(ആത്മകഥ)
മാധവിക്കുട്ടി
ഡി.സി ബുക്‌സ് 2023
കാലം ജീനിയസ്സിന്റെ പദവിമുദ്രകള്‍ നല്‍കി അംഗീകരിച്ച മാധവിക്കുട്ടി, സമകാലികമൂല്യങ്ങള്‍ക്കു വിപരീതമായി സ്വയം നിര്‍മിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്. ഇന്ത്യയില്‍ മറ്റൊരു എഴുത്തുകാരിയും ഇങ്ങനെയൊരു സംഭാവന ആത്മകഥയുടെ രൂപത്തില്‍ സാഹിത്യത്തിനു നല്‍കിയിട്ടില്ല. നിരുപാധികമായ സ്വാതന്ത്ര്യത്തിന്റെ ബലിഷ്ഠസൗന്ദര്യമാണ് ആ കൃതി.
ഹിമഭൂമികളുടെ അലസമായ സമാധാനം വെറുക്കുന്ന കലാകാരിയാണ് എന്റെ കഥ എഴുതിയ മാധവിക്കുട്ടി. എഴുതുമ്പോള്‍ അവര്‍ക്ക് ഭയത്തിന്റെ അര്‍ത്ഥം അറിഞ്ഞുകൂടാ. വിനാശത്തിന്റെ മുന്നേറ്റംപോലെ എഴുതാന്‍പോലും അവര്‍ക്കു കഴിയുന്നു. പ്രാര്‍ത്ഥനയുടെ അടിസ്ഥാനരൂപങ്ങള്‍ കൈകാര്യം ചെയ്യുന്നതുപോലെ സെക്സിനെ അവര്‍ വിശകലനം ചെയ്യുന്നു. എന്റെ കഥയില്‍ ആത്മകഥാപരമായ യാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ ആവിഷ്‌കരിക്കുന്നു. അതോടൊപ്പം ആത്മസുഖത്തിനുവേണ്ടി സ്വന്തം യാഥാര്‍ത്ഥ്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ കലാസൃഷ്ടി ഒരേസമയം ആത്മകഥയും സ്വപ്നസാഹിത്യവുമാണ്. സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതിയ ആഖ്യാനങ്ങള്‍ക്കുവേണ്ടിയുള്ള പരീക്ഷണം കൂടിയാണത്.