സി.എന്‍. ശ്രീകണ്ഠന്‍ നായര്‍

സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ രചിച്ച ഒരു ശാപകഥയുടെ നാടകീയ ആവിഷ്‌കാരമാണ് ‘സാകേതം’. ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ ദശരഥന്‍, വസിഷ്ഠന്‍, സുമന്ത്രര്‍, ഗുഹന്‍, ശ്രീരാമന്‍, ലക്ഷ്മണന്‍, സുത്രധാരന്‍, കൗസല്യ, കൈകേയി, സീത, മന്ഥര എന്നിവരാണ്. പുരാണകഥയെ അടിസ്ഥാനമാക്കി രചിച്ചിരിക്കുന്ന ഈ നാടകം വായനക്കാരുടെ മുന്‍പില്‍ 1969ല്‍ ഏതാനും കലാകാരികളും കലാകാരന്മാരും ചേര്‍ന്ന് രംഗത്ത് എത്തിക്കുകയുണ്ടായി.
അയോധ്യ വാണരുളിയിരുന്ന ദശരഥ മഹാരാജാവിനു പുത്ര സൗഭാഗ്യം ലഭിക്കാതെ വന്നപ്പോള്‍ ഒരു യാഗം നടത്തി. അങ്ങനെയാണ് കൗസല്യക്ക് രാമനും കൈകേയിക്ക് ഭരതനും സുമിത്രക്ക് ലക്ഷ്മണശത്രുഘ്‌നന്മാരും ജനിച്ചത്. നവയൗവനത്തില്‍ മിഥിലയിലെ രാജാവായ ജനകന്റെ പുത്രിമാരെ അവര്‍ വേള്‍ക്കുകയും ചെയ്തു. രാമന് രാജ്യം നല്‍കാനുള്ള അഭിഷേകത്തിന്റെ ഒരുക്കങ്ങളോട് കൂടിയാണ് നാടകത്തിന്റെ തുടക്കം. മനുഷ്യമനസ്സിനു ഒരു നിമിഷത്തേക്കെങ്കിലും ഉണ്ടായി പോകുന്ന ചാഞ്ചല്യവും, അതിന്റെ ഫലമായി നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും, അവ നമ്മെ നയിക്കുന്ന ധര്‍മ്മസങ്കടങ്ങളിലേക്കുമാണ് നാടകത്തിന്റെ യാത്ര. ദശരഥന്‍ രാമനെ ഉപദേശിക്കുന്നത് ഇങ്ങനെയാണ് ‘മകനേ, സ്വന്തം മനസ്സിനെ കീഴടക്കുക, സാമ്രാജ്യങ്ങള്‍ സ്വയം കീഴടങ്ങും’.
എന്നാല്‍ ഉപദേഷ്ടാവിന് തന്നെ, ഒരു നിമിഷത്തേക്കെങ്കിലും, തന്റെ മനസ്സിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. തന്റെ മനസ്സില്ലെ ആഗ്രഹങ്ങളെ, ചാപല്യങ്ങളെ, അഭിലാഷങ്ങളെ മുന്‍പില്‍ കീഴടങ്ങിയത് സ്വന്തം മനസ്സാക്ഷിയാണ്. അങ്ങനെ ദശരഥനോടൊപ്പം അനുവാചകരും കുറ്റബോധത്തിന്റെയും, ധര്‍മസങ്കടത്തിന്റെയും ചുഴികളിലേക്ക് വലിച്ചെറിയപ്പെടുന്നു. കിരീടത്തിന്റെ ഭാരം ഭരതനും, കാടിന്റെ ഭംഗി രാമനും അനുഭവിക്കാനായി പുറപ്പെട്ടു.
‘പുത്രശോകത്താല്‍ ദശരഥനും മരിക്കും’ എന്ന ശാപം ഈ അവസരത്തില്‍ ഗ്രന്ഥകാരന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ദശരഥന്റെ പുത്രശോകത്തിന്റെ കണ്ണീരിനു കടല്‍വെള്ളത്തിന്റെ ഉപ്പും ദുഃഖത്തിനു കടലിന്റെ ആഴവും ഉണ്ടായിരുന്നു. കുറ്റബോധത്തിന്റെ അന്ധകാരത്തിലേക്ക് അയാള്‍ സ്വയം വലിച്ചെറിയപ്പെടുന്നു. ഒരിക്കലെങ്കിലും തന്റെ മനസ്സാക്ഷിയോട് നീതി പുലര്‍ത്തുവാന്‍ വേണ്ടി, പശ്ച്ചാത്താപത്തിന്റെയും, ധര്‍മസങ്കടത്തിന്റെയും ഇടനാഴികളില്‍ നിന്നും രക്ഷ നേടുന്നതിന് വേണ്ടി സ്വയം മരണത്തിന്റെ കൈകളിലേക്ക് അദ്ദേഹം നടന്നു കയറുന്നു. സത്യസന്ധനും നീതിമാനും അതിലുപരി പ്രജാസ്‌നേഹിയും ആയിരുന്ന ദശരഥ മഹാരാജാവിന്റെ അന്ത്യം ദുരിതപൂര്‍ണവും അനുകമ്പാജനകവും ആയിരുന്നു