പുത്തന്‍ പാന (കാവ്യം)
മിശിഹായുടെ പാന എന്നും പുത്തന്‍ പാന എന്നും രക്ഷാചരിത കീര്‍ത്തനം എന്നും പേരുകളുള്ള ഈ കൃതി യേശു ക്രിസ്തുവിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി ബഹുഭാഷാപണ്ഡിതനും വൈദികനുമായ അര്‍ണ്ണോസ് പാതിരി രചിച്ചതാണ്. ജര്‍മ്മന്‍കാരനായ ഈശോസഭാ വൈദികനായിരുന്ന അദ്ദേഹം 1699ല്‍ കേരളത്തിലെത്തി. വൈദികപട്ടം സ്വീകരിച്ചശേഷം ശിഷ്ടായുസ്സ് തൃശൂരിനടുത്തുള്ള അമ്പഴക്കാട് വേലൂര്‍, പഴയൂര്‍, പഴുവ് എന്നീ സ്ഥലങ്ങളിലായി ചിലവഴിച്ചു. സംസ്കൃത പണ്ഡിതന്മാരുടെ സഹായത്തോടെ അദ്ദേഹം മലയാളവും സംസ്കൃതവും പഠിച്ച് പ്രാവീണ്യം നേടി. ഈ കാവ്യത്തിന് പുത്തന്‍പാന എന്നു പേരു വിളിക്കാനുള്ള കാരണം ഇതിലെ പന്ത്രണ്ടാം പാദമെന്നു പറയുന്നവരുമുണ്ട്. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാന പ്രസിദ്ധമാണല്ലോ. അതിന്റെ ചുവടു പിടിച്ചാണ് പുത്തന്‍പാന രചിച്ചിട്ടുള്ളതെന്ന് അനുമാനിക്കാം. ജ്ഞാനപ്പാനയ്ക്ക് ശേഷം വന്ന പാന എന്ന അര്‍ത്ഥത്തില്‍ പുത്തന്‍പാന എന്ന പേര് പ്രചാരത്തിലായതുമാകാം. അര്‍ണോസ് പാതിരി പുത്തന്‍പാന എഴുതിയതും ജ്ഞാനപ്പാനയുടെ രീതിയിലായിരുന്നു.
പുത്തന്‍പാനയുടെ ഏറ്റവും പ്രധാന ഭാഗം 10,11,12 പാദങ്ങളാണ്. അമ്പതുനോമ്പു കാലങ്ങളില്‍ ക്രിസ്തീയ ഭവനങ്ങളില്‍ നിത്യ പാരായണത്തിന് ഉപയോഗിച്ചുപോന്നു. ഇന്ന് ഇതിന്റെ അനേകം പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്. ഹിന്ദുക്കള്‍ രാമായണം പാരായണം ചെയ്യുന്നതിനു സമാനമായാണ് പുത്തന്‍ പാന ഒരു കാലത്ത് കേരളത്തിലെ ക്രൈസ്തവഭവനങ്ങളില്‍ പാരായണം ചെയ്യപ്പെട്ടിരുന്നത്. കേരള ക്രൈസ്തവരുടെ ആദ്ധ്യാത്മികതയുമായി ഇഴുകി ചേര്‍ന്ന കാവ്യമാണ് പുത്തന്‍ പാന. 1500ല്‍ പരം വരികളിലായി, പതിനാലു പാദങ്ങളിലായി എഴുതപ്പെട്ട ഈ കൃതിയില്‍ ലോകസൃഷ്ടി മുതല്‍ മിശിഹായുടെ ജനനമരണങ്ങള്‍ വരെ പ്രതിപാദിച്ചിരിക്കുന്നു. പെസഹാ വ്യാഴാഴ്ച രാത്രിയിലും ദുഃഖവെള്ളിയാഴ്ച രാവിലെയും ഇവ പാടുന്ന പതിവ് തലമുറകളായി നിലനില്ക്കുന്നു. ശവസംസ്കാരത്തിന്റെ തലേരാത്രിയില്‍ പാന വായിക്കുന്ന പതിവ് ക്രൈസ്തവരുടെ ഇടയില്‍ ഇപ്പോഴുമുണ്ട്.
മൈക്കലാഞ്ചലോയുടെ 'പിയേത്താ' എന്ന വിഖ്യാതമായ ശില്പമാണ് പുത്തന്‍ പാനയിലെ പന്ത്രണ്ടാം പാദത്തിന്റെ പശ്ചാത്തലം.സര്‍പ്പിണി വൃത്തത്തിലാണ് ഇതിന്റെ രചന. ഓരോ ഖണ്ഡത്തിനും പാദം എന്ന് പേരിട്ടിരിക്കുന്നു.ഭാഷ വളരെ ലളിതവും ഹൃദ്യവുമാണ്. സംസ്കൃതപദങ്ങള്‍ മറ്റു കൃതികളെ അപേക്ഷിച്ച് കുറവാണ്. പതിനൊന്നാം പാദത്തില്‍ യേശു ക്രിസ്തുവിന്റെ മരണം വിവരിക്കുന്നു. പന്ത്രണ്ടാം പാദത്തില്‍ കന്യകാ മാതാവിന്റെ വിലാപം വര്‍ണ്ണിച്ചിരിക്കുന്നു. ഇത് നതോന്നത വൃത്തത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത്.
വഞ്ചിപ്പാട്ട് വൃത്തമായ നതോന്നതയില്‍ എഴുതപ്പെട്ടിട്ടുള്ള മറ്റ് വിലാപകാവ്യങ്ങള്‍ ഏതെങ്കിലും മലയാളത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. രാമപുരത്ത് വാര്യരുടെ കുചേല വൃത്തം വഞ്ചിപ്പാട്ടാണ് നതോന്നത വൃത്തത്തില്‍ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും പ്രശസ്തമായ കൃതി. കുമാരനാശാന്റെ 'കരുണ' എന്ന കാവ്യവും നതോന്നത വൃത്തത്തിലാണ് എഴുതിയിട്ടുള്ളത്.
Leave a Reply