മലയാള വ്യാകരണപാഠം–  2

മലയാള ഭാഷ: എ.ആറിന്റെ
ഘട്ടവിജനം

മലയാള ഭാഷയുടെ വികാസപരിണാമങ്ങളെ കേരളപാണിനി എ.ആര്‍.രാജരാജ വര്‍മ മൂന്നുഘട്ടങ്ങളായി തിരിച്ചിരിക്കുന്നു.

ആദ്യഘട്ടം

ബാല്യാവസ്ഥ അതായത് കരിന്തമിഴ് കാലം ആണ് ആദ്യഘട്ടം.
എ.ഡി 825 മുതല്‍ 1325 വരെയുള്ള കാലമാണിത്. കൊല്ലവര്‍ഷാരംഭം മുതല്‍ക്കാണ് എ.ആര്‍ ഘട്ടവിഭജനം തുടങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്. 500 വര്‍ഷക്കാലയളവ്.
അടുത്തത് മധ്യഘട്ടം
ഭാഷയുടെ കൗമാരാവസ്ഥയാണിത്. മലയാണ്മക്കാലം എന്നു വിളിക്കുന്നു. എ.ഡി 1325 മുതല്‍ 1625 വരെയുള്ള 300 വര്‍ഷക്കാലമാണിത്.

ആധുനിക ഘട്ടം

1625നുശേഷമുള്ള കാലമാണ് എ.ആര്‍ ആധുനികഘട്ടമായി കണക്കാക്കുന്നത്. ഇതു ഭാഷയുടെ യൗവനാവസ്ഥയെക്കുറിക്കുന്നതായി അദ്ദേഹം പറയുന്നു. മലയാളകാലം ഇവിടെ മുതല്‍ക്കാണ് തുടങ്ങുന്നതത്രെ.

കൊല്ലവര്‍ഷാരംഭമായ എ.ഡി 825നു മുമ്പ് മലയാളം ഗര്‍ഭാവസ്ഥയിലായിരുന്നു എന്നാണ് എ.ആറിന്റെ പക്ഷം.ണ മാതാവായ തമിഴിന്റെ ഗര്‍ഭത്തിലായിരുന്നു. കരിന്തമിഴായി അഞ്ഞൂറോളം വര്‍ഷം ബാല്യാവസ്ഥയില്‍ കഴിഞ്ഞുകൂടി.
പിന്നീട് 300 വര്‍ഷക്കാലം കൗമാരത്തില്‍ കഴിഞ്ഞു. മലയാണ്മക്കാലമായിരുന്നു അത്. പിന്നീട് യൗവനാവസ്ഥയില്‍ മലയാളം എന്ന അവസ്ഥയിലെത്തി. ഭാഷ മലയാളം എന്ന പേരു സ്വീകരിക്കുന്നത് ഈ വേളയിലാണ്.
ആദ്യഘട്ടത്തെ കരിന്തമിഴ് എന്നു വിളിക്കുന്നതിന് കാരണമുണ്ട്. അക്കാലം തമിഴിന്റെ ശക്തമായ പിടിയിലായിരുന്നു ഭാഷ. ഈ കാലഘട്ടത്തിലാണ് രാമചരിതം കാവ്യം ഉണ്ടാകുന്നത്.
300 വര്‍ഷം നീണ്ട മലയാണ്മക്കാലത്തില്‍ സംസ്‌കൃതഭാഷയുടെ സ്വാധീനം വര്‍ധിച്ചുവന്നു. തമിഴിന്റെ പിടിയില്‍ നിന്ന് അല്പാല്പം കുതറി മാറി സംസ്‌കൃതത്തിന്റെ പ്രഭാവത്തിലായി.
എ.ഡി 1625 മുതല്‍, അതായത് പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ മുതല്‍, മലയാളമായി പരിണമിച്ച യൗവന കാലമാരംഭിക്കുകയായി. ‘ന്റെ’ എന്ന് ഇപ്പോള്‍ എഴുതുന്ന ലിപിവിന്യാസം ദ്രാവിഡത്തിന്റെ മാത്രം പ്രത്യേകതയാണ്. ‘ഉടെ’ എന്ന സംബന്ധികാ വിഭക്തി പ്രത്യയമാണ് ‘ന്റെ’ ആയി മാറിയത്. അവനുടയ എന്നത് അവനുടെയും അവന്റെയും എന്നായി മാറുന്നു. റ ഇരട്ടിച്ച റ്റ യും മലയാളത്തിന്റെ മാത്രം പ്രത്യേകതയാണ്.

ഭാഷയില്‍ ‘റ’ ഇരട്ടിച്ച ‘റ്റ’യും പഴയലിപി പ്രകാരമുള്ള റ്റയും ഇടകലര്‍ന്നു വന്നെങ്കിലും ഇപ്പോള്‍ മാറ്റം എന്നതിലെ ‘റ്റ’ പോലെ തന്നെയാണ് മിക്ക ‘റ്റ’കളും ഉച്ചരിക്കുന്നത്. തെറ്റ് എന്നതിലും ഇങ്ങനെതന്നെ.
സംസ്‌കൃതത്തില്‍ ഇല്ലാത്ത ഈ വര്‍ണങ്ങള്‍ മലയാളത്തിന് സ്വന്തമാണ്.

 

മലയാള വ്യാകരണപാഠം-     3

എ.ആറിന്റെ അക്ഷരമാലയും ഇന്നത്തെ സ്ഥിതിയും

മലയാള ഭാഷയില്‍ എ.ആറിന്റെ കേരളപാണിനീയം അനുസരിച്ച് 16 സ്വരങ്ങളും 37 വ്യഞ്ജനങ്ങളുമാണുള്ളത്. മൊത്തം 53 അക്ഷരങ്ങള്‍. എന്നാല്‍, ഇന്ന് അത്രയും ഉപയോഗിക്കുന്നില്ല. അതിന്റെ ആവശ്യവുമില്ല. എങ്കിലും എ.ആര്‍ പറയുന്നത് എന്താണെന്ന് നമുക്ക് നോക്കേണ്ടതുണ്ട്.
സ്വരങ്ങള്‍ മൂന്നുതരമാണ്. ഒന്ന് ഹ്രസ്വ സ്വരങ്ങള്‍. ഉദാ: അ, ഇ, ഉ, ഋ എന്നിവ
രണ്ട്, ദീര്‍ഘ സ്വരാക്ഷരങ്ങള്‍. ഉദാ: ആ, ഈ, ഊ, ഋ എന്നതിന്റെ ദീര്‍ഘം. ഇത് അച്ചടിച്ച് കാണിക്കാന്‍ നിര്‍വാഹമില്ല.

മൂന്ന്, സന്ധ്യക്ഷരങ്ങള്‍. ഉദാ: എ, ഒ, എ
ഏ, ഓ, ഐ, ഔ എന്നിവ. ഇതിലും ഹ്രസ്വവും ദീര്‍ഘവുമുണ്ട്.

എ.ആറിന്റെ സ്വരാക്ഷരങ്ങളില്‍ ഖരം, അതിഖരം, മൃദു, ഘോഷം, അനുനാസികം എന്നിങ്ങനെയുളള് 25 എണ്ണം ഇന്നും പ്രാബല്യത്തിലുള്ളതാണ്. കചടതപ വര്‍ഗങ്ങള്‍ ആണവ.
യ, ര, ല,വ എന്നിവ മധ്യങ്ങള്‍ എന്നും അന്തസ്ഥങ്ങള്‍ എന്നും അറിയപ്പെടുന്നു. ശ,ഷ,സ എന്നിവ ഊഷ്മാക്കളാണ്. ഹ ഘോഷിയാണ്. ള,ഴ,റ എന്നിവയാണ് ദ്രാവിഡമധ്യമം. ഇതെല്ലാം ഇന്നും ആവശ്യമായവ ആണ്. എന്നാല്‍, എ.ആര്‍ പറയുന്ന ദ്രാവിഡാനുനാസികം ഇന്ന് പ്രചാരത്തിലില്ലാത്തതിനാല്‍ അച്ചടിയിലുമില്ല, എഴുത്തിലുമില്ല. അതിനാല്‍ ഇവിടെ എഴുതിക്കാണിക്കാനുമാവില്ല.

ഇനി നമുക്ക് എ.ആര്‍ പറയുന്നപ്രകാരമുള്ള വര്‍ണം എന്താണെന്ന് നോക്കാം.

ശ്വാസവായുവിനെ വെളിയിലേക്ക് വിടുമ്പോഴുണ്ടാകുന്ന ഒച്ചയാണ് വര്‍ണം എന്നറിയപ്പെടുന്നത്. വര്‍ണങ്ങള്‍ കൂടിച്ചേര്‍ന്നതാണ് അക്ഷരം. അക്ഷരങ്ങള്‍ക്ക് ഒരടയാളം വേണമല്ലോ. അതാണ് ലിപി. ഇംഗ്ലീഷ് ഭാഷയില്‍ വര്‍ണങ്ങള്‍ക്കാണ് ലിപി ഉള്ളത്. അതിനാല്‍ എബിസിഡി…യെ വര്‍ണമാല എന്നു പറയുന്നു. മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ഭാഷകളില്‍ അക്ഷരമാലയാണ്.
ശ്വാസകോശത്തില്‍ നിന്ന് പുറപ്പെടുന്ന വായു മുഖോദര സ്ഥാനങ്ങളില്‍ തട്ടി, വെളിയിലേക്ക് വരുന്ന ധ്വനിക്ക് വ്യത്യസ്ത ശ്രുതിഭേദം വരുന്നതിന് എ.ആര്‍ ആറു കാരണങ്ങള്‍ പറയുന്നു.

അവ ഇനിപ്പറയുന്നു:

1. അനുപ്രദാനം
2. കരണവിഭ്രമം
3. സംസര്‍ഗം
4. മാര്‍ഗഭേദം
5. സ്ഥാനഭേദം
6. പരിമാണം

ഒന്നൊന്നായി നമുക്ക് പരിശോധിക്കാം.

അനുപ്രദാനം:
ശ്വാസത്തെ വെളിയിലേക്ക് വിടുന്നതിന്റെ മാതിരിഭേദം എന്നാണ് അര്‍ഥം. നാവിന്റെ അഗ്രം, ഉപാഗ്രം, മധ്യം, മൂലം, പാര്‍ശ്വങ്ങള്‍ എന്നിവ കൊണ്ട് കണ്ഠാദിസ്ഥാനങ്ങളില്‍ ശ്വാസത്തെ തട്ടിത്തടഞ്ഞോ തടയാതെയോ വിടാം. തടയുന്നതുതന്നെ അല്പമായിട്ടോ പകുതിയായിട്ടോ ആകാം.
കണ്ഠാദി സ്ഥാനം അല്ലെങ്കില്‍ മുഖോദരസ്ഥാനം എന്നു പറഞ്ഞാല്‍ കണ്ഠം, താലു, മൂര്‍ധാവ്, വര്‍ത്സം, ദന്തം, ഓഷ്ഠം എന്നീ സ്ഥാനങ്ങളാണ്.
അനുപ്രദാനം നാലുവിധമുണ്ട്:
1. അസ്പൃഷ്ടം
2. സ്പൃഷ്ടം
3. ഈഷല്‍സ്പൃഷ്ടം
4. നേമസ്പൃഷ്ടം

സ്വരം എന്ന വാക്കിന്റെ അര്‍ഥം തന്നെ ഒരു തടസ്സവുമില്ലാതെ സ്വരിക്കുന്നത് എന്നാണ്. ഒഴുകുക എന്നും പറയാം. ഓരോ വ്യഞ്ജനത്തിലും സ്വരം അടങ്ങിയിരിക്കുന്നു. അങ്ങനെ സ്വരം വ്യഞ്ജിക്കുന്നതുകൊണ്ടാണ് വ്യഞ്ജനം എന്ന പേരുണ്ടായത്.

രണ്ടാമത്തേത് കരണവിഭ്രമമാണ്. കരണം എന്നാല്‍ ഉപകരണം എന്നാണ്. വിഭ്രമം എന്നാല്‍ ചേഷ്ട. വര്‍ണോച്ചാരണത്തിനുള്ള കരണം, അഥവാ ഉപകരണം നാവാണ്. നാവിന്റെ ചേഷ്ടാവിലാസമാണ് കരണവിഭ്രമം.
കണ്ഠരന്ധ്രം തുറന്നുച്ചരിക്കുമ്പോള്‍ ധ്വനി ഒന്നോടെ വെളിയിലേക്ക് വരും. ഈ ധ്വനിയെ ശ്വാസരൂപധ്വനി എന്നു പറയുന്നു. കണ്ഠരന്ധ്രം ചുരുക്കി വായുവിനെ വെളിയിലേക്ക് വിടുമ്പോള്‍ ധ്വനി ചെറുതായി ഉള്ളില്‍ മുഴങ്ങിപ്പുറപ്പെടും. ഇങ്ങനെയുള്ള ധ്വനിയെ നാദരൂപ ധ്വനി എന്നു പറയും. ശ്വാസരൂപ ധ്വനികളെ ശ്വാസികള്‍ എന്നും നാദരൂപ ധ്വനികളെ നാദികള്‍ എന്നും വിളിക്കുന്നു.
സ്വരാക്ഷരങ്ങളില്‍ ഖരവും അതിഖരവും ഊഷ്മാക്കളും ശ്വാസികളാണ്. വര്‍ഗാക്ഷരങ്ങളില്‍ മൃദുഘോഷാനുനാസികങ്ങള്‍ മധ്യമാക്ഷരങ്ങളും സ്വരങ്ങളും നാദികളാകുന്നു. ഘോഷി എന്ന ഹകാരം ശ്വാസിയുമാണ് നാദിയുമാണ്.

മൂന്നാമത്തേത് സംസര്‍ഗമാണ്. ഒരു ധ്വനിയില്‍ മറ്റൊരു ധ്വനി കൂടിച്ചേരുന്നതാണ് സംസര്‍ഗം. ഇതിന് ഹകാരം എന്ന ഘോഷിയാണ് ഉപയോഗിക്കുന്നത്. വര്‍ഗപ്രഥമമായ ശ്വാസിയായ ഖരത്തോട് ഹകാരം ചേരുമ്പോള്‍ വര്‍ഗദ്വിതീയമായ അതിഖരം ഉണ്ടാകുന്നു. ഉദാ: ക്+ഹ=ഖ.

നാദിയായ വര്‍ഗതൃതീയത്തോട് നാദിയായ ഹകാരം ചേരുമ്പോള്‍ ഘോഷാധിക്യത്താല്‍ വര്‍ഗചതുര്‍ഥമായ ഘോഷം ഉണ്ടാകുന്നു. ഉദാ: ഗ്+ഹ=ഘ
സംസര്‍ഗത്താല്‍ ഉണ്ടാകുന്ന വര്‍ണങ്ങളെ സംസൃഷ്ട വര്‍ണങ്ങള്‍ എന്നുപറയുന്നു. അതിഖരവും ഘോഷവും സംസൃഷ്ട വര്‍ണങ്ങളാണ്. സംസൃഷ്ട വര്‍ണങ്ങളെ മഹാപ്രാണങ്ങള്‍ എന്നും അല്ലാത്ത വര്‍ണങ്ങളെ അല്പപ്രാണങ്ങള്‍ എന്നും പറയുന്നു. അതായത് ഖരം അല്പപ്രാണം, അതിന്റെ മഹാപ്രാണം അതിഖരം. മൃദു അല്പപ്രാണം, ഘോഷം മഹാപ്രാണം.

സം സര്‍ഗം സ്വരങ്ങളിലുമുണ്ട് എന്ന് എ.ആര്‍ ചൂണ്ടിക്കാട്ടുന്നു.
അ+ഇ=എ
അ+ഉ=ഒ
അ+എ=ഐ
അ+ഒ=ഔ

സംസര്‍ഗം കൊണ്ടുണ്ടായ സ്വരങ്ങളെ ‘സന്ധ്യക്ഷരങ്ങള്‍’ എന്നാണ് പറയുക.അല്ലാത്ത സ്വരങ്ങളെ സമാനാക്ഷരങ്ങള്‍ എന്നും.

നാലാമത്തേത് മാര്‍ഗഭേദമാണ്. ശ്വാസവായുവിനെ രണ്ടുമാര്‍ഗത്തിലൂടെ വെളിയിലേക്ക് വിടാം-നാസികയിലൂടെയും വായിലൂടെയും. നാസികയിലൂടെ വെളിയില്‍ വിടുമ്പോഴുണ്ടാകുന്ന വര്‍ണങ്ങളാണ് അനുനാസികങ്ങള്‍. ങ,ഞ,ണ,ന,മ എന്നിവ അനുനാസികങ്ങളാണ്. അല്ലാത്തവ അനനുനാസികങ്ങള്‍ അല്ലെങ്കില്‍ ശുദ്ധം എന്നു പേര്‍.
അഞ്ചാമത്തേത് സ്ഥാനഭേദമാണ്. വര്‍ണോച്ചാരണവുമായി ബന്ധപ്പെടുന്ന വായുടെ ഉള്‍ഭാഗത്തിലെ സ്ഥാനങ്ങളെ അടിസ്ഥാനമാക്കിയും വര്‍ണങ്ങള്‍ വിഭജിക്കപ്പെടുന്നു. വായയുടെ ഉള്‍ഭാഗം കണ്ഠം, താലു, മൂര്‍ധാവ്, ദന്തം, ഓഷ്ഠ ഇവയാണ്. ഇതിലൂടെ വരുന്ന വര്‍ണത്തെ വര്‍ഗാക്ഷരങ്ങള്‍ എന്നു പറയുന്നു.

കവര്‍ഗം-കണ്ഠ്യം
ചവര്‍ഗം- താലവ്യം
ടവര്‍ഗം-മൂര്‍ധന്യം
തവര്‍ഗം-ദന്ത്യം
പവര്‍ഗം- ഓഷ്ഠ്യം

ആറാമതുള്ളത് പരിമാണമാണ്. മാത്ര അല്ലെങ്കില്‍ അളവ് എന്നാണ് അര്‍ഥം. ഹ്രസ്വ ദീര്‍ഘ സ്വരൂപം നോക്കാം.

അ, ഇ,ഉ എന്നിവ ഒരു മാത്രയാണ്.
ആ, ഈ, ഊ എന്നിവ രണ്ടുമാത്രയാണ്.
സ്വരങ്ങളിലും വ്യഞ്ജനങ്ങളിലും ഈ മാത്രാഭേദമുണ്ട്. തീവ്രധ്വനിയാര്‍ന്ന ചില്ല് പിന്നീട് വന്നാല്‍ ഹ്രസ്വം ദീര്‍ഘമാകും.

മലയാള വ്യാകരണപാഠം 5

സന്ധി എന്നാല്‍ എന്ത്?

സന്ധി എന്നാല്‍ ചേര്‍ച്ച എന്നാണ് അര്‍ഥം. രണ്ടു വര്‍ണങ്ങള്‍ ചേരുമ്പോഴുണ്ടാകുന്ന മാറ്റമാണത്. ഈ സന്ധി മൂന്നുരീതിയിലാണ് ഉണ്ടാകുന്നത്.
1. സന്ധിക്കുന്ന വര്‍ണങ്ങളുടെ സ്ഥലഭേദത്തെ ആസ്പദമാക്കി.

2. സന്ധിക്കുന്ന വര്‍ണങ്ങളുടെ സ്വരവ്യഞ്ജന ഭേദത്തെ ആസ്പദമാക്കി

3. സന്ധിക്കുന്ന വര്‍ണങ്ങളുടെ വികാരങ്ങളെ ആസ്പദമാക്കി.

സ്ഥലഭേദത്തെ ആസ്പദമാക്കിയുള്ള മാറ്റങ്ങള്‍ക്ക് മൂന്നു പേരുകളുണ്ട്.

1. പദ മധ്യസന്ധി
2. പദാന്ത സന്ധി
3. ഉഭയ സന്ധി
പദമധ്യ സന്ധിയില്‍ പ്രകൃതിയും പ്രത്യയവും ചേരുന്നു.
ഉദാ: മരം+ഇല്‍= മരത്തില്‍

പദാന്ത സന്ധിയില്‍ പദവും പദവും തമ്മില്‍ സന്ധിക്കുന്നു.
ഉദാ: പൊന്‍+പൂ= പൊല്‍പൂ

ഉഭയ സന്ധിയില്‍ പദമധ്യവും പദാന്തവും ചേരുന്നു.
ഉദാ: മണി+അറ+ഇല്‍=മണിയറയില്‍

ഇനി സ്വരവ്യഞ്ജനത്തെ ആസ്പദമാക്കിയുള്ള സന്ധി വിഭജനം നോക്കാം.
ഇതു നാലുതരമുണ്ട്.

1. സ്വരസന്ധി
2. സ്വരവ്യഞ്ജന സന്ധി
3. വ്യഞ്ജനസ്വര സന്ധി
4. വ്യഞ്ജന സന്ധി

ഇതു വിശദീകരിക്കാം.
സ്വരവും സ്വരവും തമ്മില്‍ ചേരുന്നതാണ് സ്വരസന്ധി.
ഉദാ: മഴ+ഇല്ല=മഴയില്ല
ദൈത്യ+അരി=ദൈത്യാരി
ഹൃദയ+ഐക്യം= ഹൃദയൈക്യം
അല+ആഴി=അലയാഴി

സ്വരവും വ്യഞ്ജനവും ചേരുന്നതാണ് സ്വരവ്യഞ്ജന സന്ധി.
ഉദാ: താമര+ കുളം=താമരക്കുളം

വ്യഞ്ജനവും സ്വരവും ചേരുന്നതാണ് വ്യഞ്ജനസ്വര സന്ധി
ഉദാ: കണ്‍+ഇല്ല= കണ്ണില്ല

വ്യഞ്ജനവും വ്യഞ്ജനവും ചേരുന്നതാണ് വ്യഞ്ജന സന്ധി.
ഉദാ: നെല്+മണി= നെന്മണി

മലയാള വ്യാകരണത്തില്‍ വര്‍ണങ്ങളുടെ വികാരങ്ങളെ ആസ്പദമാക്കിയുള്ള സന്ധികള്‍ക്കാണ് പ്രാമുഖ്യം. പ്രധാനമായും നാലുതരം സന്ധികളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്.

1. ലോപ സന്ധി
2. ആഗമ സന്ധി
3. ദ്വിത്വ സന്ധി
4. ആദേശ സന്ധി

ഇവയെ നമുക്ക് പരിശോധിക്കാം.

രണ്ടു വര്‍ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ പൂര്‍വ വര്‍ണം, അതായത് ആദ്യത്തെ വര്‍ണം ലോപിക്കുന്നതാണ് ലോപസന്ധി. ലോപിക്കുക എന്നാല്‍ കുറയുക എന്നാണര്‍ഥം. സ്വരങ്ങളും അര്‍ധസ്വരങ്ങളായ മധ്യമങ്ങളുമാണ് പ്രായേണ ലോപിക്കുന്നത്. സ്വരങ്ങള്‍- അ, ഇ, എ, ഉ
മധ്യമങ്ങള്‍- യ,ര,ല

ഉദാ: അത്+അല്ല= അതല്ല
പോയി+ഇല്ല= പോയില്ല
വന്ന്+ഇരുന്നു= വന്നിരുന്നു
ചെയ്യാതെ+ ആയി= ചെയ്യാതായി

രണ്ടുവര്‍ണങ്ങള്‍ ചേരുമ്പോള്‍ മൂന്നാമതൊരു വര്‍ണം വന്നു ചേരുന്നതാണ് ആഗമ സന്ധി.

ഉദാ: മഴ+ഇല്ല= മഴയില്ല
അല+ആഴി= അലയാഴി
തിരു+ആതിര= തിരുവാതിര
ഇ+അന്‍= ഇവന്‍

രണ്ടു വര്‍ണങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഒരു വര്‍ണം ഇരട്ടിക്കുന്നതാണ് ദ്വിത്വസന്ധി.

ഉദാ: നെയ്+ആര്‍= നെയ്യാര്‍
അവിടെ+പോയി= അവിടെപ്പോയി

ആറ്+ഇല്‍= ആറ്റില്‍
ആവി+കപ്പല്‍= ആവിക്കപ്പല്‍
ദ്വിത്വ സന്ധിയില്‍ ഇരട്ടിപ്പ് വരാത്ത ചില സന്ദര്‍ഭങ്ങളുമുണ്ട്.
ഉദാ: അര+കല്ല്= അരകല്ല്
എരി+തീ= എരിതീ
ഇവിടെ എല്ലാ ആദ്യ പദങ്ങളും ക്രിയാധാതുക്കളാണ്.

ദ്വിത്വ സന്ധിയില്‍ പല പദങ്ങളും വിശേഷ വിശേഷ്യങ്ങളായിട്ടാണ് വരുക. ഇതല്ലാതെ പദങ്ങള്‍ക്ക് തുല്യ പ്രാധാന്യം കല്പിച്ച് ദ്വന്ദ്വസമാസമാക്കി കൂട്ടിച്ചേര്‍ത്താല്‍ ഇരട്ടിപ്പ് വരികയില്ല.
ഉദാ: കൈ+കാല്‍=കൈകാല്‍
ആന+കുതിരകള്‍+ ആനകുതിരകള്‍

നാലാമത്തേത് ആദേശ സന്ധിയാണ്.
രണ്ടുവര്‍ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഒരു വര്‍ണം പോയിട്ട് അതിന്റെ സ്ഥാനത്ത് പുതിയ ഒരു വര്‍ണം വന്നുചേരുന്നതാണ് ആദേശ സന്ധി. രണ്ടു തരത്തിലുള്ള വ്യഞ്ജനങ്ങള്‍ അടുത്തടുത്തു വരുമ്പോള്‍ ഉച്ചാരണക്ലേശം ഒഴിവാക്കാനാണ് ഈ മാറ്റം.
പിരിച്ചെഴുതുമ്പോള്‍ ആദ്യ പദം ചില്ലുകളില്‍ അവസാനിക്കുകയോ അനുസ്വാരത്തില്‍ അവസാനിക്കുകയോ ചെയ്യുകയാണെങ്കില്‍ മിക്കവാറും അതു ആദേശ സന്ധിയായിരിക്കും.

ല്-ല്‍
ന്=ന്‍
ള്-ള്‍
ര്-ര്‍
്ണ്-ണ്‍ എന്നിവയാണ് ചില്ലുകളായി വരുന്നത്.

ആദേശ സന്ധിക്ക് ഉദാഹരങ്ങള്‍ നോക്കാം.

എണ്‍+നൂറ്= എണ്ണൂറ്
തണ്‍+താര്‍=തണ്ടാര്‍
നല്+മ=നന്മ
ചെമ്പ്+ഏട്= ചെപ്പേട്
വെള്+മ= വെണ്മ
തിരുമുന്‍+കാഴ്ച= തിരുമുല്‍ക്കാഴ്ച
ദേശം+എ= ദേശത്തെ

ദ്വിത്വ സന്ധിക്കും ആഗമ സന്ധിക്കും ഒരു വ്യത്യാസം മാത്രമേയുള്ളൂ. ദ്വിത്വത്തില്‍ ആഗമിക്കുന്നത് അവിടെയുളള വര്‍ണങ്ങളില്‍ ഒന്നുതന്നെയാണ്. ആഗമത്തില്‍ മൂന്നാമതൊരു വര്‍ണമാണ് ആഗമിക്കുന്നത്.
സന്ധിയിലെ എല്ലാ വര്‍ണവികാരങ്ങള്‍ക്കും അടിസ്ഥാനം ഉച്ചാരണ സൗകര്യമാണ്. സ്വരങ്ങള്‍ക്ക് സ്പഷ്ടമായ ഉച്ചാരണമുണ്ട്. സ്വരങ്ങള്‍ കൂടിച്ചേരുമ്പോഴാണ് വര്‍ണവികാരം കൂടുതലായി ഉണ്ടാകുന്നത്. വ്യഞ്ജനങ്ങള്‍ക്ക് അങ്ങനെയല്ല. സ്വരസഹായമില്ലാതെ ഉച്ചാരണ സ്പഷ്ടത ഉണ്ടാകാത്തതിനാല്‍ രണ്ടു വ്യഞ്ജനങ്ങള്‍ തമ്മില്‍ ചേര്‍ന്നാലും അക്ഷരം ഒന്നുമാത്രമായിട്ടേ വരികയുള്ളൂ.

 

വ്യാകരണകാര്യങ്ങള്‍ എളുപ്പത്തില്‍ പഠിക്കാനും ഹൃദിസ്ഥമാക്കാനും കേരളപാണിനി കാരികകളായിട്ടാണ് മിക്കതും നല്‍കിയിട്ടുള്ളത്. അതിനാല്‍ സന്ധി സംബന്ധിച്ച പ്രധാനപ്പെട്ട കാരികകളില്‍ ചിലതു ഉദ്ധരിച്ച് വിശദമാക്കാം.

സ്വരത്തിന് മുന്‍പ് ലോപിക്കും
സംവൃതം വ്യര്‍ഥമാകയാല്‍;
അതിനെ സ്വരമായിട്ടേ
വകവയ്‌ക്കേണ്ട സന്ധിയില്‍

ലോപ സന്ധി സംബന്ധിച്ച ഒരു കാരികയാണിത്. സംവൃതോകാരത്തിനുശേഷം സ്വരം വരുമ്പോള്‍ സംവൃതോകാരം ലോപിക്കും. അതിനാല്‍ സന്ധിയില്‍ സംവൃതോകാരത്തെ സ്വരമായിട്ടേ കണക്കാക്കേണ്ടതില്ല എന്നാണ് അര്‍ഥം.

ഉദാ: തണുപ്പ്+ഉണ്ട്= തണുപ്പുണ്ട്

മറ്റൊരു കാരിക നോക്കാം:

അകാരം ലുപ്തമായിക്കാണും
വേറിട്ടും പലെടങ്ങളില്‍

അതിനു ഉദാഹരണമായ വാക്ക് തന്നെയാണ് പലെടങ്ങളില്‍. പല+ഇടങ്ങളില്‍= പലെടങ്ങളില്‍.
ലോപസന്ധികളില്‍ തന്നെ പലെടത്തും ലോപിച്ചും ലോപിക്കാതെയുമുള്ള രൂപങ്ങളുണ്ട്. ഉദാ: പോട്ടെ+അവന്‍= പോട്ടവന്‍, പോട്ടെയവന്‍.

മുഖ്യമായ ചില പ്രത്യേകതകള്‍

1. സംസ്‌കൃത വ്യാകരണഗ്രന്ഥമായ പാണിനീയത്തെയാണ് കേരള പാണിനി എ.ആര്‍.രാജരാജവര്‍മ കൂടുതലും അനുകരിച്ചിട്ടുള്ളത്.
2. എന്നാല്‍, അദ്ദേഹം കൂടുതലും പിന്തുടര്‍ന്നത് ഡോ.കാല്‍ഡ്വെലിന്റെ രീതിയാണ്.
3. ലീലാതിലകകാരന്‍ കേരളഭാഷയുടെ വ്യാകരണം ചര്‍ച്ച ചെയ്യാന്‍ ആശ്രയിച്ചത് തമിഴ് വ്യാകരണഗ്രന്ഥങ്ങളായ തൊല്‍ക്കാപ്പിയത്തെയും നന്നൂലിനെയുമാണ്.
4. സകല വര്‍ണവികാരങ്ങള്‍ക്കും ഉച്ചാരണ സൗകര്യമാണ് അടിസ്ഥാനമെന്ന് കേരളപാണിനി നിരീക്ഷിക്കുന്നു.

5. അര്‍ഥവ്യതിയാനത്തിനുവേണ്ടിയും സന്ധി ചെയ്യേണ്ടിവരും. ആന പുറത്തുകയറി, ആനപ്പുറത്തുകയറി എന്നീ പ്രയോഗങ്ങള്‍ നോക്കാം. പ ഇരട്ടിക്കുമ്പോള്‍ അര്‍ഥവ്യത്യാസവും ഉണ്ടാകുന്നു.

ആഗമ സന്ധിയിലെ ഒരു കാരിക നോക്കാം.

വകാരാഗമമേ ചേരൂ
ചുട്ടെഴുത്തുകള്‍ മൂന്നിലും
അറിവാനറിവേനെന്ന
വകാരം ഭാവിചിഹ്നമാം

ചുട്ടെഴുത്ത് എന്നാല്‍ ചൂണ്ടിപ്പറയുന്ന എഴുത്താണ്. ചൂണ്ട്+എഴുത്ത്=ചുട്ടെഴുത്ത്.
ഭാഷയിലെ ചുട്ടെഴുത്തുകള്‍ ഇവയാണ്: അ,ഇ,എ. അകലെയിരിക്കുന്നതിനെ ചൂണ്ടിപ്പറയുന്നത് അ. അടുത്തിരിക്കുന്നതിനെ ചൂണ്ടിപ്പറയുന്നത് ഇ. ചോദ്യവാചിയായ ചൂണ്ടിപ്പറയല്‍ എ. ചുട്ടെഴുത്തുകളെ കേവലസ്വരങ്ങള്‍ എന്നും പറയും.
ചുട്ടെഴുത്തുകള്‍ക്ക് പരമായി സ്വരം വരുമ്പോള്‍ വകാരമേ ആഗമിക്കൂ.

ഉദാ:
അ+അന്‍= അവന്‍
ഇ+അന്‍= ഇവന്‍
എ+അന്‍= എവന്‍

അറിവാന്‍, അറിവേന്‍ എന്നിവിടങ്ങളില്‍ കാണുന്ന വകാരം ആഗമ സന്ധി നിയമം അനുസരിച്ചുള്ളതല്ല. ഇൗ വകാരം ഭാവിപ്രത്യയചിഹ്നം ആകുന്നു.