കുന്ദലത (നോവല്‍)
മലയാളനോവലിന്റെ പൂര്‍വ്വരൂപങ്ങളില്‍ സുപ്രധാനസ്ഥാനം വഹിക്കുന്ന കൃതിയാണ് അപ്പു നെടുങ്ങാടിയുടെ കുന്ദലത. 1887 ഒക്ടോബറില്‍ കോഴിക്കോട്ടെ വിദ്യാവിലാസം അച്ചുകൂടത്തില്‍നിന്നാണ് കുന്ദലത പ്രസിദ്ധീകരിക്കുന്നത്. 'ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ബഹുജനങ്ങള്‍ക്കും പ്രത്യേകിച്ച് പിടിപ്പതു പണിയില്ലാത്തതിനാല്‍ നേരം പോകാതെ ബുദ്ധിമുട്ടുന്നവരായ സ്ത്രീകള്‍ക്കും ദോഷരഹിതമായ ഒരു വിനോദത്തിന്നു ഹേതുവായിത്തീരുക' എന്നതാണ് ഗ്രന്ഥത്തിന്റെ ഉദ്ദേശ്യമെന്ന് മുഖവുരയില്‍ പറയുന്നു.
കേരളവര്‍മ്മ, ഭാഷാചരിത്രകാരനായ പി. ഗോവിന്ദപ്പിള്ള, മൂര്‍ക്കോത്ത് കുമാരന്, എം.പി. പോള്‍, ഉള്ളൂര്‍ തുടങ്ങിയവര്‍ മലയാളത്തിലെ ആദ്യത്തെ നോവലായി കുന്ദലതയെ പരിഗണിക്കുന്നു. എന്നാല്‍ 'പരിണാമഗുപ്തി' ഒഴികെ നോവലിനെ വ്യാവര്‍ത്തിപ്പിക്കുന്ന ഗുണങ്ങളൊന്നും കുന്ദലതയിലില്ലെന്ന് എം.പി. പോള്‍ വ്യക്തമാക്കിയിട്ടുണ്ട്.റൊമാന്‍സ് എന്ന കഥാശാഖയില്‍പ്പെടുന്ന കൃതിയാണ് കുന്ദലത. നോവലിന്റെ അടിസ്ഥാനസവിശേഷതയായ കാലദേശാധിഷ്ഠിതമായ ജീവിതചിത്രീകരണം കുന്ദലതയിലില്ല. ഏതുകാലം, ഏതു ദേശം എന്ന ചോദ്യം കുന്ദലതയെ സംബന്ധിച്ച് അപ്രസക്തമാണ്. കഥയിലെ കലിംഗം, കുന്തളം എന്നീ ദേശനാമങ്ങള്‍ക്ക് പഴയ രാജ്യങ്ങളുമായി യാതൊരു ബന്ധവുമില്ല. നിശ്ചിതസ്ഥലകാലങ്ങളെ കുറിക്കുന്നില്ലെങ്കിലും പഴമയുടെ ഗന്ധം ഉണ്ടായിരിക്കുക എന്നത് റൊമാന്‍സുകളുടെ പ്രത്യേകതയാണ്. ഇതിവൃത്തം, പാത്രസൃഷ്ടി, സംഭവങ്ങള്‍, പശ്ചാത്തലം, വര്‍ണ്ണന, സംഭാഷണം തുടങ്ങിയ കാര്യങ്ങളിലെല്ലാം റൊമാന്‍സിന്റെ സ്വഭാവമാണ് കുന്ദലത പിന്തുടരുന്നത്. മൃഗയ, യുദ്ധം, ഉന്നതകുലജാതരുടെ പ്രണയം എന്നിവയാണ് കുന്ദലതയില്‍ പരാമര്‍ശിക്കുന്നത്. ശ്ലോകങ്ങളും സംസ്കൃതപദങ്ങളും ഇടകലര്‍ത്തിയ ലളിതമായ മണിപ്രവാളഭാഷയിലാണ് കുന്ദലത എഴുതിയിട്ടുള്ളത്. കൃത്രിമമായ ഭാഷയും നിര്‍ജ്ജീവമായ സംഭാഷണങ്ങളും കൃതിയെ റൊമാന്‍സിനോട് ബന്ധിപ്പിക്കുന്നു.
ഷേക്സ്പിയറുടെ സിംബലിന് നാടകത്തോടും വാള്‍ട്ടര്‍ സ്കോട്ടിന്റെ ഐവാന്‍ഹോയോടും കുന്ദലതയ്ക്കുള്ള കടപ്പാട് എം.പി. പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിവൃത്തത്തിലും കഥാപാത്രങ്ങളിലും സിംബലിനോടുള്ള സാമ്യം പ്രകടമാണ്. കുന്ദലതയുടെ ആത്മഗതം ഐവാന്‍ഹോയുടെ റബേക്കയുടേതിനോടുള്ള ബന്ധം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രഘുവംശത്തിലെ ദിലീപവര്‍ണ്ണനയോട് ഇതിലെ യോഗീശ്വരവര്‍ണ്ണനയ്ക്കുള്ള ബന്ധവും ശ്രദ്ധേയമാണ്.യുക്തിബദ്ധത, പ്രമേയവൈപുല്യം ഇവയില്‍ ഏറെക്കുറേ വിജയിക്കുന്ന കൃതിയാണ്. കാര്യകാരണബദ്ധമായ ഇതിവൃത്തവും പരിണാമഗുപ്തിയും കുന്ദലതയുടെ സവിശേഷതയാണ്. പ്രസിദ്ധീകരിച്ച് ഒരു മാസത്തിനകം കേരളവര്‍മ്മ കേരളപത്രികയില്‍ കുന്ദലതയെ പ്രശംസിച്ച് എഴുതി. തുടര്‍ന്ന് നിരവധി പേരുടെ പ്രശംസകള്‍ കുന്ദലതയ്ക്കുണ്ടായി. വിദ്യാവിനോദിനിയില്‍ സി.പി. അച്യുതമേനോന് കുന്ദലതയെക്കുറിച്ച് മണ്ഡനനിരൂപണം എഴുതി. തിരുകൊച്ചി മലബാര്‍ ഭാഗങ്ങളിലെ സ്കൂളുകളില്‍ കുന്ദലത പാഠപുസ്തകമായി.
Leave a Reply