കോഴിക്കോട്: സിനിമാ താരം ശശി കലിംഗ അന്തരിച്ചു. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ഥ പേര്. 59 വയസ്സായിരുന്നു അദ്ദേഹത്തിന്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു
നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന ശശി കലിംഗ ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങള്‍ കീഴടക്കിയത്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. അഞ്ഞൂറിലധികം നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിലൂടെയാണ് വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. സ്വന്തമായുള്ള ഭാഷാശൈലിയിലൂടെ അദ്ദേഹം പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ശശി കലിംഗ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കുന്നത്.
നാട്ടിലും വീട്ടിലും ശശി എന്ന അറിയപ്പെട്ടിരുന്ന ചന്ദ്രകുമാറിന് സംവിധായകന്‍ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേര്‍ത്തു നല്‍കുന്നത്.നാടകം കൂടാതെ നിരവധി ടെലിവിഷന്‍ സീരിയലുകളിലും മുന്‍ഷി എന്ന പരന്പരയിലും നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും അഭിനയിച്ചു.ഓട്ടോമൊബൈല്‍ എന്‍ജിനിയറിംഗ് ഡിപ്ലോമ പൂര്‍ത്തിയാക്കിയ അദ്ദേഹം അമ്മാവന്‍ വിക്രമന്‍ നായരുടെ സഹായത്തോടെയാണ് നാടക രംഗത്ത് എത്തുന്നത്.വിക്രമന്‍ നായരുടെ ‘സ്‌റ്റേജ് ഇന്ത്യ’ നാടക ട്രൂപ്പിന്റെ രണ്ടാമതു നാടകമായ ‘സാക്ഷാത്കാര’ത്തിലാണ് ആദ്യമായി അഭിനയിച്ചത്. അഞ്ഞൂറിലധികം നാടകങ്ങളില്‍ ശശി അഭിനയിച്ചിട്ടുണ്ട്.പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയ്ന്റ്, പുലിമുരുകന്‍, കസബ, ആമേന്‍, അമര്‍ അക്ബര്‍ അന്തോണി, ഇന്ത്യന്‍ റുപ്പി എന്നിവയാണ് പ്രധാന സിനിമകള്‍.2019ല്‍ റിലീസ് ചെയ്ത ‘കുട്ടിമാമ’ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.