കേരളത്തിലെ ചില ക്രൈസ്തവ വിഭാഗങ്ങളില്‍ പ്രചാരത്തിലിരുന്ന കല്യാണപ്പാട്ടുകളില്‍ ഒരിനം. കല്യാണം കഴിഞ്ഞ് നാലാം ദിവസത്തെ ചടങ്ങാണ് ‘അടച്ചുതുറ’. വധൂവരന്മാരുടെ കുളിയും ഊണും കഴിഞ്ഞതിനുശേഷമാണ് ഇത് നടത്തേണ്ടത്. മണവാളന്‍ ഭക്ഷണം കഴിഞ്ഞ് തോഴരുമായി മണവറയില്‍ ചെന്ന് വാതിലടയ്ക്കും. വധുവിന്റെ അമ്മ (അമ്മാവിയമ്മ) പല പാട്ടുകള്‍ പാടിക്കൊണ്ട് വാതില്‍ തുറക്കുവാന്‍ ആവശ്യപ്പെടും. അനേകം പാട്ടുകള്‍ പാടുകയും പലതരം വസ്തുക്കള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തശേഷമേ വാതില്‍ തുറക്കുകയുള്ളൂ. അടച്ചുതുറപ്പാട്ടിന്റെ ചടങ്ങുകള്‍ക്ക് ദേശഭേദമനുസരിച്ച് വ്യത്യാസമുണ്ട്. നസ്രാണികളുടെ അടച്ചുതുറപ്പാട്ടും മറ്റു സമുദായക്കാരുടെ ‘വാതില്‍ തുറപ്പാട്ടും’ പല കാര്യങ്ങളിലും സാധര്‍മ്മ്യമുള്ളവയാണ്.