നളിനി
മലയാളഭാഷയില്‍ എഴുതപ്പെട്ട ഖണ്ഡകാവ്യമാണ് നളിനി. മഹാകവി കുമാരനാശാന്റെ ഏറ്റവും വിശിഷ്ടമായ രചനയെന്ന് പല നിരൂപകരും വാഴ്ത്തിയിട്ടുള്ള കൃതിയാണ് നളിനി അല്ലെങ്കില്‍ ഒരു സ്നേഹം. 1911ലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകൃതമായത്. ലോകസാധാരണമല്ലാത്ത ഒരു സ്ത്രീപുരുഷ പ്രേമത്തിന്റെ കഥയാണ് പ്രതിപാദ്യം. പ്രേമകഥയിലെ നായികയുടെ പേരാണ് കാവ്യത്തിന് നല്‍കിയിട്ടുള്ളത്. അന്യാദൃശമായ സ്നേഹം കാവ്യത്തിന്റെ പ്രധാന ഭാവമായിരിക്കുന്നതുകൊണ്ട് 'ഒരു സ്നേഹം' എന്നൊരു കാവ്യനാമം കൂടിയുണ്ട്.ഗതാനുഗതികത്വത്തെക്കാള്‍ നവനവോല്ലേഖ കല്പനകളില് കവി ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നു ബോധ്യം വന്ന പ്രൊഫ. ഏ.ആര്. രാജരാജവര്‍മ, ഈ കാവ്യത്തിന്റെ അവതാരികയില്‍, ഇതൊരു പുതിയ പ്രസ്ഥാനത്തില്‍പ്പെട്ട കാവ്യമാണെന്ന് വിലയിരുത്തിയിട്ടുണ്ട്. മലയാളകവിതയില്‍ കാല്പനിക പ്രസ്ഥാനം വേരുറയ്ക്കുന്നതിന്റെ മഹനീയ ദൃഷ്ടാന്തമാണ് നളിനിയെന്ന് അദ്ദേഹം സൂചിപ്പിച്ചു. സ്ത്രീപുരുഷ പ്രേമത്തിന്റെ ആത്യന്തികരൂപമാണ് സംഭോഗശൃംഗാരമെന്ന് വിശ്വസിച്ചിരുന്ന നിയോക്ലാസ്സിക്ക് കാവ്യപാരമ്പര്യത്തില്‍ നിന്ന് മലയാള കവിതയ്ക്കു മോചനമുണ്ടാകുന്നത് ഈ കാവ്യത്തിന്റെ പ്രചാരത്തോടെയാണ്. ആകെ 173 ശ്ലോകങ്ങളുള്ള ഈ കാവ്യത്തിലെ 166 ശ്ലോകങ്ങളും രഥോദ്ധത വൃത്തത്തിലാണ്. മാലിനിയില്‍ മൂന്നും വസന്തതിലകത്തില്‍ രണ്ടും പൃഥ്വിയിലും മന്ദാക്രാന്തയിലും ഓരോന്നു വീതവും ശ്ലോകങ്ങളാണ് ബാക്കിയുള്ളവ.
നളിനിയുടെ കളിത്തോഴനായിരുന്ന ദിവാകരന് യൗവനാരംഭത്തില്‍ സ്വദേശം വിട്ടുപോയി. അദ്ദേഹത്തിന്റെ അഭാവത്തിലും നളിനി ദിവാകരനെ ജീവതേശനായിക്കരുതി ആരാധിച്ചു. യൗവനയുക്തയായ മകളെ വിവാഹബന്ധത്തിലേര്‍പ്പെടുത്താന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. തന്റെ വിവാഹം നിശ്ചയിക്കപ്പെട്ടതറിഞ്ഞ നളിനി തോഴിമാരോടുപോലും ആലോചിക്കാതെ വീടുവിട്ടിറങ്ങുകയും ആത്മഹത്യയ്ക്കു മുതിരുകയും ചെയ്തു. ജലപ്പരപ്പിലേക്കു കുതിച്ച അവളെ ഒരു താപസി രക്ഷപ്പെടുത്തി. ആ യോഗിനിയുടെ സംരക്ഷണയില്‍ അഞ്ചു വര്‍ഷക്കാലം അവള് ആ ആശ്രമത്തില്‍ നിഷ്ഠയോടെ വസിച്ചു.
ഒരു സുപ്രഭാതത്തില്‍, ഹിമവല്‍സാനുവില്‍ വച്ച് കാഷായവേഷധാരിയായൊരു യോഗിയായി അവള് ദിവാകരനെ കണ്ടെത്തി. പരസ്പരം മനസ്സിലാക്കിയശേഷം നളിനിയുടെ നിയമനിഷ്ഠയില്‍ സന്തുഷ്ടനായ യോഗിവര്യന് അവളെ അനുഗ്രഹിച്ചു യാത്രയാകാന്‍ ഒരുമ്പെട്ടു. തത്ക്ഷണം പതിപ്രേമനിഷ്ഠയായ അവള് 'ദൃഢമിപ്പദാംബുജത്തിന്റെ സീമയിതു പോകിലില്ല ഞാന്‍' എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ കാല്ക്കല് സ്വയം സമര്‍പ്പിച്ചു. അപ്പോള്‍ ആ യോഗിവര്യന് അവളോട് കാരുണ്യമുണ്ടാവുകയും, മഹാവാക്യതത്ത്വം അവള്‍ക്ക് ഉപദേശിച്ചുകൊടുക്കുകയും ചെയ്തു. പരമമായ ബ്രഹ്മാനന്ദാനുഭൂതിയില്‍ ലയിച്ച അവളില്‍ നിന്ന് ഓം എന്ന നാദവൈഖരിക്കൊപ്പം ഒരു ധാമവും മിന്നല്‍പോലെ വേര്‍പെട്ടുപോയി. 'പട്ടിടഞ്ഞതനുതന്റെ മേനിവേര്‍പെട്ടിടാഞ്ഞത്' യോഗി അറിയുകയും ചെയ്തു.
It’s good