(അഞ്ച് വോല്യം)
മഹാകവി ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍

 

മഹാകവി ഉള്ളൂരിന്റെ കേരള സാഹിത്യചരിത്ര സംബന്ധിയായ ബൃഹദ് കൃതി. ആദ്യം എഴ് വോല്യങ്ങളില്‍ 64 അധ്യായങ്ങളായിട്ടായിരുന്നു തിരുവിതാംകൂര്‍ സര്‍വകലാശാല ഇതു പ്രസിദ്ധീകരിച്ചത്. കേരള സര്‍വകലാശാല ഇപ്പോള്‍ അത് അഞ്ച് വോല്യങ്ങളായി പുതിയ പതിപ്പ് ഇറക്കിയിട്ടുണ്ട്.
മഹാകവിയുടെ ഈ ഈടുറ്റ സംഭാവന അദ്ദേഹത്തിന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിക്കാനായില്ല. 1949 ജൂണ്‍ 15നാണ് ഉള്ളൂര്‍ അന്തരിക്കുന്നത്. മരണാനനന്തര ബഹുമതിയായി തിരുവിതാംകൂര്‍ സര്‍വകലാശാല ഇത് പ്രസിദ്ധീകരിച്ചത് 1953, 54,55,57 വര്‍ഷങ്ങളിലാണ്.
കേരള സാഹിത്യചരിത്രത്തില്‍ നാട്ടുചരിത്രമുണ്ട്, ഭാഷാചരിത്രമുണ്ട്, സംസ്‌കാരചരിത്രമുണ്ട്. ഗ്രന്ഥങ്ങളുടെയും ഗ്രന്ഥകാരന്മാരുടെയും കാലവും ജീവിതവുമല്ലാം ഉണ്ട്. ഗവേഷണമുണ്ട്. ഖണ്ഡനങ്ങളും മണ്ഡനങ്ങളുമായ സിദ്ധാന്ത സ്ഥാപനമുണ്ട്. കൃതികളുടെ ആസ്വാദനുമുണ്ട്. കടുത്ത വിമര്‍ശനമുണ്ട്. പ്രസ്ഥാനങ്ങളെ അവതരിപ്പിക്കുന്ന പ്രൗഢപഠനങ്ങളുണ്ട്.
മൂവായിരത്തോളം പേജുകളിലായി കിടക്കുന്ന ഇതില്‍ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും മാത്രം ചരിത്രമല്ല ഉള്ളത്. കേരളത്തില്‍ ജനിച്ച എല്ലാ ഭാഷകളും സാഹിത്യവും പ്രസ്ഥാനവും ആവിഷ്‌കൃതമാവുന്നു. ചെന്തമിഴ് സാഹിത്യത്തിനും സംസ്‌കൃത സാഹിത്യത്തിനും കേരളീയര്‍ നല്‍കിയ സംഭാവനകളെല്ലാം ചര്‍ച്ചചെയ്യുന്നു. കേരളീയനായ ഒരാള്‍ ഭാഷയേതോ ആകട്ടെ, ഒരു കൃതിയെങ്കിലും ചമച്ചിട്ടുണ്ടെങ്കില്‍ ഉള്ളൂരിന്റെ സാഹിത്യചരിത്രത്തില്‍ ഇടംകിട്ടിയിട്ടുണ്ടാകും.
മലയാളഭാഷയുടെ ഉല്പത്തിതൊട്ട് ഉള്ളൂര്‍ അന്തരിക്കുന്നതിന് ഒരുകൊല്ലം മുമ്പ് അകാലത്തില്‍ അന്തരിച്ച ചങ്ങമ്പുഴ വരെയുള്ള എഴുത്തുകാരുടെ കൃതികള്‍ അതില്‍ വിലയിരുത്തുന്നു. സാഹിത്യപ്രസ്ഥാനങ്ങളെ സവിസ്തരം പ്രതിപാദിച്ച് അതിലെ കൃതികളെ കാലനിര്‍ണയം ഉള്‍പ്പെടെ നടത്തിയിരിക്കുന്നു.
ഗ്രന്ഥങ്ങളുടെ കാലം സംബന്ധിച്ച പൂര്‍വ തര്‍ക്കങ്ങള്‍ വിലയിരുത്തുകയും സ്വന്തം അഭിപ്രായം സ്ഥാപിക്കുകയും ചെയ്യുന്നു. ദേശചരിത്ര പശ്ചാത്തലവും കാണാം.
കേരളസംസ്‌കാരവും സാഹിത്യവും പഠിക്കുന്നവര്‍ക്ക് അക്ഷയഖനിയാണ് കേരള സാഹിത്യചരിത്രം. ഉത്തമകൃതികള്‍ക്കും അധമകൃതികള്‍ക്കും തുല്യമായ പ്രാധാന്യം കവി നല്‍കിയിരിക്കുന്നു എന്നൊരു ആക്ഷേപം പണ്ടേ ഉയര്‍ന്നിട്ടുള്ളതാണ്.