ഓര്‍മ്മക്കുറിപ്പ്

 

മഴക്കാടുകളുടെ മടിത്തട്ടില്‍ നിന്നും അനന്തപുരിയുടെ ബഹളത്തിലേക്കു ചേക്കേറിയ എന്നെ ഏറ്റവും പ്രതികൂലമായി ബാധിച്ചത് കാലാവസ്ഥയിലെ അന്തരമാണ്.
‘മൂടല്‍മഞ്ഞ് മുലക്കച്ചകെട്ടിയ മുത്തണിക്കുന്നുകളില്‍’ തണുപ്പിന്റെ സുഖമറിഞ്ഞുറങ്ങിയ ഞാന്‍ ഫാനിന്റെ കീഴില്‍ പുകഞ്ഞുറങ്ങേണ്ടി വരുന്നു. കര്‍ക്കിടകത്തിലെ കത്തുന്ന വെയിലില്‍ വിയര്‍ക്കുന്നു. ഇടുക്കി ഡാം നിറഞ്ഞിട്ടും കട്ടപ്പനയില്‍ നാല്പത്തിയെട്ടു മണിക്കൂര്‍ നിര്‍ത്താതെ മഴ പെയ്തിട്ടും തിരുവനന്തപുരത്തെ ആകാശം തപിച്ചു കിടക്കുന്നു.
മഴക്കാറും മഴപ്പുള്ളുമില്ലാത്ത മാനം എന്നെ നിരാശപ്പെടുത്തുന്നു. ഓര്‍മ്മവെച്ച നാള്‍ മുതല്‍ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വെയില്‍ത്തുണ്ടുകളേ ഞാന്‍ കണ്ടിട്ടുള്ളൂ. ഇവിടിതാ മുഴുനീള വെയില്‍! മഴയെവിടെപ്പോയി? വെയില്‍ മങ്ങുമ്പോഴെല്ലാം ഞാന്‍ മഴയെ കാത്തിരുന്നു. പനങ്കൂളാന്‍ പറ്റങ്ങള്‍ പറക്കുന്നുണ്ടോ? ഒന്നുമില്ല… ഇത്തിരിപ്പോന്ന കേരളത്തിലെ ഈ എട്ടുമണിക്കൂര്‍ ദൂരത്തിനിടയില്‍ ഇത്ര വലിയ കാലാവസ്ഥാ വ്യതിയാനമോ?
കട്ടപ്പനയിലെ മഴയുടെ ഭാവപ്പകര്‍ച്ചകള്‍ ഓര്‍മ്മയെ കുളിരണിയിക്കുന്നു. തുമ്പിക്കൈ വണ്ണത്തില്‍ പെയ്യുന്ന പെരുമഴ… ഒരു പ്രത്യേക ഈണത്തില്‍ മണിക്കൂറുകളോളം ഒരേ സ്ഥായിയില്‍ പെയ്യുന്ന സാദാ മഴ.. തീരെ നേര്‍ത്ത നൂലുപോലെ പെയ്തിറങ്ങുന്ന നാല്പതാം നമ്പര്‍ മഴ… രാത്രിയില്‍ കാര്‍മേഘങ്ങള്‍ക്കിടയില്‍ നിന്നും എത്തിനോക്കുന്ന ചന്ദ്രന്റെ മഞ്ഞളിച്ച നിലാവ്… മഴനൂലുകള്‍ക്ക് സ്വര്‍ണ്ണ നിറം… ഈ മഴനൂലുകളില്‍ തൂങ്ങി ഗന്ധര്‍വ്വന്മാര്‍ ഭൂമിയിലേക്ക് വരുമെന്ന കഥ പറഞ്ഞുതന്നത് അമ്മയാണ്. ഗന്ധര്‍വ്വനെ കാണാന്‍ എത്ര ദിവസം മഴ നോക്കിയിരുന്നു!  തിരുവനന്തപുരത്തെ ആകാശത്തില്‍ ഗന്ധര്‍വ്വന്മാരുണ്ടാകില്ല.  ഊര്‍ന്നിറങ്ങാന്‍ മഴനൂലുകളില്ലല്ലോ, പിന്നെങ്ങനെ ഗന്ധര്‍വ്വന്റെ പാരച്യൂട്ട് പ്രവര്‍ത്തിക്കും?  ഗന്ധര്‍വ്വന്മാരില്ലാത്ത  മാനത്തെ യക്ഷികളുടെ സ്ഥിതി എന്താവും?  വിമന്‍സ് കോളേജിലെ  പെണ്‍കുട്ടികളെ പോലെയാവും. അതാണ് മറ്റൊരു പുത്തന്‍ അനുഭവം. ഒരു പെണ്‍വിദ്യാലയത്തില്‍ ഞാന്‍ പഠിക്കുന്നത് ആദ്യമായാണ്.  കാണുന്നതും, പെണ്‍പിറപ്പുകള്‍ വെണ്‍പ്രാക്കളെപ്പോലെ പാറിനടക്കുന്ന ക്യാമ്പസ്. സര്‍വം പെണ്‍മയം! അങ്ങനെ ഇക്കൊല്ലത്തെ ഓണാഘോഷം പൊന്നോണം മാത്രമല്ല പെണ്ണോണവുമായി. പൂക്കളം, പുലികളി, ഡാന്‍സ്, പാട്ട്..  പെണ്ണരങ്ങിന്റെ ഭാവപ്പൊലിമ. മനസ്‌സു നിറഞ്ഞപ്പോള്‍ മാവേലി വന്നു. മാവേലി വന്നപ്പോള്‍ കണ്‍ഫ്യൂഷനും..
‘മാവേലി നാടു വാണിടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ…’
എന്നിട്ടെന്തേ ഈ മാവേലിയെ എതിരേല്ക്കാന്‍ തമ്പുരാനും അടിയാളരും.. ഫ്യൂഡല്‍ കാലത്തെ തമ്പുരാനെ തപ്പിയാണോ മാവേലി  കേരളത്തിലേയ്‌ക്കെഴുന്നള്ളുന്നത്?  ഒന്നുമറിയില്ല. ചരിത്രത്തിലും മിത്തിലുമെല്ലാം ഒരു കലമ്പല്‍.. ഒന്നും മനസ്‌സിലാവുന്നില്ല. ആകെയൊരു കണ്‍ഫ്യൂഷന്‍… അതുകൊണ്ട് ഒരു പാട്ടു പാടി നിര്‍ത്തുന്നു…
‘കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ…
എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ..’

വാണി ഗിരീഷ്
മാലിയില്‍
ടഇ 64/144, ഘഝഅ  ങ 150
നരിപ്പില്‍ ലെയിന്‍
പാപ്പനംകോട് പി.ഒ
തിരുവനന്തപുരം
695018