ശാസ്ത്രങ്ങൾ വ്യാകരണസൂക്തങ്ങൾ നല്ല തർക്ക-
വാദങ്ങൾ പിന്നെ ധർമ്മശാസ്ത്രങ്ങൾ പുരാണങ്ങൾ
വേദം ഗണിതം മന്ത്രവാദം ചികിത്സാഗ്രന്ഥ-
ഭേദം ശാസ്ത്രവിദ്യാവിനോദമെന്നിവകളും
ആട്ടം കളികൾ പിന്നെച്ചാട്ടം ഞാണിൻമേലേറി,
ഓട്ടൻതുള്ളലും പലകൂട്ടം ഗ്രഹിച്ചവനും,
കോട്ടം കൂടാതെ കവിക്കൂട്ടം ചമച്ചുണ്ടാക്കി
വാട്ടം കൂടാതെ വിദ്വൽക്കൂട്ടത്തെ ബോധിപ്പിപ്പാൻ
ഒട്ടുമെളുതല്ലെന്നു ഞെട്ടും, സഭയെക്കണ്ടാൽ-
മുട്ടും മനസ്സു പാരം ചുട്ടു പഠിച്ചതെല്ലാം
വിട്ടുപോമത്രയല്ല കിട്ടും പരിഹാസങ്ങൾ;
കെട്ടും കവികൾ ചിലർ കേട്ടും പ്രയോഗിക്കുമ്പോൾ
തട്ടുമ്മേലേറുന്നേരം തട്ടുമവനു ഭംഗം,
ഇഷ്ടം ലഭിക്കയില്ലനിഷ്ടം ലഭിക്കും താനും;
ഇത്ഥം വിചാരിക്കുമ്പോളിത്തൊഴിലെളുതല്ല
ചിത്തം ഗുരുക്കൻമാരിൽ നിത്യമുറപ്പിക്കുന്ന
സത്തുക്കൾക്കൊരു ഭാഗ്യമെത്തുമെന്നതേ വേണ്ടൂ.

ഉലകുടെ പെരുമാൾ വാഴുംകാലം
പല കുടിയില്ല ധരിത്രിയിലെങ്ങും
വില പിടിയാത്ത ജനങ്ങളുമില്ല
ചെലവിടുവാൻ മടിയൊരുവനുമില്ല;
തലമുടി ചൊടിയും പല്ലും മുഖവും
മുലയും കണ്ടാലഴകില്ലാത്തൊരു
ചലമിഴിമാരിലൊരുത്തരുമില്ല
മലയാളം പരദേശങ്ങളിലും;
സ്ഥലമില്ലാത്ത ഗൃഹങ്ങളുമില്ല
ജലമില്ലാത്ത കുളങ്ങളുമില്ല
ഫലമില്ലാത്ത മരങ്ങളുമില്ല
ഫലമില്ലാത്ത വിവാദവുമില്ല
ഓത്തില്ലാത്ത മഹീസുരരില്ല
കൂത്തില്ലാത്ത നടൻമാരില്ല
പോത്തില്ലാത്ത കൃഷിക്കാരില്ല
ചാർത്തില്ലാത്ത ധനവ്യയമില്ല;