നളചരിതം (ആട്ടക്കഥ)
ആട്ടക്കഥാ സാഹിത്യത്തില്‍ എന്തുകൊണ്ടും പ്രഥമസ്ഥാനത്തിന് അര്‍ഹമായ കൃതി എന്ന് നിരൂപകര്‍ വാഴ്ത്തുന്ന കൃതിയാണ് ഉണ്ണായിവാരിയരുടെ നളചരിതം. ഇതു നാലുദിവസം കൊണ്ട് ആടത്തക്കവണ്ണമാണ് എഴുതിയിട്ടുള്ളത്. മനോഹരമായ ഒരു ദൃശ്യകാവ്യത്തിന്റെയും ശ്രാവ്യകാവ്യത്തിന്റെയും ഗുണഗണങ്ങളെല്ലാമുണ്ട്. മലയാളത്തിലെ ശാകുന്തളം എന്ന പ്രശംസ ലഭിച്ചിട്ടുണ്ട്. ഉണ്ണായിവാര്യരുടെ നളചരിതത്തെ യാഥാസ്ഥിതികരും ഉത്പതിഷ്ണുക്കളുമായ എല്ലാ നിരൂപകന്മാരും ഒന്നുപോലെ പുകഴ്ത്തുന്നു. കവന നൈപുണിയും കലാമര്‍മജ്ഞതയും, ജീവിത തത്ത്വാവബോധവും, നിരീക്ഷണപാടവവും സമഞ്ജസമായി സമ്മേളിച്ചിട്ടുള്ള കൃതിയാണത്. വായിച്ചു രസിക്കാനും, കണ്ടുരസിക്കാനും, കേട്ടുരസിക്കാനും പറ്റിയ ഒരാട്ടക്കഥയെന്ന നിലയിലും അത് ഉയര്ന്നുനില്ക്കുന്നു. സംഗീതം, സാഹിത്യം, അഭിനയം എന്നീ മൂന്നു കലകളുടെ സൗന്ദര്യവും സ്വാരസ്യവും ഹൃദയാവര്ജകതയും അതില്‍ ഒത്തിണങ്ങിയിട്ടുണ്ട്.
കഥകളിക്കാര്‍ക്കെന്നല്ല, തിരുവാതിരക്കളിക്കാര്‍ക്കും പാടാന്‍ അത്യന്തം ഉതകുന്ന പദങ്ങള്‍ നളചരിതത്തില്‍ ധാരാളമുണ്ട്. അതിലെ പ്രാസഭംഗിയും താളഭംഗിയും സംഗീതത്തിന്റെ മാറ്റുകൂട്ടുന്നു. സാഹിത്യത്തിന്റെ ഏതു മാനദണ്ഡമനുസരിച്ചു നോക്കിയാലും നളചരിതം ഒന്നാം കിടയില്‍ത്തന്നെ ശോഭിക്കുന്നു. ശൃംഗാരാദി നവരസങ്ങളും ഭക്തിവാത്സല്യാദി ഭാവങ്ങളും സന്ദര്‍ഭോചിതമായി കൂട്ടിയിണക്കിയിട്ടുള്ളത് ഈ കഥയുടെ രസാഭിനയയോഗ്യതയെ വര്‍ധിപ്പിക്കുന്നു. നൃത്തം, നൃത്യം, നാട്യം, ആങ്ഗികം, സാത്വികം, ആഹാര്യം എന്നിങ്ങനെ അഭിനയത്തിന്റെ എല്ലാ ഘടകങ്ങളും ഇതില്‍ സമന്വയിച്ചിരിക്കുന്നു. സാത്വികാഭിനയത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്തിട്ടുണ്ട്.
മഹാഭാരതം വനപര്‍വത്തില്‍ 52 മുതല്‍ 79 വരെയുള്ള 28 അധ്യായങ്ങളിലായുള്ള കഥാഭാഗമായ നളോപാഖ്യാനത്തെ അവലംബിച്ചാണ് വാരിയര്‍ ആട്ടക്കഥയെഴുതിയിട്ടുള്ളത്. മൂലകഥയില്‍ നിന്ന് വലിയ വ്യത്യാസമൊന്നും ഉണ്ണായി വാര്യര്‍ തന്റെ കഥയില്‍ വരുത്തിയിട്ടില്ല. അല്പം ചില സ്ഥലങ്ങളില്‍ ചില നിസ്സാര വ്യതിയാനങ്ങള്‍ വരുത്തിയിട്ടുള്ളത് ഒരു ദൃശ്യകാവ്യമെന്ന നിലയില്‍ തന്റെ കൃതിയെ മോടിപിടിപ്പിക്കാനാണ്. അതില്‍ വേണ്ടത്ര ഔചിത്യവും അദ്ദേഹം ദീക്ഷിക്കുന്നുണ്ട്. ഒന്നാം ദിവസത്തെ കഥയെ സംബന്ധിച്ചിടത്തോളം ശ്രീഹര്‍ഷന്റെ നൈഷധീയ ചരിതം മഹാകാവ്യത്തെയാണ് വാരിയര്‍ പല സ്ഥലത്തും അനുകരിച്ചിരിക്കുന്നത്. മഹാഭാരതത്തില്‍ വനപര്‍വ്വത്തില്‍ വനവാസക്കാലത്ത് കഷ്ടപ്പെടുന്ന പാണ്ഡവരെ കണ്ട്, ബൃഹദശ്വന് എന്ന മുനി സമാശ്വസിപ്പിക്കാനായി പറഞ്ഞുകൊടുക്കുന്ന കഥയാണ് നളോപാഖ്യാനം. ഇക്കഥയെ അധികരിച്ച് നൈഷധീയചരിതം (നൈഷധം മഹാകാവ്യം) എന്ന് പേരായി സംസ്കൃതത്തില്‍ ശ്രീഹര്ഷന് എഴുതിയ ഒരു ഉത്തമകാവ്യം ഉണ്ട്. നൈഷധീയചരിതത്തെ അനുകരിച്ചാണ് ഉണ്ണായി വാര്യര്‍ 'നളചരിതം' ആട്ടക്കഥ എഴുതിയത്.
കലിബാധ അകറ്റാന്‍ നളന്, ദമയന്തി, ഋതുപര്ണ്ണന്, കാര്ക്കോടകന് എന്നിവരുടെ കഥകള്‍ കേട്ടാല്‍ മതി എന്ന് മഹാഭാരതത്തില്‍ നളോപാഖ്യാനത്തിന്റെ സാരാംശത്തില്‍ പറയുന്നു
പാത്രസൃഷ്ടിയിലും കഥാഘടനയിലും സംഭാഷണ നിബന്ധനയിലും മനോവ്യാപാര പ്രതിപാദനത്തിലുമാണ് ഉണ്ണായിയുടെ പാടവം സവിശേഷം നിഴലിക്കുന്നത്. തിരഞ്ഞെടുത്തിരിക്കുന്ന കഥാസന്ദര്‍ഭങ്ങളെല്ലാം തികഞ്ഞ നാടകീയ ഭംഗിയെ ആവാഹിക്കുന്നു. പാത്ര സൃഷ്ടിയില്‍ ഉണ്ണായിക്കു സമന്മാരായ ഇതര കഥകളി ഗ്രന്ഥകാരന്മാര് ഇല്ല. നായികാനായകന്മാര് മുതല്‍ നിസ്സാര കഥാപാത്രങ്ങള്‍ വരെ എല്ലാവര്ക്കും അദ്ദേഹം മിഴിവു വരുത്തിയിട്ടുണ്ട്. അവര്‍ക്ക് കഥയോടു ഗാഢബന്ധമുണ്ട്. കഥാഗതിയില്‍ നിര്‍ണായകമായ പങ്കുമുണ്ട്. കഥ പ്രതിനിധാനം ചെയ്യുന്ന സമഗ്രമായ ധാര്‍മിക ജീവിതത്തിലെ സങ്കീര്ണസ്വഭാവങ്ങള് ഉള്‍ക്കൊള്ളുന്ന വ്യക്തികള്‍ എന്ന നിലയിലും, കഥയുടെ വിവിധഘട്ടങ്ങളില്‍ ഒളിവിതറുന്ന തേജഃപുഞ്ജങ്ങള്‍ എന്ന നിലയിലും അവര്‍ക്ക് ബാഹ്യമായും ആന്തരമായും കഥയോട് അഭേദ്യമായ അടുപ്പമുണ്ട്.
Leave a Reply