രമണന്‍

നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടുപോകാ,
മിന്നുവേണ്ടിന്നുവേണ്ടോമലാളേ!

ചന്ദ്രിക

എന്തപേക്ഷിക്കിലു,മപേ്പാഴെല്‌ളാ
മെന്തിനെന്നോടിത്തടസ്‌സമെല്‌ളാം?

രമണന്‍

കുറ്റങ്ങളൊക്കെ ഞാനേറ്റുകൊള്ളാം;
തെറ്റിധരിക്കരുതെങ്കിലും നീ.
നിന്നിലുപരിയായില്‌ളയൊന്നും
മന്നിലെനിക്കെന്റെ ജീവിതത്തില്‍!

ചന്ദ്രിക

നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍പ്പി
ന്നിന്നൊരു വര്‍ഷം തികച്ചുമായി,
അത്രയ്ക്കനഘമാണീ ദിവസം!
തുഷ്ടി മൊട്ടിട്ടതാണീ ദിവസം!
ഇന്നെന്നപേക്ഷയെകൈവെടിയാ
തൊന്നെന്നെക്കൂടങ്ങു കൊണ്ടുപോകൂ!

രമണന്‍

ഇന്നു മുഴുവന്‍ ഞാനേകനായ
ക്കുന്നിഞ്ചെരുവിലിരുന്നു പാടും;
ഉച്ചയ്ക്കു പച്ചമരത്തണലില്‍
സ്വപ്നവും കണ്ടു കിടന്നുറങ്ങും;
ഇന്നു ഞാന്‍ കാണും കിനാക്കളെല്‌ളാം
പൊന്നില്‍ക്കുളിച്ചുള്ളതായിരിക്കും;
നിര്‍ബ്ബാധം ഞാനിന്നാ നിര്‍വൃതിയില്‍
പ്പറ്റിപ്പിടിക്കുവാന്‍ സമ്മതിക്കൂ!
ഏകനായ്ത്തന്നിന്നാക്കാട്ടിലേക്കു
പോകട്ടെ, പോകട്ടെ, ചന്ദ്രികേ, ഞാന്‍!

ചന്ദ്രിക

ജീവേശ, നിന്‍വഴിത്താരകളില്‍
പ്പൂവിരിക്കട്ടെ തരുനിരകള്‍
ഉച്ചത്തണലിലെ നിന്നുറക്കം
സ്വപ്നങ്ങള്‍കൊണ്ടു മിനുങ്ങിടട്ടെ.
ഇന്നു നിന്‍ ചിന്തകളാകമാനം
സംഗീതസാന്ദ്രങ്ങളായിടട്ടെ!
ഭാവനാലോലനായേകനായ് നീ
പോവുക, പോവുക, ജീവനാഥ!

(രമണന്‍ പോകുന്നു. ദൃഷ്ടിപഥത്തില്‍നിന്നു മറയുന്നതുവരെ ചന്ദ്രിക അവെനെത്തന്നെ നോക്കിക്കൊണ്ടു നില്‍ക്കുന്നു. അകലെ പച്ചപ്പടര്‍പ്പുകള്‍ക്കിടയില്‍, ആ സുകുമാരരൂപം അപ്രത്യക്ഷമായതോടു കൂടി അവളുടെ കണ്ണുകളില്‍നിന്നു രണ്ടു കണ്ണീര്‍ക്കണങ്ങള്‍ അടര്‍ന്നു നിലംപതിക്കുന്നു)