തുപ്പൽകോളാമ്പി (കാവ്യം)
നാട്ടിൽ പ്രാധാന്യമേറും വലിയവർ നിലകൈ-
 വിട്ടു ദുഷ്കർമ്മമല്പം
 ക്കാട്ടിപ്പോയാൽ പ്പരക്കെജ്ജനമതനുസരി-
 ച്ചാനടയ്ക്കും നടക്കും  ;
 പാട്ടിൽപാകത്തിൽനിൽക്കും മമ സചിവരിതി-
 ന്മട്ടു ദുർന്നീതി കാട്ടി-
 ക്കൂട്ടിപ്പോരുമ്പോൾ മിണ്ടാതവനമരുകിലീ
 നല്ല രാജ്യം നശിയ്ക്കും.        81
അതിനാലതിയോഗ്യരെന്നു നാട്ടിൽ
 ശ്രുതിനേടുന്നിവരെപ്പിടിച്ചിതിങ്കൽ
 മതിയായൊരു ശിക്ഷചെയ്തുവിട്ടേ
 മതിയാവൂ മമ നീതി നീളെ നില്പാൻ.        82
ശർമ്മം നാട്ടിൽ നടത്തുവാനിതി നിന-
 ച്ചാബ്രഹ്മഹത്യാക്കടും –
 കർമ്മക്കാരെ വരുത്തി നിർത്തി വിവരം
 ചോദിച്ചറിഞ്ഞാ നൃപൻ
 ധർമ്മം നോക്കിയതിക്രമത്തിനുടനേ
 ശിക്ഷിച്ചു; നീതിക്കെഴും
 മർമ്മം കണ്ടവരാമവർക്കുമതഹോ !
 സന്തോഷമായ്ത്തീർന്നുതേ.        83
‘ഇതെന്തൊരത്യത്‌ഭുത’മെന്നു ചോദി-
 പ്പതെന്തെടോ വിസ്മിതസസ്മിതാസ്യേ
 അധിസ്വധർമ്മം നരനാഥമൗലി
 വിധിച്ചതെന്തോന്നുമുരച്ചിടാം ഞാൻ.        84
‘കാര്യം ഞാനറിയും , നയക്രമമറി-
 ഞ്ഞാലും കടുക്രോധമാ-
 ന്നാർര്യന്മാരക്കുമകപ്പെടാമപകടം ,
 ദൃഷ്ടാന്തമായ് നിങ്ങളും.;
 വീര്യം കൂടിയ നിങ്ങളെക്കഠിനമി-
 ത്തെറ്റിന്നു ശിക്ഷിക്കുകിൽ
കാര്യം ദുഘടമായിതെന്റെ പദവി-
 ക്കെന്നും നിനയ്ക്കുന്നു ഞാൻ.        85
എന്നാലും നാട്ടുകാർക്കീനയനവടി മേൽ
 നല്ല പാഠം കൊടുപ്പാ-
 നെന്നാവാലേ വിശേഷിച്ചൊരുവിധി പറ-
 യിക്കുന്നിതാ രാജധർമ്മം;
 ഒന്നാണീ നാട്ടകത്തക്രമമുടയ കിളി-
 ക്കോട്ടിലിത്താവഴിക്കാർ
 നിന്നാൽ നന്നല്ല; മേലാലവരുടെ തലവീ-
 ശീടുമീ രാജഖഡ്ഗം .       86
നമുക്കനേകം ഗുണമേകിയോരു
 സമർത്ഥരാം നിങ്ങളിലോർമ്മനില്പാൻ
 ക്രമത്തിൽ മറ്റേത്തറവാട്ടുകാർക്കു
 സമസ്തമാനങ്ങളുമാക്കിടുന്നേൻ.        87
ഇതിവിധിയരുൾചെയ്താ മന്നവൻ നീക്കിയാത്മ-
 പ്രതിനിധിനിലവെയ്പിച്ചാക്കിളിക്കോട്ടുകാരെ;
 ക്ഷിതിപതിയുടെ ശാസ്യം സാദരം സ്വീകരിച്ച-
 രതിമതികൾ കുടുംബത്തോടുമാ നാലുപേരും.        88
കെട്ടും പെട്ടിയുമുള്ള കൈമുതൽകളും
 മറ്റും ചുമപ്പിച്ചുകൊ-
 ണ്ടൊട്ടും താമസിയാതെ രാജവിധിപോ-
 ലത്താവഴിക്കാരുടൻ
 നട്ടുച്ചക്കവിടുന്നു പോന്നുടനിള-
 ങ്കുന്നപുഴെച്ചെന്നിരു-
 ന്നിട്ടും തുഷ്ടിപെടാഞ്ഞണഞ്ഞു വഴിയെ
 പോയ് ചേർത്തലപ്പാർത്തലം.        89
ഇത്ഥം നാടുകടത്തിവിട്ടിതു കൊടു-
 ങ്ങല്ലൂരിളാനായകൻ
 യുദ്ധത്തിൽ ബഹുവീര്യശാലികൾ കിളി-
 ക്കോട്ടുള്ള നാലാളെയും  ;
ഇത്തത്വം നിജചാരർ ചൊല്ലിയറിവായ് –
 ക്കൊച്ചിക്കധീശൻനമു
 ക്കിതതർക്കം ഗുണമെന്നുറച്ചവർകളെ.
 പ്പാട്ടിൽപ്പെടുത്തീടിനാൻ.        90

Leave a Reply