രത്‌നാസനവും കൊടുത്തിരുത്തി തദാ
പത്‌നിയോടുമതീ ഭക്ത്യാ രഘുത്തമന്‍
പൊല്‍ക്കലശസ്ഥിതനിര്‍മലവാരിണാ
തൃക്കാല്‍ കഴുകിച്ചു പാദാബ്ജതീര്‍ത്ഥവും
ഉത്തമാംഗേന ധരിച്ചു വിശുദ്ധനായ്
ചിത്തമോദേന ചിരിച്ചരുളിച്ചെയ്തു:
പുണ്യവാനായേനടിയനതീവ കേ
ളിന്നു പാദോദക തീര്‍ത്ഥം ധരിയ്ക്കയാല്‍
എന്നിങ്ങനെ രാമചന്ദ്രവാക്യം കേട്ടു
നന്നായ് ചിരിച്ചു വസിഷ്ഠനരുള്‍ ചെയ്തു:
നന്നുനന്നെത്രയും നിന്നുടെ വാക്കുക
ളൊന്നുണ്ടു ചൊല്‌ളുന്നതിപേ്പാള്‍ നൃപാത്മജ!
ത്വല്പാദപങ്കജതീര്‍ത്ഥം ധരിയ്ക്കയാല്‍
ദര്‍പ്പകവൈരിയും ധന്യനായീടിനാന്‍
ത്വല്‍പ്പാദതീഥവിശുദ്ധനായ് വന്നിതു
മല്‍പ്പിതാവായ വിരിഞ്ചനും ഭൂപതേ!
ഇപേ്പാള്‍ മഹാജനങ്ങള്‍ക്കുപദേശാര്‍ത്ഥ
മദ്ഭുത വിക്രമ! ചൊന്നതു നീയെടോ!
നന്നായറിഞ്ഞിരിയ്ക്കുന്നിതു നിന്നെ ഞാ
നിന്നവനാകുന്നതെന്നതുമിന്നെടോ!
സാക്ഷാല്‍ പരബ്രഝമാം പരമാത്മാവു
മോക്ഷദന്‍ നാനാജഗന്മയനീശ്വരന്‍
ലക്ഷമീഭഗവതിയോടും ധരണിയി
ലിക്കാലമത്ര ജനിച്ചതു നിശ്ചയം!
ദേവകാര്യാര്‍ത്ഥസിദ്ധ്യര്‍ത്ഥം കരുണയാ
രാവണനെക്കൊന്നു താപം കെടുപ്പാനും
ഭക്ത ജനങ്ങള്‍ക്കു മുക്തി സിദ്ധിപ്പാനു
മിത്ഥമവതരിച്ചീടിന ശ്രീപതേ!
ദേവകാര്യാര്‍ത്ഥമതീവ ഗുഹ്യം പുന
രേവം വെളിച്ചത്തിടാഞ്ഞിതു ഞാനിദം.
കാര്യങ്ങളെല്‌ളാമനുഷ്ഠിച്ചു സാധിയ്ക്ക,
മായയാ മായാമനുഷ്യനായ് ശ്രീനിധേ!
ശിഷ്യനലേ്‌ളാ ഭവാനാചാര്യനേഷ ഞാന്‍
ശിക്ഷിയ്ക്ക വേണം ജഗദ്ധിതാര്‍ത്ഥം പ്രഭോ!
സാക്ഷാല്‍ ചരാചരചാര്യനലേ്‌ളാ ഭവാ
നോര്‍ക്കില്‍ പിതൃണാം പിതാമഹനും ഭവാന്‍
സര്‍വ്വേഷ്വഗോചരനായന്തര്യാമിയായ്
സര്‍വ്വജഗദ്യന്ത്രവാഹകനായ നീ
ശുദ്ധസത്വാത്മകമായൊരു വിഗ്രഹം
ധൃത്വാ നിജാധീനസംഭവനായുടന്‍
മര്‍ത്തൃവേഷേണ ദശരഥപുത്രനായ്
പൃഥീതലേ യോഗമായയാ ജാതനാം
എന്നതു മുന്നേ ധരിച്ചിരിയ്ക്കുന്നു ഞാ
നെന്നോടു ധാതാവു താനരുള്‍ ചെയ്കയാല്‍
എന്നതറിഞ്ഞത്രേ സൂര്യാന്വയത്തിനു
മുന്നേ പുരോഹിതനായിരുന്നു മുദാ