തുപ്പൽകോളാമ്പി (കാവ്യം)
അവളെയൊരു ദിനത്തിൽ കണ്ടു കാമംകടന്നി-
 ട്ടവനിസുരനൊരുത്തൻ ചെന്നു സംബന്ധമായി;
 അവനെയുമവരിഷ്‌ടംപോലെ പൂജിച്ചുപോന്നാ;-
 രവളുമവനുമായിക്കൂടിയാടിസ്സുഖിച്ചു.        51
പെണ്ണുങ്ങൾക്കു വിരിഞ്ചകൽപ്പിതമടു-
 ത്താണുങ്ങൾ കൂത്താടിയാൽ
 കണ്ണും പുഞ്ചിരിയും മുഖസ്തുതിയുമാ-
 ണല്ലോ മയക്കീടുവാൻ ;
പൊണ്ണബ്രാഹ്മണരിൽ പ്രധാനി പരമീ-
 നമ്പൂരിയെപ്പിന്നെയ-
 വ്വണ്ണം നമ്മുടെ പെൺകിടാവിഹ മയ-
 ക്കിപ്പോന്നതെന്തത്ഭുതം  ?        52
സ്വാതന്ത്ര്യം നൽകിയെന്നാലബലകളധികം
 ധൂർത്തുകാണിക്കുമെന്നായ്
 സ്ത്രീതന്ത്രം കണ്ടു പണ്ടുള്ളവർ പറയുവതും
 പാർക്കുകിൽ സത്യമെത്രേ;
 നീ തെല്ലും നീരസം തേടരുതു സുചരിതേ!
 ഹന്ത! നമ്പൂരി കാണാ-
 തേതെല്ലാം ലാക്കിലിപ്പെൺകൊടി കുടിലവിട-
 ന്മാരൊടും കൂടിയാടീ.        53
ഇതാരാനും ചൊല്ലീട്ടറിവിനിടയായ് –
 ത്തീർന്നിടുകില-
 ന്നതായാൾ ചോദിക്കും , പ്രിയയൊടവളോ
 പുഞ്ചിരിയിടും ;
 ‘ഇതാ നോക്കൂ! നോം തങ്ങളിലൊരുവിധം
 ഹന്ത! കലഹി-
 പ്പതാണാദുഷ്ടർക്കാഗ്രഹമതിനിതെ’ –
 ന്നും പറയുമേ.        54
‘എന്നോടലട്ടിയവനംഗജസംഗരത്തി-
 നെന്നോതി ഞാനിവളോടു നടക്കയില്ല;
 അന്നോർത്തുവെച്ച ചതിയാണതിനുണ്ടു സാക്ഷി
 യെന്നോപ്പതന്നുടെ പരിഗ്രഹ’മെന്നുമോതും.        55
ഓരോ തർക്കത്തിലോരോവിധമിവ പലതും
 സാധുനമ്പൂരിയോടുൾ –
 പ്പോരോടോതിപ്പകിട്ടും , ചതുരതയൊടു താൻ
 ജാരരൊത്തും രമിക്കും,
ആരോമൽത്തയ്യലാളിങ്ങനെ ബഹുസുഖമായ്
 വാണിടുന്നോരുകാലം
 നേരോടില്ലത്തിലീയന്തണനൊരുകുറി പോയ്
 പാത്തുനാൾ പാർത്തുപോലും.        56
അതിനിടയിലൊരിക്കൽ പൂർണ്ണചന്ദ്രാഭ പൂരി-
 ച്ചതിവിശദമശേഷം വെള്ളയായുള്ള രാവിൽ
 മതിയിൽ മദനമാൽമൂത്തന്തണൻ ഹന്ത! താനേ
 മതിമുഖിയുടെ ചാരേ ചേരുവാൻ വെച്ചടിച്ചു.        57
വഴിക്കേറ്റം ദീർഘം പെട്ടുവതറിയാ-
 തായവനിട-
 യ്ക്കൊഴിക്കാതേ പോന്നിട്ടഥ വഴിവില-
 ങ്ങും പുഴയുടെ
 ഒഴുക്കിൽ തങ്ങിപ്പോയ് കടവിലുടനെ
 വഞ്ചികയറി –
 കുഴക്കില്ലാതെത്തീ മറുകരയില-
 യ്യാ ബഹുരസം.        58
അടിയിലധികമേൽക്കും ശുദ്ധമേ പഞ്ചസാര –
 പ്പൊടിയൊടു കിടയാകും തൂമണൽത്തട്ടിലെത്തി
 നെടിയഭുവനപാത്രം പൂർത്തിയായ് വീഴ്ത്തിടും പോൽ
 വടിവുടയനിലാവിൻ സ്വാദറിഞ്ഞാൻ ദ്വിജേന്ദ്രൻ        59
ഏവം പതുക്കെ നടന്നു പണിക്കർ വാഴു-
 മാ വമ്പെഴുന്ന ഭവനത്തിനകത്തുകേറി;
 ദൈവം പറഞ്ഞപടി തന്റെ പരിഗ്രഹം താൻ
 മേവും പ്രധാന മണിമച്ചിലണഞ്ഞു വിപ്രൻ.        60

Leave a Reply