മലയാളത്തിലെ നോവലിസ്റ്റും നാടകകൃത്തും കമ്മ്യൂണിസ്റ്റ് സഹയാത്രികനും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന ഗോവിന്ദപിഷാരോടി എന്ന ചെറുകാടിന്റെ ആത്മകഥയാണ് ജീവിതപ്പാത. 1975ല്‍ പലവക ഗ്രന്ഥങ്ങള്‍ക്കായി നല്‍കുന്ന കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഠിനപ്രയത്‌നം ചെയ്ത പ്രവര്‍ത്തകരില്‍ പ്രമുഖനാണ് ചെറുകാട്. മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്.ജീവിതപ്പാതയിലെ സഞ്ചാരത്തിനിടയില്‍ തെളിഞ്ഞു വരുന്ന ജീവിതരേഖ ഇങ്ങനെയാണ്: മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലുക്കിലെ ചെമ്മലശേരിയിലെ ചെറുകാട് പിഷാരത്താണ് 1914 ഓഗസ്റ്റ് 26നു ചെറുകാട് ജനിച്ചത്. മലപ്പുറം, പെരിന്തല്‍മണ്ണ, ചെറുകര, കരിങ്ങനാട് എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. അതിനു ശേഷം പല കോളേജുകളിലും അധ്യാപകനായി. ജോലിയില്‍ നിന്നും വിരമിച്ച ശേഷം യു.ജി.സി പ്രൊഫസര്‍ ആയി പ്രവര്‍ത്തിച്ചു.
    കൃത്യമായ ബ്രാഹ്മണ ചിട്ടകളില്‍ വളര്‍ന്നുവന്ന ഗോവിന്ദ പിഷാരടി, ഈശ്വരവിശ്വാസിയും ആയിരുന്നു. കൂട്ടുകുടുംബത്തിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും രസകരമായ രീതിയില്‍ അദ്ദേഹം വിവരിക്കുന്നു. ആ വീട്ടിലെ ഓരോ അംഗവും തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ചെറുകാട് ചൂണ്ടിക്കാണിക്കുന്നു. സംസ്‌കൃത വിദ്യാഭ്യാസവും, ഉപനയനവും അനുബന്ധ ബ്രാഹ്മണനിയമങ്ങളും പാലിച്ചു വന്ന ആ ബ്രാഹ്മണബാലന്‍ എപ്രകാരമാണ് വിപ്ലവപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത് എന്ന് ആത്മകഥ വ്യക്തമാക്കുന്നു. ബാല്യകാലം മുതല്‍ ജീവിതത്തിന്റെ പകുതിയില്‍ കൂടുതല്‍ കാലവും ജീവിതപ്പാതയില്‍ അദ്ദേഹം വരച്ചുകാട്ടുന്നു. ഒരു ആത്മകഥയുടെ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളുന്ന ഈ കൃതിയുടെ രചനയില്‍ ചെറുകാട് സത്യസന്ധത പുലര്‍ത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തിന്റെ വളരെ കഠിനമായ നിമിഷങ്ങളെയും, സ്വകാര്യസന്ദര്‍ഭങ്ങളെയും ലാഘവത്തോടെ, ലാളിത്യത്തോടെ അനുവാചകന് മുന്നില്‍ തുറന്നുവെക്കുന്നു. ആത്മകഥയില്‍ക്കൂടി പുലാമന്തോള്‍ പുഴയുടെയും, ചെറുകാടിന്റെയും ചരിത്രവും വര്‍ത്തമാനവും ആണ് ഗ്രന്ഥകര്‍ത്താവ് വരച്ചിടുന്നത്.
    ജീവിതപ്പാത' എന്നത് പി.ഗോവിന്ദ പിഷാരടിയുടെ ആത്മകഥ മാത്രമല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രരേഖ കൂടിയാണ്. അക്കാലത്തു നടന്നിട്ടുള്ള പാര്‍ട്ടി മീറ്റിങ്ങുകളും, സമരങ്ങളും, ഒളിവില്‍പ്പോക്കും, രഹസ്യകൂടിക്കാഴ്ചകളും എല്ലാം ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നു. കേരളത്തിന്റെ ചിന്താഗതിയിലും, രാഷ്ട്രീയനയങ്ങളിലും വന്ന മാറ്റങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.1975ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 1976ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ഈ കൃതി നേടി.