കോഴിക്കോട്: വിഖ്യാത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഹൃദയസ്തംഭനം ഉണ്ടായതായി കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രി ബുള്ളറ്റിന്‍ അറിയിച്ചു. കാര്‍ഡിയോളജി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ചികിത്സ നല്‍കിവരികയാണ്. ശ്വാസതടസ്സത്തെത്തുടര്‍ന്നാണ് എം.ടിയെ അഞ്ചുദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഓക്‌സിജന്റെ സഹായത്തോടെയാണ് എം.ടി.വാസുദേവന്‍ നായര്‍ ആശുപത്രിയില്‍ കഴിയുന്നതെന്നും ആരോഗ്യനില സന്ദിഗ്ധാവസ്ഥയിലാണെന്ന് ആശുപത്രിയിലെത്തിയതിനു പിന്നാലെ പ്രമുഖ എഴുത്തുകാരന്‍ എം.എന്‍.കാരശേരി പറഞ്ഞു. സാധ്യമായ എല്ലാ കാര്യങ്ങളും ഡോക്ടര്‍മാര്‍ ചെയ്യുന്നുണ്ടെന്ന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയ സമയത്തെ അവസ്ഥ തന്നെ തുടരുകയാണെന്നായിരുന്നു മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രതികരണം.
എല്ലാവരുടേയും പ്രാര്‍ഥന എംടിയോടൊപ്പമുണ്ടെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. വൈദ്യശാസ്ത്രത്തില്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. എംടിയുമായി വലിയ ആത്മബന്ധമുണ്ടെന്നും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഓക്സിജന്റെ അളവ് കുറയുന്നതിനാല്‍ വെന്റിലേറ്റര്‍ സഹായം വേണ്ടിവന്നേക്കാം. വിദഗ്ധ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.