(നിത്യചൈതന്യയതിയുടെ കത്തുകള്‍)
നിത്യചൈതന്യ യതി
നിത്യാഞ്ജലി ബുക്‌സ് 2023
കത്തുകള്‍ ലോകസാഹിത്യത്തിന്റെ ഭാഗമാണ്. വ്യക്തിപരവും പ്രണയനിര്‍ഭരവും രാഷ്ട്രീയവും ആത്മീയോപദേശങ്ങള്‍ നിറഞ്ഞതുമായ അനേകം മഹാത്മാക്കളുടെ കത്തുകള്‍ ലോകമെമ്പാടും അതിന്റെ സ്വകാര്യതയ്ക്കപ്പുറം അച്ചടിക്കപ്പെട്ട് വായിക്കപ്പെടുന്നുണ്ട്. ഇന്ത്യയില്‍ മഹാത്മാഗാന്ധിയുടെയും നെഹ്‌റുവിന്റെയും കത്തുകള്‍ അത്തരത്തില്‍ വ്യക്തിപരമാ യിരിക്കുമ്പോള്‍ത്തന്നെ വിശാലമായ ലോകത്തെ സാമൂഹികമായി അഭിസംബോധന ചെയ്യുന്നവയാണ്. കേരളത്തിന്റെ സാംസ്‌കാരികാന്തരീക്ഷത്തില്‍ സര്‍ഗാത്മകതയുടെ മികവുകൊണ്ട് അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട എഴുത്തുകള്‍ ബഷീറിന്റെയും ഒ.വി.വിജയന്റെതുമാണ്. എന്നാല്‍, കേരളത്തില്‍ കത്തുകളിലുടെ ആത്മീയാന്വേഷണങ്ങളുടെ ഒരു സംവാദപരമ്പര സൃഷ്ടിച്ച പ്രതിഭയാണ് നിത്യചൈതന്യയതി. ശ്രീനാരായണ ഗുരുവിന്റെ നേര്‍ശിഷ്യനും ഡോ. പല്ലുവിന്റെ മകനുമായ നടരാജഗുരുവിന്റെ ശിഷ്യനാണ് നിത്യചൈതന്യയതി. നാരായണ ഗുരു പാകിയ നവോത്ഥാന സംവാദങ്ങളുടെ കത്ത് തുടര്‍ച്ചകളാണ് യതിയുടെത് എന്ന് സാരം.
യതി പല കാലങ്ങളില്‍ പല മനുഷ്യര്‍ക്കയച്ച സ്‌നേഹനിര്‍ഭരവും ദാര്‍ശനിക ഉള്ളടക്കവുമുള്ള കത്തുകളുടെ വിപുലമായ സമാഹാരമാണ് ഈ പുസ്തകം. കൊച്ചുകുട്ടികള്‍ക്ക് മുതല്‍ മുതിര്‍ന്ന ധൈഷണികര്‍ക്ക് വരെ യതിയുടെ കത്തുകള്‍ എത്തുന്നുണ്ട്. വ്യക്തിപരമായ സങ്കടങ്ങള്‍, ആധ്യാത്മിക അന്വേഷണങ്ങള്‍, ആത്മീയതയെ നോക്കിക്കാണേണ്ടുന്ന രീതികള്‍, സന്ന്യാസജീവിതം, പാരിസ്ഥിതിക സൗഹൃദ ജീവിതം, രോഗാവസ്ഥകള്‍, ദാര്‍ശനിക ചിന്തകള്‍, സാംസ്‌കാരിക വിഷയങ്ങള്‍, മനശ്ശാസ്ത്രപരമായ നിരീക്ഷണങ്ങള്‍, ദൈവസങ്കല്പം, സെമറ്റിക് മതവിശ്വാസ പ്രശ്‌നങ്ങള്‍ തുടങ്ങി അനേകം ധൈഷണിക സര്‍ഗാത്മക മേഖലകളെ യതിയുടെ കത്തുകള്‍ അഭിസംബോധന ചെയ്യു ന്നുണ്ട്. ശാസനാധികാരമല്ല, സ്‌നേഹനിര്‍ഭരമായ സംവാദത്തിന്റെ ജനാധിപത്യപരമായ തുറസ്സുകളാണ് നിത്യചൈതന്യയതിയുടെ ഈ എഴുത്തുകളുടെ സമാഹാരം.