യു.എ. ഖാദറിന് മാതൃഭൂമി സാഹിത്യപുരസ്കാരം
കോഴിക്കോട്: 2019ലെ മാതൃഭൂമി സാഹിത്യപുരസ്കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു.എ. ഖാദറിന്. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. നോവല്‍, കഥ, ലേഖനം, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികളുടെ കര്‍ത്താവാണ്. ഖാദറിന്റെ തൃക്കോട്ടൂര്‍ പെരുമ മലയാളത്തിലുണ്ടായ ദേശപുരാവൃത്തരചനകളില്‍ പ്രധാനപ്പെട്ടതാണ്. ഈ രചനയോടെ തൃക്കോട്ടൂര്‍ ഐതിഹ്യത്തിന്റെ നാടായി മലയാളിയുടെ ബോധത്തില്‍ സ്ഥിരപ്രതിഷ്ഠ നേടി. തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകള്‍ എന്നിവയാണ് പ്രധാനരചനകള്‍.തൃക്കോട്ടൂര്‍ പെരുമയ്ക്ക് 1983ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും തൃക്കോട്ടൂര്‍ നോവലുകള്‍ക്ക് 2009ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, പത്മപ്രഭാ പുരസ്കാരം, അബുദാബി ശക്തി അവാര്‍ഡ് എന്നിവയും നേടി. ഡിസംബര്‍ 30ന് കോഴിക്കോട്ട് കെ.പി. കേശവമേനോന് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ടി. പത്മനാഭന് മാതൃഭൂമി പുരസ്കാരം യു.എ. ഖാദറിന് സമര്‍പ്പിക്കും.