സഖികൾ

“പരഭ്രുതികേ! നീയെന്താണെന്നോടിധം
പരിഭവമായോരോന്നുരച്ചിടുന്നു?
അതികഠിനം താവകമീവചനം
മതിതളിർ മേ തട്ടിത്തകർത്തിടുന്നു!
ഘനനിരകൾ വാനിൽപ്പരന്നു, രണ്ടു
കനകമയതാരം മറഞ്ഞു കഷ്ടം!

നിരുപമമാം നമ്മള്തൻ പോയകാലം
ഒരു ഞൊടി നീയൊന്നു തിരിഞ്ഞു നോക്കു
മലിനതകളെന്ന്യേ മനം കവരും
മലർ വിരിയും കാല്യമതെത്ര രമ്യം
ഇളവെയിലിൽത്തത്തിക്കളിച്ചിടുന്നോ-
രഴകൊഴുകും ചിത്രശലഭങ്ങൾപോൽ
ഇരവുപകലന്യേ നാം രണ്ടുപേരും
ഇരുകരവും കോർത്തു നടന്നോരല്ലേ?
കിളിമൊഴി, ഞാൻ നിന്നെക്കബളിപ്പിക്കാൻ
കളിവചനംപോലുമുരച്ചതുണ്ടോ?
ഒരു ചെറിയ കാര്യവും നീയറിയാ-
തൊളിവിലിവൾ സൂക്ഷിച്ചതോർമ്മയുണ്ടോ?
അയി സഖി, ഞാൻ നിന്നെ ചതിച്ചു വെന്നാ-
യഖിലമറിഞ്ഞെന്തേ കഥിപ്പു കഷ്ടം !

 

‘ശശിവദന!’നുള്ളതെൻ കുറ്റമാണോ?
പരമഗുണധാമ, മദ്ദേഹമെന്നായ്
പലകുറിയും നീതാൻ പുകഴ്ത്താറില്ലേ?
ഇവളിലനുരാഗം ഭവിക്കമൂലം
അവമതിയദ്ദേഹത്തിന്നായിയെന്നോ?

സ്മരണയുടെ ചില്ലിൽത്തെളിഞ്ഞുകാണും
ഒരു ചെറിയ ചിത്രം നീയോർത്തുനോക്കൂ;
ഗഗനതലാരാമത്തിൽ സാന്ധ്യലക്ഷ്മി
ബകുളമലർമാലകൾ കോർത്തിടുമ്പോൾ,
കുളിരളംതെന്നലേറ്റുല്ലസിച്ചി—
ക്കളിവനികതന്നിലിരുന്നു നമ്മൾ,
പുതുമലരാ’ലാദ്യമാരെ’ന്നു ചൊല്ലി
ദ്രുതഗതിയിൽ പൂക്കൾ തൊടുത്തിടുമ്പോൾ
‘ഭഗവതിയിലല്ലെന്റെ മാധുരി, നി—
ന്നകതളിരിലുൺറ്റൊരു ദിവ്യരൂപം,
അവിടെയിതു ചർത്തുകെ’ന്നെൻ ചെവിയി—
ലതിമധുരം നീയന്നുരച്ചതില്ലേ?
ചില നിനവിൽ മർദ്ദനനംമൂലമപ്പോൾ
ചപലയിവൾ വിങ്ങിക്കരഞ്ഞനേരം,
ചെറ്റിനിരകൾ നോക്കിപ്പഠിക്കാ, നിപ്പൂ—
ന്തൊടിയിലുലാത്തിറ്റുമപ്പുരുഷേന്ദ്രൻ
അരുതരുതെൻ ‘മാധുരി’യെന്നുരച്ചെ—
ന്നരികിലൊരുമട്ടിലടുത്തുകൊണ്ട്,
കരകമലംതന്നിലെപ്പട്ടുലേസാൽ
കവിളണിയുമെൻ കണ്ണീരുപ്പിമാറ്റി,
പകുതി കുരുത്തുള്ളോരാ മാലികയെൻ—
ചികുരമതിൽച്ചാർത്തി, ച്ചിരിച്ചു മന്ദം,
‘ഭഗവതിയിൽത്തന്നെ’യെന്നോതിയതും
പരഭൃതികേ, നീയല്ലാതാരുകണ്ടു?
അയി സഖി, ഞാൻ നിന്നെ’ച്ചതിച്ചു’വെന്നാ—
യഖിലമറിഞ്ഞെന്തേ, കഥിപ്പൂ കഷ്ടം!

 

ഇരുവരുമീ നമ്മൾതൻ രാഗതീർത്ഥം
ഒരു കടലിൽ വീഴുമെന്നാരറിഞ്ഞു?
പ്രിയസഖി, ഞാൻമൂലമപ്പുരുഷൻ നിൻ-
പ്രിയതമനായ്ത്തീരാതിരുന്നിടേണ്ടാ;
കരൾകവിയുമെന്നുടെ ദിവ്യരാഗം
കരഗതമദ്ധന്യനു, ധന്യനായ് ഞാൻ!
ഒരു ചെറിയ നീർപ്പോള ഞാനിങ്ങെത്തൂ-
മിരുളിനുടെ വീർപ്പിൽത്തകർന്നുകൊള്ളാം!”

സഖികളവർ മൗനംഭജിച്ചു, വാനിൽ
ശശിയെയൊരു കാർമുകിൽ മൂടിനിന്നൂ!