മായയാ പൊന്മാനായ് വന്നോരു മാരീചന്‍തന്നെ
സ്‌സായകംപ്രയോഗിച്ചു സല്‍ഗതികൊടുത്തപേ്പാള്‍
മായാസീതയെക്കൊണ്ടു രാവണന്‍ പോയശേഷം
മായാമാനുഷന്‍ ജടായുസ്‌സിനു മോക്ഷം നല്കി. 260
രാക്ഷസവേഷം പൂണ്ട കബന്ധന്‍തന്നെക്കൊന്നു
മോക്ഷവും കൊടുത്തു പോയ് ശബരിതന്നെക്കണ്ടു.
മോക്ഷദനവളുടെ പൂജയും കൈക്കൊണ്ടഥ
മോക്ഷദാനവുംചെയ്തു പുക്കിതു പമ്പാതീരം.
തത്ര കണ്ടിതു നിന്നെപ്പിന്നെ നിന്നോടുംകൂടി
മിത്രനന്ദനനായ സുഗ്രീവന്‍തന്നെക്കണ്ടു
മിത്രമായിരിപ്പൂതെന്നന്യോന്യം സഖ്യം ചെയ്തു
വൃത്രാരിപുത്രനായ ബാലിയെ വധംചെയ്തു
സീതാന്വേഷണംചെയ്തു ദക്ഷിണജലധിയില്‍
സേതുബന്ധനം ലങ്കാമര്‍ദ്ദനം പിന്നെശേ്ശഷം 270
പുത്രമിത്രാമാത്യ'ഭൃത്യാദികളൊടുംകൂടി
യുദ്ധസന്നദ്ധനായ ശത്രുവാം ദശാസ്യനെ
ശസ്‌ത്രേണ വധംചെയ്തു രക്ഷിച്ചു ലോകത്രയം
'ഭക്തനാം വിഭീഷണന്നഭിഷേകവുംചെയ്തു
പാവകന്തങ്കല്‍ മറഞ്ഞിരുന്നൊരെന്നെപ്പിന്നെ
പാവനയെന്നു ലോകസമ്മതമാക്കിക്കൊണ്ടു
പാവകനോടു വാങ്ങി പുഷ്പകം കരയേറി
ദേവകളോടുമനുവാദംകൊണ്ടയോദ്ധ്യയാം
രാജ്യത്തിന്നഭിഷേകംചെയ്തു ദേവാദികളാല്‍
പൂജ്യനായിരുന്നരുളീടിനാന്‍ ജഗന്നാഥന്‍. 280
യാജ്യനാം നാരായണന്‍ ഭക്തിയുളളവര്‍ക്കു സാ
യൂജ്യമാം മോക്ഷത്തെ നല്കീടിനാന്‍ നിരഞ്ജനന്‍.
ഏവമാദികളായ കര്‍മ്മങ്ങള്‍ തന്റെ മായാ
ദേവിയാമെന്നെക്കൊണ്ടു ചെയ്യിപ്പിക്കുന്നു നൂനം.
രാമനാം ജഗല്‍ഗുരു നിര്‍ഗുണന്‍ ജഗദഭി
രാമനവ്യയനേകനാനന്ദാത്മകനാത്മാ
രാമനദ്വയന്‍ പരന്‍ നിഷ്‌കളന്‍ വിദ്വദ്ഭൃംഗാ
രാമനച്യുതന്‍ വിഷ്ണുഭഗവാന്‍ നാരായണന്‍
ഗമിക്കെന്നതും പുനരിരിക്കെന്നതും കിഞ്ചില്‍
ഭ്രമിക്കെന്നതും തഥാ ദുഃഖിക്കെന്നതുമില്‌ള. 290
നിര്‍വികാരാത്മാ തേജോമയനായ് നിറഞ്ഞൊരു
നിര്‍വൃതനൊരുവസ്തു ചെയ്കയിലെ്‌ളാരുനാളും.
നിര്‍മ്മലന്‍ പരിണാമഹീനനാനന്ദമൂര്‍ത്തി
ചിന്മയന്‍ മായാമയന്‍തന്നുടെ മായാദേവി
കര്‍മ്മങ്ങള്‍ ചെയ്യുന്നതു താനെന്നു തോന്നിക്കുന്നു
തന്മായാഗുണങ്ങളെത്താനനുസരിക്കയാല്‍.''
അഞ്ജനാതനയനോടിങ്ങനെ സീതാദേവി
കഞ്ജലോചനതത്ത്വമുപദേശിച്ചശേഷം
അഞ്ജസാ രാമദേവന്‍ മന്ദഹാസവുംചെയ്തു
മഞ്ജുളവാചാ പുനരവനോടുരചെയ്തുഃ 300