ക്കുവേണ്ടി അവര്‍ക്കുള്ള അത്യാര്‍ത്തി വളരെ വലുതാണ്; അതുകൊണ്ട്, ഗ്രന്ഥഗാത്രത്തില്‍ ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനു പുറമെ, മൂലസംസ്‌കൃതപാഠങ്ങള്‍ അനുബന്ധമായി ചേര്‍ക്കണമെന്ന് നിര്‍ബന്ധിക്കാന്‍ പോലും അവരില്‍ ചിലര്‍ മുതിര്‍ന്നു.
മൂലസംസ്‌കൃത പാഠങ്ങള്‍ പുനഃപ്രസിദ്ധീകരിക്കണമെന്ന അവരുടെ അഭ്യര്‍ഥന നിരാകരിക്കാന്‍ ഞാന്‍ നിര്‍ബദ്ധനായി: എങ്കിലും, ആ വിവരങ്ങള്‍ തങ്ങള്‍ക്ക് ക്ഷിപ്ര ലഭ്യല്ലാത്തതുകൊണ്ട് വിവര്‍ത്തനങ്ങള്‍ നിലനിറുത്തണമെന്ന അവരുടെ അഭ്യര്‍ഥന എനിക്ക് നിരാകരിക്കാന്‍ കഴിഞ്ഞില്ല. ഈ അധഃപതനത്തിന്റെ പ്രാഥമികകാരണം ചാതുര്‍വര്‍ണ്യമെന്ന കുപ്രസിദ്ധ വ്യവസ്ഥയാണെങ്കിലും അതിനെ താങ്ങിനിറുത്താന്‍ മുഖ്യമായും ഉപകരണമായിരുന്നിട്ടുള്ളത് അവരാണെന്നും, ശൂദ്രര്‍ക്ക് മാത്രമേ ചാതുര്‍വര്‍ണ്യത്തെ നശിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്നും അനുസ്മരിക്കുമ്പോള്‍, അത്തരമൊരു പരിപാവന കടമയ്ക്കുവേണ്ടി ശൂദ്രരെ പൂര്‍ണമായി വിദ്യാഭ്യാസം ചെയ്യിക്കുകയും, അതുവഴി തയ്യാറെടുപ്പിക്കുകയും ചെയ്യുകയെന്ന ആവശ്യത്തിന് ഉദ്ധരണികള്‍ ഒഴിവാക്കുകയോ, ഒഴിവാക്കിയില്ലെങ്കില്‍ സംഗ്രഹിക്കുകയോ ചെയ്യുന്നതിനനുകൂലമായ മറ്റെല്ലാ പരിഗണനകളെക്കാളും മുന്‍തൂക്കം നല്‍കാന്‍ ഞാന്‍ തീരുമാനിച്ചതെത്തുകൊണ്ടാണെന്ന്, മനസ്സിലാക്കുക സുകരമായിരിക്കും.
മൂന്നു വ്യക്തികളോട് കൃതജ്ഞത പ്രകടിപ്പിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ഒന്നാമതായി, കൃതജ്ഞത പ്രകടിപ്പിക്കേണ്ടത് മഹാഭാരതത്തിലെ ശാന്തിപര്‍വത്തിന്റെ അറുപതാം അധ്യായം രചിച്ച വ്യക്തിയോടത്രെ. അത് വ്യാസനോ, വൈശമ്പായനനോ, സൂതനോ, ലോമഹര്‍ഷണനോ എന്നു പറയാന്‍ വിഷമമാണ്. പക്ഷേ, അതാരായിരുന്നാലും ശരി, പൈവനന്റെ പൂര്‍ണവിവരണം നല്‍കിയതിലൂടെ അദ്ദേഹം മഹത്തായ സേവനമാണ് അനുഷ്ഠിച്ചിട്ടുള്ളത്. അദ്ദേഹം പൈവനനെ ശൂദ്രനെന്ന് വര്‍ണിച്ചിരുന്നില്ലെങ്കില്‍ ശൂദ്രരുടെ ഉത്ഭവം കണ്ടെത്താനുള്ള തുമ്പ് അമ്പേ നഷ്ടപ്പെടുമായിരുന്നു. ഭാവിതലമുറയ്ക്കുവേണ്ടി ഇത്രയേറെ പ്രധാനപ്പെട്ട വിവരം സൂക്ഷിച്ചുവച്ചതിന് ആ രചയിതാവിനോട് ഞാന്‍ നന്ദി പ്രകടിപ്പിക്കുന്നു. അതില്ലാതെ ഈ ഗ്രന്ഥമെഴുതാന്‍ സാധിക്കുമായിരുന്നില്ല. രണ്ടാമതായി ഞാന്‍ നന്ദി പറയേണ്ടത്, ബോംബെയില്‍ അന്ധേരിയിലുള്ള ഇസ്മായില്‍ യൂസഫ് കോളേജിലെ പ്രൊഫസര്‍ കാംഗ്ലുക്ക് ആണ്. അദ്ദേഹം എന്റെ സഹായത്തിനെത്തുകയും ഈ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്ന സംസ്‌കൃതശ്ലോക പരിഭാഷകള്‍ പരിശോധിക്കുകയും ചെയ്തു.
ഞാനൊരു സംസ്‌കൃത പണ്ഡിതനല്ലാത്തതുകൊണ്ട് സംസ്‌കൃതത്തിലുള്ള വിവരങ്ങള്‍ ചെയ്യുന്നതില്‍ എനിക്ക് വലിയ കുഴപ്പമൊന്നും പറ്റിയിട്ടില്ലെന്ന് ഉറപ്പുനല്‍കാന്‍ സഹായം പര്യാപ്തമായി. അദ്ദേഹം എന്നെ സഹായിച്ചുവെന്ന വസ്തുതയ്ക്ക് വിമര്‍ശകര്‍ ഇതില്‍ കണ്ടെത്തിയേക്കാവുന്ന ന്യൂനതകള്‍ക്കും അബദ്ധങ്ങള്‍ക്കും അദ്ദേഹം ഉത്തരവാദിയാണെന്നര്‍ഥമില്ല. ഈ ഗ്രന്ഥത്തിന്റെ സൂചിക തയ്യാറാക്കാന്‍ സൗമനസ്യം കാട്ടിയതിന് ബോംബെയില്‍ സിദ്ധാര്‍ഥ കോളെജിലെ പ്രൊഫസര്‍ മനോഹര്‍ ചിററ്നിസിനോടും ഞാന്‍ നന്ദി പറയേണ്ടതുണ്ട്.
മിസ്റ്റര്‍ മാഡിസണ്‍ ഗ്രാന്റിന്റെ (Madison Grant) ”പാസിങ് ഓഫ് ദ ഗ്രേറ്റ് റേസ് (Passing of the Great Race) എന്ന ഗ്രന്ഥത്തില്‍നിന്ന് മൂന്ന് മാനചിത്രങ്ങള്‍ ഈ പുസ്തകത്തില്‍ ചേര്‍ക്കാന്‍ അനുമതി നല്‍കിയ ന്യൂയോര്‍ക്കിലെ ”മെസ്സേഴ്‌സ് ചാള്‍സ് സ്‌ക്രിബ് നേഴ്സ് (Messrs. Charles Scribner’s Sons Publishers) നോടും ഞാന്‍ കൃതജ്ഞത പ്രകടിപ്പിക്കുന്നു.
ബി.ആര്‍.അംബേദ്കര്‍
രാജ്ഗൃഹ, ദാദര്‍, ബോംബെ 14.
1946 ഒക്‌ടോബര്‍ 10
Leave a Reply