ഹോര്‍ത്തൂസ് മലബാറിക്കൂസ്
(സസ്യശാസ്ത്ര ഗ്രന്ഥം)
ഹെന്റിക് വാന്‍ റീഡ്, ഇട്ടി അച്യുതന്‍
കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ലത്തീന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ് (‘മലബാറിന്റെ ഉദ്യാനം’ എന്നര്‍ഥം). കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയന്‍ വാന്‍ റീഡ് ആണ് ഹോര്‍ത്തൂസ് തയ്യാറാക്കിയത്. 1678 മുതല്‍ 1693 വരെ നെതര്‍ലാന്‍ഡിലെ ആംസ്റ്റര്‍ഡാമില്‍ നിന്നും 12 വാല്യങ്ങളിലായി പുറത്തിറക്കിയ സസ്യശാസ്ത്രഗ്രന്ഥം. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ സമഗ്ര ഗ്രന്ഥം. മലയാള ലിപികള്‍ ആദ്യമായി അച്ചടിക്കപ്പെട്ടത് ഈ ഗ്രന്ഥത്തിലാണ്. ഇട്ടി അച്യുതന്‍ എന്ന മലയാളി വൈദ്യന്‍ രചിച്ചതാണ് മലയാളഭാഗം.
പ്രസിദ്ധ സസ്യശാസ്ത്രജ്ഞനായ കാള്‍ ലിന്നേയസിനെ വളരെയധികം സ്വാധിനിച്ച കൃതികളിലൊന്നാണിത്. പ്രസിദ്ധ സസ്യശാസ്ത്രജ്ഞനും കാലിക്കറ്റ് സര്‍വകലാശാല സസ്യശാസ്ത്രവിഭാഗത്തിലെ എമിരറ്റ്‌സ് പ്രൊഫസറുമായ ഡോ.കെ.എസ്. മണിലാല്‍ ആണ് ഹോര്‍ത്തൂസ് മലബാറിക്കൂസിനെ ആധുനിക സസ്യശാസ്ത്രപ്രകാരം സമഗ്രമായി വിശദീകരിക്കുന്ന ഇംഗ്ലീഷ് പതിപ്പും (2003), മലയാളം പതിപ്പും (2008) തയ്യാറാക്കിയത്. കേരള സര്‍വകലാശാലയാണ് ഇംഗ്ലീഷ്, മലയാളം പതിപ്പുകളുടെ പ്രസാധകര്‍.
ഹോര്‍ത്തൂസ് മലബാറിക്കൂസ് ലത്തീന്‍ പദമാണ്. ഹോര്‍ത്തൂസ് എന്ന വാക്കിന്റെ അര്‍ത്ഥം പൂന്തോട്ടം അഥവാ ഉദ്യാനം എന്നും മലബാറിക്കൂസ് എന്നത് മലബാറിന്റെ എന്നുമാണ്.
വാന്‍ റീഡ് തന്റെ സ്വന്തം ചെലവില്‍, നൂറുകണക്കിനു വിദേശീയരും അത്രതന്നൈ ഇന്ത്യാക്കാരും ചേര്‍ന്ന് നടത്തിയ അസദൃശമായ ബൃഹത്ത് സംരംഭമായിരുന്നു വിവരശേഖരണം. 12 വാല്യങ്ങളിലായി മലബാറിലെ സസ്യജാലങ്ങളെ തരംതിരിക്കുകയും, ചിത്രങ്ങള്‍ സഹിതം രേഖപ്പെടുത്തുകയും ആണ് ചെയ്തത്. വളരെ ശ്രദ്ധയോടെ രചിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തില്‍ സസ്യങ്ങളുടെ ലത്തീന്‍, അറബിക്, കൊങ്കണി, തമിഴ്, മലയാളം പേരുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇട്ടി അച്ചുതന്‍ എന്ന പ്രസിദ്ധനായ ഈഴവ വൈദ്യന്റെ താളിയോല ഗ്രന്ഥങ്ങള്‍ രചനയില്‍ ഏറെ സഹായകമായി.
742 അദ്ധ്യായങ്ങളുണ്ട്. അടയാളപ്പെടുത്തിയ 794 ചിത്രങ്ങള്‍ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. തദ്ദേശിയ പണ്ഡിതരായ രംഗ ഭട്ട്, വിനായക ഭട്ട്, അപ്പു ഭട്ട് എന്നീ ഗൗഡ സാരസ്വതബ്രാഹ്മണരും, ചേര്‍ത്തലയിലെ കടക്കരപ്പള്ളിയില്‍ നിന്നുള്ള കൊല്ലാട്ട് ഇട്ടി അച്യുതനും വാന്‍ റീഡീനു മാര്‍ഗനിര്‍ദ്ദേശികളായിരുന്നു. പണ്ഡിതനായ മത്തേയൂസ് എന്ന ഇറ്റാലിയന്‍ കര്‍മ്മലീത്താ സന്ന്യാസിയും അദ്ദേഹത്തെ സഹായിച്ചു. ബഹുഭാഷാപ്രവീണനായിരുന്ന അദ്ദേഹം തര്‍ജ്ജമയില്‍ വലിയ പങ്കു വഹിച്ചു. ഇട്ടിഅച്ചുതന്‍ വൈദ്യരാണ് മിക്ക ഔഷധ ചെടികളുടേയും മലയാളം പേരുകളും ഔഷധമൂല്യങ്ങളും പറഞ്ഞുകൊടുത്തത്.
ഹോര്‍ത്തൂസ് മലബാറിക്കൂസിലാണ് ആദ്യമായി മലയാളലിപി അച്ചടിച്ചു കാണുന്നത്. എന്നാല്‍ ഹോര്‍ത്തൂസിലെ താളുകള്‍ ഓരോ അക്ഷരത്തിനും പ്രത്യേകമായുള്ള അച്ചുകള്‍ ഉപയോഗിച്ചല്ല, പകരം ബ്ലോക്കുകളായി വാര്‍ത്തെടുത്താണ് അച്ചടിച്ചത്.
Leave a Reply