(നോവല്‍)
കോളിന്‍സ് മദാമ്മ

മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നാണ് 1877ല്‍ പുറത്തിറങ്ങിയ ഘാതകവധം. സി.എം.എസ്. മിഷണറി പ്രവര്‍ത്തകയായിരുന്ന കോളിന്‍സ് മദാമ്മ ഇംഗ്ലീഷില്‍ രചിച്ച നോവല്‍ അവരുടെ ഭര്‍ത്താവും കോട്ടയം സി.എം.എസ്. കോളേജ് പ്രിന്‍സിപ്പലുമായിരുന്ന റിച്ചാര്‍ഡ് കോളിന്‍സാണ് ഘാതകവധം എന്ന പേരില്‍ മലയാളത്തിലേക്ക് മാറ്റി. പത്തൊമ്പതാം നൂറ്റാണ്ടിലെ ക്രിസ്ത്യാനി കുടുംബങ്ങളിലെ ജീവിതരീതികള്‍ പ്രതിപാദിക്കുന്ന സാമൂഹ്യപ്രസക്തിയുള്ള ഇതിലെ മുഖ്യവിഷയം സ്ത്രീധനമാണ്.
സ്ലെയര്‍ സ്ലൈന്‍ എന്ന പേരിലാണ് ഇംഗ്ലീഷില്‍ 1859ല്‍ മിസിസ് കോളിന്‍സ് ഇത് എഴുതിത്തുടങ്ങിയത്. അവരുടെ മരണശേഷം ഭര്‍ത്താവ് റിച്ചാര്‍ഡ് കോളിന്‍സ് ഇത് എഴുതിപ്പൂര്‍ത്തിയാക്കി. 1864ല്‍ കോട്ടയം സെമിനാരിയില്‍നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന വിദ്യാസംഗ്രഹം മാസികയില്‍ ഇംഗ്ലീഷ് ഭാഷയില്‍തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1877ല്‍ ഘാതകവധം എന്ന പേരില്‍ മലയാളപരിഭാഷയും റിച്ചാര്‍ഡ് കോളിന്‍സ് പുറത്തിറക്കി.