കയ്യും കാലും മുറിഞ്ഞും ചിലർ തലയകലെ-
പ്പോയ് തെറിച്ചും പലേടം
മെയ്യും കീറിച്ചൊരിഞ്ഞും രുധിരമവിടെ വീ-
ഴുന്നു ചത്തെത്ര ലോകം  !
വയ്യെന്നോർത്തിട്ടൊഴിയ്ക്കുന്നിതു ചിലർ , ചിലർ
നേരാളിതൻ ജീവനാശം
ചെയ്യുന്നേരം വരയ്ക്കും വലിയ വിരുതു കാ-
ട്ടുന്നു നീട്ടുന്നു കുന്തം .       21

കൂട്ടത്തിന്നൊരുണർച്ചകൂടിന കൊടു-
ങ്ങല്ലൂർ നരേശപ്പട-
കൂട്ടത്തിന്നെതിരിട്ടു നിന്നു പൊരുതും
വമ്പുള്ള ശത്രുക്കളെ
നീട്ടും കുന്തമതിന്നു കേവലമിര-
യ്‌ക്കക്കോൻ നൃപൻ തന്നൊരീ-
നീട്ടുണ്ടെന്നു പറഞ്ഞുകൊണ്ടു ചില നാ-
യന്മാർ നടന്നീടിനാർ.        22

ഇതിൽ കൂസുന്നുണ്ടോ കടലിനു സമാനം
പെരുകി വ-
ന്നെതൃക്കും മാടോർവ്വീവരനുടെ നരന്മാർ
ചെറുതുമേ?
അതില്ലെന്നല്ലേറ്റം വിരുതൊടെതിരിട്ടോർ-
കളെ വധി-
പ്പതിൽ കാണിക്കുന്നുണ്ടതിപരിചയം വി-
സ്‌‌മൃതദയം.       23

 

ആറ്റിൻ വെള്ളമൊഴുക്കൊടൊത്തഴിമുഖ-
ത്തെത്തുമ്പഴുണ്ടോ കടൽ-
ക്കേറ്റത്തിന്നു കുറച്ചലാനിലയിലായ്
കൂസാതെ ഘോഷാന്വിത,
ചീറ്റംപൂണ്ടു നടന്നിടുന്നു പടയിൽ
കൊച്ചിക്ഷിതീശപ്പട-
ക്കൂറ്റന്മാർ കുതിരപ്പുറത്തടിയിൽ വ-
ന്നേശുന്നു സേനേശരും.        24

മെച്ചം പൂണ്ടു സമസ്ത സൈന്യപതിയായ്
മന്ത്രീന്ദ്രനാം പാലിയ-
ത്തച്ചൻതന്നെ കരത്തിൽ വെണ്മഴുവിള-
ക്കിക്കൊണ്ടടുക്കും വിധൗ
ഉച്ചത്തിൽ ഭയമാർന്നു തന്നുടെ ഭട-
ന്മാരൊന്നകന്നെന്നതിൽ
പച്ചപ്പുഞ്ചിരിയിട്ടടുത്തിതു കൊടു-
ങ്ങല്ലൂരിളാനായകൻ.        25

‘താനോ വൃദ്ധ, നെനിക്കുനല്ലൊരു ചെറു-
പ്രായം, കിടാവായ്ക്കളി-
പ്പാനോ ഭാവ, മിതെന്തു കൂത്തു? വെറുതെ
വൈരം മുഴുപ്പിക്കൊലാ;
മേനോനെന്തിനിതിൽക്കിടന്നു പെരുമാ-
റീടുന്നു? ദൂരത്തു പോയ്
മാനോത്സാഹഗുണങ്ങളുള്ള യുവവീ-
രന്മാരെ വിട്ടീടെടോ.’        26

‘നേരമ്പോക്കരുൾ ചെയ്‌‌തിടാതെതിരിടാൻ
ഭാവിപ്പതുണ്ടെങ്കിലി-
ന്നേരമ്പോരിടുകെ’ന്നു മാത്രമുരചെ-
യ്തപ്പാലിയത്തച്ഛനും

 

വീരൻ ഭൂപതിതന്നിടഞ്ചുമലുക-
ണ്ടാവെണ്മഴുത്തണ്ടുടൻ
ഘോരൻ ഭൂരിവിദഗ്ദ്ധഭാവമൊടിള-
ക്കീട്ടാഞ്ഞു വീശീടിനാൻ.        27

കൊണ്ടില്ലാ കൊണ്ടുവെന്നുള്ളളവിലൊരു പണി-
ക്കച്ചറുക്കൻ വലങ്കൈ-
ത്തണ്ടിന്മേൽത്തട്ടി മേനോനുടെ മഴു പഴുതേ
തന്നെ താഴത്തു വീണു;
കണ്ടില്ലേ കൗശലം താനിതി പുനരിവനും
മാറി മന്ദം ചിരിച്ചും –
കൊണ്ടിയ്യാൾതൻ വലത്തെച്ചുമലിൽ നൃപനിട-
ങ്കയ്യിനാൽകൊട്ടിതാനും.        28

ഇക്കണ്ടോരവമാനമേറ്റഥ ചവി-
ട്ടേറ്റുള്ള പാമ്പിൻക്രമം
കൈക്കൊണ്ടുൾക്കറവെച്ചു മേനവനുടൻ
നേരിട്ടുചീറും വിധൗ
‘നിൽക്കേണ്ടെന്നുടെനേർക്കു, തന്റെ വിഷമി-
ങ്ങേൽക്കില്ലെനി, യ്ക്കെന്റെ ക
യ്ക്കുൾക്കൊണ്ടീടിന വാളിനങ്ങൊരിരയാ’-
മെന്നോതി മന്നോർവരൻ .       29

ഇതി കേട്ടതുപാടു കോപമൂലം
ധൃതികൂട്ടി ക്ഷിതിപാലമന്ത്രിസർപ്പം
അതിധൃഷ്ടമണഞ്ഞു കൊത്തിയപ്പോ-
ളതിലൊട്ടേറ്റു നൃപന്നു ചോരപൊട്ടി.       30