നളചരിതം നാലാം ദിവസം (ആട്ടക്കഥ)
ഉണ്ണായി വാര്യര്‍
ഉണ്ണായി വാര്യരുടെ പ്രസിദ്ധമായ നളചരിതം ആട്ടക്കഥ നാലു ദിവസം ആടാനുള്ളതാണ്. അതില്‍ നാലാം ദിവസത്തെ കഥയാണിത്. മഹാഭാരതത്തെ അവലംബിച്ചാണ് ഈ ആട്ടക്കഥ എഴുതിയിട്ടുള്ളത്.
കഥാസാരം
സുദേവന്‍ പറഞ്ഞ പ്രകാരം ദമയന്തിയുടെ രണ്ടാം വിവാഹത്തിനു കുണ്ഡിനപുരിയിലെത്തിയ ഋതുപര്‍ണരാജാവ്, മറ്റ് രാജാക്കന്മാരൊന്നും എത്തിച്ചേരാത്തതുകണ്ട് സങ്കടപ്പെട്ട് ഇരിക്കുന്നു. ഒരു ബ്രാഹ്മണ വാക്കു കേട്ടു ആലോചന കൂടാതെ ചാടിപ്പുറപ്പെട്ടതിനെക്കുറിച്ച് ഓര്‍ത്ത് സ്വയം പഴിക്കുന്നു.
ദമയന്തി തോഴിയോടൊപ്പം തന്റെ അന്തപ്പുരത്തില്‍ ഋതുപര്‍ണ രാജാവിന്റെകൂടെ നളനും വരുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുന്നു. ആദ്യം തേരിന്റെ ഒച്ച കേള്‍ക്കുന്നു, പിന്നെ ദൂരെ അതിന്റെ കൊടിക്കൂറ കാണുന്നു. അടുത്തെത്തിയ മൂന്നുപേര്‍ ഉള്ള തേരില്‍ നളനെ കാണാഞ്ഞ് സങ്കടമായെങ്കിലും, തേരിന്റെ വേഗത കണ്ടു അതിന്റെ സാരഥി നളന്‍തന്നെ എന്ന് ഉറപ്പിക്കുന്നു.
ഋതുപര്‍ണന്‍ തന്റെ രാജ്യത്തു വന്നതറിഞ്ഞ് ഭീമ രാജാവ് വേണ്ടപോലെ അദ്ദേഹത്തെ സല്‍ക്കരിച്ചു വന്ന കാര്യം ആരായുന്നു. അങ്ങനെ പ്രത്യേകിച്ചൊരു കാരണമില്ലെന്നും സൗഹൃദം പുതുക്കാനാണ് വന്നതെന്നും ഋതുപര്‍ണന്‍ അറിയിക്കുന്നു. തുടര്‍ന്ന് ഭീമരാജാവ് ഋതുപര്‍ണനോട് തന്റെ ഒപ്പം കുറച്ച് ദിവസം താമസിക്കാന്‍ ആവശ്യപ്പെടുന്നു.
ഭര്‍ത്താവിനെ തിരിച്ചറിയാഞ്ഞ് വ്യാകുലപ്പെട്ട ദമയന്തി തന്റെ വിരഹദുഃഖം നീക്കാന്‍ യത്‌നിക്കണമെന്ന് തോഴിയായ കേശിനിയോട് ആവശ്യപ്പെടുന്നു. ഋതുപര്‍ണന്റെ തേരാളി ആയി വന്നിരിക്കുന്ന ബാഹുകന്റെ അന്നപാനാദികള്‍, ഉറക്കം എന്നിവ എങ്ങനെയെന്ന് മറ്റാരും അറിയാതെ കണ്ടുപിടിക്കാന്‍ ദമയന്തി കേശിനിയെ അയയ്ക്കുന്നു.
രഥത്തില്‍ ഇരിക്കുന്ന ബാഹുകന്റെ അടുത്തെത്തിയ കേശിനി, താന്‍ ദമയന്തീ നിര്‍ദ്ദേശപ്രകാരം വന്നതാണെന്നും, ഇവിടെ വന്ന നിങ്ങള്‍ ആരാണെന്നും പേരെന്താണെന്നും മറ്റ് വിശദാംശങ്ങളും ചോദിക്കുന്നു. ബാഹുകന്‍ അവളുടെ ചോദ്യങ്ങള്‍ക്കെല്ലാം തൃപ്തികരമായി മറുപടി പറയുന്നു. പിന്നീട് കേശിനി, ബാഹുകന്‍ ഋതുപര്‍ണരാജാവിനു വേണ്ടിയുള്ള ഭക്ഷണം വെള്ളവും വിറകും കൂടാതെ പാകം ചെയ്യുന്നതും, വാടിയ പുഷ്പങ്ങള്‍ തഴുകി അവയെ വീണ്ടും വിരിയിക്കുന്നതും ഒക്കെ ഒളിഞ്ഞുനിന്ന് കാണുന്നു.
ബാഹുകന്‍ പറഞ്ഞ കാര്യങ്ങളും താന്‍ സ്വയം കണ്ട കാര്യങ്ങളും എല്ലാം കേശിനി ദമയന്തിയെ വന്നു അറിയിക്കുന്നു. ദമയന്തി തനിയെ ഇരുന്നു ബാഹുകന്‍ നളന്‍ തന്നെ ആയിരിക്കുമോ എന്ന് ആലോചിക്കുന്നു. ഒടുവില്‍ അമ്മയോട് വിവിരമെല്ലാം പറഞ്ഞ് വേണ്ടതു ചെയ്യാമെന്ന് തീരുമാനിക്കുന്നു.
അമ്മയുടെ സമ്മതത്തോടുകൂടി ബാഹുകന്റെ സമീപത്തേയ്ക്ക് ദമയന്തി എത്തുന്നു. ‘നിന്നെ പോലെ സ്വഭാവഗുണമുള്ള എന്റെ കാന്തനെ എങ്ങാനും കണ്ടുവോ’ എന്ന് ചോദിക്കുന്നു. ബാഹുകന്‍ വര്‍ദ്ധിച്ച ആനന്ദത്തോടുകൂടി ‘ഇനി നമ്മള്‍ പിരിയേണ്ട കാര്യമില്ലെ’ന്നു പറഞ്ഞു, പണ്ട് കാര്‍കോടകന്‍ തന്ന വിശിഷ്ട വസ്ത്രം ധരിക്കുന്നു. ബാഹുകന്‍ പൂര്‍വരൂപം സിദ്ധിച്ച് നളനായി മാറുന്നു. അപ്പോഴാണു ദമയന്തിയുടെ രണ്ടാം വിവാഹത്തിന്റെ കാര്യം നളനു ഓര്‍മവരുന്നത്, പൊടുന്നനെ കോപിഷ്ടനായി ദമയന്തിയോട് പരുഷവാക്കുകള്‍ പറയുന്നു. ഇതൊക്കെ നളനെ ഇവിടേയ്ക്ക് വരുത്താനുള്ള മാര്‍ഗ്ഗം മാത്രമായിരുന്നുവെന്ന ദമയന്തിയുടെ വാക്ക് നളന്‍ അവിശ്വസിക്കുന്നു. തുടര്‍ന്ന്, ദമയന്തി തെറ്റുകാരിയല്ല എന്ന അശിരീരി കേട്ട് നളന്‍ ദമയന്തിയെ സന്തോഷത്തോടെ ആലിംഗനം ചെയ്തിട്ട് പുത്രനെയും പുത്രിയെയും കാണാന്‍ പോകുന്നു.
തുടര്‍ന്ന് നളനും ദമയന്തിയും ഭീമരാജാവിന്റെ സമീപത്തേയ്ക്കു ചെല്ലുന്നു. അദ്ദേഹം ഏറെ സന്തോഷത്തോടെ ഇരുവരെയും അനുഗ്രഹിക്കുന്നു.
നളന്‍ ഭീമരാജാവിനെയും കൂട്ടി ഋതുപര്‍ണനെ കണ്ടു വിവരങ്ങളൊക്കെ ധരിപ്പിക്കുന്നു. പരസ്പരം ചെയ്തുപോയ അപരാധങ്ങള്‍ പൊറുക്കണമെന്ന് ഇരുവരും പറയുന്നു. ഋതുപര്‍ണന്‍ തനിക്ക് ഉപദേശിച്ചു തന്ന അക്ഷഹൃദയത്തിനു പകരം നളന്‍ അദ്ദേഹത്തിനു അശ്വഹൃദയം പറഞ്ഞുകൊടുക്കുന്നു. ഇരുവരും ഉപചാരപൂര്‍വം പിരിയുന്നു.
ഭൈമീ ഗൃഹത്തില്‍ വസിക്കുന്ന നളന്‍ ദമയന്തിയോട്, താന്‍ പോയി പുഷ്‌കരനോട് പകരം ചോദിച്ച് രാജ്യവും സമ്പത്തും സ്വത്തും കൈക്കലാക്കുന്നതുവരെ കുറച്ചു ദിവസങ്ങള്‍ കൂടി ഇവിടെ തന്നെ താമസിക്കണമെന്ന് പറയുന്നു.
നളന്‍ നിഷധരാജധാനിയിലെത്തി, അഹങ്കാരിയായ പുഷ്‌കരനെ ചൂതുകളിക്കാന്‍ വിളിക്കുന്നു. വാക് തര്‍ക്കങ്ങള്‍ക്കു ശേഷം ചൂതുകളി തുടങ്ങുന്നു. കളിയില്‍ പുഷ്‌കരന്‍ തോല്‍ക്കുന്നു. തുടര്‍ന്ന്
പുഷ്‌കരനെ കൊല്ലുവാന്‍ വാളോങ്ങി നില്‍ക്കുമ്പോള്‍, ഹംസം പ്രത്യക്ഷപ്പെട്ടു തടയുന്നു. താന്‍ ബ്രഹ്മലോകത്തു നിന്നു വരികയാണെന്നും ബ്രഹ്മനിര്‍ദ്ദേശപ്രകാരം പുഷ്‌കരനെ വധിക്കരുതെന്നും പറയുന്നു. പുഷ്‌കരന്‍ മാപ്പ് പറഞ്ഞു പിരിയുന്നു. നളനും ഹംസവും സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ നാരദമുനി അവിടെയ്ക്ക് എഴുന്നള്ളുന്നു. മംഗളം ഭവിക്കട്ടെ എന്ന് അനുഗ്രഹിച്ച്, സരസ്വതിദേവി കുറിച്ച ഈ മുഹൂര്‍ത്തത്തില്‍ തന്നെ രാജാഭിഷേകം നടത്തണമെന്നും പറയുന്നു. ഭീമരാജാവും ദമയന്തിയും കുട്ടികളും പരിവാരങ്ങളുമായി എത്തുന്നു. നളനെ രാജാവായി വാഴിക്കുന്നു. ഇതോടെ ധനാശി പാടി നളചരിതം നാലാം ദിവസത്തെ കഥയും സമാപിക്കുന്നു.