തുപ്പൽകോളാമ്പി (കാവ്യം)
ഊക്കേറിടും കൈമിടുക്കൊക്കെയുമിഹ വിഫല-
 പ്പെട്ടമൂലം വടക്കന്മാർക്കേതും
 തൃപ്തിയായീലുടലിനു മുറിവേൽ-
 ക്കാതെ പോകേണ്ടിവന്നു;
 കേൾക്കേണം കേഴനേത്രേ! വിരുതുടയ
 കിളിക്കോട്ടു വീട്ടിൽ പണിക്ക-
 ന്മാർക്കേറ്റം കോടിലിംഗക്ഷിതിപതിയുചിത-
 സ്ഥാനമാനങ്ങൾ നല്കി.        41
മതി മതി! തിരുവഞ്ചിക്കുള-
 മതിൽ മതിചൂഡന്റെ മുമ്പിലരചനനുടെ
 പ്രതിനിധിപദവുംകൂടി
 ക്ഷിതിപതി കല്പിച്ചു നല്കിയെന്നേക്കും.        42
കാലനെക്കാട്ടുവാൻ വൈരി
 കാലേ വീശിയ വെണ്മഴു
 മോലൽക്കാതാക്കിയതിനു
 കൂലി നൾകേണ്ടതല്ലയോ?        43
ഇത്ഥം കാളീപ്രസാദംവഴി ബഹുബലമേ-
 റുന്ന ശത്രുക്ഷിതീശൻ
 യുദ്ധം ചെയ്തിട്ടുമെട്ടെങ്കിലുമൊരപജയം
 വന്നുകൂടാതെതന്നെ
 വൃത്യാ തന്നുള്ളിലോർക്കും വിധമൊരുപശമം
 താൻ വരുത്തി സ്വധർമ്മം
 വ്യത്യാസം വിട്ടു രക്ഷിച്ചിതു കൊടിയ മഹാൻ
 കോടിലിംഗാധിനാഥൻ.        44
ക്ഷാമം നാട്ടിലൊരേടമില്ലൊരു പദാ-
 ർത്ഥത്തിന്നുമെന്നല്ലതി-
 ക്ഷേമം താൻ പ്രജകൾക്കശേഷമതിമോ-
 ഹോല്ലേഖമില്ലായ്കയാൽ;
 ഈ മട്ടിൽ ക്ഷിതികാത്തു, കാത്തു സതതം
 വർണ്ണാശ്രമാചാരവും ,
 സാമർത്ഥ്യം ജനരഞ്ജനയ്ക്കുമധികം
 കാണിച്ചു മന്നോർവരൻ .        45
തൻകീഴായൊരിടപ്രഭുപ്പദവിയിൽ –
 പ്പാർക്കും കിളിക്കോട്ടുകാർ
 കെങ്കേമത്വമൊടാനൃപന്നു സകല്ത്തിന്നും
 സഹായികയാൽ
 മങ്കേ! കേളൊരു ഭാരമില്ല ധരണീ-
 ഭാരത്തിനും കേവലം
 സങ്കേതസ്ഥലമായി വാണു സുഖസ-
 മ്പത്തിന്നു പൃത്ഥീശ്വരൻ.        46
ഏവം നമ്മുടെ കോടിലിംഗനൃപതി,
 ക്കെന്നും സഹായിച്ചുതാൻ
 മേവും വൈഭവമേറെയേറിന പണിക്ക-
 ന്മാർക്കു നാലാൾക്കുമേ
 ഭാവം ചേർന്നനുജത്തിയായൊരുവളേ
 സന്താനവല്ലീനില
 യ്ക്കിവംശപ്പിരിവിങ്കലുള്ളു; വളരെ
 സ്നേഹിച്ചിരിന്നാരവർ.        47
ഇസ്സാധുപ്പെണ്ണിനെക്കൊണ്ടവരൊരുപണിയും
 താനെടുപ്പിക്കയില്ലാ,
 ദുസ്സാമർത്ഥ്യങ്ങൾ കാണിക്കിലുമതി കടുവാം –
 മട്ടു ശിക്ഷിക്കയില്ല,
നൽസാമർത്ഥ്യം ജനിക്കുമ്പടി വലിയ പഠി-
 പ്പൊന്നുമുണ്ടാക്കിയില്ലാ,
 വൽസാവാൽസല്യമിമ്മാതിരി വിഫലഫല-
 പ്രായമായ് ത്തീർന്നിതെല്ലാം.        48
കണ്ടാലുണ്ടകാഴയവൾക്കുജനനാൽ –
 തന്നെ, വിശേഷിച്ചുതാ-
 നുണ്ടാക്കീ ഹിതമുള്ള ഭുഷണഗണ-
 ശ്രീമോടിയിൽ ധാടിയും,
 കൊണ്ടാടി സ്മരദേവനേകി രസമൊ-
 ത്തായൗവനപ്രൗഢിയും ,
 കണ്ടാലേവനുമൊന്നുതോന്നു; മതുമ-
 ട്ടായ്ത്തീർന്നിതാത്തന്വിയും.        49
കാർകൊണ്ടൽക്കെതൃകൂന്തൽ ചാച്ചൊരുപുറം
 വെട്ടിച്ചെരിച്ചിട്ടതും
 കൂർകൊണ്ടാസ്‌മിതമുത്തു ചേർത്തൊരു കട-
 ക്കണ്ണിട്ടു നീട്ടുന്നതും ,
 പേർകൊത്തിച്ചൊരു കൊച്ചുകാതില കവിൾ-
 ത്തട്ടിന്മേൽ മുട്ടുന്നതും ,
 പോർകൊങ്കക്കുടവും നിനയ്‌ക്കിലവളെ –
 ക്കാമിക്കുമേ കാമനും.        50

Leave a Reply