ഹിമാലയത്തിലേക്കുള്ള വാതില്‍

ജിനദേവന്‍ ഹസു
കൃത്യസമയം അറിയില്ലെങ്കിലും  വൈകുന്നേരം അഞ്ച് മണിയോടടുപ്പിച്ചാണ് ഞങ്ങള്‍ ഹരിദ്വാറില്‍ കാലു കുത്തിയത്. ഞങ്ങള്‍ അഞ്ചു പേരുണ്ടായിരുന്നു. വിനയന്‍ മാമന്‍, ആലീസ് ആന്റി, അച്ഛന്‍ (ഹരി), അമ്മ (സുബി) പിന്നെ ഞാനും. ഈ സംഘത്തില്‍ വിനയന്‍ മാമനൊഴിച്ച് ബാക്കി നാലുപേരും ആദ്യത്തെ തവണയാണ്. എന്നാല്‍ മാമന്‍  ഇതു പതിമൂന്നാമത്തെ തവണയാണ്. മൂന്നുദിവസം ട്രെയിനിലിരുന്നിട്ട് ഹരിദ്വാറില്‍ കാല് കുത്തിയപ്പോള്‍ ഞാന്‍ എത്രമാത്രം ദൂരെയാണ് എന്ന് ആലോചിച്ചു. എന്റെ വീടിനെയും പുഴയെയും മറ്റുമൊക്കെ ഓര്‍മ്മ വന്നു. പക്ഷേ  പെട്ടെന്ന് ഞാനത് മറന്നു. ഇനിയെന്തെല്ലാം കാണാന്‍ കിടക്കുന്നു എന്നതായി എന്റെ ചിന്ത. ഞാനാദ്യം ഐസുകഷണങ്ങളെങ്ങാനും അവിടെക്കിടക്കുന്നുണ്ടോയെന്ന് കണേ്ണാടിച്ചുനോക്കി. ഇല്ല. പിന്നെ തണുക്കുന്നുണ്ടോയെന്നു ശരീരത്തില്‍ നോക്കി. ഇല്ല. ഐസും മഞ്ഞുമൊക്കെ വാരി എറിയണം. തണുത്തു വിറയ്ക്കണം. മഞ്ഞില്‍ കൂടി നടക്കണം എന്നതൊക്കെയായിരുന്നു എന്റെ ആഗ്രഹം. ഞാന്‍ വിചാരിച്ചിരുന്നത് വന്നിറങ്ങുന്ന സ്ഥലം മഞ്ഞുമൂടിക്കിടക്കുമെന്നായിരുന്നു. എന്നിട്ടെന്താ? മഞ്ഞുമില്ല! തണുപ്പുമില്ല! ഞാന്‍ നിരാശനായി.

പക്ഷേ ഇനി ഞാന്‍ തണുപ്പുകാരണം നിലവിളിക്കാന്‍ പോകുകയാണെന്നും, മഞ്ഞില്‍ നിന്നു കാലെടുക്കാന്‍ കൊതിക്കുമെന്നും ഞാനറിഞ്ഞിരുന്നില്ല.!

നിറയെ റിക്ഷകളും കടകളുമൊക്കെ കൊണ്ടു നിറഞ്ഞ ഒരു പട്ടണമായിരുന്നു ഹരിദ്വാര്‍. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നിറങ്ങി ഞങ്ങള്‍ നടക്കാന്‍ തുടങ്ങി. ഒരു മുറിയെടുക്കുകയായിരുന്നു ലക്ഷ്യം. എന്നിട്ട് വസ്ത്രം മാറ്റി കുളിക്കുക. നടക്കുന്നതിനിടയില്‍ ഞാന്‍ ഹരിദ്വാര്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു. നിറച്ചും ജനങ്ങള്‍. ടൂ വീലറുകള്‍, സ്വകാര്യ ബസുകള്‍, വളരെ ഇടുങ്ങിയ തെരുവുകള്‍, അവിടെയുള്ള ചെറിയ കടകള്‍ തുടങ്ങി പലതും. സൂര്യന്‍ കണ്ണില്‍ അടിച്ചു തുടങ്ങി. ഞങ്ങള്‍ വേഗം നടന്നു.

2
ഗംഗ

അത്ര കഷ്ടപ്പാടൊന്നുമില്ലാതെ ഒരു മുറി കിട്ടി. ഞങ്ങള്‍ പതുക്കെ ഇറങ്ങി നടക്കാന്‍ തുടങ്ങി. ഞാന്‍ അമ്മയോട് എങ്ങോട്ടാണ് പോകുന്നതെന്നു ചോദിച്ചു.

ഗംഗയിലേക്കാണെന്ന് അമ്മ പറഞ്ഞു. പെട്ടെന്ന് എനിക്ക് അത്ഭുതവും സന്തോഷവും തോന്നി! ഞാന്‍ അമ്മയോട് ആശ്ചര്യത്തോടെ ചോദിച്ചു. ഗംഗയില്‍ നമ്മള്‍ നടന്നാണോ പോകുന്നത്? അതെ എന്ന് അമ്മ പറഞ്ഞു.

നമ്മുടെ ഇടതും വലതുമായി ചെറിയ ചെറിയ കച്ചവട സ്ഥലങ്ങള്‍ കണ്ടു തുടങ്ങി. പെട്ടെന്നായിരുന്നു ഗംഗയുടെ കരയെത്തിയത്. നമ്മളെടുത്ത മുറിയില്‍ നിന്നും വളരെ കുറച്ചേ ദൂരമുണ്ടായിരുന്നുള്ളൂ ഗംഗയുടെ കരയിലേക്ക്. ഞാന്‍ ഗംഗ തെളിഞ്ഞതാണോയെന്ന് നോക്കി. ആവശ്യത്തിന് തെളിഞ്ഞ വെള്ളമായിരുന്നു ഗംഗയ്ക്ക്. ആളുകള്‍ ഗംഗയില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഓരോരുത്തരും സുരക്ഷക്കുവേണ്ടി വച്ച കമ്പിയില്‍ പിടിച്ചു മുങ്ങിക്കൊണ്ടിരുന്നു. ചിലര്‍ നീന്തുന്നു. പിന്നെയാണ് നോക്കിയത് സാധാരണ പുഴ ഒഴുകുന്നതുപോലെ അല്ല ഗംഗയൊഴുകുന്നത്. അത് മനുഷ്യ നിര്‍മ്മിതമാണ്. പിന്നെ വിനയന്‍ മാമന്‍ അതു പറഞ്ഞു തന്നു. ഇതല്ല യഥാര്‍ത്ഥ ഗംഗ. യഥാര്‍ത്ഥ ഗംഗ കുറച്ച് അപ്പുറത്താണ്. ഇതുവെറും കൃത്രിമ ഗംഗയാണ്. ഗംഗാ നദിയിലെ ജലം മുകളില്‍ വച്ച് ഭാഗിച്ച് അതില്‍ കുറച്ച് ജലം ഇങ്ങോട്ടൊഴുകുന്നു. ഇതില്‍ ഒരേ ആഴമാണ് അക്കരെ മുതല്‍ ഇക്കരെ വരെ ഒട്ടും ആഴമില്ലെന്നു വേണം പറയാന്‍! മാമന്‍ എപ്പോഴോ വന്നപ്പോള്‍ ഒരു പയ്യന്‍ ഈ കൃത്രിമ ഗംഗയുടെ നടുക്കുകൂടെ നടന്നു നടന്ന് മറുകരയിലെത്തിയത് കണ്ടുവത്രെ. അതിന്റെ വീഡിയോ കയ്യിലുണ്ടെന്നും പറഞ്ഞു.

പിന്നെ ശരിയായ ഗംഗ കാണാനായി നടന്നു. വഴിയരികില്‍ നിറയെ സന്യാസിമാരും തെരുവുജനങ്ങളുമുണ്ടായിരുന്നു. നടന്ന് നടന്ന് ശരിയായ ഗംഗയെത്തി. അവിടെ അത്രയ്ക്ക് ആളില്ലായിരുന്നു. നല്ല ശക്തിയിലാണ് ഗംഗയൊഴുകുന്നത്. അവിടെ നല്ല കലക്കലുണ്ടായിരുന്നു. പെട്ടെന്നാണ് ഞാന്‍ അക്കരെ നിറച്ചും നല്ല വെള്ള മണ്ണുകിടക്കുന്നത് കണ്ടത്. എനിക്ക് അവിടേക്ക് പോകണമെന്നു തോന്നി. പക്ഷേ ഇവിടെ സ്ഥിരമായി മലവിസര്‍ജ്ജനം ജനങ്ങള്‍ ചെയ്യുന്നത് കാരണം വല്ലാത്ത നാറ്റമായിരുന്നു. ഞങ്ങള്‍ പെട്ടെന്നു തന്നെ അവിടെ നിന്നു തിരിച്ചു. വഴിക്കു വച്ച് ഒരു ശിവലിംഗം ഇരിക്കുന്നതു കണ്ടു.

3
പുണ്യനദിക്കരയിലെ പാട്ടുകാരന്‍

ഗംഗയില്‍ മുങ്ങുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. കൃത്രിമ ഗംഗയില്‍ മുങ്ങാനായി നമ്മള്‍ വേഗം നടന്നു. ഞാന്‍ വെള്ളത്തിലേക്ക് കാലെടുത്തുവച്ചു. ഹൂശ്! എന്തൊരു തണുപ്പായിരുന്നു. എങ്കിലും ഞങ്ങള്‍ മുങ്ങി. ആദ്യം മുങ്ങിയപ്പോള്‍ എന്തോ പോലെ തോന്നി. പക്ഷേ  ഞാന്‍ പിന്നെയും പിന്നെയും മുങ്ങി. പിന്നെ നല്ല രസമായിരുന്നു. ഒരുപാടു തവണ മുങ്ങി. പിന്നെയാണ് ശ്രദ്ധിച്ചത്, എന്റെ കാല് മരവിക്കുകയാണ്. പെട്ടെന്ന് കയറി. ഞങ്ങള്‍ കയറിയപ്പോഴേക്കും സന്ധ്യയായിക്കഴിഞ്ഞിരുന്നു. ഞങ്ങള്‍ മുറിയിലേക്ക് നടന്നു. പാലത്തില്‍ കൂടെ നടന്നപ്പോള്‍ ആള്‍ക്കാര്‍ സ്വര്‍ണവും വിലകൂടിയ വസ്തുക്കളും ഒഴുക്കുന്നതു കണ്ടു. പകുതി എത്തിയപ്പോള്‍ തന്നെ മറ്റുചിലര്‍ അതു കുരുക്കിട്ടുപിടിക്കുന്നതും കണ്ടു.

പാലത്തിനപ്പുറം കടന്നു. പെട്ടെന്നാണ് ഒരു പാട്ടുകേട്ടത്. പാട്ടു കേട്ടിടത്തേക്ക് ഞങ്ങള്‍ ചെന്നു. വെള്ള ജുബ്ബ ധരിച്ച ഒരാള്‍ ചെറിയ ഒരു സിത്താര്‍ വച്ച് പാടുന്നു. അരികില്‍ ഒരു പിച്ചള പാത്രവുമുണ്ടായിരുന്നു. അതില്‍ ഒന്നും രണ്ടും രൂപ തുട്ടുകള്‍ കിടപ്പുണ്ടായിരുന്നു. ഒന്നുകൂടി ശ്രദ്ധിച്ചപ്പോഴാണ് ഒരുകാര്യം മനസ്‌സിലാക്കിയത്. അയാള്‍ അന്ധനായിരുന്നു! പാട്ടു നിര്‍ത്തി പതുക്കെ അയാള്‍ കൈകൂപ്പി തൊഴുതിട്ട് മുന്നിലെ പിച്ചളപാത്രത്തില്‍ തപ്പി നോക്കി. അതില്‍ ഉണ്ടായിരുന്ന നാണയത്തുട്ടുകള്‍ വളരെ തുച്ഛമാണെങ്കിലും അയാള്‍ അതുകൊണ്ട്  തൃപ്തിപ്പെടുന്നതുപോലെ തോന്നി. എന്നിട്ട് വീണ്ടും തൊഴുത് മറ്റൊരു ഗാനം പാടാന്‍ തുടങ്ങി. ഞങ്ങളും കുറച്ചു സമയം ഇരുന്നു കേട്ടു. സന്ധ്യ മയങ്ങിയപ്പോള്‍ ഞങ്ങള്‍ കുറച്ചു നാണയത്തുട്ടുകള്‍ അദ്ദേഹത്തിന്റെ പാത്രത്തിലേക്ക് ഇട്ട് നടന്നു.

നാളെ ഹരിദ്വാര്‍ ചുറ്റിക്കാണും. മറ്റന്നാളാണ് ഹിമാലയന്‍ യാത്ര ആരംഭിക്കുന്നത്

4
ഹരിദ്വാറില്‍

പിറ്റേന്ന് രാവിലെ തന്നെ ഉണര്‍ന്നു. പിന്നെയും ഗംഗയില്‍ മുങ്ങണമെന്നു തോന്നി, മുങ്ങി. പിന്നെ ദോശ കിട്ടുന്ന കടനോക്കിപ്പോയി.

അടുത്തത് മലമുകളിലുള്ള മാനസാദേവി ക്ഷേത്രത്തില്‍ പോകാനുള്ള ഒരുക്കമാണ്. അവിടേക്ക് നടന്നും പോകാം, ‘റോപ് വേ’ യില്‍ പോകാം. ഞങ്ങള്‍ ‘റോപ് വേ’യില്‍ പോകാന്‍ തീരുമാനിച്ചു. വലിയ ക്യൂവില്‍ നിന്ന് എങ്ങനെയെങ്കിലും ടിക്കറ്റ് ഒപ്പിച്ചു. അതൊരു വ്യത്യസ്തമായ അനുഭവമായിരുന്നു. ആദ്യം എനിക്കു വളരെ ഭയം തോന്നി. ഞങ്ങള്‍ കയറിയിരുന്നു. അതു പതുക്കെ പതുക്കെ പൊങ്ങാന്‍ തുടങ്ങി. ഉയരം കൂടി കൂടി വന്നു.

ഞാനമ്മയുടെ കൈയില്‍ മുറുകെ പിടിച്ചു. താഴോട്ട് നോക്കി. ഞെട്ടിപ്പോയി. പിന്നെ നോക്കാന്‍ കഴിഞ്ഞില്ല. അമ്മ പറഞ്ഞപ്പോഴാണ് അത് ഞാന്‍ ശ്രദ്ധിച്ചത്. ഹരിദ്വാര്‍ പകുതിയും കാണാന്‍ പറ്റുന്നു. തിരിച്ചുവിടുന്ന ഗംഗയും ഒരു വലിയ ശിവപ്രതിമയും കണ്ടു.

മുകളില്‍ ക്ഷേത്രത്തിലെത്തി. ക്ഷേത്രം കുറേയേറേ കാണാനുമുണ്ടായിരുന്നു. കല്ലില്‍ കൊത്തിയ ചിത്രപ്പണികളും വിഗ്രഹങ്ങളും തൂണുകളും മറ്റുമൊക്കെ. എന്നാലും ഇവയൊക്കെ കുറച്ചേ കാണാന്‍ കഴിഞ്ഞുള്ളൂ. റോപ്പ്‌വേയില്‍ പോകുന്നവര്‍ക്ക് ഒരു വരിയുണ്ടായിരുന്നു.

തിരിച്ച് റോപ്പ്‌വേയില്‍ ഇറങ്ങി വന്നപ്പോള്‍ മുമ്പത്തെയത്ര പേടി തോന്നിയില്ല. തിരിച്ചിറങ്ങി ഹരിദ്വാറും ഗംഗാ തീരവുമൊക്കെ കറങ്ങി.

സന്ധ്യയാകാറായപ്പോള്‍ റൂമിലേക്ക് തിരിച്ചുപോയി. പോകുംവഴിക്ക് ആ അന്ധനായ പാട്ടുകാരന്‍ പാട്ടുതുടങ്ങിയിരുന്നു. ഞങ്ങള്‍ നാണയത്തുട്ടുകളിട്ടു മടങ്ങി.

റൂമിലെത്തി.  നാളെ മുകളിലേക്കുള്ള യാത്ര ആരംഭിക്കുകയാണ്. ഒന്നു വേഗം രാവിലെയാകണേയെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു കിടന്നു.

5
യാത്രാരംഭം

രാവിലെ തെരുവുകളില്‍ ഒന്നും തന്നെ വെളിച്ചം വീണിട്ടുണ്ടായിരുന്നില്ല. ഒരു ഓട്ടോയില്‍ ബസ്‌സ്റ്റേഷനിലെത്തി. പക്ഷേ ബസ് പോയിരുന്നു. ഏറെ സമയം സ്റ്റേഷനില്‍ കുത്തിയിരുന്നു. എന്തോ ഭാഗ്യത്തിന് ഒരു പ്രൈവറ്റ് ബസ് വന്നു. അതില്‍ കയറി. പിന്നെ സന്തോഷമായി. പെട്ടെന്ന് ബസ് പുറപ്പെടണേയെന്നായിരുന്നു പ്രാര്‍ത്ഥന. കുറേനേരം കഴിഞ്ഞപ്പോള്‍ ബസ് പുറപ്പെട്ടു. ഞാനും അച്ഛനും കൈയടിച്ചു. വളരെ ചെറിയ ബസ് ആയിരുന്നു അത്. തീരെ ഞെരുങ്ങി ഒട്ടും പൊക്കമില്ലാത്തത്. അത് എന്തിനായിരുന്നുവെന്ന് പിന്നീട് എനിക്ക് മനസ്‌സിലായി. അത് പറയാറായിട്ടില്ല.

ഞാന്‍ പുറത്തുള്ള കാഴ്ചകളിലേക്ക് നോക്കി.

6
പ്രകൃതിയുടെ ഭയാനക സൗന്ദര്യം

‘പ്‌ളാസ്റ്റിക് നിരോധിച്ചിരിക്കുന്നു”! എന്ന അര്‍ത്ഥം വരുന്ന ഹിന്ദിയും ഇംഗ്‌ളീഷും ബോര്‍ഡില്‍ നിന്നു കണെ്ണടുത്തു. ഒരു തടാകത്തില്‍ നിറഞ്ഞു കിടക്കുന്ന പ്‌ളാസ്റ്റിക് ആണ് ഞാന്‍ കണ്ടത്. പെട്ടെന്ന് അതിനിടയില്‍ നിന്നും പ്‌ളാസ്റ്റിക് കവറും വായില്‍ വച്ച് ഒരു തലപൊങ്ങി വന്നു! ഒരു പന്നി! വീണ്ടും ബസ് മുമ്പോട്ടു പോയി. ഒരു ഡാം കണ്ടു. പതിയെ പതിയെ കാട്ടിനകത്തേക്കു ബസ് കയറി. ഒരു മയിലവിടെ പീലിനിവര്‍ത്തി നില്‍ക്കുന്നതു കണ്ടു. ബസ് ഉയരത്തിലേക്കു കയറി. ചെറിയ ഹെയര്‍ പിന്നുകള്‍ തുടങ്ങി. അതിമനോഹരമായിരുന്നു പ്രകൃതി. പച്ചപ്പുകളിലൂടൊഴുകുന്ന പുഴകളും മനോഹരമായ മരങ്ങളും അന്തരീക്ഷവും തുടങ്ങി എല്ലാം കൊണ്ടും വളരെ മനോഹരമായിരുന്നു. മുകളില്‍ പടുകൂറ്റന്‍ പര്‍വ്വതങ്ങള്‍ കണ്ടു. അവിടെ അതിസാഹസികര്‍ മാത്രമാണ് പോകുന്നതെന്നും ഞാനെക്കെ അവിടെക്കേറിയാല്‍ നിലവിളിക്കുമെന്നും ഞാന്‍ ധരിച്ചു. എന്നാല്‍ ഈ ബസ് അങ്ങോട്ടാണ് പോകുന്നതെന്നും, ഇതിലും ഭയാനകമായ പര്‍വ്വതങ്ങളും കൊടുമുടികളും കാണാന്‍ കിടക്കയാണ് എന്നും ഞാന്‍ അറിഞ്ഞിരുന്നില്ല!.

ബസ് മുകളിലേക്ക് കയറും തോറും പ്രകൃതിഭംഗി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഒപ്പം ഭയവും. അതെ, ഉയരംകൂടുംതോറും ഭയം ഉയരുകയായിരുന്നു. അതിഭീകരമായ താഴ്ചയായിരുന്നു താഴെ. കൂടാതെ മുകളില്‍ കൂര്‍ത്തു നില്‍ക്കുന്ന പാറക്കെട്ടുകളും. അവയില്‍ തട്ടാതെ പോകാനാണ് ഈ ചെറിയ ബസ് എന്ന് എനിക്കു മനസ്‌സിലായി. ഞാന്‍ സ്വപ്നത്തില്‍ മാത്രം കണ്ടിരുന്ന സ്ഥലങ്ങളായിരുന്നു അവ. പടുകൂറ്റന്‍ പര്‍വ്വത നിരകള്‍, അവയില്‍ ചുംബിച്ചു നടക്കുന്ന മേഘക്കൂട്ടങ്ങള്‍. ഇളം പച്ചപ്പുല്ലുകള്‍. അതില്‍ ചെറിയ മഞ്ഞുകണങ്ങള്‍ പറ്റിയിരുന്നു. സൂര്യന്റെ വെയിലേറ്റ് മറ്റൊരു സൂര്യന്‍ ആ മഞ്ഞുതുള്ളിയില്‍ പ്രകാശിച്ചു. പലതരം മരങ്ങള്‍. ഏതൊരാളിന്റെ മനസ്‌സിലും സന്തോഷം പകരുന്നവയായിരുന്നു ആ മനോഹര ദ്യശ്യങ്ങള്‍. പക്ഷേ മഞ്ഞുമലകള്‍ ഒന്നും കണ്ടില്ല. ഞാന്‍ വിനയന്‍ മാമനോട് ചോദിക്കാനായി തിരിഞ്ഞു. പക്ഷേ മാമന്‍ പുറത്തേക്കു നോക്കിയിരിക്കുകയായിരുന്നു. അമ്മയുള്‍പ്പെടെ എല്ലാവരും പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. പിന്നീട് ഞാന്‍ തന്നെ അടുത്തെങ്ങാനും മഞ്ഞുമലയുണ്ടോയെന്നു നോക്കി. അടുത്തെങ്ങും മഞ്ഞുമല കണ്ടില്ല. പക്ഷേ ഞാനൊന്ന് താഴേക്ക് നോക്കി. അറിയാതെ അയ്യോ! എന്ന് വിളിച്ചുപോയി. അസാമാന്യ താഴ്ചയായിരുന്നു അത്. ഞാനറിയാതെ ഉറങ്ങിപ്പോയി. (ബോധം കെട്ടു എന്നു വേണം പറയാന്‍..!!!)

7

മുകളിലേക്ക്….

ഞാന്‍ ഉണര്‍ന്നപ്പോള്‍ സ്ഥലമൊക്കെ മാറിക്കഴിഞ്ഞിരുന്നു! മുഴുവന്‍ ഒരു പട്ടണപ്രദേശം. വീടുകള്‍, കടകള്‍, മറ്റു കെട്ടിടങ്ങള്‍ തുടങ്ങി പലതും. എനിക്കാകെ അത്ഭുതമായി! ഇത്രയും ഉയരത്തില്‍ ഇങ്ങനെയും സ്ഥലങ്ങളോ? ബസ് നീങ്ങിക്കൊണ്ടേയിരുന്നു. മുമ്പത്തെ പോലെ മലയും, പര്‍വതങ്ങളും, മരങ്ങളുമൊക്കെ കാണാതെ ഞാന്‍ നിരാശനായി. ഇടയ്ക്ക് ബസ് ഒരു സ്ഥലത്തു നിര്‍ത്തി. അപ്പോഴേക്കും ഉച്ചയായിരുന്നു. അവിടെ ഒരു ഹോട്ടലില്‍ക്കയറി ഭക്ഷണം കഴിച്ചു.

പിന്നെയും ബസ് പുറപ്പെട്ടു. വീണ്ടും പര്‍വ്വതങ്ങളും മറ്റും കണ്ടുതുടങ്ങി. ഞാന്‍ പതുക്കെ താഴേക്ക് നോക്കി. ഞാന്‍ ഉറങ്ങുന്നതിനുമുന്‍പ് ഹരിദ്വാറും ഗംഗയും കാണാമായിരുന്നു. ഇപ്പോള്‍ അതുമില്ല. അത്രക്ക് ഉയരത്തിലായിരുന്നു നമ്മള്‍. ചെറിയ ഒരു തണുപ്പുതുടങ്ങിയോയെന്ന് എനിക്ക് തോന്നി. ഞാന്‍ തുണി ചെവിയിലേക്ക് പിടിച്ചിട്ടു. പുറത്തേക്ക് നോക്കിയിരുന്നു. ബസ് പല പാലങ്ങളും, റോഡുകളും കടന്നു. ചിലയിടത്ത് പട്ടാളക്കാര്‍ ടെന്റില്‍ താമസിച്ചിരിക്കുന്നതും കണ്ടു. കാരണം എനിക്ക് ഉടനെ തന്നെ മനസ്‌സിലായി.

നമ്മുടെ ബസ് പെട്ടെന്നു നിന്നു. ഞാന്‍ മുമ്പു പറഞ്ഞില്ലേ, വലിയ പാറക്കെട്ടുകള്‍ കൂര്‍ത്തിരിക്കുന്നത്. അതില്‍ക്കൂടി തുരന്നാണ് ഇവിടെ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ആ പാറക്കെട്ടുകള്‍ ചിലത് അടര്‍ന്നു റോഡില്‍ വീണു. അഥവാ ഞങ്ങളിരിക്കുന്ന ബസേ്‌സാ, അല്ലെങ്കില്‍ മറ്റുവാഹനങ്ങളോ പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ മുകളിലാണ് ഇവ വീഴുന്നതെങ്കിലോ. ചിലയിടത്ത് ‘ഡേന്‍ജര്‍’എന്ന് എഴുതി വച്ചിരുന്നു. അപ്പോള്‍ എത്ര അപകടം പിടിച്ചതാണ് നമ്മുടെ യാത്ര എന്ന് നോക്കണേ….! പക്ഷേ അതിലും കഷ്ടമായിരുന്നു ഞാന്‍ പറഞ്ഞ പട്ടാളക്കാരുടെ അവസ്ഥ. അവര്‍ അവിടെ പാഞ്ഞെത്തി. അതിവേഗം തടസ്‌സം മാറ്റി. വണ്ടികള്‍ വിട്ടു. ഇങ്ങനെ അവര്‍ ഇരുപത്തിനാലു മണിക്കൂറും പണിചെയ്യും. ഇങ്ങനെയുള്ള തടസ്‌സങ്ങള്‍ മുഴുവന്‍ അവര്‍ ഇടപെട്ടുശരിയാക്കും. ബസ് ഒരു ഹെയര്‍പിന്‍ കേറിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ വിനയന്‍മാമന്‍ എന്നെ തട്ടി വിളിച്ചു ചൂണ്ടിക്കാണിച്ചു. മഞ്ഞുകൊണ്ട് മൂടിക്കിടക്കുന്ന ഒരു കൊടുമുടി. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ചിത്രങ്ങളിലും മറ്റും മാത്രം കാണുന്ന കാഴ്ച. നല്ലതുപോലെ ഒന്നു കാണുന്നതിനു മുമ്പ് ബസ് വളവുതിരിഞ്ഞു. പക്ഷേ പിന്നെ തുടരെ മഞ്ഞുമലകളും മറ്റും കണ്ടുതുടങ്ങിയിരുന്നു. മാനം ചുവന്നിരുന്നു. മഞ്ഞുമലകള്‍ ഓറഞ്ചുനിറത്തില്‍ കാണപ്പെട്ടു. ചെറിയ ചെറിയ അരുവികള്‍ പല സ്ഥലങ്ങളില്‍ നിന്നും ഒഴുകിവരുന്നു. ഇടക്കു ചില ‘പോണി’കളെ കണ്ടു (കുതിരയും കഴുതയും ചേര്‍ന്ന കോവര്‍കഴുതകളാണിവ).

കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ബസ് നിര്‍ത്തി. സന്ധ്യ ആയിക്കഴിഞ്ഞിരുന്നു. ബസ്‌സില്‍ നിന്ന് ഇറങ്ങി. ഒരു മനോഹരമായ പട്ടണമായിരുന്നു അത്. മഞ്ഞുമൂടിക്കിടക്കുന്ന മലകള്‍ക്കിടയില്‍ ഒരു ചെറിയ പട്ടണം. അതായിരുന്നു ‘ജോഷിമഠ്’.

അവിടെ ഞങ്ങളൊരു റൂമെടുത്തു. റൂമില്‍ ആവശ്യത്തിന് എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. പക്ഷേ അതിലും ഇഷ്ടമായത് അതിനടുത്തെ സ്ഥലങ്ങളായിരുന്നു. നല്ല തണുപ്പുണ്ടായിരുന്നു. പടുകൂറ്റന്‍ പര്‍വ്വതങ്ങളും മഞ്ഞുമൂടിക്കിടക്കുന്ന കൊടുമുടികളും കണ്‍കുളിര്‍ക്കേകണ്ട് ആ ദിവസം കഴിച്ചു.

8
ബദരീനാഥ്

ഞാന്‍ ഉണര്‍ന്ന് പല്ല് തേച്ചതെങ്ങനെയെന്ന് എനിക്ക് അറിയില്ല. അത്രക്ക് തണുപ്പായിരുന്നു വെള്ളത്തിന്. തൊട്ടാല്‍ പൊള്ളും. പൊള്ളുമെന്നു വച്ചാല്‍ ചൂടുകൊണ്ടല്ല. തണുപ്പുകൊണ്ട്. ഇന്ന് ‘ബദരീനാഥി’ലേക്കാണ് പോകുന്നത്.

‘പാണ്ഡവര്‍’ യുദ്ധത്തില്‍ വിജയം നേടാന്‍ ഹിമാലയ പര്‍വ്വതത്തില്‍ ശിവനെ അന്വേഷിച്ചു നടന്നു. ശിവന്‍ പിടികൊടുക്കാതെ ഒരു കാളയായി നടന്നു. പക്ഷേ ഭീമന്‍ അത് തിരിച്ചറിയുകയും ശിവനെ ചാടിപ്പിടിക്കുകയും ചെയ്തു. പക്ഷേ കാളയായി രൂപം മാറിയ ശിവന്റെ അവയവങ്ങള്‍ ഹിമാലയത്തിലെ തുംഗനാഥ്, കേദാര്‍നാഥ്, ബദരീനാഥ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് തെറിച്ചു പോയി.

ബദരീനാഥിലേക്കുള്ള ബസ് കയറാന്‍ ഞങ്ങള്‍ ഭക്ഷണം കഴിഞ്ഞ് കാത്തുനിന്നു. പക്ഷേ എത്ര നേരമായിട്ടും ബസ് മാത്രം വന്നില്ല! അവസാനം ഞങ്ങള്‍ ഒരു ഷെയര്‍ടാക്‌സി പിടിച്ചു.

പറഞ്ഞറിയിക്കാന്‍ പറ്റുന്നതിലുമധികം മനോഹരമായിരുന്നു, ഞാന്‍ സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ലാത്തയത്ര മനോഹരമായിരുന്നു അവിടം. മാനം മുട്ടെ നില്‍ക്കുന്ന കൊടുമുടികള്‍, മഞ്ഞുമലകള്‍, പുല്‍മേടുകള്‍, പൂക്കള്‍, അരുവികള്‍ തുടങ്ങിയവ കൂടാതെ വളരെ തെളിഞ്ഞ ഒരു ദിവസവും. അതി മനോഹരമായ താഴ്‌വാരമായിരുന്നു താഴെ. ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍, താഴെ മനോഹരമായ പുല്‍മേടുകള്‍ക്കിടയില്‍ നില്‍ക്കുന്ന പൂക്കള്‍. ഇങ്ങനെ പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ വണ്ടി നിന്നു. റോഡില്‍ എന്തോ തടസ്‌സമുണ്ട്. പട്ടാളക്കാര്‍ വന്ന് ജോലി തുടങ്ങി. ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങി. അവിടെ ഒരു കാള നില്‍പ്പുണ്ടായിരുന്നു. അത് ആള്‍ക്കാരോട് ഇണങ്ങിച്ചേര്‍ന്നു നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. വൈകാതെ എന്നോടും അതിണങ്ങി. ഞാനതിനെ തൊട്ടു. ഞാന്‍ പലതരം പച്ചിലകള്‍ പറിച്ച് അതിനു കൊടുത്തുകൊണ്ടിരുന്നു. ഞാനാവേശപൂര്‍വ്വം, കണ്ടിട്ടില്ലാത്ത ഒരു ചെടിയുടെ ഇല വലിച്ചു. എന്റെ കണ്ണില്‍ പൊന്നീച്ച പറന്നു. ആയിരക്കണക്കിന് സൂചികള്‍ എന്റെ കൈയ്യില്‍ കുത്തിയിറക്കുന്നതുപോലെ തോന്നിച്ചു. ഞാന്‍ കൈപൊത്തിപിടിച്ചുകൊണ്ട് വണ്ടിയില്‍ കയറിയിരുന്നു. വണ്ടി പുറപ്പെട്ടു. കാള എന്നെത്തന്നെ സൂക്ഷിച്ചുനോക്കി. ഞാന്‍ കൈ വീശി. പക്ഷേ നീറ്റലുകാരണം കൈ താഴ്ത്തി. പിന്നെ ആ ചെടി കണ്ടാല്‍ എനിക്ക് തിരിച്ചറിയാം. അറിയാത്ത ഒന്നിലും കേറിപിടിച്ചിട്ടുമില്ല. അന്ന് അമ്മയുടെയും അച്ഛന്റെയും വിവാഹ വാര്‍ഷികമായിരുന്നു. വണ്ടി ബദരീനാഥിലെത്തി. ഞങ്ങളിറങ്ങി. വണ്ടിയുടെ മുകളില്‍ നിന്നും അമ്മ ബാഗും സാധനങ്ങളും വലിച്ചെടുത്തു. ഹിമാലയത്തില്‍ വച്ച് എന്തെങ്കിലും അസുഖം വന്നാല്‍ കഴിക്കാന്‍ വേണ്ടി കുറേ മരുന്നു വാങ്ങിയിരുന്നു. ‘ഠപ്പേ’ ബാഗ് വലിച്ചെടുത്തതും മരുന്നു മുഴുവന്‍ പൊട്ടിത്തകര്‍ന്നു.

തേങ്ങയടിക്കുന്നതിനു പകരമായി മരുന്നുകള്‍ അടിച്ചു നിവേദിച്ചു എന്നു പറഞ്ഞ് അതുമറന്നു.

ഞങ്ങള്‍ ക്ഷേത്രത്തിലേക്കു കയറി. ഭീമാകാരന്‍മാരായ പര്‍വ്വതങ്ങള്‍ക്കും കൊടുമുടികള്‍ക്കുമിടയിലായിരുന്നു ക്ഷേത്രം. ഇക്കാരണം കൊണ്ടു ക്ഷേത്രത്തിന്റെ ഭംഗി വര്‍ദ്ധിച്ചു.

ക്ഷേത്രത്തിനകത്തു കടക്കണമെങ്കില്‍ ക്യൂ നില്‍ക്കണം. ഞങ്ങളും ക്യൂ നിന്ന് അകത്തുകയറി. അതിമനോഹരമായ ചിത്രപ്പണികളായിരുന്നു ക്ഷേത്രത്തിനകത്ത്. അതുപോലെ തണുപ്പും. ക്ഷേത്രം കുറേ നേരം നടന്നു കണ്ടു. വലിയ നിറപ്പകിട്ടായിരുന്നു ക്ഷേത്രത്തിന്. ഇതിനിടയില്‍ എന്റെ കൈയ്യിലിരുന്ന ചെറിയ ഷോള്‍ കളഞ്ഞുപോയി.

ക്ഷേത്രത്തില്‍ നിന്നും പ്രസാദം കിട്ടി. നമ്മുടെ ജീരകമിഠായികളായിരുന്നു അവിടുത്തെ പ്രസാദം. പിന്നെപ്പോയത് ചൂടു നീരുറവയിലേക്കാണ്.

ഇത്രയും തണുപ്പുള്ള സ്ഥലത്ത് ചൂടുവെള്ളം പ്രവഹിക്കുന്ന ഒരുറവ. അതു തണുത്ത വെള്ളത്തില്‍ ചേര്‍ത്തു കെട്ടിനിര്‍ത്തിയിരുന്നു. അതിലിറങ്ങിക്കുളിച്ച് ഭക്തര്‍ അതിനെ വളരെ അഴുക്കുള്ളതാക്കി മാറ്റിയിരുന്നു.

ക്ഷേത്രത്തിനപ്പുറം കുറേ മലകളും പര്‍വ്വതങ്ങളും കണ്ടു. മാമന്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്, അവിടെയുള്ള മാനാഗ്രാമത്തിനപ്പുറമുള്ള മലകള്‍ക്കും അപ്പുറം ചൈനയാണ്. സമയക്കുറവുമൂലം മാനായിലേക്ക് പോകാന്‍ കഴിഞ്ഞില്ല. നിരാശ തോന്നിയെങ്കിലും, ഇത്രയും കാണാന്‍ കഴിഞ്ഞില്ലേ എന്ന സന്തോഷവും സ്ഥലത്തിന്റെ ഭംഗിയും കൊണ്ട് ഞാനതു മറന്നു.

ഞങ്ങള്‍ ബദരീനാഥിനോട് വിടപറഞ്ഞു. ഞങ്ങളെ ഇവിടെക്കൊണ്ടാക്കിയ ഡ്രൈവറെത്തന്നെ തിരിച്ചിറങ്ങാനും കിട്ടി.

തിരിച്ചിറങ്ങുന്നതിനിടയില്‍ ഒരു വലിയ ഗേ്‌ളഷ്യര്‍ പാളി കിടക്കുന്നതുകണ്ടു. വണ്ടിക്കു പുറത്തു നിന്നിരുന്ന ആളോടു പറഞ്ഞ് ഒരു കഷണം കൈക്കലാക്കി. കൈകള്‍ വേദനിച്ചപ്പോള്‍ കളഞ്ഞു. ഇതിലും വലുത് കാണാമെന്ന് മാമന്‍ പറഞ്ഞു.

9
ഗോവിന്ദ്ഘട്ട്

ഞങ്ങള്‍ പിന്നെ പോയത് ഗോവിന്ദ്ഘട്ടിലേക്കാണ്. അവിടെ തങ്ങിയിട്ട് മറ്റൊരു സ്ഥലത്തേക്ക് പോകും. ഞങ്ങള്‍ റൂമന്വേഷിച്ച് നടന്നു. അവസാനം രണ്ട് റൂം കിട്ടി. ഞാന്‍ ഗ്രില്ലിലൂടെ പുറത്തേക്ക് നോക്കി. ഒരു വലിയ കാടു കണ്ട് ഞാന്‍ പുറത്തിറങ്ങി നോക്കി. പിന്നെയാണ് ഞാന്‍ ശ്രദ്ധിക്കുന്നത് അത് നോക്കെത്താ ദൂരം ഉയരമുള്ള പര്‍വ്വതമാണ്. അവിടെക്കൂടെ ഒരു ചെറിയ വഴികണ്ടു. അതുവഴിയാണ് നമ്മള്‍ പോകുന്നതെന്ന് വിനയന്‍മാമന്‍ പറഞ്ഞു. അവിടെ നിറയെ കോവര്‍കഴുതകളുണ്ടായിരുന്നു. ഒന്നു രാവിലെ ആയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചുകൊണ്ട് ഞാന്‍ ഉറങ്ങി.

10
പുഷ്പങ്ങളുടെ താഴ്‌വരയിലേക്ക്…

ഞങ്ങള്‍ ഇന്നു പോകുന്നത് പുഷ്പങ്ങളുടെ താഴ്‌വരയിലേക്കാണ്. രാവിലെ നടന്നു തുടങ്ങി. നടന്നപ്പോഴേ തളര്‍ന്നു തുടങ്ങി. എങ്കിലും കാണാനുള്ള കാര്യങ്ങള്‍  ഓര്‍ക്കുമ്പോള്‍ മനക്കരുത്തു കൂടും. ഏറെക്കയറി. കയറും തോറും പ്രദേശത്തിന്റെ ഭംഗി കൂടിക്കൊണ്ടിരുന്നു. അതിനൊപ്പം ഒരു കാര്യവും, കോവര്‍കഴുതകളുടെ ചാണകവും. അസഹ്യമായ ഗന്ധമായിരുന്നു അവയ്ക്ക്. ഞങ്ങള്‍ക്ക് എന്തെങ്കിലും കഴിക്കണമെന്നുണ്ട്. പക്ഷേ എവിടെയെങ്കിലും ഒന്നിരുന്നാല്‍ ഈച്ചകള്‍ പൊതിയും. പക്ഷേ താഴ്‌വരയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന, അതിമനോഹരമായി പുഷ്പിച്ചുനില്‍ക്കുന്ന മരങ്ങള്‍. അതിനിടയിലൂടെ ഒരു വലിയ വെള്ളച്ചാട്ടം കാണാം. പലതരം പൂക്കള്‍, സസ്യങ്ങള്‍, പര്‍വ്വതങ്ങള്‍ ഇവയൊക്കെ കണ്ടപ്പോള്‍ മനസു കുളിര്‍ത്തു.

ഏറെ നടന്നു. ഇതെന്താ എത്താത്തത്? എന്റെ മനസു ചോദിച്ചുകൊണ്ടിരുന്നു. ഏറെക്കയറി തളര്‍ച്ചതോന്നി. ഞാനും അച്ഛനും മുന്‍പേ പോയി ഒരു സ്ഥലത്ത് ഇരുന്നു. അവിടെയിരുന്നു നോക്കി. ദൂരെ ഹിമശൈലങ്ങള്‍ തലപൊക്കി നില്‍ക്കുന്നു. ചിലയിടങ്ങളില്‍ ഗേ്‌ളഷ്യര്‍പാളികള്‍ ഒലിച്ചിറങ്ങിക്കിടക്കുന്നു. അതിനടിയില്‍ക്കൂടെ അരുവികളൊഴുകുന്നുണ്ട്. അതിന്റെ കളകളനാദവും പക്ഷികളുടെ മനോഹരമായ അദൃശ്യ സംഗീതവും ആസ്വദിച്ച് ഞങ്ങളിരിക്കേ ഒരു ചെറുപ്പക്കാരന്‍ വന്നു. കുറച്ച് സമയം നമ്മുടെ അടുത്തിരുന്നു. കുറച്ചു സമയത്തിനുശേഷം ഒന്നു പുഞ്ചിരിച്ച് നടന്നു തുടങ്ങി. ഏറെ സമയം കഴിഞ്ഞു. പിന്നെയാണ് ശ്രദ്ധിച്ചത് ആ ചെറുപ്പക്കാരന്‍ കൊണ്ടുവന്ന ഒരു കുപ്പി എണ്ണ അവിടെ മറന്നുവച്ചിരിക്കുന്നു.

ഞാനും അച്ഛനും കൂടെ എണ്ണയും പൊക്കിയെടുത്ത്  അയാളെ കണ്ടുപിടിക്കാനായി ഓടി. പക്ഷേ അതിഭയങ്കരമായ വേഗതയായിരുന്നു അയാള്‍ക്ക്. ഞങ്ങള്‍ ഏറെ ഏറെ ദൂരം ഓടി. ഞങ്ങളുടെ കണ്‍മുന്നില്‍ പക്ഷികളുടെ മധുരസ്വരവും, തിളക്കത്തോടെ ഒഴുകുന്ന പുഴകളും ഗേ്‌ളഷ്യര്‍ പാളികളും വന്‍മരങ്ങളും മറ്റുമൊക്കെ മാറി മാറി പൊയ്‌ക്കൊണ്ടിരുന്നു.  ഒരുപൊട്ടുപോലെ അയാളെക്കണ്ടു. ഞങ്ങള്‍ ഓടിച്ചിട്ടു പിടിച്ചു. ഞങ്ങള്‍ എണ്ണക്കുപ്പികൊടുത്തു. അയാള്‍ നന്ദി പറഞ്ഞു നടന്നു.

ചുരുങ്ങിയ സമയംകൊണ്ട് ഏറെ ദൂരം പിന്നിട്ടത് പിന്നെയാണ് ശ്രദ്ധിച്ചത്. ഞങ്ങള്‍ വീണ്ടും ഇരുന്നു. ഞങ്ങളുടെ മുന്‍പില്‍ ഒരു വെള്ളച്ചാട്ടമുണ്ടായിരുന്നു. ഏറെ ഉയരത്തില്‍ നിന്നായതിനാല്‍ അത് വായുവില്‍ വച്ചു തന്നെ പകുതിഭാഗം വെള്ളവും ചിതറി മാഞ്ഞുപോകുന്നതും ഞാന്‍ കണ്ടു. ബാക്കി വരുന്ന വെള്ളം ഒരു ഗേ്‌ളഷ്യര്‍ പാളിക്കകത്തേക്ക് ഇടിച്ചു കയറുന്നു. പിന്നീട് കുറച്ചു സമയത്തേക്ക് വെള്ളം ഗേ്‌ളഷ്യര്‍ പാളികള്‍ക്കിടയിലൂടെ ഒഴുകും. പുറത്തെത്തുമ്പോള്‍ ഇരട്ടിയുടെ ഇരട്ടി വെള്ളം കാണും. ഐസ് കഷണങ്ങള്‍ പൊങ്ങിക്കിടന്നിരുന്നു. ഇവിടെ വേനല്‍ക്കാലത്താണ് വെള്ളപ്പൊക്കമുണ്ടാകുന്നതെന്നുള്ള കാര്യം ഒന്നുകൂടി ആലോചിച്ചു. മുകളില്‍ ഭയാനകമായ കൊടുമുടികളും പര്‍വ്വത നിരകളും കാണാമായിരുന്നു. പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കേണ്ടതാണ്. മാമനും അമ്മയുമൊക്കെ വരുന്നതു കണ്ടു. ഞങ്ങള്‍ എണ്ണക്കുപ്പി എത്തിച്ച കഥ പറഞ്ഞു.

ഞങ്ങള്‍ വീണ്ടും നടന്നു. എത്ര വര്‍ണ്ണിച്ചാലും പ്രകൃതിയുടെ മനോഹരമായ ദൃശ്യങ്ങള്‍ അക്ഷരങ്ങളിലൊതുക്കാന്‍ കഴിയുന്നില്ല. ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണെന്ന് അറിയാതെ തോന്നിപേ്പാകും. കണ്ണിന്റെ വിലതന്നെ അപ്പോള്‍ വളരെ വിലപ്പെട്ടതാണെന്ന് തോന്നിപ്പോകും.

11
ഗേ്‌ളഷ്യര്‍ പാളികളിലൂടെ….

അങ്ങനെ നടന്നുകൊണ്ടിരിക്കേ എതിരെ വന്നവര്‍ ഹിന്ദിയില്‍ അച്ഛനോട് ഗേ്‌ളഷ്യര്‍ പാളികള്‍ ഉണ്ടെന്നു പറയുന്നതു കേട്ടു.

ഞാനും അച്ഛനും കുറച്ചു കൂടി നടന്നപ്പോഴാണ് അത് കണ്ടത്. അതിഭീമാകരമായ ഒരു ഗേ്‌ളഷ്യര്‍ പാളി! ഒരറ്റത്ത് ഒരു ചെറിയ വെള്ളച്ചാട്ടമുണ്ട്. അത് ഗേ്‌ളഷ്യര്‍ പാളികളുടെ അകത്തേക്കു പോകും. അതിലൂടെ വെള്ളമൊഴുകുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. പുറത്തുവരുമ്പോള്‍ വെള്ളത്തിന്റെ അളവുകൂടിയിരുന്നു. ഐസ് കഷണങ്ങളും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതും കണ്ടു.

ഞങ്ങള്‍ വിനയന്‍ മാമന്‍ വരുന്നതുവരെ നിന്നു. മാമന്‍ വന്നപ്പോള്‍ അച്ഛന്‍ ചൂണ്ടിക്കാട്ടി. മാമന്‍ നില്‍ക്കാന്‍ കൈകാണിച്ചു. ചിലപ്പോള്‍ ചിലസ്ഥലങ്ങള്‍ പൊള്ളയായിരിക്കുമെന്നും കാലൊക്കെ അതിനകത്തുപോയാല്‍ വിഷമിക്കുമെന്നും പറഞ്ഞു. ഏതോ ഒരാളുടെ കാല് ഇത്തരത്തില്‍ ഒരു ഗേ്‌ളഷ്യറില്‍ പെട്ട് മുറിച്ചുകളയേണ്ടി വന്നത്രെ. അത്ര തണുപ്പായിരിക്കുമവിടെ. ഒരു വഴി തെളിഞ്ഞിട്ടുണ്ടായിരുന്നു. ആ വഴി കമ്പുകൊണ്ട് കുത്തിനോക്കിയിട്ട് ഇളക്കമില്ലെങ്കില്‍ പതിയെ പോകാന്‍ നിര്‍ദേശിച്ചു.

അങ്ങനെ പതുക്കെ പതുക്കെ കാലുവച്ചു നടന്നു. അതിലൂടെ നടന്നപ്പോള്‍ എന്തോ ഒരു വ്യത്യസ്തമായ സന്തോഷം തോന്നി. താഴോട്ടു നോക്കി. ചറുക്കിപ്പോയാല്‍ ഐസുകട്ടകള്‍  ഒഴുകുന്ന പുഴയിലേക്ക്. ഈ  ഒഴുകിവരുന്ന ചെറിയ ചെറിയ പുഴകളും അരുവികളും അളകനന്ദയില്‍ വന്നുചേരും. ഗോവിന്ദ്ഘട്ടില്‍ നിന്ന് അളകനന്ദയില്‍ കുളിച്ചു. അതുപറയാന്‍ വിട്ടുപോയി, ക്ഷമിക്കണം.

ഞാന്‍ മഞ്ഞ് കൈകളില്‍ വാരി നോക്കി. കൈ തണുത്തപ്പോള്‍ താഴെയിട്ടു. അങ്ങനെ ഒരു വിധം ആ ഗേ്‌ളഷ്യര്‍ കടന്നു കിട്ടി..

12
…നിച്ചു വീട്ടിപ്പോണേ….!

പിന്നെക്കണ്ടത് കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ പറ്റാത്തത്ര വലിപ്പമുള്ള പര്‍വ്വത നിരകളും മറ്റുമായിരുന്നു. ഞാന്‍ മറ്റൊരു ഗ്രഹത്തില്‍ നില്‍ക്കുന്ന അനുഭൂതിയാണ് അപ്പോള്‍ തോന്നിയത്.

എന്റെ കാലുകള്‍ കഴച്ചു പൊട്ടാറായിരുന്നു. അപ്പോഴാണ് മാമന്‍ സ്ഥലമെത്തിയെന്നു പറഞ്ഞത്. മരങ്ങള്‍ക്കിടയിലൂടെയുള്ള ഒരുതേരി കയറി. പിന്നെ കുറെ കെട്ടിടങ്ങള്‍ തിങ്ങിനിറഞ്ഞ ഒരു സ്ഥലമാണ് കണ്ടത്.

ഇന്നിവിടെ തങ്ങാമെന്നും നാളെ വാലി ഓഫ് ഫ്‌ളവേഴ്‌സിന്റെ പൂര്‍ണ ദൃശ്യത്തിലേക്കു പോകാമെന്നും പറഞ്ഞു. ഇവിടുന്ന് ഒരരക്കിലോമീറ്ററേ വരത്തുള്ളൂ.

ഞങ്ങള്‍ റൂമന്വേഷിച്ചുതുടങ്ങി. അവസാനം റൂം കിട്ടി. അവിടെ നിന്നു നോക്കിയാല്‍ മൂന്നു കൊടുമുടികള്‍ കാണാമായിരുന്നു. അവ സൂര്യന്റെ വൈകുന്നേരത്തെ വെയിലേറ്റ് സ്വര്‍ണനിറം ചാര്‍ത്തിയിരുന്നു. അവിടെ കറണ്ടില്ലായിരുന്നു. ഇത്രയും ഉയരത്തില്‍ കറണ്ടെത്തില്ലെന്നുള്ളത് സ്വഭാവികം. പക്ഷേ എനിക്കെന്തോ  ഒരു സുഖം തോന്നിയില്ല. ഞാനിട്ടിരിക്കുന്ന വസ്ത്രം വളരെ ഇറുകിയതും കട്ടിയുള്ളതും നാലെണ്ണത്തില്‍ കൂടുതലുമായിരുന്നു. ആഹാരം കഴിച്ചിട്ട് വന്നു. പെട്ടെന്നെനിക്കത് അനുഭവപ്പെട്ടു .ഭീകരമായ തണുപ്പ്. ഞാന്‍ ഓടിച്ചെന്ന് കട്ടിലില്‍ കിടന്നു. എന്നിട്ടും മാറുന്നില്ല. ഞാന്‍ മൂടിക്കിടന്നു.

പക്ഷേ അച്ഛന്‍ അകത്തുകയറിയില്ല. അവിടെ ചുറ്റിക്കറങ്ങി നടന്നു. വിനയന്‍ മാമന്‍ അച്ഛനോട് അകത്തുകയറാന്‍ പറഞ്ഞു. ഒട്ടും തണുപ്പുതോന്നാതിരിക്കുകയും പ്രതീക്ഷിക്കാതെ വിറച്ചുപോകുന്ന തണുപ്പ് വരുമെന്നും പറഞ്ഞതും അച്ഛന്‍ കേട്ടില്ല. മാമന്‍ പറഞ്ഞതു പോലെ പെട്ടെന്നു തന്നെ തണുപ്പു വന്നു. അച്ഛന്‍ പാഞ്ഞു മുറിയിലെത്തി മൂടിക്കിടന്നു. പിന്നെ അച്ഛന്‍ ഒന്നും മിണ്ടിയില്ല.

രാത്രിയായപ്പോള്‍ ഒരു മെഴുകുതിരി വെട്ടം മാത്രം. അസഹ്യമായ തണുപ്പും. ഞാന്‍ പതുക്കെ പതുക്കെ ആദ്യം പറഞ്ഞു. ‘എനിക്കു വീട്ടില്‍പ്പോണം’! പിന്നെ ഉച്ചത്തില്‍ ‘നിച്ചു വീട്ടിപ്പോണേ…..

എപ്പോഴാണ് ഉണര്‍ന്നതെന്നോര്‍മ്മയില്ല. അച്ഛന്‍ എഴുന്നേറ്റിട്ടില്ല. അമ്മ ഉണര്‍ന്നിരുന്നു. വെളിച്ചം വന്നപ്പോള്‍ സന്തോഷം തോന്നി. ഏറെ സമയം അങ്ങനെ കിടന്നു. പിന്നീട് പല്ലുതേച്ചു. എങ്ങനെയാണ് ആ കൊടും തണുപ്പുള്ള വെള്ളത്തില്‍ പല്ലു തേച്ചതെന്നറിയില്ല. എന്തായാലും അപ്പോള്‍ കുളിക്കണമെന്നുണ്ടായിരുന്നു. പച്ചവെള്ളത്തില്‍ കുളിച്ചാല്‍ ശരീരം മരവിക്കും. പിന്നീട് ഒരുബക്കറ്റ് ചൂടുവെള്ളം വാങ്ങി. ചൂടുവെള്ളത്തിന് അവിടെ 100 രൂപയായിരുന്നു.

പിന്നീട് ആഹാരമൊക്കെ കഴിഞ്ഞ് മുകളിലേക്ക് നടന്നു. അതിമനോഹരമായ കാഴ്ചകളായിരുന്നു വഴിനീളെ. താഴെ നിറച്ചും പലനിറങ്ങളിലുള്ള പൂക്കള്‍കൊണ്ടു മൂടപ്പെട്ടിരുന്നു. ഇടയില്‍ കൊച്ചരുവികളും ഗേ്‌ളഷ്യര്‍ പാളികളും കാണാം. കാറ്റിലൂടെ ഒഴുകി വരുന്ന പക്ഷികളുടെ മധുര സംഗീതം. മുകളിലേക്ക് പര്‍വ്വത നിരകളും കൊടുമുടികളും.

ഇവയൊക്കെ കണ്ട് കണ്ട് പതുക്കെ നടന്നു. മുകളിലെത്തിയപ്പോള്‍  ഒരുചെറിയ ഗേയ്റ്റു കണ്ടു. അതില്‍ക്കൂടെ അകത്തുകടന്നാല്‍ വാലി ഓഫ് ഫ്‌ളവേഴ്‌സിന്റെ ഭംഗി വര്‍ദ്ധിക്കുന്നതു കാണാമായിരുന്നു. പക്ഷേ കഷ്ടകാലം  എന്നു പറയട്ടെ മഞ്ഞിടിച്ചില്‍ മൂലം അവിടേക്ക് കടത്തിവിടുന്നില്ല.

തിരിഞ്ഞപ്പോള്‍ കണ്ടത് പടുകൂറ്റനായ ഒരു ഗേ്‌ളഷ്യര്‍ പാളിയായിരുന്നു. മുകളിലും ഉണ്ടായിരുന്നു. അവിടുന്ന് ഒരരുവി വരുന്നുണ്ടായിരുന്നു. അത് താഴെവന്ന് ഒരു വെള്ളച്ചാട്ടമായി മാറി. മുകളില്‍ ഗേ്‌ളഷ്യര്‍ പാളിയായതിനാല്‍ ഐസു കഷണങ്ങള്‍ വീഴുന്നുണ്ടായിരുന്നു. അത് ചെന്ന് പതിക്കുന്നത് മറ്റൊരു ഗേ്‌ളഷ്യറില്‍. മുകളില്‍ സൂര്യന്‍ പുഞ്ചിരിക്കുന്നു. ഒരു ചെറിയ  മഴവില്ലുമുണ്ടായിരുന്നു. പക്ഷികളുടെ ചിലപ്പും കൂടെയായപ്പോള്‍ അതൊരു സ്വര്‍ഗഭൂമിയായി! അവിടെ കുറച്ചുനേരം മഞ്ഞില്‍ കളിച്ചു. എന്നിട്ട് പതുക്കെ താഴേക്കിറങ്ങി. റൂമിലെത്തി. തിരിച്ചിറങ്ങാനുള്ള പരിപാടിയാണ് അടുത്തുനോക്കിയത്.

13
തിരിച്ചിറക്കം

തിരിച്ചിറക്കം വളരെ എളുപ്പമായിരുന്നു. അതെന്തിലാണെങ്കിലും അങ്ങനെയാണല്ലോ..
കയറിയതിന്റെ ഇരട്ടി വേഗത്തില്‍ താഴെയെത്തി. കയറിയപ്പോഴുള്ള ദൂരവും തോന്നിയില്ല. ഗേ്‌ളഷ്യര്‍ പാളികള്‍ കടന്നു. ഇടയ്ക്കിടക്ക് പലതരം പക്ഷികളെക്കണ്ടു. അവയൊക്കെ പടങ്ങളില്‍ മാത്രം കണ്ടിട്ടുള്ളവയായിരുന്നു.

ഞങ്ങള്‍ മുകളിലേക്ക് കയറിയപ്പോഴും ഒരപ്പൂപ്പന്റെ കടയില്‍ നിന്ന് ചായകുടിക്കാന്‍ കയറിയിരുന്നു. തിരിച്ചിറങ്ങിയപ്പോഴും കയറി. അവിടെ നിന്ന് ചായയും കൊണ്ട് പുറത്തിറങ്ങിയപ്പോഴാണ് കണ്ടത്. നിറച്ചും കുരങ്ങന്‍മാര്‍! വെള്ള നിറത്തിലുള്ള കുരങ്ങന്‍മാര്‍. ഹിമാലയന്‍ കുരങ്ങുകള്‍!

അവ ഞങ്ങള്‍ ഒരു കാലടി മുന്‍പോട്ട് വച്ചാല്‍ ഓടിപ്പോകും. കുറച്ചുനേരം അവയെ നിരീക്ഷിച്ചു. പിന്നീട് താഴേക്കിറങ്ങി.

അങ്ങനെ ഞങ്ങള്‍ പുഷ്പങ്ങളുടെ താഴ്‌വാരത്തോട് വിട പറഞ്ഞു.

14
ചോപ്ത

ഇനി ഞങ്ങള്‍ പോകാന്‍ പോകുന്നത് തുംഗനാഥിലേക്കാണ്. ‘തുംഗനാഥ്’ ഇന്ത്യയില്‍ ഏറ്റവും ഉയരത്തില്‍ ഇരിക്കുന്ന ശിവക്ഷേത്രം. ഞങ്ങള്‍ പോകാന്‍ പോകുന്നതില്‍ ഏറ്റവും ഉയരത്തിലുള്ള സ്ഥലവും അതു തന്നെയായിരുന്നു.

ഗോവിന്ദ്ഘട്ടില്‍ തങ്ങിയശേഷം  പിറ്റേന്ന് രാവിലെ യാത്രയായി. എന്നാല്‍  വണ്ടികളൊന്നും തന്നെ കിട്ടാത്തതിനാല്‍ അവിടെയും ഷെയര്‍ ടാക്‌സി കിട്ടി. അതിലെ യാത്ര വളരെ ദുഷ്‌കരമായിരുന്നു. വളരെ ഇറുകിയ വണ്ടിയായിരുന്നു അത്. അതിദുര്‍ഘടമായ റോഡും ഭയങ്കരമായ ഹെയര്‍പിന്നുകളും. അപ്പോഴെനിക്കൊരു തലവേദന തോന്നി. എന്നാലും ഒന്നും പറ്റാതെ മുകളിലെത്തി. ചോപ്തയില്‍.

അവിടെ ഒരു റൂം കിട്ടി. അവിടെ തങ്ങിയിട്ടുവേണം മുകളിലേക്ക് കയറാന്‍. അതിനാല്‍ അന്നത്തെ ദിവസം അവിടെ തങ്ങി.

15
തുംഗനാഥിലേക്ക്…

രാവിലെയിറങ്ങി നടന്നു തുടങ്ങി. അവിടെ അധികം ആളുകള്‍ ഇല്ലായിരുന്നു. അതിന് കാരണവും ഉണ്ടായിരുന്നു. ഇത്രയും ഉയരമുള്ള സ്ഥലമായതിനാല്‍ രോഗികളും വൃദ്ധരും ഒന്നും വരുകയില്ലായിരുന്നു.  മാത്രവുമല്ല ചപ്പുചവറുകള്‍ ഒന്നും തന്നെയില്ലായിരുന്നു. വളരെ വൃത്തിയായിരുന്നു. മനുഷ്യര്‍ കൂടുതല്‍ വരാത്തതായിരുന്നു അതിനു കാരണം എന്നു എടുത്തു പറയേണ്ടതില്ലല്ലോ. പുഷ്പങ്ങളുടെ താഴ്‌വരയുടെ വഴി വളരെ മോശമായിരുന്നു. എന്നാല്‍ ഇതങ്ങനെയല്ലായിരുന്നു.

ഈ യാത്ര കാട്ടില്‍ക്കൂടെയും ഗേ്‌ളഷ്യര്‍പാളികളില്‍ ചവിട്ടിയുമൊന്നുമായിരുന്നില്ല. വളരെ തുറന്ന പ്രദേശമായിരുന്നു. നിറയെ പച്ചപ്പുല്‍ മേടുകളുമുണ്ടായിരുന്നു. അതില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ചെറിയ ഒന്നോ രണ്ടോ മരങ്ങളായിരുന്നു. മാത്രവുമല്ല കൊടുമുടികളുടെ വന്‍ നിരയുമുണ്ടായിരുന്നു. പുല്‍മേടില്‍ ചവിട്ടി യാത്ര വളരെ രസമായിരുന്നുവെങ്കിലും, വഴിക്കുവച്ച് എനിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. ഇടയ്ക്ക് വച്ച് ഒരു പാനീയം കിട്ടി. അത് അവിടെയുള്ള പൂവില്‍ നിന്നുണ്ടാക്കുന്ന ഒരു സര്‍ബത്താണെന്നും ആ പൂവിന്റെ പേര് ‘റോഡോഡെണ്‍ഡ്രോ’ എന്നാണെന്നും ആലീസ് ആന്റി പറഞ്ഞു. ആ പൂവ് ഞങ്ങള്‍ വഴിക്കുവച്ച് കാണുകയും ചെയ്തു. ആ പാനീയം വളരെ ഔഷധഗുണമുള്ളതായിരുന്നു. അതു കുടിച്ചപ്പോള്‍ തളര്‍ച്ച മാറി.

പിന്നെ ഞാനും അച്ഛനും കൂടി കുറുക്കുവഴികള്‍ കയറി മുകളിലെത്തി. അവിടെ ചെറിയ കടകളുണ്ടായിരുന്നു. അതിനിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു ക്ഷേത്രം! ‘തുംഗനാഥ്.’

16
ക്ഷേത്രത്തിനുള്ളില്‍

എല്ലാവരും എത്തിയപ്പോള്‍ ഒരു മുറിയെടുത്തു. എന്നിട്ട് ക്ഷേത്രത്തിലേക്ക് പോയി. ക്ഷേത്രം ഞങ്ങള്‍ ചുറ്റിക്കണ്ടു. കുറേ വിഗ്രഹങ്ങള്‍ കല്ലില്‍ മനോഹരമായി നിര്‍മ്മിച്ചിരുന്നു. പിന്നീട് ഞങ്ങള്‍ ശിവന്റെ വിഗ്രഹം സന്ദര്‍ശിച്ചു.

അത് ഒരു വലിയ കല്ലായിരുന്നു. ശങ്കരാചാര്യര്‍ അളകനന്ദയില്‍ നിന്നും എടുത്ത് കാല്‍നടയായി ഇവിടെ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതാണത്രെ ആ കല്ല്. വെറും കൈയോടെ കയറിയപ്പോള്‍ തന്നെ ഇത്ര ദുഷ്‌കരം, എങ്കില്‍ കൂറ്റനൊരു കല്ലും കൊണ്ട് ശങ്കരാചാര്യര്‍ കേറിയത് ഓര്‍ക്കുമ്പോള്‍ എത്ര ദുഷ്‌കരം.

നാളെ രാവിലെ ഇതിനും ഉയരത്തില്‍ കയറാനുള്ളതാണ്. ‘ചന്ദ്രശില’. ഇതു വഴി തന്നെ. ഞങ്ങള്‍ അവിടെ കുറച്ചുനേരം പുല്‍മേട്ടിലൊക്കെ കറങ്ങി. താഴെ കണെ്ണത്താദൂരത്തില്‍ താഴ്ചയായിരുന്നു.

അച്ഛനും ഞാനും കുറച്ചുനേരം നിന്ന്, നിന്ന് പതിയെ നടന്നു, നടന്നു, നടന്നു കുറേ കയറി. തളര്‍ച്ച തോന്നിയെങ്കിലും കയറിക്കൊണ്ടേയിരുന്നു. ചുറ്റും കൊടുമുടികള്‍! ഞങ്ങള്‍ ഒരു പുല്‍മേട്ടിലൂടെയാണ് നടക്കുന്നത്. അവിടെ ഏറ്റവും ഉയരത്തിലെത്തി. അവിടെ ഒരു ചെറിയ വിഗ്രഹമിരുന്നു. ഒരമ്പലം പോലെ കെട്ടിയിരുന്നു. അവിടെ പരന്ന കല്ലുകളാണല്ലോ….!
അതു കുറേ അവിടെ അടുക്കിയടുക്കി പൊക്കിയിരുന്നു! എന്തിനാണെന്ന് മനസ്‌സിലായില്ല. അവിടെ നിന്നു നോക്കിയാല്‍ തുംഗനാഥ് ക്ഷേത്രമുള്‍പ്പെടെ എല്ലാം കാണാമായിരുന്നു. മഞ്ഞുമൂടിക്കിടന്നിരുന്ന കൊടുമുടി സൂര്യന്റെ വെളിച്ചമേറ്റ് ചുവന്നു. സൂര്യന്‍ അസ്തമിക്കാറായിരുന്നതിനാല്‍ മാനത്ത് ഒരു കുങ്കുമപ്പൊട്ടായി കാണപ്പെട്ടു. അതിനാല്‍ ഇരുട്ടു വീഴുന്നതിനു മുന്‍പ് ഞങ്ങള്‍ താഴെക്കിറങ്ങി.

17
ചന്ദ്രശിലയില്‍ ഞങ്ങള്‍ വന്നിട്ടുണ്ട്!….

ചന്ദ്രശിലയില്‍ സൂര്യോദയം കാണാനായിരുന്നു പദ്ധതി. അതിനാല്‍ അതിരാവിലെ എഴുന്നേറ്റ് നടന്നു. എങ്ങും വെളിച്ചം വീണില്ലായിരുന്നു. എന്നാലും തപ്പിപ്പിടിച്ച് കയറി ഒരു വിധം മുകളിലെത്തി. അപ്പോഴാണ് അത് ശ്രദ്ധിച്ചത്!

ചന്ദ്രശിലയില്‍ ഇന്നലെ വന്നിട്ടുണ്ടായിരുന്നു. അതെ ഞാനും അച്ഛനും ഇന്നലെ വൈകുന്നേരം വന്നത് ചന്ദ്രശിലയിലായിരുന്നു. അവിടെ അടുക്കി വച്ചിരിക്കുന്ന കല്ലുകള്‍ ഓരോരുത്തരുടേയും ആഗ്രഹങ്ങളാണ്.  ഇവിടെ കല്ല് ഇതുപോലെ അടുക്കി വച്ചാല്‍ ആഗ്രഹം സാധിക്കുമെന്നാണ് വിശ്വാസം. ഞങ്ങളും അടുക്കി.

അപ്പോഴാണ് ഒരു മനോഹരമായ പാട്ടുകേട്ടത്! കൊടുമുടികളില്‍ സൂര്യന്റെ വെളിച്ചം വന്നു തട്ടി. സൂര്യന്‍ ഉദിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷികളുടെ അമൃതിനു തുല്യമായ സംഗീതം കാതിനു കുളിരേകി. സൂര്യന്റെ വെളിച്ചം തട്ടി അരുവികളും, കൊടുമുടികളും ശോഭിക്കുന്നത് കണ്ണിനും കുളിരേകി. ആ മനോഹര സംഗീതം ഒരു യുവാവ് പാടുന്നതായിരുന്നു. സൂര്യന്‍ പതിയെ പതിയെ ഉദിച്ചു. അത് അസാമാന്യ ശോഭയോടെ തിളങ്ങി നിന്നു. അത് പൂര്‍ണമായും ഉദിച്ചിട്ടേ യുവാവ് പാട്ടു നിര്‍ത്തിയുള്ളൂ.

അതിമനോഹരമായ ആ ദൃശ്യം കണ്ട് ഞങ്ങള്‍ താഴേക്കിറങ്ങി. ഇടക്കുവച്ച് അതി ഭീമാകാരന്‍മാരായ രണ്ടു കഴുകന്‍മാരെ കണ്ടു. അത് ഹിമാലയന്‍ പരുന്തെന്നാണു പറയുന്നത്. അവ ചിറകു വിടര്‍ത്തി പറന്നു പൊങ്ങി.

അങ്ങനെ ഞങ്ങള്‍ തുംഗനാഥിനും വിട ചൊല്ലി.

18
കാട്ടിനുള്ളിലെ തടാകത്തിലേക്ക്…..

ഞങ്ങള്‍ കയറ്റവും മരം കോച്ചുന്ന തണുപ്പും അനുഭവിച്ച് ഒരു പരുവമായി! ഇനി ഒരു കൊടും തണുപ്പുള്ള സ്ഥലത്ത് പോകാനുണ്ട്. അതുകൊണ്ട് തണുപ്പില്ലാത്ത ഒരു സ്ഥലത്തു വിശ്രമിക്കാനും കാണാനും കൂടി പുറപ്പെട്ടു.

‘ദേവാരിയാതാല്‍’ എന്ന കാട്ടിനു നടുവിലെ തടാകത്തിലേക്കാണ് ഞങ്ങള്‍ പോകാന്‍ പോകുന്നത്!

മുമ്പത്തെപ്പോലെ അവിടെയും നല്ല കയറ്റമായിരുന്നു! മുകളില്‍ ചെന്നാല്‍ വല്ല റൂമും കിട്ടുമോ എന്നായിരുന്നു ചിന്ത. പിന്നെ ഒരാള്‍ പറഞ്ഞു, അവിടെയെങ്ങാനും അങ്ങനെ റൂം കിട്ടില്ല. ഉള്ളത് അടച്ചുപൂട്ടി. പിന്നെ എന്തുചെയ്യും എന്ന് വിചാരിച്ചിരുന്നപ്പോഴാണ് അയാള്‍തന്നെ വഴി പറഞ്ഞത്. ‘ടെന്റ്!’ അതെ ടെന്റടിക്കുക. അയാളുടെ പക്കല്‍ ടെന്റുണ്ടത്രെ. അങ്ങനെ അതു സമ്മതമായി. യാത്ര തുടങ്ങി.

ഇത്രയും കയറ്റം കയറി തളര്‍ന്നതുകൊണ്ടാവാം അതു വല്ലാത്ത ഒരു കയറ്റമായി അനുഭവപ്പെട്ടു. ഒട്ടും ജലാംശം ഇല്ലാത്ത പ്രദേശമായിരുന്നു അത്. നിറയെ പലതരത്തിലുള്ള  ഓന്തുകളെ കണ്ടു. നിറയെ കുറ്റിച്ചെടികളും ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയില്‍കൂടിയുമായിരുന്നു യാത്ര.

ഞാനും അച്ഛനും പലകുറുക്കു വഴികളിലൂടെ മുകളിലെത്തി. പിറകെ മറ്റുള്ളവരെ കാണാത്തതുകൊണ്ട് നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആലീസ് ആന്റിയുടെ കവിളിലൊക്കെ എന്തോ വെള്ള പറ്റിയിരിക്കുന്നു.

ആന്റി വഴിക്കുവച്ച് തളര്‍ന്നു പോയത്രേ. അതുകൊണ്ട് ഗ്‌ളൂക്കോസൊക്കെ കഴിച്ചിട്ടു വരുന്നതാണ്. ഗ്‌ളൂക്കോസായിരുന്നു കവിളിലൊക്കെ പറ്റിയിരുന്നത്.

അവസാനം എത്തി. വെയിലത്ത് കുത്തനെയുള്ള കയറ്റം കയറിയതിനാല്‍ വളരെ തളര്‍ച്ച തോന്നി. മുമ്പു കേറിയതിന്റെ യാത്ര ദൂരമില്ലായിരുന്നുവെങ്കിലും.

19
കാടിനു നടുവിലെ ദിവസം

പത്തോ ഇരുപതോ മീറ്റര്‍ ഒരു ഇരുണ്ട കാട്ടിനുള്ളിലൂടെ നടന്നു. പിന്നെകണ്ടത് ഒരു വലിയ പുല്‍മേടായിരുന്നു. ഒരു വട്ടത്തിന് പുല്‍മേട് ബാക്കിയങ്ങോട്ട് ചുറ്റും കാട് ഇരുണ്ട കറുത്ത കാട്. പുല്‍മേടിന്റെ നടുക്ക് ഒരു തടാകം. കടും പച്ച നിറത്തിലുള്ള ഒരു തടാകം. അതായിരുന്നു ‘ദേവാരിയാതാല്‍’.നല്ല തെളിഞ്ഞ ആകാശമായിരുന്നു. കുറേ കൊടുമുടികള്‍ കാണാമായിരുന്നു. അതിനും ആകാശത്തിനും ഒരു നിറമായതിനാല്‍ വീണ്ടും കൊടുമുടികള്‍ പിറകിലോട്ട് ഉണ്ടായിരുന്നത് തിരിച്ചറിയാന്‍ പ്രയാസപ്പെട്ടു. കിളിപ്പച്ചമെത്ത വിരിച്ചതു പോലെയുള്ള പുല്‍മേട്. നടുക്ക് പച്ച വജ്രം പോലെ തിളങ്ങുന്ന തടാകം. ചുറ്റും വന്‍മരങ്ങള്‍ മുകളില്‍ കൊടുമുടി. ആകാശത്തില്‍ അലിഞ്ഞു തലപൊക്കി നില്‍ക്കുന്നു.

തടാകത്തിനരികിലായി ഒരു ചെറിയ ടെന്റ് നിര്‍മ്മിച്ചു. ഇതില്‍ എല്ലാവര്‍ക്കും കൂടി കിടക്കാന്‍ പറ്റുമോ എന്നായിരുന്നു സംശയം. എന്നാല്‍ കിടന്നു നോക്കിയപ്പോള്‍ എല്ലാം ‘ഓക്കെ’യായിരുന്നു. ആലീസ് ആന്റിക്കും അമ്മയ്ക്കും എന്തോ ഒരു പേടിയുണ്ടായിരുന്നു. അതു പിന്നീട് വര്‍ദ്ധിച്ചു. എനിയ്ക്കും.

അവിടെ അരികിലായി ഒരു ചെറിയ കടയുണ്ടായിരുന്നു. നൂഡില്‍സും മറ്റും തൂക്കിയിട്ടിരുന്നു. പ്‌ളാസ്റ്റിക് കുപ്പികളില്‍ ബിസ്‌ക്കറ്റുകളും മിഠായികളും നിറച്ചു വച്ചിരുന്നു. അകത്ത് ഒരു ചെറുപ്പക്കാരന്‍ നിന്നിരുന്നു. ഞങ്ങള്‍ ആ ചെറുപ്പക്കാരനെ പരിചയപ്പെട്ടു. കൂടുതല്‍ ചോദിച്ചപ്പോഴാണ് മനസ്‌സിലായത്. വെറും പത്താം ക്‌ളാസില്‍ പഠിക്കുന്ന ഒരാള്‍! ഈ കൊടും കാടിനു നടുവില്‍ ഒറ്റക്ക് നില്‍ക്കുന്നത് അസാമാന്യ ധൈര്യമായി തോന്നി. പേരെനിക്ക്  ഓര്‍ക്കാന്‍ കഴിയുന്നില്ല. അതിനാല്‍ ഞാന്‍ ചേട്ടനെന്നു പറഞ്ഞുകൊള്ളട്ടെ.

ആ ചേട്ടന്‍ ഒറ്റക്ക് എല്ലാ രാത്രിയും ഇവിടെ കഴിയുമത്രെ! ഞങ്ങള്‍ ഇത്രയും പേരുണ്ടായിരുന്നിട്ടു തന്നെ പേടിയാകുന്നു. ഞങ്ങള്‍ ആ ചേട്ടന്റെ കടയില്‍ നിന്നും നൂഡില്‍സും കഴിച്ചു.

നേരമിരുട്ടിത്തുടങ്ങി. കാര്‍ മേഘങ്ങള്‍ മൂടിയതുപോലെ തോന്നി. പെട്ടെന്ന് ഇടിവെട്ടി. അതിശക്തമായ മിന്നലുണ്ടായി. ഞങ്ങള്‍ ടെന്റിനകത്തു കയറിയിരുന്നു. എന്നാല്‍ ആ ചേട്ടന്റെ മുഖത്ത് ഒരു ഭയവും കണ്ടില്ല.

ആലീസ് ആന്റിയുടെയും അമ്മയുടെയും പേടി എന്നിലേക്കും പ്രവേശിച്ചു. വിനയന്‍ മാമനും അച്ഛനും ചേട്ടന്റെയടുത്തിരുന്നു. ദേവാരിയാതാലില്‍ യക്ഷികളും അപ്‌സരസുകളും രാത്രി കുളിക്കാന്‍ വരുമത്രെ! ഞാന്‍ രാത്രി ഒന്ന് തടാകത്തിലേക്ക് ഒളിഞ്ഞുനോക്കി. നല്ല ഇരുട്ടായിരുന്നു. പെട്ടെന്നൊന്ന് മിന്നി. പിന്നെ ഞാന്‍ നോക്കിയില്ല. ഇടക്കിടയ്ക്ക് മിന്നലിന്റെ വെളിച്ചം തെളിയും.

എപ്പോഴോ ഉറങ്ങിപ്പോയി. ഉറങ്ങാന്‍ കഴിയില്ലെന്നായിരുന്നു വിചാരിച്ചത്. പക്ഷേ ഉറങ്ങി. രാവിലെ നല്ല തെളിഞ്ഞ ദിവസമായിരുന്നു. ഞങ്ങള്‍ പരിസരം മുഴുവന്‍ ചുറ്റിക്കണ്ടു. കാട്ടിനുള്ളിലൂടെ ഒരു ചെറിയ വഴിയുണ്ടായിരുന്നു. മറുവശത്ത് തടാകമായിരുന്നു. പക്ഷികളുടെ അദൃശ്യമായ സംഗീതം കേള്‍ക്കാമായിരുന്നു. മരങ്ങളില്‍ പായല്‍ പിടിച്ചിരുന്നു. പുല്‍നാമ്പുകളില്‍ മഞ്ഞുതുള്ളികള്‍ പറ്റിയിരുന്നു.

കാട്ടിനിടയിലൂടെ ഞാനും അച്ഛനും നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു പക്ഷി ചാടി വന്നു! നല്ല നീണ്ട വാല് ചിറകിന്റെയും മറ്റും തുമ്പത്ത് വെള്ള ചെറിയ കാലുകള്‍. നീലക്കണ്ണുകള്‍ ഒറ്റ നോട്ടത്തില്‍ കറുപ്പെന്നു തോന്നിക്കും. എന്നാല്‍ അതു പച്ചയാണ്! കറുത്ത കൊക്ക്. ഞങ്ങള്‍ മുമ്പോട്ടു നീങ്ങിയപ്പോള്‍ അതും നീങ്ങിയതല്ലാതെ പറന്നില്ല. ഞങ്ങള്‍ നീങ്ങുമ്പോള്‍ അതും നീങ്ങും. കുറച്ചു കഴിഞ്ഞ് പറന്നുപോയി.

പിന്നെ താഴേക്കിറങ്ങാന്‍ പരിപാടിയിട്ടു. ആ ചേട്ടനും ഞങ്ങള്‍ താമസിച്ച ടെന്റും ഞങ്ങളും കൂടി നില്‍ക്കുന്ന  ഒരു ഫോട്ടോ എടുത്ത് താഴേക്കിറങ്ങി.

20
കേദാര്‍നാഥിലേക്ക്

അടുത്തതായി ഞങ്ങള്‍ പോകാന്‍ പോകുന്നത് കേദാര്‍ നാഥിലേക്കാണ്. ഇത് ഞങ്ങളുടെ ഈ ഹിമാലയന്‍ യാത്രയുടെ അവസാനത്തെ യാത്രയാണ്. ഇതോടുകൂടി കയറ്റം അവസാനിക്കുകയാണ്.

ഞങ്ങള്‍ ആദ്യം ഗൗരീകുണ്ഡിലെത്തി. ഒരു ദിവസം അവിടെ തങ്ങിയിട്ട് മുകളിലേക്ക് കയറി. എപ്പോഴും ജനങ്ങളും പോര്‍ട്ടര്‍മാരും നിറഞ്ഞ ഒരിടുങ്ങിയ തെരുവാണ് ‘ഗൗരീകുണ്ഡം’

ഓ, നേപ്പാളി പോര്‍ട്ടര്‍മാരെക്കുറിച്ച്, ഇപ്പോള്‍ പറയുന്നതില്‍ ക്ഷമിക്കണം. വാലീ ഓഫ് ഫ്‌ളവേഴ്‌സിലും, തുംഗനാഥിലുമൊക്കെ ഉണ്ടായിരുന്നവരാണ് ഇവര്‍.

അസാമാന്യ ഭാരമുള്ള വസ്തുക്കള്‍ ഏറെ ദൂരം തേരിയില്‍ കൊണ്ടുപോകുന്നവരാണ് ഇവര്‍. അതിഭയങ്കരമായ ഭാരമുള്ള വസ്തുക്കളും മറ്റും മാത്രമല്ല മനുഷ്യരെ വരെ ഇവര്‍ ചുമക്കുന്നുണ്ട്.

ഞങ്ങള്‍ രാവിലെ നടന്നു തുടങ്ങി. മനോഹരമായ സ്ഥലമാണെങ്കിലും വഴി വളരെ മോശമായിരുന്നു. കോവര്‍കഴുതകള്‍ ഏറെ ഉണ്ടായിരുന്നു. മനുഷ്യരെയും ചുവന്നുകൊണ്ട് അവ നടക്കുന്നതിനിടയില്‍ വഴി നീളെ ചാണകമിട്ടാണ് പോകുന്നത്. നിറച്ചും ഈച്ചകള്‍.

മുകളിലോട്ട് കയറുംതോറും പ്രകൃതിയുടെ സൗന്ദര്യം വര്‍ദ്ധിക്കും. അവിടെ അധികം പര്‍വ്വതങ്ങള്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. ചെറിയ പച്ചപ്പുല്ലു നിറഞ്ഞ മലകളുണ്ടായിരുന്നു. നിറയെ മഞ്ഞുമൂടിക്കിടക്കുന്ന സ്ഥലമായിരുന്നു. അത് കൊടുമുടികളില്‍ നിന്നും ചെറിയ അരുവികള്‍ ഒഴുകിയിറങ്ങുന്നു. ഇടയ്ക്ക് പച്ചപുല്‍ നാമ്പുകള്‍ കാണാം. അത് തിന്നുവാന്‍ ചെമ്മരിയാടുകളുണ്ടായിരുന്നു. മുകളിലെത്താറായപ്പോള്‍ താഴെ ഒരു പച്ചപ്പുല്ലു വിരിച്ച മലയില്‍ നിറയെ കറുപ്പും വെള്ളയും പൊട്ടുപോലെ ചെമ്മരിയാടുകളെ കണ്ടു. അതൊരു മനോഹര കാഴ്ചയായിരുന്നു.

ഇവയൊക്കെ ആവോളം ആസ്വദിച്ച് മുകളിലെത്തി.

21
കേദാര്‍നാഥില്‍

മുകളില്‍ വഴി ഗേ്‌ളഷ്യറും മഞ്ഞും കൊണ്ടു മൂടിയിരുന്നു. ഞങ്ങളാദ്യം ഒരു മുറിയെടുത്തു. പിന്നെ ക്ഷേത്രത്തിലേക്ക് നടന്നു.

മഞ്ഞു പുതച്ച കൊടുമുടികള്‍ക്കിടയില്‍ ഒരു ക്ഷേത്രം. മനോഹരമായ കൊത്തുപണികള്‍ കൊണ്ടാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതും കല്ലില്‍. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ മഞ്ഞുവീണു കിടന്നിരുന്നു. ക്ഷേത്രത്തിനു പുറത്ത് സന്യാസിമാര്‍ ഏറെയുണ്ടായിരുന്നു. കയ്യില്‍ ഒരു നീണ്ട വടിയും അറ്റത്ത് മയില്‍പീലിയും കൊരുത്തു വച്ചിരിക്കുന്ന ഒരു സന്യാസിയെ കണ്ടു. അതു വച്ച് നമ്മുടെ തലയിലടിച്ച് അനുഗ്രഹിച്ചതായി അഭിനയിക്കും. എന്നിട്ട് കാശു ചോദിക്കും. തലയില്‍ തൊടാന്‍ വന്നപ്പോള്‍ അച്ഛന്‍ ഒഴിഞ്ഞു മാറി.

ക്ഷേത്രത്തിനകം ഇരുട്ടായിരുന്നു. അതിനാല്‍ കല്ലിലെ ചിത്രപ്പണികള്‍ സൂക്ഷ്മമായി കാണാന്‍ കഴിഞ്ഞില്ല. മുമ്പില്‍ ‘നന്ദി’ കാളയെ വച്ചിരിക്കുന്നു. അതിന്റെ മറുചെവി പൊത്തി ആഗ്രഹം പറഞ്ഞാല്‍ സാധിക്കുമത്രെ. പക്ഷേ മറ്റാരും അറിയരുത്. ഞാനും പറഞ്ഞു. ശിവന്റെ വലിയ വിഗ്രഹവും അകത്തുണ്ടായിരുന്നു.

മഞ്ഞുകൊണ്ട് ശിവലിംഗം ഉണ്ടാക്കിയാല്‍ നല്ലതാണത്രെ. ഒരു രസത്തിന് ഞാനും ഉണ്ടാക്കി.

അന്ന് അവിടെ റൂമില്‍ തങ്ങി. താഴെ ഒരു മന്ദാകിനിയൊഴുകുന്നുണ്ടായിരുന്നു. മനുഷ്യരുടെ നിയമം എന്നപോലെ അവിടെയും നിറയെ പ്‌ളാസ്റ്റിക്കുണ്ടായിരുന്നു.

22
ലക്ഷ്മണ്‍ ജൂല

ഞങ്ങള്‍ താഴെയിറങ്ങി. മടക്കയാത്ര ആരംഭിച്ചിരുന്നു. അതിനിടയില്‍ ഋഷികേശില്‍ ‘ലക്ഷ്മണന്റെ ജൂലാ’യില്‍ പോയി.

ഒരുപാട് നിലകളുള്ള ഒരു വലിയ ക്ഷേത്രം അവിടെയുണ്ടായിരുന്നു. അവിടെ ഓരോ നിലയിലും പലതരം ദൈവങ്ങളുടെ വിഗ്രഹം വച്ചിരിക്കുന്നു. ഞങ്ങള്‍ ഓരോന്നും കണ്ട് കണ്ട് മുകളിലെത്തി. താഴെ പുഴയൊഴുകുന്നുണ്ട്.

‘ജൂലാ’ എന്നാല്‍ തൂക്കുപാലം എന്നര്‍ത്ഥം. പാലം കടന്നാണ് ലക്ഷ്മണക്ഷേത്രത്തിലെത്തുക. ലക്ഷ്മണന്‍ അമ്പുതൊടുക്കുന്ന വലിയ പ്രതിമ അവിടെയുണ്ട്. ഋഷികേശില്‍ ഒരുദിവസം തങ്ങിയിട്ട്  താഴേക്കിറങ്ങി.

23
മടക്കയാത്ര

എനിക്ക് എന്റെ വീട്ടിലെത്തണമെന്നുണ്ട്. എന്നാല്‍ ഹിമാലയത്തിനോട് വിട പറയുന്നതില്‍ വിഷമവുമുണ്ട്. എനിക്ക് ഏറെ സന്തോഷവുമുണ്ട്. കാരണം ഞാന്‍ കുഞ്ഞുകുട്ടിയായിരുന്നപ്പോള്‍ മുതല്‍ക്കെയുള്ള ആഗ്രഹമാണ് ഹിമാലയന്‍യാത്ര. ഞാന്‍ മൂന്നാം ക്‌ളാസു മുതല്‍ ഈ യാത്ര ആഗ്രഹിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ ജീവിതത്തിലെ വലിയ ഒരു മോഹമാണ് നടന്നുകിട്ടിയത്.

പക്ഷേ ഹിമാലയത്തിലെ വളരെ കുറച്ചു ഭാഗങ്ങള്‍ മാത്രമേ എനിക്ക് സന്ദര്‍ശിക്കാന്‍ കഴിഞ്ഞുള്ളൂ എന്ന് എനിക്കറിയാം. ഇനിയും ഇനിയും എനിക്ക് ഹിമാലയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുള്ള ആഗ്രഹത്തോടെ ഞാന്‍ ഹിമാലയത്തിനോട് വിട ചൊല്ലി.

 

std VIII A

VITHURA VHSS

THIRUVANANTHAPURAM

jinadevanhasu@gmail.com