സരസ്വതീവിജയം
(ആദ്യകാല നോവല്‍)
പോത്തേരി കുഞ്ഞമ്പു
മലയാളത്തിലെ ആദ്യകാലനോവലുകളില്‍ ഒന്നാണ് പോത്തേരി കുഞ്ഞമ്പു എഴുതിയ സരസ്വതീവിജയം. 1892 ജനുവരി ഒന്നിനാണ് ഇത് പ്രസിദ്ധീകരിച്ചത്. ജാതിനിര്‍ണയത്തിന്റെ ക്രൂരതകള്‍ എടുത്തുകാട്ടാനും അധസ്ഥിതവിഭാഗങ്ങളെ ആധുനികവിദ്യാഭ്യാസത്തിലൂടെ ഉദ്ധരിക്കാനുമാണ് നോവല്‍ എഴുതിയത്.
ഇതിവൃത്തം ഇതാണ്: യാഥാസ്ഥിതികനും അതിസമ്പന്നനുമായ കനശേഖരയില്ലത്ത് കുബേരന് നമ്പൂതിരി പാടത്തുനിന്ന് ശ്രുതിമധുരമായ ഒരു ഗാനം കേട്ട് ആകൃഷ്ടനാകുകയും ഗായകനെ അന്വേഷിക്കാന്‍ കാര്യസ്ഥനായ രാമന്‍കുട്ടി നമ്പ്യാരോട് ആവശ്യപ്പെടുകയും ചെയ്യുന്നു. തന്റെ പറമ്പിലെ കുടികിടപ്പുകാരനായ മരത്തന് എന്ന പുലയക്കുട്ടിയാണ് പാടിയതെന്നറിയുന്ന നമ്പൂതിരി കോപാന്ധനാകുന്നു. മരത്തനെ ചവിട്ടി ബോധംകെടുത്തിയ നമ്പ്യാരെ മനുസ്മൃതിയും രാമായണത്തിലെ ശംബൂകവധവും ഉദ്ധരിച്ച് നമ്പൂതിരി പ്രശംസിക്കുകയും പാരിതോഷികം നല്‍കുകയും ചെയ്യുന്നു. മരത്തനെ ചവിട്ടിയിട്ടിടത്ത് ഒരു അജ്ഞാതജഡം കാണപ്പെട്ടതോടെ അത് മരത്തനാണെന്ന് ഉറയ്ക്കുകയും ആ പ്രദേശത്തെ മുസ്ലീങ്ങള്‍ അംശം അധികാരിക്ക് പരാതിനല്‍കുകയും ചെയ്യുന്നു. കുബേരന് നമ്പൂതിരി ഇടപെട്ട് ആ പരാതി തമസ്കരിച്ചെങ്കിലും അവര്‍ അഞ്ചരക്കണ്ടിയിലെ ജോസഫ് സായിപ്പു വഴി പരാതി സബ് ഇന്‍സ്പെക്ടര്‍ക്കും മജിസ്ട്രേട്ടിനും എത്തിക്കുന്നു. രാമന്‍കുട്ടി നമ്പ്യാര്‍ 15 വര്‍ഷത്തെ തടവിന് വിധിക്കപ്പെടുന്നു. നമ്പൂതിരി വിശ്വസ്ത ഭൃത്യനായ കുപ്പന്‍ പട്ടരോടൊപ്പം ഒളിവില്‍പ്പോവുകയും ചെയ്യുന്നു.
നമ്പൂതിരി ഒളിവിലായതോടെ ശത്രുവായ ഭവശര്‍മ്മന്‍ നമ്പൂതിരി കുബേരന് നമ്പൂതിരിയുടെ മകള്‍ സുഭദ്രയ്ക്ക് ജാരസംസര്‍ഗ്ഗമുണ്ടെന്ന് അപവാദം പരത്തുന്നു. കുമ്പയെന്ന വാല്യക്കാരിയുടെ മൊഴിയോടെ സ്മാര്‍ത്തവിചാരം നടത്തി അവളെ ഭ്രഷ്ടയാക്കുന്നു. സുഭദ്രയെയും മക്കളെയും ബാസല്‍ മിഷന്‍കാര്‍ കൂട്ടിക്കൊണ്ടുപോയി വിദ്യാഭ്യാസം നല്കി, സുഭദ്രയെ ഒരു വിദ്യാലയത്തിലെ ഉപാദ്ധ്യാപികയാക്കുന്നു. ബ്രാഹ്മണേതരസാഹചര്യങ്ങളില്‍ പതിനഞ്ചുവര്‍ഷം ഒളിവില്‍ കഴിഞ്ഞ കുബേരന് നമ്പൂതിരി കാശിയില്‍വെച്ച് അറസ്റ്റുചെയ്യപ്പെട്ട് തലശ്ശേരി സെഷന് കോടതിയില്‍ വിചാരണയ്ക്കു വിധേയനാകുന്നു.
യേശുദാസന് എന്ന ജഡ്ജിയാണ് നമ്പൂതിരിയെ വിചാരണ ചെയ്യുന്നത്. ഈ യേശുദാസന് പഴയ മരത്തനായിരുന്നു. നാടുവിട്ട ശേഷം കോഴിക്കോട്ടുള്ള ഒരു പാതിരിയുടെ സഹായത്തോടെ ബി.എ ജയിച്ച് പല ഉദ്യോഗങ്ങളിലിരുന്ന് ആ പദവിയിലെത്തിയതാണ്. സുഭദ്രയുടെ മകള്‍ സരസ്വതിയെ മരത്തന് വിവാഹംകഴിക്കുകയും ചെയ്തിരുന്നു. കൊലക്കേസിന്റെ വിചാരണയില്‍ യേശുദാസന് നമ്പൂതിരിയെ മോചിപ്പിക്കുകയും രാമന്‍കുട്ടിയെ വിട്ടയയ്ക്കുകയും ചെയ്യുന്നു. സുഭദ്രയുടെ ഭര്‍ത്താവ് യജ്ഞന് നമ്പൂതിരിക്ക് അവളെ തിരിച്ചുകിട്ടുന്നു; അയാള്‍ ക്രിസ്തുമതം സ്വീകരിക്കുന്നു. ദുഷ്ടതകള്‍ മറന്ന് കുബേരന് നമ്പൂതിരി മുതാലായവര്‍ ജാതിവിദ്വേഷം വെടിഞ്ഞ് സസന്തോഷം ജീവിക്കുകയും യേശുദാസന് സരസ്വതിക്കൊപ്പം മദിരാശിക്കു പോകുകയുമാണ്.
Leave a Reply