നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം)
കെ.പി.എ.സിയുടെ സാമൂഹിക രാഷ്ട്രീയ നാടകമാണ് നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി. തോപ്പില്‍ ഭാസി രചിച്ച ഈ നാടകം എന്‍. രാജഗോപാലന്‍ നായരും, ജി. ജനാര്‍ദ്ദനക്കുറുപ്പും ചേര്‍ന്നാണ് സംവിധാനം ചെയ്തത്. ഈ നാടകത്തിന് ഗാനങ്ങള്‍ എഴുതിയത് കവി ഒ.എന്‍.വി കുറുപ്പും, സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ജി.ദേവരാജനുമാണ്. നാടകരചനാസമയത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒളിവുജീവിതം നയിച്ച തോപ്പില്‍ ഭാസി, സോമന്‍ എന്ന തൂലികാ നാമത്തിലാണ് നാടകം എഴുതിയത്. 1950 ല്‍ ആരംഭിച്ച കെ.പി.എ.സിയുടെ രണ്ടാമത്തെ നാടകമായിരുന്നു 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി.' എന്റെ മകനാണ് ശരി എന്ന നാടകമായിരുന്നു ആദ്യത്തേത്. ചവറ തട്ടാശ്ശേരിയിലുള്ള സുദര്‍ശന തിയറ്ററില്‍ 1952 ഡിസംബര്‍ 6 നാണ് 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യുടെ ആദ്യ പ്രദര്‍ശനം നടന്നത്. പതിനായിരത്തിലധികം വേദികളില്‍ അവതരിപ്പിക്കപ്പെട്ട ഈ നാടകം കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് വളരെയേറെ സഹായകമായി. 1957ല്‍ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് വഴിയൊരുക്കിയതില്‍ നിര്‍ണായക പങ്ക് വഹിച്ച നാടകമാണ് ഇത്.
1952 ഡിസം 6ന് കൊല്ലം ചവറയിലായിരുന്നു ആദ്യവേദി. 1953 മാര്‍ച്ചില്‍ ഗവണ്മെന്റ് ഈ നാടകം നിരോധിച്ചു. ഗവണ്മെന്റിനു എതിരെ ജനങ്ങളില്‍ വികാരം വളര്‍ത്തുന്നു എന്നായിരുന്നു ആരോപണം. നിരോധനത്തെ അവഗണിച്ച് അവതരണം തുടരുകയും കോവളത്ത് വേദിയില്‍ വച്ച് എല്ലാ കലാകാരന്മാരെയും അറസ്റ്റ് ചെയ്ത് കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തു. നിയമയുദ്ധത്തിലൂടെ രണ്ട് മാസത്തിനു ശേഷം നിരോധനം നീക്കി. തുടര്‍ന്ന് ഏകദേശം ആറായിരത്തിലധികം വേദികളില്‍ നാടകം അവതരിപ്പിച്ചു.
Leave a Reply