ഏതും ഗ്രഹിയാതെ ഞാൻ ചെയ്തോരപരാധങ്ങൾ
എല്ലാം ക്ഷമിച്ചുകൊൾക കല്യാണാകര ശംഭോ!
അംഗങ്ങളടിയത്തിന്നെങ്ങുമിളക്കാവല്;
അങ്ങു വന്നു വന്ദിപ്പാനിങ്ങു ശക്തിയുമില്ലാ
മഞ്ജുളനേത്ര! വന്ദേ ഗംഗാഭൂഷണാ! വന്ദേ
തുംഗാനുഭാവാ വന്ദേ! മംഗല്യാകാരാ വന്ദേ!

അതിശയഭക്ത്യാ വിവശനതാകിയ
ഹരിസുതവചനം കേട്ടു ഗിരീശൻ
മതിതളിർതെളിവൊടു ചെന്നു കരംകൊ-
ണ്ടതിമോദേന പിടിച്ചെഴുന്നേൽപ്പി-
ച്ചംഗമശേഷം തൊട്ടുതലോടി
തുംഗപരാക്രമപുഷ്ടി വരുത്തി
പുംഗവകേതനനാകിയ ഭഗവാ-
നംഗജനാശനനിദമരുൾ ചെയ്തു:

“വത്സ! ധനഞ്ജയ! തുംഗകളേബര!
വത്സരമനവധി ജീവിച്ചീടുക!
മത്സരമുള്ള രിപുക്കളെയെല്ലാം
ഭസ്മമതാക്കാൻ നീ മതിയാകും;
ഭീമസഹോദരനാകിയ നിന്നുടെ
ഭീമപരാക്രമമറിവാനായി
ഭീമകിരാതശരീരം പൂണ്ടു
ഭീമതരം ബഹു യുദ്ധം ചെയ്തു;
സോമകുലോത്തമനാകിയ നിങ്കൽ
പ്രേമപ്രീതി വരുന്നു നമുക്ക്
കാമാധികസുകുമാരാ നിന്നെ-
ക്കാണ്മാനിത്തൊഴിലൊക്കെയെടുത്തു;
പാശുപതാസ്ത്രം വാങ്ങുക തവ ഹിത-
മാശുലഭിക്കും ഫൽഗുനവീരാ!
കർണ്ണസുയോധനഭീഷ്മാദികളാ-
മർണ്ണവമാശു കടപ്പാൻ നല്ലൊരു
കപ്പൽ മരക്കലമെന്നുടെ ബാണം
കെൽപ്പൊടു കൊണ്ടു ഗമിക്ക ധനഞ്ജയ!”