നിഷ്ഠുരതരമായ രാഘവശരാസനം
പൊട്ടിച്ചാന്‍ മുഷ്ടിദേശേ ബാണമെയ്താശു ഖരന്‍. 940
ചട്ടയും നുറുക്കിനാന്‍ ദേഹവും ശരങ്ങള്‍കൊ
ണ്ടൊട്ടൊഴിയാതെ പിളര്‍ന്നീടിനാ,നതുനേരം
താപസദേവാദികളായുളള സാധുക്കളും
താപമോടയ്യോ! കഷ്ടം! കഷ്ടമെന്നുരചെയ്താര്‍.
ജയിപ്പൂതാക രാമന്‍ ജയിപ്പൂതാകയെന്നു
ഭയത്തോടമരരും താപസന്മാരും ചൊന്നാര്‍.
തല്ക്കാലേ കുംഭോത്ഭവന്‍തന്നുടെ കയ്യില്‍ മുന്നം
ശക്രനാല്‍ നിക്ഷിപ്തമായിരുന്ന ശരാസനം
തൃക്കയ്യില്‍ കാണായ്‌വന്നിതെത്രയും ചിത്രം ചിത്രം;
മുഖ്യവൈഷ്ണവചാപം കൈക്കൊണ്ടു നില്ക്കുന്നേരം 950
ദിക്കുകളൊക്കെ നിറഞ്ഞോരു വൈഷ്ണവതേജ
സ്‌സുള്‍ക്കൊണ്ടു കാണായ്‌വന്നു രാമചന്ദ്രനെയപേ്പാള്‍.
ഖണ്ഡിച്ചാന്‍ ഖരനുടെ ചാപവും കവചവും
കുണ്ഡലഹാര കിരീടങ്ങളുമരക്ഷണാല്‍.
സൂതനെക്കൊന്നു തുരഗങ്ങളും തേരും പൊടി
ച്ചാദിനായകനടുത്തീടിന നേരത്തിങ്കല്‍
മറ്റൊരു തേരില്‍ കരയേറിനാനാശു ഖരന്‍
തെറ്റെന്നു പൊടിച്ചിതു രാഘവനതുമപേ്പാള്‍.
പിന്നെയും ഗദയുമായടുത്താനാശു ഖരന്‍
ഭിന്നമാക്കിനാന്‍ വിശിഖങ്ങളാലതും രാമന്‍. 960
ഏറിയ കോപത്തോടെ പിന്നെ മറ്റൊരു തേരി
ലേറിവന്നസ്ത്രപ്രയോഗം തുടങ്ങിനാന്‍ ഖരന്‍.
ഘോരമാമാഗ്‌നേയാസ്ത്രമെയ്തു രഘുവരന്‍
വാരുണാസ്‌ത്രേന തടുത്തീടിനാന്‍ ജിതശ്രമം.
പിന്നെക്കൗബേരമസ്ത്രമെയ്തതൈന്ദ്രാസ്ത്രംകൊണ്ടു
മന്നവന്‍ തടഞ്ഞതു കണ്ടു രാക്ഷസവീരന്‍
നൈര്യതമസ്ത്രം പ്രയോഗിച്ചിതു യുമ്യാസ്‌ത്രേണ
വീരനാം രഘുപതി തടുത്തുകളഞ്ഞപേ്പാള്‍
വായവ്യമയച്ചതുമൈന്ദ്രാസ്ത്രംകൊണ്ടു ജഗ
ന്നായകന്‍ തടുത്തതു കണ്ടു രാക്ഷസവീരന്‍ 970
ഗാന്ധര്‍വ്വമയച്ചതു ഗൗഹ്യകമസ്ത്രംകൊണ്ടു
ശാന്തമായതു കണ്ടു ഖരനും കോപത്തോടെ
ആസുരമസ്ത്രം പ്രയോഗിച്ചതു കണ്ടു രാമന്‍