ഹനുമാന്റെ ഹിതോപദേശം

സ്ഫുട വചനമതിവിശദ മിതി ശൃണു ജളപ്രഭോ!
പൂജ്യനാം രാമദൂതന്‍ ഞാനറിക നീ
ഭുവനപതി മമപതി പുരന്ദരപൂജിതന്‍
പുണ്യപുരുഷന്‍ പുരുഷോത്തമന്‍ പരന്‍
ഭുജഗകുലപതിശയനമലനഖിലേശ്വരന്‍
പൂര്‍വ്വദേവാരാതി ഭുക്തിമുക്തിപ്രദന്‍ 970
പുരമഥനഹൃദയമണിനിലയനനിവാസിയാം
ഭൂതേശസേവിതന്‍ ഭൂതപഞ്ചാത്മകന്‍
ഭുജകുലരിപുമണിരഥദ്ധ്വജന്‍ മാധവന്‍
ഭൂപതിഭൂതിവിഭൂഷണസമ്മിതന്‍
നിജജനകവചനമതുസത്യമാക്കീടുവാന്‍
നിര്‍മ്മലന്‍ കാനനത്തിന്നു പുറപെ്പട്ടു
ജനകജയുമവരജനുമായ് മരുവുന്ന നാള്‍
ചെന്നു നീ ജാനകിയെക്കട്ടുകൊണ്ടീലേ
തവ മരണമിഹവരുവതിന്നൊരു കാരണം
താമരസോത്ഭവകല്പിതം കേവലം 980
തദനു ദശരഥതനയനും മതംഗാശ്രമേ
താപേന തമ്പിയുമായ് ഗമിച്ചീടിനാന്‍
തപനതനയനൊടനലസാക്ഷിയായ് സഖ്യവും
താല്പര്യമുള്‍ക്കൊണ്ടു ചെയ്‌തോരനന്തരം
അമരപതിസുതനെയൊരു ബാണേന കൊന്നുട
നര്‍ക്കാത്മജന്നു കിഷ്‌കിന്ധയും നല്‍കീടിനാന്‍
അടിമലരിലവനമനമഴകിനൊടു ചെയ്തവ
നാധിപത്യം കൊടുത്താധി തീര്‍ത്തീടിനാന്‍
അതിനവനുമവനിതനയാന്വേഷണത്തിനാ
യാശകള്‍ തോറുമേകൈക നൂറായിരം 990
പ്‌ളവഗകുലപരിവൃഢരെ ലഖുതരമയച്ചതി
ലേകനഹമിഹവന്നു കണ്ടീടിനേന്‍
വനജവിടപികളെയുടനുടനിഹ തകര്‍ത്തതും
വാനരവംശ പ്രകൃതിശീലം വിഭോ!
ഇകലില്‍ നിശിചരവരരെയൊക്കെ മുടിച്ചതു
മെന്നെ വധിപ്പതിന്നായ് വന്ന കാരണം
മരണഭയമകതളിരിലില്‌ളയാതേ ഭുവി
മറ്റൊരു ജന്തുക്കളിലെ്‌ളന്നു നിര്‍ണ്ണയം
ദശവദന ! സമരഭുവി ദേഹരക്ഷാര്‍ത്ഥമായ്
ത്വദ്ഭൃത്യവര്‍ഗ്ഗത്തെ നിഗ്രഹിച്ചേനഹം 1000
ദശനിയുതശതവയസി ജീര്‍ണ്ണമെന്നാകിലും
ദേഹികള്‍ക്കേറ്റം പ്രിയം ദേഹമോര്‍ക്ക നീ
തവ തനയകരഗളിത വിധിവിശിഖപാശേന
തത്ര ഞാന്‍ ബദ്ധനായേനൊരു കാല്‍ക്ഷണം
കമലഭവമുഖസുരവരപ്രഭാവേന മേ
കായത്തിനേതുമേ പീഡയുണ്ടായ്‌വരാ
പരിഭവമൊരു പൊഴുതു മരണവുമകപെ്പടാ
ബദ്ധഭാവേന വന്നീടിനേനത്ര ഞാന്‍
അതിനുമിതുപൊഴുതിലൊരു കാരണമുണ്ടുകേ
ളദ്യഹിതം തവ വക്തുമുദ്യുകതനായ് 1010
അകതളിരിലറിവു കുറയുന്നവര്‍ക്കേറ്റമു
ള്ളജ്ഞാനമൊക്കെ നീക്കേണം ബുധജനം
അതുജഗതി കരുതു കരുണാത്മനാം ധര്‍മ്മമെ
ന്നാത്മോപദേശമജ്ഞാനിനാം മോക്ഷദം
മനസി കരുതുക ഭുവനഗതിയെ വഴിയേ ഭവാന്‍
മഗ്‌നനായീടൊലാ മോഹമഹാം ബുധൌ
ത്യജമനസി ദശവദന! രാക്ഷസീം ബുദ്ധിയെ
ദൈവീം ഗതിയെസ്‌സമാശ്രയിച്ചീടു നീ
അതു ജനനമരണ ഭയനാശിനീ നിര്‍ണ്ണയ
മന്യയായുള്ളതു സംസാര കാരിണി 1020
അമൃതഘനവിമലപരമാത്മബോധോചിത
മത്യുത്തമാന്വയോദ് ഭൂതനലേ്‌ളാ ഭവാന്‍
കളക തവ ഹൃദി സപദി തത്ത്വബോധേന നീ
കാമകോപദ്വേഷലോഭമോഹാദികള്‍
കമലഭവസുതതനയ നന്ദനനാകയാല്‍
കര്‍ബുരഭാവം പരിഗ്രഹിയായ്ക നീ
ദനുജസുര മനുജഖഗമൃഗഭുജഗഭേദേന
ദേഹാത്മബുദ്ധിയെസ്‌സന്ത്യജിച്ചീടു നീ
പ്രകൃതിഗുണപരവശതയാ ബദ്ധനായ്‌വരും
പ്രാണദേഹങ്ങളാത്മാവല്‌ളറികെടോ! 1030
അമൃതമയനജനമലനദ്വയനവ്യയ
നാനന്ദപൂര്‍ണ്ണനേകന്‍ പരന്‍ കേവലന്‍
നിരുപമമനമേയനവ്യകതന്‍ നിരാകുലന്‍
നിര്‍ഗ്ഗുണന്‍ നിഷ്‌കളങ്കന്‍ നിര്‍മ്മമന്‍ നിര്‍മ്മലന്‍
നിഗമവരനിലയനനന്തനാദ്യന്‍ വിഭു
നിത്യന്‍ നിരാകാരനാത്മാ പരബ്രഝം
വിധിഹരിഹരാദികള്‍ക്കും തിരിയാതവന്‍
വേദാന്തവേദ്യനവേദ്യനജ്ഞാനിനാം
സകലജഗദിദമറിക മായാമയം പ്രഭോ!
സച്ചിന്മയം സത്യബോധം സതാതനം 1040
ജഡമഖിലജഗദിദമനിത്യമറിക നീ
ജന്മജരാമരണാദി ദുഃഖാന്വിതം
അറിവതിനു പണിപരമ പുരുഷ മറിമായങ്ങ
ളാത്മാനമാത്മനാ കണ്ടു തെളിക നീ
പരമഗതി വരുവതിനു പരമൊരുപദേശവും
പാര്‍ത്തുകേട്ടീടു ചൊല്‌ളിത്തരുന്നുണ്ടു ഞാന്‍
അനവരതമകതളിരിലമിതഹരിഭക്തികൊ
ണ്ടാത്മവിശുദ്ധി വരുമെന്നു നിര്‍ണ്ണയം
അകമലരുമഘമകലുമളവതി വിശുദ്ധമാ
യാശു തത്ത്വജ്ഞാനവുമുദിക്കും ദൃഢം 1050
വിമലതര മനസി ഭഗവത്തത്ത്വ വിജ്ഞാന
വിശ്വാസകേവലാനന്ദാനുഭൂതിയാല്‍
രജനിചരവനദഹനമന്ത്രാക്ഷരദ്വയം
രാമരാമേതി സദിവ ജപിക്കയും
രതി സപദി നിജഹൃദി വിഹായ നിത്യം മുദാ
രാമപാദ ധ്യാനമുള്ളിലുറയ്ക്കയും
അറിവുചെറുതകതളിരിലൊരു പുരുഷനുണ്ടെങ്കി
ലാഹന്ത! വേണ്ടുന്നതാകയാലാശു നീ
ഭജഭവ ഭയാപഹം ഭക്തലോകപ്രിയം
ഭാനുകോടിപ്രഭം വിഷുപദാംബുജം 1060
മധുമഥനചരണസരസിജയുഗളമാശു നീ
മൌഢ്യം കളഞ്ഞു ഭജിച്ചുകൊണ്ടീടെടോ!
കുസൃതികളുമിനി മനസി കനിവൊടു കളഞ്ഞു വൈ
കുണ്ഠലോകം ഗമിപ്പാന്‍ വഴിനോക്കു നീ
പരധന കളത്രമോഹ്ന നിത്യം വൃഥാ
പാപമാര്‍ജ്ജിച്ചു കീഴ്‌പോട്ടു വീണിടൊലാ
നളിനദലനയനമഖിലേശ്വരം മാധവം
നാരായണം ശരണാഗത വത്സലം
പരമപുരുഷം പരമാത്മാനമദ്വയം
ഭക്തിവിശ്വാസേന സേവിക്ക സന്തതം 1070
ശരണമിതി ചരണകമലേ പതിച്ചീടെടോ!
ശത്രുഭാവത്തെ ത്യജിച്ചു സന്തുഷ്ടനായ്
കലുഷമനവധി ഝടിതി ചെയ്തിതെന്നാകിലും
കാരുണ്യമീവണ്ണമില്‌ള മറ്റാര്‍ക്കുമോ
രഘുപതിയെ മനസി കരുതുകിലവനു ഭൂതലേ
രണ്ടാമതുണ്ടാകയില്‌ള ജന്മം സഖേ!
സനകമുഖമുനികള്‍ വചനങ്ങളിതോര്‍ക്കെടോ
സത്യം മയോകതം വിരിഞ്ചാദി സമ്മതം
അമൃതസമവചനമിതിപവനതനയോദിത
മത്യന്തരോഷേണ കേട്ടു ദശാനനന്‍ 1080
നയനമിരുപതിലുമഥ കനല്‍ ചിതറുമാറുടന്‍
നന്നായുരുട്ടിമിഴിച്ചു ചൊല്‌ളീടിനാന്‍
തിലസദൃശമിവനെയിനി വെട്ടിനുറുക്കുവിന്‍
ധിക്കാരമിത്ര കണ്ടീല മറ്റാര്‍ക്കുമേ
മമ നികടഭുവി വടിവൊടൊപ്പമിരുന്നു മാം
മറ്റൊരു ജന്തുക്കളിങ്ങനെ ചൊല്‌ളുമോ?
ഭയവുമൊരുവിനയവുമിവന്നു കാണ്‍മാനില്‌ള
പാപിയായോരു ദുഷ്ടാത്മാശഠനിവന്‍
കഥയമമ കഥയമ രാമനെന്നാരു ചൊല്‍?
കാനനവാസി, സുഗ്രീവനെന്നാരെടോ? 1090
അവരെയുമനന്തരം ജാനകി തന്നെയു
മത്യന്ത ദുഷ്ടനാം നിന്നെയും കൊല്‌ളുവന്‍
ദശവദന വചനമിതി കേട്ടു കോപം പൂണ്ടു
ദന്തം കടിച്ചു കപീന്ദ്രനും ചൊല്‌ളിനാന്‍!
നിനവു തവ മനസി പെരുതെത്രയും നന്നു നീ
നിന്നോടെതിരൊരു നൂറുനൂറായിരം
രജനിചരകുലപതികളായ് ഞെളിഞ്ഞുള്ളൊരു
രാവണന്മാരൊരുമിച്ചെതിര്‍ത്തീടിലും
നിയതമിതുമമ ചെറുവിരല്ക്കു പോരാ പിന്നെ
നീയെന്തു ചെയ്യുന്നിതെന്നോടു കശ്മല! 1100
പവനസുത വചനമിതു കേട്ടു ദശാസ്യനും
പാര്‍ശ്വസ്ഥിതന്മാരൊടാശു ചൊല്‌ളീടിനാന്‍!
ഇവിടെ നിശിചരരൊരുവരായുധപാണിയാ
യില്‌ളയോ കള്ളനെക്കൊല്‌ളുവാന്‍ ചൊല്‌ളുവിന്‍
അതുപൊഴുതിലൊരുവനവനോടടുത്തീടിനാ
നപേ്പാള്‍ വിഭീഷണന്‍ ചൊല്‌ളിനാന്‍ മെല്‌ളവേ!
അരുതരുതു ദുരിതമിതു ദൂതനെക്കൊല്‌ളുകെ
ന്നാര്‍ക്കടുത്തൂ നൃപന്മാര്‍ക്കു ചൊല്‌ളീടുവിന്‍
ഇവനെ വയമിവിടെ വിരവോടു കൊന്നീടിനാ
ലെങ്ങനെയങ്ങറിയുന്നിതു രാഘവന്‍ 1110
അതിനുപുനരിവനൊരടയാളമുണ്ടാക്കിനാ
മങ്ങയയ്‌ക്കേണമതലേ്‌ളാ നൃപോചിതം ?
ഇതിസദസി ദശവദന സഹജവചനേന താ
നെങ്കിലതങ്ങനെ ചെയ്‌കെന്നു ചൊല്‌ളിനാന്‍.