താനേ കുനിഞ്ഞുപോകുന്നു നിന്മുന്നിലെ
ന്നാനനംശകതിസ്വരൂപിണി നീ!

ഇത്രയും നാളെന്‍വിജയം പരാജയ
മിത്തോല്‍വിയാണെന്‍ജയാഭിഷേകം.

നീയടുക്കുംതോറുമെന്നില്‍ നിന്നങ്ങനെ
പായുകയാണാപ്പിശാചു ദൂരെ.

വീണവായിക്കുമഗ്ഗന്ധര്‍വ്വനെത്തന്നെ
കാണും നീയെന്നില്‍ മരിക്കുവോളം!

വേണ്ടെനിക്കുല്‍ക്കര്‍ഷം, പോവുകയാണു ഞാന്‍
വീണ്ടുമെന്നാദര്‍ശമേഖലയില്‍,

സ്വര്‍ഗ്ഗീയകാന്തിയില്‍ മുങ്ങി സ്‌സുരഭില
സ്വപ്നങ്ങള്‍ പൂക്കുമാ നല്‌ള നാട്ടില്‍.

കിന്നരനായിജ്ജനിച്ചവനാണു ഞാ
നെന്നെപ്പിശാചാക്കി മാറ്റി കാലം.

അന്നതിനുള്ളോരുപാധി,യെന്‍ ചാരത്തു
നിന്നൊരെന്‍ സ്‌നേഹിതനായിരുന്നു.

കിന്നരനാക്കാന്‍ തുനിയുകയാണിതാ
പിന്നെയുമെന്നെയെടുത്തു കാലം.

നീതയായ് മാമകജീവിതപന്ഥാവില്‍
നീയതിനിന്നൊരു പാധിയായി.

എന്നാല്‍പ്പണ്ടത്തെ സ്വതന്ത്രവായുക്കള
ല്‌ളിന്നു പുല്‍കുതെന്നന്തരീക്ഷം

ഭീതനലെ്‌ളങ്കിലും ഞാനിന്നിതാ, മര്‍ത്ത്യ
നീതിതന്‍ മുന്നില്‍ത്തടവുകാരന്‍!

ചങ്ങലയ്‌ക്കെന്നാല്‍ മുഴുപ്പി,ല്‌ളിരുമ്പല്‌ള,
സംഗീതമാണതിന്‍ കണ്ണിയെല്‌ളാം.

പ്രാണനിലാണീ വില, ങ്ങിതു പൊട്ടിക്കാന്‍
ത്രാണിയി,ലെ്‌ളന്നല്‌ള പൊട്ടുകില്‌ള.

പോരെങ്കില്‍, താക്കോലുമെന്‍ കയ്യിലാണു ഞാന്‍
പോവതെ,ങ്ങില്‌ള, ഞാന്‍ പോവുകില്‌ള.

ഞാനിത്തടവിലിരുന്നുകൊണ്ടിങ്ങനെ
മാനസം കൊണ്ടു സ്വതന്ത്രനാകും.

കിന്നരന്‍, ഹാ, ഞാന്‍ മരിപേ്പാളവും നിന്നെ
വര്‍ണ്ണിച്ചു വര്‍ണ്ണിച്ചു പാട്ടുപാടും.

സ്‌നേഹത്തിനായി ഞാന്‍ സ്‌നേഹിപ്പുനിന്നെഞാന്‍
മോഹിപ്പതില്‌ളതിന്‍മീതെയൊന്നും.

എല്‌ളാരുമുണ്ടെനി,ക്കാരുമ,ലേ്‌ളവം ഞാ
നെല്‌ളാറ്റിലുംനിന്നകന്നു നില്‍ക്കും.

സ്വപ്നങ്ങള്‍, സര്‍വ്വവും ഭാവനമോഹന
സ്വപ്നങ്ങള്‍,ഹേമാങ്കിതോജ്ജ്വലങ്ങള്‍!

സ്വപ്നങ്ങളാണുസുഖം, മനം പൊള്ളിക്കു
മിപ്രപഞ്ചത്തിലെ വാസ്തവങ്ങള്‍.

മിത്ഥ്യകളാണോര്‍ക്കില്‍ സ്‌സര്‍വ്വയാഥാര്‍ത്ഥ്യവും
സ്വപ്നങ്ങള്മാത്രമേ സത്യമുള്ളൂ.

വ്യര്‍ത്ഥമാം ഭൌതികോല്‍കര്‍ഷമേ, ഞനെന്റെ
സ്വപ്നലോകത്തേയ്ക്കുതന്നെ പോട്ടെ!

ഞാനെന്റെ ദേവിയെ ധ്യാനിച്ചും പൂജിച്ചും
ഗാനാത്മകനായ്ക്കഴിഞ്ഞിടട്ടെ!

പൊന്നിന്‍ ചിറകാഞ്ഞടിച്ചടിച്ചെന്മുന്നില്‍
വന്നിടുകെന്‍ പ്രിയസ്വപ്നങ്ങളേ!….