യുദ്ധകാണ്ഡംപേജ് 24
രാവണന്റെ വിലാപം
ഇത്ഥമന്യോന്യം പറഞ്ഞിരിയ്ക്കുന്നേരം
പുത്രന് മരിച്ചതു കേട്ടൊരു രാവണന്
വീണിതു ഭൂമിയില്‍ മോഹം കലര്‍ന്നതി
ക്ഷീണനായ് പിന്നെ വിലാപം തുടങ്ങിനാന്‍:
ഹാ ഹാ കുമാര! മണ്ഡോദരീനന്ദന!
ഹാ ഹാ സുകുമാര! വീര! മനോഹര!
മത്ക്കര്‍മ്മദോഷങ്ങളെന്തു ചൊല്ളാവതു
ദു:ഖമിതെന്നു മറക്കാവതുള്ളില്‍ ഞാന്‍!
വിണ്ണവര്‍ക്കും ദ്വിജന്മാര്‍ക്കും മുനിമാര്‍ക്കു
മിന്നു നാന്നായുറങ്ങീടുമാറായിതു
നമ്മെയും പേടിയില്ളാര്ക്കുമിനി മമ
ജന്മവും നിഷ്ഫലമായ് വന്നിതീശ്വര!
പുത്രഗുണങ്ങള്‍ പറഞ്ഞും നിരൂപിച്ചു
മത്തല്‍ മുഴുത്തു കരഞ്ഞു തുടങ്ങിനാന്‍
എന്നുടെ പുത്രന് മരിച്ചതു ജാനകി
തന്നുടെ കാരണമെന്നതു കൊണ്ടു ഞാന്‍
കൊന്നവള്‍ തന്നുടെ ചോര കുടിച്ചൊഴി
ഞ്ഞെന്നുമേ ദു:ഖമടങ്ങുകയില്ള മേ!
ഖഡ്ഗവുമോങ്ങിച്ചിരിച്ചലറിത്തത്ര
നിര്‍ഗമിച്ചീടിനാന്‍ ക്രുദ്ധനാം രാവണന്
സീതയും ദുഷ്ടനാം രാവണനെക്കണ്ടു
ഭീതയായെത്രയും വേപഥു ഗാത്രിയായ്
ഹാ! രാമ! രാമ! രാമേതി ജപത്തൊടു
മാരാമദേശേ വസിക്കും ദശാന്തരേ
ബുദ്ധിമാനായ സുപാര്‍ശ്വന്‍ നയജ്ഞന
ത്യുത്തമന്‍ കര്‍ബ്ബുരസത്തമന്‍ വൃത്തവാന്‍
രാവണന് തന്നെത്തടുത്തു നിര്‍ത്തിപ്പറ
യാവതെല്ളാം പറഞ്ഞീടിനാന്‍ നീതികള്‍:
ബ്രഝകുലത്തില് ജനിച്ച ഭവാനിഹ
നിര്‍മലനെന്നു ജഗത്ത്രയസമ്മതം
താവകമായ ഗുണങ്ങള്‍ വര്‍ണ്ണിപ്പതി
നാവതലേ്ളാര്ക്കില് ഗുഹനുമനന്തനും
ദേവദേവേശ്വരനായ പുരവൈരി
സേവകന്മാരില് പ്രധാനനലേ്ളാ ഭവാന്
പൌലസ്ത്യനായ കുബേര സഹോദരന്
െ്രെതലോക്യവന്ദ്യനാം പുണ്യജനാധിപന്‍
സാമവേദജ്ഞന്‍ സമസ്തവിദ്യാലയന്‍
വാമദേവാധിവാസാത്മാ ജിതേന്ദ്രിയന്‍
വേദവിദ്യാവ്രതസ്നാനപരായണന്‍
ബോധവാന്‍ ഭാര്‍ഗ്ഗവശിഷ്യന്‍ വിനയവാന്‍
എന്നിരിക്കെ ബ്ഭവാനിന്നു യുദ്ധാന്തരേ
നന്നുനന്നെത്രയുമോര്‍ത്തു കല്പ്പിച്ചതും
സ്ത്രീവധമാകിയ കര്‍മ്മത്തിനാശു നീ
ഭാവിച്ചതും തവ ദുഷ്ക്കീര്‍ത്തിവര്‍ദ്ധനം
രാത്രിഞ്ചരേന്ദ്രപ്രവരപ്രഭോ! മയാ
സാര്‍ദ്ധം വിരവോടു പോരിക പോരിനായ്
മാനവന്മാരെയും വാനരന്മാരെയും
മാനേന പോര്‍ചെയ്തു കൊന്നു കളഞ്ഞു നീ
ജാനകീദേവിയെ പ്രാപിച്ചുകൊള്ളുക
മാനസതാപവും ദൂരെനീക്കീടുക
നീതിമാനായ സുപാര്‍ശ്വന്‍ പറഞ്ഞതു
യാതുധാനാധിപന്‍ കേട്ടു സന്തുഷ്ടനായ്
ആസ്ഥനമണ്ഡപേ ചെന്നിരുന്നെത്രയു
മാസ്ഥയാ മന്ത്രികളോടും നിരൂപിച്ചു
ശിഷ്ടരായുള്ള നിശാചരന്മാരുമായ്
പുഷ്ടരോഷം പുറപെ്പട്ടിതു പോരിനായ്
ചെന്നു രക്ഷോബലം രാമനോടേറ്റള
വൊന്നൊഴിയാതെയൊടുക്കിനാന്‍ രാമനും
മന്നവന്‍ തന്നോടെതിര്‍ത്തിതു രാവണന്
നിന്നു പോര് ചെയ്താനഭേദമായ് നിര്‍ഭയം
പിന്നെ രഘുത്തമന് ബാണങ്ങളെയ്തെയ്തു
ഭിന്നമാക്കീടിനാന്‍ രാവണദേഹവും
പാരം മുറിഞ്ഞു തളര്‍ന്നു വശം കെട്ടു
ധീരതയും വിട്ടുവാങ്ങീ ദശാനനന്‍
പോരുമിനി മമ പോരുമെന്നോര്‍ത്തതി
ഭീരുവായ് ലങ്കാപുരം പുക്കനന്തരം.
Leave a Reply