പുലാമ്പള്ളിവീട്ടിൽ കുറുപ്പിന്റെ വംശം
നിലച്ചെന്നു കണ്ടാക്കുലസ്വത്തശേഷം
ബലംകൂടിയോരീക്കിളിക്കോട്ടുകാർക്കായ്
സലക്ഷ്യം സമർപ്പിച്ചു കൊച്ചീക്ഷിതീശൻ.        91

ഏവം നമ്മുടെ നാട്ടുകാരിലിവരെ –
കൂട്ടിപ്പിടിച്ചിട്ടതെൻ-
കൈവർക്കത്തിലൊരെണ്ണമെന്നു കരുതി
കൊച്ചിക്ഷമാവാസവൻ;
ഈവണ്ണം പരപക്ഷമേറിയവരാ-
ണെന്നാലുമീ വീരർ മുൻ-
ഭാവം വിട്ടുകളിച്ചില്ലിഹ കൊടു
ങ്ങല്ലൂർജനത്തോടഹോ!        92

എന്നോടെന്താണു ചോദിച്ചതു– ‘മറുനൃപതി-
ക്കീഴിൽ നിൽക്കുമ്പോഴേൽക്കി’-
ല്ലെന്നോ മുൻകോടിലിംഗപ്പടയൊടിവരീത-
ന്നെന്തിഹ ന്യായമെന്നോ
നന്നോർത്താൽ നിന്റെ ചോദ്യം നയമുടയ നത-
ഭ്രൂമണേ ! കൊച്ചിവാഴും
മന്നോർനാഥന്റെ കീഴായളവിലിവർ കരാ-
റാദ്യമേ ചെയ്തുവെച്ചൂട        93

എന്നോ പണ്ടെക്കുപണ്ടേ കൊടിയ ഗുണമെഴും
കോടിലിംഗേശ്വരൻ കീഴ്-
നിന്നോരാണിജ്ജനം, കേവലമതു പടയിൽ –
ക്കണ്ടിരിക്കാം ഭവാനും

 

തിന്നോരാച്ചോറ്റിൽ മണ്ണാക്കുക ബഹുവിഷമം
തന്നെ, യങ്ങോട്ടു യുദ്ധ-
ത്തിന്നോടാൻ മത്രേമോതീടരുതീയടിയ-
ങ്ങൾക്കിതൊന്നുണ്ടപേക്ഷ’        94

എന്നായ് കൃതജ്ഞതയൊടായവർ ചൊന്ന വാക്കു
നന്നായ് തെളിഞ്ഞു ശരിവെച്ചിതു കൊച്ചിരാജൻ;
അന്നാൾമുതല്ക്കു മറുനാട്ടിൽ നടന്ന യുദ്ധ-
ത്തിന്നാകവേ പടയിലായവർ കൂടിതാനും.        95

കുറുപ്പെന്നാപ്പേരോടഥ കളരിയിൽക്കുട്ടികളെ ന-
ല്ലുറപ്പായ്ശ്ശസ്ത്രക്കൈ പലപടി പഠിപ്പിച്ചിടുകയും
ചെറുപ്രായം കാട്ടിപ്പഴമപെരുകീട്ടും പല പട-
പ്പുറപ്പാടിൽക്കൂടീടുകയുമിവ ചെയ്താരവർ ചിരം-        96

ഇത്ഥം മൂന്നാലു പോരാ തലമുറ വളരെ-
ച്ചെന്നകാലത്തു കൊച്ചി –
പ്പൃത്ഥിക്കീശന്നു ശൈലാംബുധിപതിയൊടെതിർ-
ക്കേണ്ടതായ്ക്കണ്ട ലാക്കിൽ
യുദ്ധത്തിന്നായ് സഹായിച്ചിതു മഹിതമഹാ-
മന്ത്രി രാമയ്യനുള്ള –
ബ്ബുദ്ധിപ്രാഗൽഭ്യമൂലം ബലധന വിഭവം
കൊണ്ടു വഞ്ചിക്ഷിതീശൻ        97

പടച്ചിലവിനന്നുതാൻ പണമായ് –
ക്കൊടുത്തെന്നു കൈ –
പ്പടച്ചിലവിലേഖനംവഴി കര-
പ്പുറം മിക്കതും
കിടച്ചിതു കരസ്ഥമാംനിലയിൽ വ-
ഞ്ചിരാജാവിനെ, –
ങ്ങുടച്ചിലിതുകൊണ്ടു കണ്ടിതു കുറ –
ച്ചു കൊച്ചീശനും        98

 

കൊടുങ്ങല്ലൂർ വിട്ടിങ്ങിനെ വലിയ കൊച്ചി-
ക്ഷിതിയിൽ വാ-
ണൊടുക്കം വഞ്ചീശപ്രജകളുടെ കൂ-
ട്ടത്തിലിവരും
ഒടുക്കിപ്പോരുന്നൂ കരമഖിലമാല-
പ്പുഴയിലും
കിടക്കുന്നുണ്ടിപ്പോളിവരുടെയ വേറീ-
ട്ടൊരു കാലം.        99

പുരുപ്രസിദ്ധൻ പടുമുൻഷി രാമ-
ക്കുറുപ്പു ബി. ഏ കവിയിക്കുലത്തിൽ
പിറന്നൊരാളാ, ണതു മീ മനുഷ്യൻ
പറഞ്ഞു കേട്ടേനൊരുനാളിലീ ഞാൻ .        100

ഏവം കാലക്രമംകൊണ്ടനവധി വകമാ-
റ്റങ്ങൾ നാട്ടിലുണ്ടാ-
യീവണ്ണം രാജാഭാരക്കൊടിയുടെ തലയിം-
ഗ്ലീഷുകാർ കയ്ക്കലാക്കി;
ആവും മട്ടിൽ സ്വധർമ്മസ്ഥിതി കുറവു വരാ-
തോർത്തുനോക്കും ജനത്തിൽ
കൈവർക്കത്തെന്നുമേകും കുളകരുണ കളി-
ക്കുന്ന കാളി കടാക്ഷം .       101