(പഠനങ്ങള്‍)
നടരാജഗുരു
പരിഭാഷ: മുനിനാരായണ പ്രസാദ്
മാതൃഭൂമി ബുക്‌സ് 2023
ശ്രീനാരായണഗുരു 1924ല്‍ ആലുവ അദ്വൈതാശ്രമത്തില്‍ സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ നടരാജഗുരു 1970-71 വര്‍ഷങ്ങളില്‍ ഏഴിമലയില്‍ ‘സമാധാനം: ഏകാത്മകതാബോധം വഴി’ എന്ന പേരില്‍ ലോകസമ്മേളനപരമ്പര സംഘടിപ്പിച്ചു. വ്യക്തിപരമായും ആഗോളമായും മനുഷ്യരാശി നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുക; അതുവഴി ലോകമാകെ ശാശ്വത സമാധാനം കൈവരുത്തുക തുടങ്ങിയവയായിരുന്നു ഈ സമ്മേളനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍. സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ക്ക് നടരാജഗുരു എഴുതിയ ആമുഖ ക്കുറിപ്പുകളുടെയും പ്രബന്ധത്തിന്റെയും സ്വതന്ത്രപരിഭാഷയാണ് ഈ കൃതി.
മനുഷ്യരാശിക്ക് എക്കാലവും താത്പര്യമുള്ള വിഷയങ്ങളെ സംബന്ധിക്കുന്ന ഈ കുറിപ്പുകള്‍ ഓരോ വിഷ യത്തെക്കുറിച്ചും നടരാജഗുരുവിനുണ്ടായിരുന്ന കാഴ്ചപ്പാട് വ്യക്തമാക്കുന്നുണ്ട്. നടരാജഗുരു സശരീരനായിരുന്നപ്പോള്‍ തന്നെ ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരുന്നു. അതനുസരിച്ച് പുസ്തകത്തിന്റെ എഡിറ്റര്‍ ആയിരുന്ന കരണ്‍ എ.ഡി.ബൂളര്‍ക്ക് ആമുഖമായി ചേര്‍ക്കേണ്ട കുറിപ്പുകള്‍ ഗുരു വിശദമായി പറഞ്ഞുകൊടുക്കുകയും ബൂളര്‍ അത് എഴുതിയെടുത്തു പുസ്തകത്തില്‍ ചേര്‍ക്കുകയും ചെയ്തു. ഗുരു സമാധിയായതിനുശേഷം ‘Unitive Understanding’ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട കൃതിയുടെ മലയാളം പരിഭാഷയാണിത്. ഗുരു മുനി നാരായണപ്രസാദാണ് പരിഭാഷകന്‍. നടരാജ ഗുരുവിന്റെ ശിഷ്യനും സന്തതസഹചാരിയുമായിരുന്നതുകൊണ്ട് ഗുരു പ്രയോഗിച്ചിട്ടുള്ള ഓരോ പദത്തിന്റെയും ആത്മാംശം ചോര്‍ന്നുപോകാതെ പരിഭാഷപ്പെടുത്താന്‍ മുനി നാരായണപ്രസാദിന് സാധിച്ചിട്ടുണ്ട്.