ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ നൂറാം വയസ്സിലേക്ക് കടക്കന്നു. ഇംഗ്ലീഷിതര ഭാഷകളില്‍ വച്ച് ഗാന്ധിജിയുടെ ആത്മകഥ ഏറ്റവുമധികം വിറ്റഴിക്കുന്നത് മലയാളത്തിലാണ്. ഉത്തരേന്ത്യയിലെ ആറേഴു സംസ്ഥാനങ്ങളുടെ ഭാഷയായ ഹിന്ദി പോലും മലയാളത്തിനു പിന്നിലാണ്.
1925 നവംബറില്‍ ഗാന്ധിജിയുടെ തന്നെ നവജീവന്‍ പത്രത്തിലാണ് ആത്മകഥ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചുതുടങ്ങിയത്. പുസ്തകരൂപത്തില്‍ ആദ്യഭാഗം 1927-ലും രണ്ടാംഭാഗം 1929-ലും പുറത്തുവന്നു. അഹമ്മദാബാദിലെ നവജീവന്‍ പ്രസാണ് പ്രസാധകര്‍. ഗാന്ധിജി മരിച്ച് 60 വര്‍ഷം പിന്നിട്ട 2009-ല്‍ പകര്‍പ്പവകാശം അവസാനിച്ചെങ്കിലും അദ്ദേഹത്തിന്റെ കൃ തികള്‍ തന്നെയാണ് നവജീവന്റെ ഇന്നത്തെയും എന്നത്തെയും വലിയ സമ്പാദ്യം.
ഇംഗ്ലീഷിലും 17 ഇന്ത്യന്‍ ഭാഷകളിലുമായി സത്യാന്വേഷണ പരീക്ഷണങ്ങളുടെ 61 ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. 21.9 ലക്ഷവുമായി ഇംഗ്ലീഷാണ് മുന്നില്‍. 9.1 ലക്ഷവുമായി മലയാളം രണ്ടാമത് നില്‍ക്കുന്നു. 7.8 ലക്ഷവുമായി തമിഴാണ് തൊട്ടുപിന്നില്‍. ഹിന്ദി (7.06 ലക്ഷം), രാഷ്ട്രപിതാവിന്റെ മാതൃഭാഷയായ ഗുജറാത്തി (7.03 ലക്ഷം) എന്നിവ ഇതിനുപിന്നിലാണ്. ദക്ഷിണേന്ത്യന്‍ ഭാഷകളിലാണ് ആത്മകഥ കൂടുതല്‍ ചെലവാകുന്നത്. 99-2000, 2000-01 വര്‍ഷങ്ങളില്‍ മലയാള പരിഭാഷ വര്‍ഷത്തില്‍ ഒരു ലക്ഷം കടന്നു. മറ്റൊരു ഇന്ത്യന്‍ ഭാഷയ്ക്കും ഈ റെക്കോഡില്ല.