തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അക്ഷരോത്സവമായ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ അഞ്ചാമത് എഡിഷന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി എട്ടിന് മൂന്നുമണിക്ക് തിരുവനന്തപുരത്തെ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം.

വൈക്കം മുഹമ്മദ്ബഷീര്‍, എം.ടി. വാസുദേവന്‍ നായര്‍, സക്കറിയ, സി.വി.ശ്രീരാമന്‍ തുടങ്ങിയ മലയാള സാഹിത്യകാരന്മാര്‍ സൃഷ്ടിച്ച കഥാപാത്രങ്ങളെ അദ്ഭുതകരമായ മികവോടെ ഉള്‍ക്കൊണ്ട് മമ്മൂട്ടി അവതരിപ്പിക്കും.
ലോകത്തെ എല്ലാ വന്‍കരകളില്‍ നിന്നുമായി വ്യത്യസ്ത സര്‍ഗമേഖലകളിലെ മുന്നൂറിലധികം പ്രതിഭകള്‍ നാലുദിവസത്തെ അക്ഷരോത്സവത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തും. 14 വേദികളിലായി 300 സെഷനുകള്‍ അരങ്ങേറും.

പ്രശസ്ത എഴുത്തുകാര്‍ക്കു പുറമേ മാധ്യമ പ്രവര്‍ത്തകര്‍, കലാമേഖലയിലെ പ്രതിഭകള്‍, ചിന്തകര്‍, ആത്മീയ വ്യ ക്തിത്വങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ചരിത്രപണ്ഡിതര്‍, നയതന്ത്രജ്ഞര്‍, സംഗീതജ്ഞര്‍, ഇതിഹാസമാനമുള്ള വ്യക്തികള്‍,കായികതാരങ്ങള്‍, സിനിമാ താരങ്ങള്‍ തുടങ്ങി സര്‍ഗാത്മകതയുടെ എല്ലാ മേഖലകളില്‍നിന്നുള്ളവരും അക്ഷരോത്സവത്തിന് എത്തുന്നുണ്ട്.

സംവാദങ്ങള്‍, ഏകാംഗ ഭാഷണങ്ങള്‍, കാവ്യാലാപനങ്ങള്‍, സംഭാഷണങ്ങള്‍ തുടങ്ങിയ വ്യത്യസ്തമായ സെഷനുകളിലായിട്ടായിരിക്കും ഇത്തവണയും അക്ഷരോത്സവം അരങ്ങേറുക. കലാസന്ധ്യകള്‍ മോടികൂട്ടും. ‘ബഹുസ്വരസഞ്ചാരങ്ങള്‍’ എന്നതാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഇത്തവണത്തെ കേന്ദ്രപ്രമേയം.സിനിമകളെക്കാള്‍ ഹിറ്റാകുന്ന ഇന്റര്‍വ്യൂകളുമായി സിനിമാപ്രേമികളെ പിടിച്ചിരുത്തുന്ന ധ്യാന്‍ ശ്രീനിവാസന്‍
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവേദി സരസമാക്കും. നടനും സംവിധായകനുമായ ശ്രീനിവാസന്റെ മകനും നടനുമാണ് ധ്യാന്‍.