ഒ.എന്‍.വി എന്നും മനുഷ്യര്‍ക്കൊപ്പമായിരുന്നു: എം.ടി
തിരുവനന്തപുരം: എന്നും മനുഷ്യര്‍ക്കൊപ്പമായിരുന്നു കവി ഒ.എന്‍.വി കുറുപ്പെന്ന് വിശ്രുത എഴുത്തുകാരന് എം.ടി.വാസുദേവന്‍ നായര്‍ പറഞ്ഞു. ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമിയുടെ ഒ.എന്‍.വി. സാഹിത്യപുരസ്കാരം അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. നിയതിയുടെ അന്ധമായ ശക്തിയും മനുഷ്യശക്തിയും തമ്മിലുള്ള സംഘര്‍ഷത്തില്‍ മനുഷ്യശക്തി ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന കവിയാണ് ഒ.എന്‍.വിയെന്ന് എം.ടി പറഞ്ഞു.
സത്യത്തിനും സങ്കല്‍പ്പത്തിനുമിടയില്‍ ധര്‍മസങ്കടത്തില്‍പ്പെട്ട കവികളെയാണ് കാലം ഓര്‍ത്തിട്ടുള്ളത്. അവരുടെ വരികളിലെല്ലാം ധര്മസങ്കടങ്ങളുണ്ടെന്നും ഒ.എന്‍.വി. കവിതകളില്‍ ഇതുണ്ടെന്നും എം.ടി. പറഞ്ഞു. ജ്യേഷ്ഠസ്ഥാനത്തുള്ള ഒ.എന്‍.വിയുടെ പേരിലുള്ള പുരസ്കാരം സ്വീകരിച്ച് സംസാരിക്കുമ്പോള്‍ പലപ്പോഴും എം.ടി. വികാരാധീനനായി. ഒ.എന്‍.വി. യുമായി തനിക്കുണ്ടായിരുന്ന ആത്മബന്ധം അദ്ദേഹം സ്മരിച്ചു. നമുക്ക് വഴികാട്ടിയായിരുന്ന ഉപദേഷ്ടാക്കളുടെ കണക്കെടുക്കുമ്പോള്‍ അതില്‍ ഒ.എന്‍.വി. എന്ന കവിയെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഒപ്പം സഞ്ചരിച്ച് അനുഭവം പങ്കുവച്ച ജ്യേഷ്ഠന്റെ വേര്‍പാട് മനസ്സിനെ മഥിക്കുന്നു. കുട്ടിക്കാലത്ത് കവിതകള്‍ കുത്തിക്കുറിച്ച കാലത്താണ് ഒ.എന്‍.വി. എന്ന കോളേജ് വിദ്യാര്‍ഥിയെക്കുറിച്ച് കേള്‍ക്കുന്നത്. പൊന്‍കുന്നം വര്‍ക്കിയുടെ നേതൃത്വത്തില്‍ നടത്തിയ പുരോഗമന സാഹിത്യസമ്മേളനത്തില്‍ യുവകവികള്‍ കവിതകള്‍ അയയ്ക്കുവാന് ക്ഷണിച്ചിരുന്നു. കുത്തിക്കുറിച്ച കവിതകള്‍ അന്ന് അയച്ചില്ല. വലിയ സമ്മേളനമാണെന്നും വലിയ കവികളുടെ കവിതകള്‍ മാത്രമാണ് അയയ്ക്കുന്നതെന്നും മുതിര്‍ന്നവരുള്‍പ്പെടെ പറഞ്ഞതിനാലായിരുന്നു അത്. അതില്‍ സമ്മാനം നേടിയത് കോളേജ് വിദ്യാര്‍ഥിയായ ഒ.എന്‍.വി. യായിരുന്നു. അദ്ദേഹത്തിന്റെ ‘അരിവാളും രാക്കുയിലും’ എന്ന കവിതയ്ക്കായിരുന്നു അംഗീകാരം. അന്നു മുതല്ക്കുള്ള ആരാധനയും സ്നേഹവുമാണ് ഒ.എന്‍.വിയോടുള്ളത്. ആ സ്നേഹബന്ധം പല തലങ്ങളിലേക്ക് വളര്‍ന്നു.
മലബാര്‍ മേഖലയില്‍ നടക്കുന്ന സാഹിത്യസമ്മേളനങ്ങളില്‍ ഒ.എന്‍.വി.ക്ക് പുരസ്കാരങ്ങളുണ്ടാകും. പലപ്പോഴും അത് സമ്മാനിക്കുന്നത് ഞാനായിരിക്കും. ഇപ്പോള്‍ ഒ.എന്‍.വി. യുടെ പേരിലുള്ള ഈ പുരസ്കാരം സ്വീകരിക്കുമ്പോള്‍ എന്റെ സൗഹൃദങ്ങളുടെ നഷ്ടങ്ങളെക്കുറിച്ചാണ് ഓര്‍മവരുന്നത്-എം.ടി. പറഞ്ഞു.
സി. രാധാകൃഷ്ണന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ സമത്വത്തിലും സമാധാനത്തിലുമൂന്നിയ ദാര്‍ശനിക മൂല്യങ്ങളായിരുന്നു ഒ.എന്‍.വിയുടേതെന്ന് അദ്ദേഹം പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന് ചടങ്ങില്‍ അധ്യക്ഷനായി. പുതിയ തലമുറയിലെ എല്ലാ ശ്രേണിയിലുമുള്ളവരുമായി പ്രസാദാത്മകമായി സംവദിക്കാന്‍ ഒ.എന്‍.വി. കവിതകള്‍ക്ക് കഴിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒ.എന്‍.വിയുടെ പേരിലുള്ള യുവസാഹിത്യ പുരസ്കാരം കവയിത്രി അനുജ അകത്തൂട്ടിന് അദ്ദേഹം സമ്മാനിച്ചു. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
എന്‍.വി. കവിതകള്‍ വായിച്ചു നേടിയ പദസമ്പത്തും അദ്ദേഹത്തിന്റെ സിനിമാഗാനങ്ങളിലൂടെ നേടിയ താളബോധവുമാണ് എഴുതാന്‍ ശക്തി നല്‍കിയതെന്ന് അനൂജ പറഞ്ഞു.ഡോ.എം.എം.ബഷീര്‍, ഡോ.എസ്. ശ്രീദേവി, പ്രഭാവര്‍മ, ജി. രാജ്മോഹന്‍ എന്നിവര്‍ സംസാരിച്ചു. 25 സംഗീത സംവിധായകര്‍ ചിട്ടപ്പെടുത്തിയ ഒ.എന്‍.വി.യുടെ 25 ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനസന്ധ്യ ഉണ്ടായിരുന്നു.
Leave a Reply