(സാമൂഹികചരിത്രം)
പ്രൊഫ. ജെ ഡാര്‍വിന്‍
മുന്നുരയില്‍ പ്രൊഫ.ജെ. ഡാര്‍വിന്‍ ഇങ്ങനെ എഴുതുന്നു:
നമ്മുടെ തെരുവായ തെരുവുകളില്‍ കൂടിയെല്ലാം രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് പെരുമ്പറകള്‍ മുഴക്കി നവോത്ഥാന ഘോഷയാത്രകള്‍ ആഘോഷപൂര്‍വം നടന്നുനീങ്ങുന്നത് നാം കണ്ടു. നവോത്ഥാനത്തിന്റെ സന്ദേശങ്ങളും ആശയങ്ങളും ജനസാമാന്യത്തിലെത്തിക്കുകയും കഴിഞ്ഞകാലങ്ങളില്‍ ഇവിടെ നിലനിന്ന നിഷ്ഠുരമായ സാമൂഹിക സാഹചര്യങ്ങളെയും അതിനെതിരെ പടപൊരുതിയ നവോത്ഥാന നേതാക്കളെയും പുനരോര്‍മ്മിപ്പിക്കുകയുമൊക്കെയാണ് അതിലൂടെ സര്‍ക്കാര്‍ ല ക്ഷ്യമിട്ടത്. ഗംഭീരന്‍ ജാഥകളും സമ്മേളനങ്ങളും നടന്നു. ചില നവോത്ഥാന നേതാക്കളുടെ മഹത്തായ സംഭാവനകള്‍ എടു ത്തോതിക്കൊണ്ടുള്ള പ്രസംഗനിര്‍ഝരികളും രാജ്യത്തെമ്പാടും മുഴങ്ങിക്കേട്ടു. എന്നാല്‍ അവിടെയൊന്നും കേള്‍ക്കാനാവാത്ത ഒരു പേരുമുണ്ടായിരുന്നു. ആ അയിത്തക്കാരന്റെ പേര് വൈകുണ്ഠസ്വാമി എന്നായിരുന്നു.
കഴിഞ്ഞകാല സാമൂഹികചരിത്രം നമ്മുടെ മുന്നിലവതരിപ്പിക്കുന്ന സ്‌തോഭജനകവും നീചവുമായ ആചാരങ്ങളാണ് അയിത്തവും തീണ്ടലും. ബഹുജനങ്ങള്‍ക്ക് സ്വന്തം ദൈവങ്ങള്‍ ഇവ ചാര്‍ത്തിക്കൊടുത്തിരുന്നതായി വൈദികര്‍ കഥകളുണ്ടാക്കി. കഴിഞ്ഞനാളുകളില്‍ സര്‍വ ഐശ്വര്യങ്ങളോടുംകൂടി കഴിഞ്ഞുവന്ന ജനതയെ ഇകഴ്ത്തി പാര്‍ശ്വവല്‍ക്കരിക്കാന്‍ ആ കഥകള്‍ പ്രയോജനപ്പെടുത്തി. തുടര്‍ന്ന് സാമൂഹ്യജീവിതത്തെ നിയന്ത്രിക്കാനായ വൈദികര്‍ കാലത്തിന്റെ പെന്‍ഡുലത്തെ നിശ്ചലതയുടെ ആണിയില്‍ തൂക്കിയിട്ട് നെടുനാള്‍ സമൂഹത്തെ മാറ്റങ്ങള്‍ക്കെതിരെ പുറംതിരിച്ചു നിര്‍ത്തി. ഫലത്തില്‍ ഒരുപിടി ആളുകള്‍ ജീവിതം തിമിര്‍ത്താഘോഷിച്ചപ്പോള്‍ ബഹുജനങ്ങള്‍ക്ക് അത് നരകയാതനയായി മാറി. ആ കൊടും ക്രൂരതകള്‍ക്കെതിരെ മനുഷ്യനെ മനുഷ്യനാക്കാന്‍ വേണ്ടി സമത്വവും സാഹോദര്യവും എന്താണെന്ന് പഠിപ്പിച്ച് അവനെ ഒരു മനുഷ്യജീവിയാക്കി മാറ്റിയെടുക്കാനായി ആദ്യ യജ്ഞം നടത്തിയത് വൈകുണ്ഠരായിരുന്നു. മാറ്റിയെടുക്കുന്ന ആ സമൂഹത്തിന്റെ രൂപഭാവങ്ങള്‍ എന്തായിരിക്കുമെന്നും എവിടെ എങ്ങനെ തുടങ്ങണമെന്നും ‘ആ സ്രഷ്ടാവി’ന്റെ മുന്നില്‍ മാതൃകകളൊന്നുമുണ്ടായിരുന്നില്ലെന്നത് തന്നെയാണ് വൈകുണ്ഠരുടെ അനിതരസാധാരണമായ വൈഭവവും മഹത്വവും വിളിച്ചോതുന്നത്.
ഞാന്‍ ഇതെഴുതുമ്പോള്‍, ആ പഴയകാല വൈകൃതങ്ങളെ പുനരാവിഷ്‌കരിക്കാന്‍ വെമ്പുന്ന ഭരണപക്ഷത്തിലെ ഒരു പ്രധാന നേതാവും എം.പിയുമായ പ്രഗ്യാസിംഗ് ഠാക്കൂര്‍ ശൂദ്രനെ ശുദ്രനെന്നു വിളിച്ചാല്‍ അതവര്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്നും നമ്മുടെ ധര്‍മ്മസംഹിതകളനുസരിച്ച് 14 വിഭാഗങ്ങളുണ്ടെന്നും അതിനെക്കുറിച്ചൊന്നും ശൂദ്രര്‍ക്ക് ബോധമില്ലെന്നും പറഞ്ഞതായി (15.12.2020) പത്രവാര്‍ത്ത കണ്ടു. നാം ഇന്നു കാണുന്നരീതിയില്‍ ധര്‍മ്മസംഹിതകളെ മാറ്റിയെഴുതി സമൂഹത്തെ വഴിതെറ്റിച്ചത് വൈദികബ്രാഹ്മണരുടെ അമാനവികവും നിഗൂഢവുമായ താല്‍പര്യങ്ങളാണെന്ന് കാണാന്‍ ധര്‍മ്മസംഹിതകളുടെ ഭാഗമായ നമ്മുടെ രാമായണത്തിലും മഹാഭാരതത്തിലുമൊക്കെ അവര്‍ വരുത്തിയ മാറ്റങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. വൈദിക ബ്രാഹ്മണര്‍ മാറ്റിയെഴുതുന്നതിനുമുമ്പ് അവയെല്ലാം ലോകത്തെമ്പാടുമുള്ളതുപോലെ ഇവിടേയുമുണ്ടായിരുന്ന പഴംകഥകള്‍ മാത്രമായിരുന്നു. ഉദാഹരണത്തിന്, രാമായണത്തിന്റെയും മഹാഭാരതത്തിന്റെയുമൊക്കെ മാറ്റങ്ങള്‍ എങ്ങനെയുണ്ടായി എന്ന് നോക്കാം.
രാമായണത്തില്‍ രാജാവിന്റെ (ശ്രീരാമന്‍) സൈനികര്‍ മുഴുവന്‍ വാനരന്മാരാണല്ലോ. കുരങ്ങന്മാര്‍ ഒരു സൈന്യത്തിനെ തിരെ യുദ്ധം ചെയ്യാറുണ്ടോ. അതവിടെ നില്ക്കട്ടെ. അനേകരാജ്യങ്ങളിലായി മുന്നൂറിലേറെ രാമായണങ്ങള്‍ ഉണ്ടെന്നാണ് ഏ.കെ.രാമാനുജന്‍ തന്റെ പഠനത്തില്‍ പറയുന്നത്. ഇവിടെ വാല്മീകി എഴുതിയ രാമായണമല്ല ഇന്ന് ആ പേരില്‍ നില്ക്കുന്നത്. വാല്മീകി രാമായണത്തില്‍ ഏഴു ഭാഗങ്ങളാണുള്ളത്. പല ഭാഗങ്ങളിലും ധാരാളം കൂട്ടിച്ചേര്‍ക്കല്‍ നടത്തിയിട്ടുണ്ട്. കൂട്ടിച്ചേര്‍ത്തവയുടെ എല്ലാം വ്യത്യാസമാണ്. അതിനുശേഷവും എ.ഡി 80 ല്‍ അലഹബാദ് സ്വദേശിയോ മറ്റോ ആയിരുന്ന ബ്രാഹ്മണന്‍ രാമായണത്തെ പിന്നേയും വലിച്ചുനീട്ടി. ഫലത്തില്‍ വാല്മീകി രാമായണത്തില്‍ നിന്നും അടിസ്ഥാനപരമായി തുലോം വ്യത്യസ്തമായ രാമായണമാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്.
മഹാഭാരതത്തിന്റെ കാര്യത്തിലും ഈ അടിസ്ഥാന വ്യത്യാസങ്ങള്‍ പ്രകടമായിക്കാണാം. വ്യാസമഹര്‍ഷി ജെയ് എന്നൊരു കഥാപുസ്തകം എഴുതിയിരുന്നു. കേവലം 800 ശ്ലോകങ്ങള്‍ മാത്രമേ അതില്‍ ഉണ്ടായിരുന്നുള്ളൂ. നമ്മുടെ വേദപുരോഹിതര്‍ അതിനെ ഒരുലക്ഷം ശ്ലോകങ്ങളുള്ള ഇന്നത്തെ മഹാഭാരതമാക്കി. വ്യാസമഹര്‍ഷിയുടെ പുസ്തകത്തിലെ കിശന്‍ അഥവാ കിശന്‍ കനൈയ്യ ഒരു സാധാരണ ഗ്രാമമുഖ്യനായിരുന്നു. എന്നാല്‍, പുരോഹിതന്റെ മഹാഭാരതത്തില്‍ ഈ ഗ്രാമമുഖ്യന്‍ ഒരു മഹാപുരുഷനായി മാറി. പിന്നീട് ഏതാനും നൂറ്റാണ്ടുകള്‍ക്കു ശേഷം ഭഗവദ്ഗീത കൂടി അതില്‍ കൂട്ടിച്ചേര്‍ത്തു. ആ കൂട്ടിച്ചേര്‍ക്കലിലാണ് ദൈവം ജാതി സൃഷ്ടിച്ചതും, ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’യായതും, സാഹോദര്യമില്ലാത്ത മനുഷ്യനുണ്ടായതും. ഭഗവദ്ഗീതയുടെ ഈ കൂട്ടിച്ചേര്‍പ്പോടെ കിശന്‍ എന്ന സാധാരണ മനുഷ്യന്‍ ശ്രീകൃഷ്ണന്‍ എന്ന സാക്ഷാല്‍ ദൈവമായി. അതും എങ്ങനെ സംഭവിച്ചുവെന്ന് നാം അറിയണം. ഇറാനിലെ എപ്പിക്ക് ഓഫ് ഗില്‍ഗമേഷ് എന്ന അതിപുരാതന ഗ്രന്ഥത്തിലെ നായകനായ ഗില്‍ഗമേഷ് എന്ന നായകനെയാണ് കൃഷ്ണനിലേക്ക് പറിച്ചുനട്ട് നമ്മുടെ ശ്രീകൃഷ്ണഭഗവാനാക്കിയിരിക്കുന്നത്.
മഹാഭാരതത്തിലേയും രാമായണത്തിലേയും കഥകളാണ് നമ്മുടെ മറ്റൊരു പ്രധാന ധര്‍മ്മസംഹിതയായ ഭാഗവതം പുരാണത്തിലുള്ളത്.ഇനി ഞാന്‍ ചുരുക്കട്ടെ. ഭാഗവതത്തിന്റെ അവസാനം ശുകമഹര്‍ഷി പരീക്ഷിത്തിനോട് അവതാരകഥളെല്ലാം പറഞ്ഞിട്ട് ഈ കഥകളൊന്നും യാഥാര്‍ത്ഥ്യമല്ലെന്നും കല്പിത കഥകളാണ് അഥവാ കെട്ടിച്ചമച്ചതാണ് എന്ന് കൂടി വ്യക്തമായി പറയുന്നുണ്ട്. (ഭാഗവതം 12.13.14)  ഇപ്പോള്‍ ശുദ്രനെ മര്യാദ പഠിപ്പിക്കാനിറങ്ങിയിരിക്കുന്ന ജാതീയതയുടെ നേതാവിന് ശുകമഹര്‍ഷിയോട് എന്താണ് പറയാനുള്ളത്.
സര്‍ക്കാര്‍ നവോത്ഥാനക്കാരും കൂട്ടരും സഹജീവിക്കു നേരെ കണ്ണുകള്‍ അടച്ചതുപോലെ പ്രഗ്യയും കൂട്ടരും ശുകമഹര്‍ ഷിക്കെതിരേയും യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരേയും കണ്ണുകള്‍ അടച്ചു. ശൂദ്രരെ ഞാന്‍ ശൂദ്രരെന്നല്ലാതെ മറ്റെന്തുവിളിക്കും എന്നു ചോദിക്കുന്ന പ്രഗ്യ സഹിഷ്ണുതയും സാഹോദര്യവും അടിസ്ഥാനാവശ്യമായിരിക്കുന്ന ഒരു സമൂഹത്തിന്റെ നിലനില്പിനെയാണ് ചോദ്യം ചെയ്യുന്നത്.
തെക്കേ ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ജാതിക്കോമരങ്ങള്‍ക്ക് വൈദീകരെന്ന നിലയില്‍ ഭരണതലങ്ങളെ സ്വാധീ നിച്ചു തുടങ്ങാനും തങ്ങളുടെ ഹീനമായ വര്‍ഗ്ഗീയ അജന്‍ഡ മതത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിക്കാനും ജാതീയ ഹിംസ തുടങ്ങാനും കഴിഞ്ഞത് പതിനഞ്ചാം നൂറ്റാണ്ടിനു ശേഷമാണ്. അതുവരെ ഇതൊരു മാവേലി നാടായിരുന്നു. താമസ സ്ഥലത്തിനും അതിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കുമനുസരിച്ച് അക്കാലം വരെ ഇവിടെ ജോലിയും ജാതിയും മാറിക്കൊണ്ടിരുന്നു. വൈദികര്‍ തങ്ങളുടെ സ്വാര്‍ത്ഥത വിളയിച്ചെടുക്കാന്‍ ജാതിയെ ഈശ്വരസൃഷ്ടിയാക്കി ഉറപ്പിച്ചെടുത്തു. മുന്‍കാലത്തു തന്നെ വൈദികരുടെ ഈ കൊലച്ചതിയുടെ ഭീകരത മനസ്സിലാക്കിയ ഒരു വേണാടു രാജാവ് ബ്രാഹ്മണര്‍ക്ക് വേണാടിലേക്ക് കടക്കാനുള്ള അനുവാദം പോലും നിഷേധിച്ചിരുന്നു. (പ്രാചീനകേരളം. അദ്ധ്യായം 14 പുറം 66)  മുന്‍കാലത്തെ പല ചരിത്രകാരന്മാരും പ്രാചീനകേരളത്തെ ഉദ്ധരിച്ചുകൊണ്ട് ഈ വസ്തുത എടുത്തു പറഞ്ഞിട്ടുണ്ട്.
ഇവിടെ പറയാനുദ്ദേശിച്ചത് ഈ ജാതീയത നമ്മുടെ സ്വന്തമല്ലെന്നും നമ്മെ നശിപ്പിക്കുവാന്‍ വൈദികര്‍ ഇവിടേക്കു വിഷം നടത്തിയതാണെന്നുമാണ്. പദവി ഭാരങ്ങളില്ലാത്ത, നികൃഷ്ടരും ഹീനരുമെന്ന തരംതിരിവുകളില്ലാത്ത, സ്വാതന്ത്ര്യത്തോടെ ജീവിച്ചിരുന്ന ഒരു ജനതയുടെ ജീവിതത്തെയാണ് ജാതീയതയുടെ വിഷം കലക്കിയൊഴിച്ച് നശിപ്പിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും വൈകുണ്ഠസ്വാമികളുടെ ജനനകാലത്തിലും വേണാട് പ്രദേശമാകെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് തകര്‍ത്തു പെയ്യുന്നത് നാം കാണുന്നുണ്ട്. അക്കാലത്ത് ഇവിടെ എത്തിയ വിദേശി മിഷണറിമാര്‍ കുറിച്ചി ട്ടിരിക്കുന്നത് മൂവായിരത്തിലേറെ നാടാന്മാരുടെ കാലും കൈയും വെട്ടിയ ശരീരങ്ങള്‍ നദികളിലൂടെ ഒഴുകിപ്പോകുന്നത് കണ്ടുവെന്നാണ്. മാത്രവുമല്ല, ദിവാന്‍ വേലുത്തമ്പിയുടെ കിങ്കരമാരുടെ കൊലക്കത്തികളില്‍ നിന്ന് രക്ഷപ്പെടാന്‍ ആ പ്രദേശ ങ്ങളിലുള്ള ജനങ്ങള്‍ മുഴുവന്‍ തങ്ങളുടെ താമസം കാടിനുള്ളിലേക്കുമാറ്റിയെന്നും വേലുത്തമ്പിയുടെ മരണവാര്‍ത്തയറിഞ്ഞതിനുശേഷമാണ് അവര്‍ കാടിറങ്ങിയത് എന്നുമാണ്. ജാതീയതയാല്‍ പ്രകോപിതരായ ഒരു സംഘം സാമൂഹിക ദ്രോഹികള്‍ ഒരു ജനതയുടെ പ്രതിഹനനത്തിനായി വേട്ടപ്പട്ടികളെപ്പോലെ ഓടിനടന്നതാണ് നാമിവിടെ കണ്ടത്.
ഏതു രംഗത്തിലേക്കും പ്രത്യേകിച്ച് ഒരു ബൃഹത്തായ സാമൂഹിക പരീക്ഷണത്തിനായി ഇറങ്ങിത്തിരിക്കുന്നതിനു മുമ്പ് അതിലേക്കെത്തുന്ന മാര്‍ഗങ്ങളേയും ലക്ഷ്യങ്ങളേയും കുറിച്ച് മുന്നറിവുകള്‍ അത്യന്താപേക്ഷിതമാണ്. ആ മുന്നറിവുകളുടെ പ്രാധാന്യം വളരെ വലുതുമാണ്. അക്കാര്യത്തില്‍ നമ്മുടെ സാമൂഹികപരിഷ്‌കര്‍ത്താക്കളെയെല്ലാം വൈകുണ്ഠര്‍ ധന്യരും ആക്കിയിരുന്നു. എന്നാല്‍ വൈകുണ്ഠരുടെ മുന്നില്‍ അങ്ങനെ ആരെങ്കിലും അല്ലെങ്കില്‍ എന്തെങ്കിലും ഉണ്ടായിരുന്നില്ല.
അവിടെ ഉണ്ടായിരുന്നത് അചേതനമായ ഒരു മൃതസമൂഹമായിരുന്നു. പ്രതികരണശേഷിയില്ലാതിരുന്ന, പ്രതികരണം എന്നാല്‍ എന്താണെന്നുപോലും അറിവില്ലാത്ത സമൂഹം. അവിടെ നിന്നാണ് അതുല്യപ്രഭാവനായ ആ ആചാര്യന്‍ അനിത രസാധാരണമെന്നോ, അതുല്യമെന്നോ ഒക്കെ പറയാവുന്ന സമൂഹത്തിന്റെ അഴിച്ചുപണി തുടങ്ങുന്നത്. അതു സമാനതകളില്ലാത്തതും അതിനൂതനവും തീര്‍ത്തും വിപ്ലവകരവുമായിരുന്നു. അദ്ദേഹത്തോട് തുലനം ചെയ്യാവുന്ന ഒരു സാമൂഹിക വിപ്ലവകാരിയെയും ആ രംഗത്തു നമുക്ക് കാണാനാവില്ല.