രാജരാജന്റെ മാറ്റൊലി (സാഹിത്യനിരൂപണം)
ജോസഫ് മുണ്ടശ്ശേരി
പ്രശസ്ത വിമര്ശകന് ജോസഫ് മുണ്ടശ്ശേരി എഴുതിയ സാഹിത്യനിരൂപണ കൃതിയാണിത്. ഇതിന്റെ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത് 1961ലാണ്. പിന്നീട് പല പതിപ്പുകളുണ്ടായി. കറന്റ് ബുക്സ് ആണ് പ്രസാധകര്.
പുസ്തകത്തിന് മുണ്ടശേരി എഴുതിയ ആമുഖം ഇവിടെ നല്കുന്നു:
ആമുഖം
മലയാള സാഹിത്യത്തില്‍, അതിലും വിശേഷിച്ച് മലയാള കവിതയില്‍, എതാണ്ടൊരു നൂറ്റാണ്ടിനിടയില്‍ വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് എഴുതുകയാണെങ്കില്‍ അതു പ്രൊഫസര്‍ എ.ആര്.രാജരാജവര്‍മയില്‍നിന്നു തുടങ്ങുന്നതാവില്ലേ ശരി എന്നൊരു ചോദ്യം കോളേജ് അധ്യാപകനായിരുന്ന കാലത്തേ എന്നില്‍ ഉദിച്ചുയര്‍ന്നതാണ്. ഇപ്പോഴേ അതിനേതാണ്ടൊരു രൂപം കൊടുക്കാന്‍ കഴിഞ്ഞുള്ളൂ. ഇപ്പോഴെങ്കിലും അതു ചെയ്യാനെന്നെ പ്രേരിപ്പിച്ചതോ, സാഹിത്യത്തില്‍ പ്രാക്തന രൂപങ്ങളില്‍ പലതിന്റെയും പ്രയോജനം കുറഞ്ഞുകുറഞ്ഞുവരികയും, അവയ്ക്കു പകരമായിട്ടെന്നവണ്ണം പുതിയ പുതിയ രൂപങ്ങള്‍ പ്രയോഗത്തില്‍ വരികയും ചെയ്യുന്നു എന്ന വസ്തുതയുമാണ്.
വ്യവസായവല്‍ക്കരണത്തിന്റെ സന്തതികളായി അച്ചടിവിദ്യ മാത്രമല്ല, മറ്റനേകം ജീവിതാവിഷ്കരണോപായങ്ങള് കൂടി കൈവന്ന യൂറോപ്പിന് രചനാസൂക്ഷ്മവും ആശയസാന്ദ്രവുമായ പദ്യരൂപത്തോടുള്ള താല്പര്യം പണ്ടത്തതിലും കുറഞ്ഞുപോയിട്ടുണ്ടെന്ന് അവിടത്തെ ബുദ്ധിജീവികളില്‍ പ്രമുഖന്മാര് പരാതിപ്പെടുന്നു. മിക്കവാറും അത്തരത്തില്‍ പരാതി കുറെനാളായി നമ്മുടെ ഭാഷയിലും പൊന്തിവന്നിട്ടില്ലേ?
യൂറോപ്പിലെ അനുഭവത്തിന്റെ യഥാര്‍ഥ കാരണങ്ങളിലേക്കു കടന്നുനോക്കുമ്പോള്‍ വ്യവസായവല്ക്കരണാല്പ്പരം, പുനസ്സംഘടിതമാവുന്ന സാമൂഹ്യജീവിതത്തില്‍, അതെവിടെയായാലും വേണ്ടില്ല, ദൂരാസ്വാദ്യമായ കവിതാരൂപത്തിന് ഭാവി ശോഭനമല്ലെന്ന് കാണാം. ഈയിടെ ഇംഗ്ലണ്ടില്‍ കവിതയ്ക്ക് മാര്‍ക്കറ്റുണ്ടാക്കാന്‍ അവിടവിടെ സദസ്സുകളില്‍ നേരിട്ടു സന്നിഹിതരായി കവികള്‍ താന്താങ്ങളുടെ ചൊല്ലിക്കേള്‍പ്പിക്കുന്ന ഒരുപരിപാടി ആരംഭിച്ചിട്ടുണ്ട്. ‘ലണ്ടന്‍ ടൈംസി’ന്റെ സാഹിത്യപ്പതിപ്പില്‍ അതിനെക്കുറിച്ച് വിസ്തരിച്ചെഴുതുകയുണ്ടായി. ചൊല്ലിക്കേള്‍പ്പിക്കുന്ന മട്ടില്‍ കവിതകള്‍ ടെയ്പ്പ്റിക്കാര്ഡില് പകര്‍ത്തി സൂക്ഷിക്കാനും എര്പ്പാടുണ്ടവിടെ. അച്ചടിച്ചുകണ്ടാല്‍ ശ്രദ്ധിക്കാതെ പോകുന്ന കവിതയിലേക്ക് തല്പ്രണേതാവിന്റെ അര്‍ഥം വച്ചുള്ള ചൊല്ലല്‍, ഒരുപക്ഷേ, ജനങ്ങളെ ആകര്‍ഷിച്ചേക്കും എന്നു കരുതിയാണ് ഈ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്.
ടൈംസിന്റെ സാഹിത്യപ്പതിപ്പില്‍ പറയുന്നത്, കഴിഞ്ഞ നാന്നൂറുകൊല്ലമായി കവിതയ്ക്ക് അച്ചടിയിലൂടെ നടത്താന്‍ കഴിഞ്ഞ രാജ്യഭാരം അവസാനിച്ചിരിക്കുന്നു എന്നും കാവ്യകലയ്ക്ക് വാമൊഴിയുടെ ഒരു പുതുയുഗത്തിലേക്ക് കടക്കേണ്ടിയിരിക്കുന്നു എന്നുമാണ്.
ഷേക്സ്പിയറൊഴിച്ച് മറ്റെത്ര കവികള്‍ വരമൊഴിയില്‍ ഇനിയും ജീവിക്കുമെന്നറിഞ്ഞുകൂടാ ഇംഗ്ലീഷുകാര്‍ക്ക്. വേര്‍ഡ്സ്വര്‍ത്ത് എന്നല്ല, ഷെല്ലിപോലും ദൂരാസ്വാദ്യതയാല് വരമൊഴിയില്‍ നിലനില്ക്കാതെ വന്നേക്കുമോ എന്നവര്‍ പേടിക്കുന്നുണ്ട്. എതാദൃശാഭിപ്രായങ്ങള് വായിക്കുമ്പോള്‍ മലയാള കവിതയുടെ ഭാവിയെക്കുറിച്ചും നമുക്ക് പേടിക്കേണ്ടതില്ലേ? എതായാലും ഒന്നുതീര്‍ച്ച: ഭാഷാവിദ്യയുടെ രൂപങ്ങള്‍ക്കും മാനവപരിണതികള്ക്കനുരോധമായി മാറ്റംവരും. ഒരു സാഹിത്യരൂപവും ശാശ്വതമല്ലെന്നു ചുരുക്കം.
മിക്കവാറും ഇതേ അഭിപ്രായം കാലേ സൂചിപ്പിച്ചുവച്ച ഒരേ ഒരു സാഹിത്യനായകനാണ് എ.ആര്.തമ്പരാന്. അതിപ്രധാനമായ മറ്റൊരു സംഗതികൂടി അദ്ദേഹം ഊന്നിപ്പറയുകയുണ്ടായി… ജീവിതാനുഭൂതികളില്നിന്നുയിരെടുക്കുന്ന അര്ഥകല്പനകള്കൊണ്ടേ കൈകാര്യം ചെയ്യാവൂ എന്ന സംഗതി. ആയുഷ്കാലം മുഴുവന്‍ സ്വാനുഭൂതികളെപ്പിടിച്ചെഴുതിയ എണസ്റ്റ് ഹെമിംഗ്വെയുടെ വിജയത്തിന്റെ രഹസ്യങ്ങളെ വിശകലനം ചെയ്യുന്നതിനിടയ്ക്ക് ഇന്നത്തെ ഒരമേരിക്കന്‍ സാഹിത്യകാരന് പോലും ഊന്നിയത് ഇതേകാര്യത്തിലാണ്. ജോണ്‍ കീറ്റ്സ് വിശ്വസിച്ചിരുന്നതുപോലെ, കവി ഒരു ദേവദൂതനായാല് പോരാ, മറിച്ച് തന്നില്‍ത്തന്നെയുള്ള മനുഷ്യന്റെ ദൂതനായിത്തീരുകതന്നെ വേണമെന്നും പ്രതിപാദനീയമായിത്തീരുന്ന അനുഭൂതികളെ രക്തസാല്ക്കരിക്കാന് കവിക്കു കഴിയണമെന്നുമാണ് അദ്ദേഹത്തിന്റെ മതം.
നവയുഗത്തിലേക്ക് കടന്നതില്‍പ്പിന്നെ മലയാള സാഹിത്യത്തിനൊരു വഴിത്തിരിവുണ്ടായിട്ടുണ്ടെങ്കില് ആ വഴിത്തിരിവിന്റെ ചൂണ്ടുപലക തമ്പുരാനല്ലാതെ മറ്റാരുമല്ലെന്ന് എനിക്കു തോന്നുന്നു. ആ തിരുമേനി എന്തിനുവേണ്ടി പടവെട്ടിയെന്നും ആ പടയുടെ പടഹധ്വനി എവിടത്തോളം മാറ്റൊലിക്കൊണ്ടിട്ടുണ്ടെന്നും പരിശോധിക്കാന്‍ ഉല്ക്കണ്ഠിതരാവുന്നവര്ക്ക് എന്റെ ഈ ശ്രമം ഒരുത്തേജനമാവുമെന്ന് വിശ്വസിക്കട്ടെയോ?
മുണ്ടശേരി
Leave a Reply