ബംഗാളി ഭാഷയിലെ ലക്ഷണയുക്തമായ ആദ്യ നോവലാണ് ദുര്‍ഗേശനന്ദിനി. ബങ്കിം ചന്ദ്ര ചാറ്റര്‍ജി(1838-94)യുടെ ആദ്യ നോവലാണിത്. 1865ല്‍ പ്രസിദ്ധീകരിച്ച ഈ നോവലിന് ഗ്രന്ഥകര്‍ത്താവിന്റെ ജീവിതകാലത്തുതന്നെ പതിമൂന്ന് പതിപ്പുകളുണ്ടായി. 1881ല്‍ ജി. എഫ്. ബ്രൗണും ഹരിപ്രസാദ് ശാസ്ത്രിയും ചേര്‍ന്ന് റോമന്‍ ലിപിയിലാക്കിയ ഈ നോവല്‍ താക്കര്‍ സ്പിങ്ക് ആന്‍ഡ് കമ്പനി പ്രസിദ്ധീകരിച്ചു.
അക്ബര്‍ ചക്രവര്‍ത്തിയുടെ സേനാനായകനായ മാന്‍സിങ്ങിന്റെ മകന്‍ ജഗത്സിങ്ങിനെ നായകനാക്കിയാണ് നോവല്‍. ഒരു ചരിത്രനോവലിന്റെ പ്രതീതി ജനിപ്പിക്കുന്നുണ്ടെങ്കിലും ദുര്‍ഗേശനന്ദിനിയില്‍ ചരിത്രസത്യങ്ങള്‍ വളരെ കുറവാണ്. കഥാപാത്രങ്ങളും ചില സംഭവങ്ങളും ചരിത്രത്തില്‍ ഉള്ളവതന്നെ. ബാക്കിയുള്ളതെല്ലാം സങ്കല്പവും ഭാവനയുമാണ്. ബംഗാളിലെ പാശ്ചാത്യരീതിയിലുള്ള ആദ്യ നോവലും ബംഗാളി ഗദ്യസാഹിത്യത്തിലെ ആദ്യ സര്‍ഗാത്മക സൃഷ്ടിയുമായിരുന്നു ഇത്. മലയാളമുള്‍പ്പെടെ അനേകം ഭാഷകളില്‍ ദുര്‍ഗേശനന്ദിനിക്ക് പരിഭാഷകള്‍ ഉണ്ടായി. സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റിയാണ് ഇത് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയത്. ദ് ചീഫ്റ്റണ്‍സ് ഡോട്ടര്‍ എന്ന പേരില്‍ 1880ല്‍ ചന്ദ്ര മുഖര്‍ജി ഇംഗ്ലീഷിലേക്കും ദുര്‍ഗേശനന്ദിനി എന്ന പേരില്‍ത്തന്നെ 1882ല്‍ ജി. സിന്‍ഹ ഹിന്ദിയിലേക്കും പരിഭാഷപ്പെടുത്തി.