തിരുവനന്തപുരം: നാലാമത് ദേശാഭിമാനി സാഹിത്യപുരസ്‌കാരങ്ങള്‍ തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. അയ്യന്‍കാളി ഹാളില്‍ നടന്ന ചടങ്ങില്‍ നോവല്‍ പുരസ്‌കാരം ടി.ഡി രാമകൃഷ്ണനും കഥാപുരസ്‌കാരം വി.കെ ദീപയും കവിതാപുരസ്‌കാരം വിഷ്ണുപ്രസാദും ഏറ്റുവാങ്ങി. ശില്‍പ്പവും ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

ദേശാഭിമാനി പുരസ്‌കാരം വന്നുചേരുമ്പോള്‍ അംഗീകാരത്തിനു പുറമേ ഉത്തരവാദിത്വംകൂടി ജേതാക്കളിലേക്ക് എത്തുകയാണെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. സമൂഹത്തെ മെച്ചപ്പെട്ട നിലയിലേക്ക് നയിക്കാന്‍ ഉതകുന്ന സര്‍ഗാത്മക ഇടപെടലുകള്‍ നടത്തണമെന്നതാണ് ഉത്തരവാദിത്വം. പുരോഗമനോന്മുഖമായി നീങ്ങുന്ന സമൂഹത്തില്‍ മാത്രമേ കലയും സാഹിത്യ സൃഷ്ടികളും ഉണ്ടാകൂ. ഫാസിസവും ഏകാധിപത്യവും ഉയര്‍ന്നുവന്നിടങ്ങളില്‍ ആദ്യം നശിപ്പിക്കപ്പെട്ടത് പുസ്തകശേഖരമാണെന്നും  മുഖ്യമന്ത്രി പറഞ്ഞു.

ദേശാഭിമാനി ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മ്യൂസ് മേരി ജോര്‍ജ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. സാംസ്‌കാരികപ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാലും അവാര്‍ഡ് ജേതാക്കളും സംസാരിച്ചു. മന്ത്രിമാരായ വി.ശിവന്‍കുട്ടി, സജി ചെറിയാന്‍, ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ.ജെ തോമസ്, റസിഡന്റ് എഡിറ്റര്‍ വി.ബി പരമേശ്വരന്‍ തുടങ്ങിയവരും പങ്കെടുത്തു. സംഘാടകസമിതി ചെയര്‍മാന്‍ വി.ജോയി എംഎല്‍എ സ്വാഗതവും കണ്‍വീനര്‍ ഐ സെയ്ഫ് നന്ദിയും പറഞ്ഞു.
…………………