(കീര്‍ത്തനം)
ഹസ്ത്യാദ്രി നാഥന്‍
പ്രമുഖ ക്ഷേത്രാചാരമായ പള്ളിയുണര്‍ത്തലിനോടനുബന്ധിച്ച് ക്ഷേത്രത്തിലെ ദേവനെ സ്‌തോത്രങ്ങളും കീര്‍ത്തനങ്ങളും കൊണ്ട് ഉണര്‍ത്തുന്ന പതിവ് ഹിന്ദു ക്ഷേത്രങ്ങളില്‍ ഉണ്ട്. ഈ സ്‌തോത്രങ്ങളില്‍ ഏറ്റവും പ്രമുഖമായതാണ് എം.എസ്.സുബ്ബലക്ഷ്മി ആലപിച്ച് എച്.എം.വി റെക്കോര്‍ഡ് ചെയ്ത് പ്രസിദ്ധീകരിച്ച ശ്രീ വെങ്കടേശ്വര സുപ്രഭാതം. ‘ കൗസല്യാ രാമ പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ… ‘ എന്നു തുടങ്ങുന്ന ഈ കീര്‍ത്തനം തിരുപ്പതിയിലെ വെങ്കിടേശ്വരന്റെ ഉണര്‍ത്തു പാട്ടായിട്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്. ഈ കീര്‍ത്തനത്തിന് നാലു ഭാഗങ്ങളുണ്ട്.
    പള്ളിയുണര്‍ത്തല്‍, സ്തുതിക്കല്‍,    ശരണം പ്രാപിക്കല്‍, മംഗളാശംസ എന്നിവ.
ഇതില്‍ ഒന്നാമത്തെ ഭാഗമായ ‘കൗസല്യാ സുപ്രജാ രാമ’ എന്നു തുടങ്ങുന്ന ഭാഗം ദേവന്റെ പള്ളിയുണര്‍ത്തല്‍ കീര്‍ത്തനമാണ്. രണ്ടാമത്തെ ഭാഗമായ സ്തുതിയാണ് ‘കമലാകുച ചൂചുക കുങ്കുമതോ’ എന്നു തുടങ്ങുന്ന ഭാഗം. ‘ഈശാനാം ജഗതോസ്യവെങ്കടപതേ’ എന്നു തുടങ്ങുന്ന മൂന്നാം ഭാഗം ശരണം പ്രാപിക്കാനും ‘ശ്രീകാന്തായ കല്യാണനിധയോ’ എന്നാരംഭിക്കുന്ന ഭാഗം മംഗളാശംസക്കായും രചിക്കപ്പെട്ടിട്ടുള്ളതാണ്.
ഈ കീര്‍ത്തനത്തിന്റെ രചയിതാവാരാണെന്നത് വ്യക്തമല്ല. കാഞ്ചീപുരത്തില്‍ ജീവിച്ചിരുന്ന ഹസ്ത്യാദ്രി നാഥന്‍ എന്ന ഭക്തകവിയാണ് ഇതിന്റെ കര്‍ത്താവെന്നു ഒരഭിപ്രായം നിലവിലുണ്ട്. എന്നാല്‍, കാഞ്ചീപുരത്തുതന്നെ 1430-നടുത്ത് ജീവിച്ചിരുന്ന അനന്താചാര്യന്‍ എന്ന കവിയാണ് ഇതു രചിച്ചതെന്ന് മറ്റൊരഭിപ്രായവും ഉണ്ട്.