തുപ്പൽകോളാമ്പി (കാവ്യം)
എടത്തെക്കൈത്തണ്ടിൽ ചെറുതു മുറിയേ-
റ്റോരു സമയം
കടുത്തേറ്റം ഭാവം പതറിയെതൃവീ-
രോത്തമനുടെ
കുടത്തേക്കാൾ കൂറ്റൻ കുടവയറിലാ-
വാൾ മുഴുവനും
കടത്തേണ്ടും ഭാഷയ്ക്കുടനെയൊരു നീ-
ട്ടേകിയരചൻ. 31
തുളുമ്പിടും കുമ്പയിൽ വാൾ കടത്തി-
പ്പിളർന്നു മേനോനുടെ ജീവസൂത്രം
കളഞ്ഞു ഭൂപൻ കുടർമാല ചാടി-
ച്ചിളക്കി വൈരിപ്പട കണ്ടതെല്ലാം. 32
ഇക്കർമ്മാരംഭകാലം നൃപനുടെ തിരുമെയ്
കാത്തുനിൽക്കും പണിക്ക-
ച്ചെക്കന്മാരാരാർത്തടുക്കുന്നരിഭടരെയരി-
ഞ്ഞീടിനാർ നാലുപാടും
തൃക്കൺപാർക്കുന്നനേരം നരവരനു പുറ-
ത്തേക്കു പോണെന്നു തോന്നി-
ച്ചൊക്കും ഭദ്രാഭടന്മാരുടയ നെടിയൊരാ-
വേശമേശുംപ്രകാരം. 33
മുറവിളിയൊടു ചിന്നിപ്പാഞ്ഞിടും
കൂട്ടരോടായ് –
പ്പറിവിനവിടെയെന്തെന്തെന്നു കൊ-
ച്ചിയ്ക്കധീശൻ
അരിവരരെയൊരേടം കൊന്നൊടു-
ക്കുമ്പോൾ ഞെട്ടി-
ത്തിരിവതിനിടയായിത്തീർന്നിതീ-
വാർത്തമൂലം . 34
മാന്യേ! മന്ത്രി മരിപ്പതും മറുനൃപൻ
മാനം നടിയ്ക്കുന്നതും
സൈന്യേ മാറ്റലരക്രമങ്ങളധികം
കാട്ടുന്നതും കണ്ടുടൻ
തന്നുൾത്തട്ടിലെരിഞ്ഞുകത്തിന കടു-
ക്രോധക്കനൽക്കട്ടതാൻ
ചിന്നുംമട്ടു തുടുത്ത ദൃഷ്ടികളൊടൊ-
ത്തങ്ങോട്ടുചാടീ നൃപൻ. 35
അതിനിടെയവിടെ വടക്കേ
ക്ഷിതിഭാഗത്തോട്ടടുത്തുകേൾക്കായീ
അധികം കോളിളകും ജലനിധിതന്റെയി-
രമ്പൽപോലെയൊരുഘോഷം. 36
എന്തെന്നു ചിന്തിക്കുവതിന്നുമുമ്പാ-
യന്തം പെടാതാശു വടക്കു പങ്കിൽ
ബന്ധിച്ചിടും കൂറൊടു സൈന്യസിന്ധു
സന്ധിച്ചുകൂടുന്നതു കണ്ടുലോകം. 37
ആരാജാവിനു ചെറ്റുവായഴിമുതൽ-
ക്കുള്ളോരു നാട്ടിൽപ്പെടും
ധാരാളം ബലമുള്ള നായർപടയും
നമ്പ്രാടനാം നാഥനും
പോരാ കൂറൊടു കാവുതീണ്ടലധികാ-
രം കൊണ്ട കൂരിക്കുഴി-
ക്കാരാം മുക്കുവരും രണത്തിനു തുണ-
യ്ക്കെത്തുന്നതാണായതും. 38
പടക്കൂട്ടം കണ്ടോരളവൊളിവിലായി-
ട്ടുരുബലം
കൊടുക്കും ശൈലാബ്‌ധിക്ഷിതിപതിസ-
ഹായം വഴി ജയം
മിടുക്കോടും നേടാനെതൃനൃപനു തവ്വു-
ണ്ടിവനിനി-
കടുക്രോധം ചൊവ്വല്ലിതി കരുതി
കൊച്ചിക്കരചനും. 39
അതിയായ് പറയുന്നതെന്തിനീഞാ-
നതിസൗന്ദര്യജയക്കൊടിപ്പതാകേ!
മതിയിന്നു കലാപമെന്നു കൊച്ചി-
ക്ഷിതിപൻ സന്ധികഴിച്ചുപിന്തിരിച്ചു. 40
Leave a Reply