ഭാരതത്തിലെ ഉന്നതമായ ഒരു സാഹിത്യ പുരസ്‌കാരമാണ് ജ്ഞാനപീഠം. ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം എന്നു പേരുള്ള ഇത് വാഗ്‌ദേവിയുടെ വെങ്കല ശില്പം, പ്രശസ്തിപത്രം, ഏഴു ലക്ഷം രൂപയുടെ ചെക്ക് എന്നിവ അടങ്ങുന്നതാണ്. സാഹിത്യമേഖലയില്‍ നല്‍കുന്ന ഏറ്റവുമുയര്‍ന്ന അംഗീകാരം. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമാവകാശമുള്ള സാഹു ജെയ്ന്‍ കുടുംബം സ്ഥാപിച്ച ജ്ഞാനപീഠം ട്രസ്റ്റ് ആണ് ഈ പുരസ്‌കാരം നല്‍കുന്നത്. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമസ്ഥരും വ്യവസായപ്രമുഖരുമായ സാഹുജയിന്‍ കുടുംബത്തിലെ ശാന്തിപ്രസാദ് ജയിനും സഹധര്‍മ്മിണി രമാജയിനും ചേര്‍ന്ന് സംസ്‌കൃതം, പാലി, പ്രാകൃതം തുടങ്ങിയ ഭാഷകളിലുള്ള അപ്രകാശിതമായ പ്രാചീന കൃതികള്‍ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യവുമായി 1944 ല്‍ ആരംഭിച്ചതാണ് ഭാരതീയ ജ്ഞാനപീഠം. പിന്നീടാണ് പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. വിവിധ ഭാഷകളിലെ ഉപദേശക സമിതികള്‍ അവാര്‍ഡ് തിരഞ്ഞെടുപ്പു ബോര്‍ഡ് മുമ്പാകെ നിര്‍ദ്ദേശം സമര്‍പ്പിര്‍ക്കുകയും അതില്‍ നിന്നു തിരഞ്ഞെടുത്തയാള്‍ക്ക് പുരസ്‌ക്കാരം നല്‍കുകയും ചെയ്യുകയുമാണ് പതിവ്. തിരഞ്ഞെടുപ്പു ബോര്‍ഡില്‍ കുറഞ്ഞത് 7 പേരും കൂടിയത് 11 പേരുമാണ്. ആദ്യത്തെ തിരഞ്ഞെടുപ്പു ബോര്‍ഡിനെ നിശ്ചയിച്ചത് ഭാരതീയ ഞാനപീഠം ട്രസ്റ്റാണ്. പിന്നീട് വന്ന ഒഴിവുകള്‍ തിരഞ്ഞെടുപ്പു ബോര്‍ഡിന്റെ ശുപാര്‍ശപ്രകാരം നികത്തുകയാണ്. ഒരു അംഗത്തിന്റെ കാലാവധി 3 വര്‍ഷമാണ്. രണ്ട് ടേം കൂടി നീട്ടി നല്‍കാം.ഇന്ത്യയിലെ അംഗീകൃത ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന സാഹിത്യകൃതികളില്‍ ഏറ്റവും മികച്ചതെന്നു നിര്‍ണയിക്കപ്പെടുന്ന കൃതിക്ക് 1965 മുതലാണ് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. ആദ്യ പുരസ്‌കാരം 1965 ല്‍ മലയാളത്തിന്റെ പ്രിയകവി ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴല്‍ എന്ന കാവ്യസമാഹാരത്തിനാണ് ലഭിച്ചത്. അന്ന് ഒരു ലക്ഷമായിരുന്ന സമ്മാനത്തുക ഇന്ന് 7 ലക്ഷമാണ്.ഏറ്റവും മികച്ച കൃതിക്കായിരുന്നു ആദ്യകാലങ്ങളില്‍ പുരസ്‌കാരം നല്‍കിയിരുന്നത്. 1982 മുതല്‍ സാഹിത്യകാരന്റെ സമഗ്ര സാഹിത്യസംഭാവനകളാണ് പരിഗണിക്കപ്പെടുന്നത്. ഇതുവരെ ഹിന്ദിയിലും കന്നഡയിലും ഏഴ് പ്രാവശ്യം വീതവും ബംഗാളിയിലും മലയാളത്തിലും അഞ്ചു പ്രാവശ്യം വീതവും ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

മലയാളികളായ അവാര്‍ഡ് ജേതാക്കള്‍

മഹാകവി ജി.ശങ്കരക്കുറുപ്പ് (1965)
എസ്.കെ. പൊറ്റക്കാട് (1980)
തകഴി ശിവശങ്കരപ്പിള്ള (1984)
എം.ടി. വാസുദേവന്‍ നായര്‍ (1995)
ഒ.എന്‍.വി. കുറുപ്പ് (2007)
അക്കിത്തം (2019)